X
    Categories: Views

വിധാതാവിന്റെ ചിരി

നിലപാടുകളുടെ പുസ്തകങ്ങള്‍ രചിച്ച പൊന്നാനിക്കാരന്‍ കെ.പി. രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരമെത്തുമ്പോള്‍ മലയാള ഭാഷയെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്നവര്‍ സന്തോഷിക്കാതിരിക്കില്ല. ഭാര്യക്ക് ആരാധിക്കാന്‍ വീട്ടില്‍ ഒരു അമ്പലം പണിതുകൊടുത്ത സൂഫിയെപ്പോലെ മനുഷ്യമനസ്സുകളില്‍ സമന്വയത്തിന്റെ ആരാധനാലയങ്ങള്‍ നെയ്‌തെടുക്കാന്‍ ഓടുന്നതിനിടെയാണ് നിലപാടുകളില്‍ തട്ടിവീണെന്ന് തോന്നുംവിധം ഈ പുരസ്‌കാരം വരുന്നത്. ആറു മാസത്തിനകം ഇസ്‌ലാം മതം സ്വീകരിച്ചില്ലെങ്കില്‍ വലതു കൈയും ഇടതു കാലും വെട്ടിക്കളയുമെന്ന ഭീഷണി മുഴക്കിയവര്‍ നല്‍കിയ കാലാവധി തീര്‍ന്നിട്ടില്ല. 2017 ജൂലൈയിലായിലായിരുന്നല്ലോ ഭീഷണി. ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പരം ശണ്ഠ കൂടേണ്ടവരല്ല എന്ന് ലേഖനം എഴുതിയതിനായിരുന്നു ഭീഷണി. ജോസഫ് സാറിന് നഷ്ടപ്പെട്ട കൈയിനെ കത്തില്‍ ഓര്‍മപ്പെടുത്താതിരുന്നിട്ടില്ല. അഗ്മാര്‍ക്ക് മതേതരവാദികളും രാമനുണ്ണിയെ വെറുതെ വിടില്ല. സ്ത്രീകളുടെ മൃദുത്വത്തിന്റെ മനോഹാരിത ചൂണ്ടിക്കാട്ടുന്ന ഇദ്ദേഹത്തോട് സ്ത്രീവാദികള്‍ക്കും കലിപ്പ് തന്നെ. മലയാള ഭാഷക്ക് വേണ്ടി നിലകൊള്ളുന്നവര്‍ രാമനുണ്ണിയെ ആദരിക്കും. ഭരണത്തിലും വിദ്യാഭ്യാസത്തിലും മലയാള ഭാഷക്ക് പ്രാധാന്യം കിട്ടണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് നിരാഹാരമിരുന്ന സാഹിത്യകാരന്‍ കെ.പിരാമനുണ്ണി മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്നാണ് ഇംഗ്ലീഷില്‍ ബിരുദമെടുത്തത്.

