തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കി, താല്‍പര്യമുള്ള കാര്യങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷി ചിന്‍പിങും മഹാബലിപുരത്ത് സംസാരിച്ചത്. അനൗപചാരിക ഉച്ചകോടിയില്‍ തര്‍ക്ക വിഷയങ്ങള്‍ വേണ്ടെന്ന നിലപാടാണ് കഴിഞ്ഞ വര്‍ഷം വുഹാനിലും ഇരുരാജ്യങ്ങളും കൈക്കൊണ്ടത്. കശ്മീര്‍ വിഷയം ഉച്ചകോടിയില്‍ ചര്‍ച്ചയാക്കാന്‍ രണ്ട് കൂട്ടര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. ഷി ചിന്‍പിങ് പാക് അനുകൂല നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ബെയ്ജിങില്‍ എത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ചൈനയുടെ പിന്തുണ അറിയിച്ച ശേഷമാണ് ഷി ചിന്‍പിങ് മഹാബലിപുരത്തേക്ക് തിരിച്ചത്. ഉച്ചകോടിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതായിരുന്നു ചൈനീസ് പ്രസിഡണ്ടിന്റെ നടപടി.
അതേസമയം വുഹാന്‍ ഉച്ചകോടിയുടെ അന്തസത്തയില്‍ ഉറച്ചുനിന്നാണ് ഇന്ത്യ മഹാബലിപുരത്തും ചൈനയോട് സംസാരിച്ചത്. ദോക് ലായിലെ സംഘര്‍ഷത്തിന് തൊട്ടുപിറകെ നടന്ന വുഹാന്‍ ഉച്ചകോടിയിലും ഇന്ത്യയും ചൈനയും സൗഹൃദ മനസ്സോടെയാണ് മുഖാമുഖം ഇരുന്നത്. ഇത്തവണയും സമാന സാഹചര്യം മുന്നിലുണ്ടായിരുന്നു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കുന്നതിനെ ശക്തമായി ചൈന വിമര്‍ശിച്ചിരുന്നു. ചൈനയുടെ കശ്മീര്‍ നിലപാട് പൂര്‍ണമായും ഇന്ത്യക്കെതിരുമാണ്.
ഇരു രാജ്യങ്ങളും തമ്മില്‍ ഭിന്നഭിപ്രായമുള്ള കാര്യങ്ങള്‍ ഒഴിവാക്കി നടന്ന ചര്‍ച്ചയില്‍ പ്രധാനമായും വിഷയങ്ങളായത് വ്യാപാരവും നിക്ഷേപവുമാണ്. രണ്ടിലും ചൈനക്കാകും നേട്ടമെന്ന വിദഗ്ധരുടെ ആശങ്ക ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. വ്യാപാര കമ്മി സംബന്ധിച്ച് ഇന്ത്യ ഉന്നയിച്ച ആശങ്ക പരിഹരിക്കപ്പെടുമെന്നാണ് ചൈനയുടെ വാഗ്ദാനം. എന്നാല്‍ ലോകവിപണിയില്‍ മേധാവിത്വം പുലര്‍ത്തുന്ന ചൈനയില്‍ വിപണി വിപുലപ്പെടുത്തുന്നതിന് മത്സര ശേഷിയില്‍ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയെ സംബന്ധിച്ച് സാധ്യമാകുമോ എന്ന ചോദ്യം ബാക്കിയാണ്.
ഉച്ചകോടിയില്‍ പ്രധാനമായും ഇന്ത്യ ശ്രമിച്ചച്ചത് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത(ആര്‍.സി.ഇ.പി) കരാര്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചയിലേക്ക് ചൈനയെ കൊണ്ടുവരാനാണ്. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കുള്ള ആശങ്ക ചര്‍ച്ച ചെയ്യാമെന്ന ഉറപ്പും ചൈനയില്‍ നിന്നുണ്ടായിട്ടുണ്ട്. കരാര്‍ സന്തുലിതമാകണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ ആര്‍.സി.ഇ.പി ചൈനക്ക് മികച്ച അവസരമാണ്. അവര്‍ അത് പരമാവധി ഉപയോഗിക്കുകയും ചെയ്യും. ഉച്ചകോടിയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എത്രമാത്രം ഫലവത്താകുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. വ്യാപാര മേഖല കൂടുതല്‍ വിപുലപ്പെടുത്തുക എന്നതിനപ്പുറം ചൈനക്ക് വേറെ അജണ്ടയുണ്ടാകാന്‍ ഇടയില്ല. ഉല്‍പാദനത്തിലെ പങ്കാളിത്തത്തിലും ചൈനക്ക് സ്വന്തം വഴിയുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈനയില്‍ മുതല്‍ മുടക്കാന്‍ അവസരം നല്‍കുമ്പോള്‍, ഇന്ത്യയില്‍ ചൈനീസ് മുതല്‍മുടക്കിനുള്ള സാധ്യത വിദൂരമാണ്. കൂടുതല്‍ വിദേശനിക്ഷേപവും കൂടുതല്‍ തൊഴിലവസരങ്ങളുമെന്നതാണ് ചൈനയുടെ നയം. ഐ.ടി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുമെന്ന് ഷി പ്രഖ്യാപിച്ചിട്ടുണ്ട്. വീസ ഇളവ് ഉള്‍പ്പെടെകമ്പനികള്‍ക്ക് ലഭിക്കും. ഇന്ത്യയില്‍ നിന്നുള്ള മൂലധനത്തില്‍ കൂടുതല്‍ തൊഴിലവസരം എന്നത് ചൈനക്കാണ് നേട്ടമാകുക. മഹാബലിപുരത്ത് നിന്ന്് ഷി ചിന്‍പിങ് മടങ്ങിയത് സന്തോഷത്തോടെയാകാന്‍ തന്നെയാണ് സാധ്യത.
ആര്‍.സി.ഇ.പി കരാര്‍ നടപ്പാകുന്നതോടെ ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ഭീതി ഇന്ത്യയ്ക്കുണ്ട്. ഇപ്പോള്‍ തന്നെ തകര്‍ന്നടിഞ്ഞ ഓട്ടോമൊബൈല്‍ വ്യവസായത്തെയും ആര്‍.സി.ഇ.പി ഇല്ലാതാക്കും. ആസിയാന്‍ രാജ്യങ്ങളും ആസിയാന്‍ പങ്കാളിത്ത രാജ്യങ്ങളുമാണ് ആര്‍.സി.ഇ.പി കരാര്‍ ഒപ്പിടുന്നത്. കരാര്‍ നടപ്പാകുന്നതോടെ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്ക് ഇന്ത്യയിലേക്കുണ്ടാകുമെന്ന ഭീതി അസ്ഥാനത്തല്ല. ചൈനീസ് വിപണിയില്‍ ഇന്ത്യന്‍ സാന്നിധ്യം സന്തുലിതമായി നിലനിര്‍ത്തുക അസാധ്യവുമാണ്. ഷി ചിന്‍പിങ് നല്‍കുന്ന ഉറപ്പുകള്‍ എത്രമാത്രം പ്രായോഗികമാകുമെന്നത് ഭാവികാലം നിശ്ചയിക്കേണ്ടതാണ്.
എന്നാല്‍ വുഹാനിലും മഹാബലിപുരത്തും നടന്ന അനൗപചാരിക ഉച്ചകോടി തെക്കേ ഏഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷ സാധ്യതയെ ലഘൂകരിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഭിന്നത തര്‍ക്കമായി വളരുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുനേതാക്കളും വുഹാനിലും മഹാബലിപുരത്തും മുഖാമുഖം നിന്നത്. സംഘര്‍ഷത്തിന് പകരം സാമ്പത്തിക സഹകരണം എന്ന നിലയിലേക്ക് ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധം വികസിച്ചിട്ടുമുണ്ട്. മേഖലയിലെ ഭീകരവാദം, സമാധാനം തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ചര്‍ച്ച ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. നിലവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അതിര്‍ത്തിയില്‍ സൈന്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന സാഹചര്യം അപൂര്‍വമായെങ്കിലും ഉടലെടുക്കുന്നുമുണ്ട്. എന്നാല്‍ വുഹാന് ശേഷം തര്‍ക്ക വിഷയങ്ങളില്‍ കൂടുതല്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കാണ് ഇരുരാജ്യങ്ങളും പ്രാധാന്യം നല്‍കുന്നത്. പ്രതിരോധ ചര്‍ച്ച പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടുമുണ്ട്.
മഹാബലിപുരം ഉച്ചകോടി തത്വത്തില്‍ ഇന്ത്യക്ക് നേട്ടമല്ലെങ്കിലും നയതന്ത്ര തലത്തില്‍ മികച്ച നേട്ടമാണ്. പാക് അനുകൂല നിലപാട് സ്വീകരിക്കുന്ന ഒരു രാജ്യത്തോടുള്ള ഇന്ത്യയുടെ നയതന്ത്ര നീക്കം എന്നതിനപ്പുറം മാനങ്ങള്‍ മഹാബലിപുരത്തെ ചര്‍ച്ചക്കുണ്ടാകുമെന്ന് തന്നെയാണ് കരുതേണ്ടത്. ആര്‍.സി.ഇ.പി സംബന്ധിച്ച കരാറില്‍ ചൈനയുടെ ഉറപ്പുകള്‍ പാലിക്കപ്പെടുകയാണെങ്കില്‍ അത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നേട്ടം തന്നെയാകും. 2000 വര്‍ഷത്തെ വ്യാപാരബന്ധത്തിന്റെ ചരിത്രമുണ്ട് പല്ലവ രാജതലസ്ഥാനമായിരുന്ന മഹാബലിപുരവും ചൈനയിലെ ഫിജിയന്‍ പ്രവിശ്യയും തമ്മില്‍. രണ്ട് സഹസ്രാബ്ദങ്