എം.ഗോവിന്ദന്റെയും ഇടശ്ശേരിയുടെയും എം.ടിയുടെയുമൊക്കെ തട്ടകമായ പൊന്നാനിയില്‍ സ്വയമ്പന്‍ നായര്‍ തറവാട്ടില്‍നിന്നാണ് രാമനുണ്ണിയുടെ വരവ്. ഭാരതീയ സ്റ്റേറ്റ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജറുടെ ജോലിയുമായി സ്വസ്ഥം ഗൃഹഭരണം കഴിഞ്ഞുകൂടേണ്ട രാമനുണ്ണി ‘ജീവിതത്തിന്റെ പുസ്തക’ത്തിലെ സ്മൃതിഭ്രംശം ബാധിച്ച ഗോവിന്ദവര്‍മരാജയെപ്പോലെ ജോലി ഉപേക്ഷിച്ച് എഴുത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. ‘സൂഫിയുടെ കഥ’യില്‍ മമ്മൂട്ടിയായി കെട്ടി ഇസ്‌ലാമാക്കിയ നായരു പെണ്ണിന് പൂജിക്കാന്‍ വീട്ടിലൊരു അമ്പലം പണിത് ശഹീദായ രാമനുണ്ണി ജമാഅത്തെ ഇസ്‌ലാമിക്കാര്‍ നടത്തുന്ന മാധ്യമത്തില്‍ പണിക്കാരനായതാണ് വ്യവസ്ഥാപിത മതേതരക്കാരെ ചൊടിപ്പിച്ചത്. എട്ടു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത ഈ കൃതി പ്രിയനന്ദനന്‍ സിനിമയാക്കിയപ്പോള്‍ തിരക്കഥയും സംഭാഷണവും രാമനുണ്ണി തന്നെ ചെയ്തു. കടലുണ്ടിയില്‍ ബധിരനായ ഒരാളെ റെയില്‍വേ ട്രാക്കില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ ഒരാള്‍ തീവണ്ടി തട്ടി മരിച്ചിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചയാള്‍ മുസ്‌ലിമും മറ്റെയാള്‍ ഹിന്ദുവുമായിരുന്നതിനെ ചൂണ്ടിക്കാട്ടി ഹിന്ദു-മുസ്‌ലിം സൗഹാര്‍ദത്തിന് ചൂടു പകരാന്‍ മുതിര്‍ന്നതു മുതല്‍ പലതിലും തക്കം കിട്ടുമ്പോഴെല്ലാം എം.എന്‍ കാരശ്ശേരി മുതല്‍പേര്‍ രാമനുണ്ണിയെ കണക്കിന് കശക്കാറുണ്ട്. എനിക്ക് പ്രവാചകനോടും ഇസ്‌ലാമിനോടും ഇഷ്ടമാണെന്ന് രാമനുണ്ണി പറഞ്ഞുവെച്ചപ്പോള്‍ ആ അതിലങ്ങ് ചേര്‍ന്നൂടേയെന്ന് ഒരിക്കല്‍ കാരശ്ശേരി അരിശപ്പെടുകയുമുണ്ടായല്ലോ. ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്കൊപ്പം നിന്ന് മതേതരത്വവും മത സൗഹാര്‍ദവും സാധ്യമാക്കുന്നതെങ്ങനെ എന്ന് കാരശ്ശേരിക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ രാമനുണ്ണിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക്‌മേല്‍ പാരുഷ്യം ചാര്‍ത്തിക്കൊടുക്കാനുള്ള സ്ത്രീപക്ഷപാതികളുടെ നീക്കത്തെ പ്രണയത്തിന്റെ മൃദുഭാവം ചൂണ്ടിക്കാട്ടി രാമനുണ്ണിയും അരിശപ്പെടുത്താറുണ്ട്. സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ ആകേണ്ടവരല്ല, പൂക്കളുടേത് പോലുള്ള മൃദുത്വവും ആകര്‍ഷകത്വവും തന്നെയാണ് സ്ത്രീകള്‍ക്ക് ഇണങ്ങുന്നതെന്ന് രാമനുണ്ണി പറയും.

എഴുതുന്നത് രാമനുണ്ണിയായതുകൊണ്ട് മാത്രമാണ് ദൈവത്തിന്റെ പുസ്തകം മുസ്‌ലിം പേരിലുള്ള ചില വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്. പ്രവാചകനെ കഥാപാത്രമാക്കി ഒരു നോവല്‍ ആദ്യത്തേതാണല്ലോ. പ്രവാചകനും ശ്രീകൃഷ്ണനും അനുചരന്മാരുമെല്ലാം പ്രത്യക്ഷപ്പെടുന്ന ഈ നോവലിനാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചത്. സമകാലിക ഇന്ത്യന്‍ അവസ്ഥക്കെതിരെ, ഇരുളടഞ്ഞുപോയ ലോകത്ത് തത്ത്വചിന്താപരമായ ദര്‍ശനം മുന്നോട്ടുെവക്കുന്ന നോവലില്‍ പ്രവാചകന്‍ മുഹമ്മദ് ശ്രീകൃഷ്ണനെ ഇക്ക എന്നു വിളിക്കുന്നതും തിരിച്ച് മുഹമ്മദിനെ കൃഷ്ണന്‍ മുത്തേ എന്നു വിളിക്കുന്നതുമായ സന്ദര്‍ഭങ്ങളുണ്ട്. കുട്ടിക്കാലത്ത് നബിദിന ഘോഷയാത്ര കണ്ടുവന്ന രാമനുണ്ണി അമ്മയോട് മുഹമ്മദ് നബിയെ പറ്റി ചോദിച്ചപ്പോള്‍ നമ്മുടെ ശ്രീകൃഷ്ണനെപ്പോലത്തെ ആള്‍ എന്ന മറുപടിയാണത്രെ ലഭിച്ചതെന്ന് രാമനുണ്ണി ഈ നോവലിന്റെ പ്രചോദനമായി രേഖപ്പെടുത്തുന്നു. റഫീഖ് അഹമ്മദിനെയും രാഹുല്‍ ഈശ്വറിനെയും ചേര്‍ത്ത് കേരളത്തിലെ മതസൗഹാര്‍ദ സാധ്യതകള്‍ തേടിയുള്ള സദ്ഭാവനായാത്രക്ക് ഒരുങ്ങുകയാണ് രാമനുണ്ണി.

അങ്ങനെയിരിക്കവെയാണ് ചെറിയാന്‍ കെ ചെറിയാന്റെ കവിതയിലെ കൊല്ലാങ്കണ്ടത്തില്‍ ദേവസ്യയുടെ തലയില്‍ വീണതുപോലൊരു തേങ്ങ- കേന്ദ്ര സാഹിത്യ പുരസ്‌കാരം -രാമനുണ്ണിക്ക് ലഭിക്കുന്നത്. തേങ്ങ നാലു കീറായി പൊട്ടിക്കീറി തെറിച്ച് കുളത്തിലേക്ക് വീഴുന്നതും അയല്‍ക്കാരന്‍ അന്തം വിട്ട് നില്‍ക്കുന്നതും കണ്ട് ചിരിച്ചു ചിരിച്ചാണ് ദേവസ്യ മരിക്കുന്നത്. ഇക്കുറി കേന്ദ്ര പുരസ്‌കൃതരായ രാമനുണ്ണിയും വെങ്കിടാചലവും ഇതേ അക്കാദമിയിലെ ഉപദേശക സമിതി അംഗങ്ങളാണ്. അപ്പോ ആരാണ് ഇവര്‍ക്ക് പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തത്? രാജ്യത്ത് അസഹിഷ്ണുത വളരുന്നതും എഴുത്തുകാരും സ്വതന്ത്ര ചിന്തകരും കേന്ദ്രം ഭരിക്കുന്നവരുടെ മൗനാനുവാദത്തോടെ കൊല്ലപ്പെടുന്നതും കണ്ട് മലയാളത്തിലെ സാറാജോസഫടക്കം 26 എഴുത്തുകാര്‍ പുരസ്‌കാരം മടക്കി ഏല്‍പിച്ചപ്പോള്‍ ഏല്‍പിക്കാനൊരു പുരസ്‌കാരം രാമനുണ്ണിക്ക് ഉണ്ടായിരുന്നില്ല. സച്ചിദാനന്ദനും പി.കെ പാറക്കടവും അടക്കം ആറു പേര്‍ അക്കാദമിയിലെ പദവികള്‍ രാജിവെച്ചപ്പോള്‍ വെങ്കിടാചലത്തിനും രാമനുണ്ണിക്കും പദവികളുണ്ടായിരുന്നെങ്കിലും അവര്‍ കൈവശം വെച്ചു. രാമനുണ്ണിയുടെ ഒരു കഥക്ക് പേരിട്ടത് ‘വിധാതാവിന്റെ ചിരി’ എന്നാണ്.

chandrika: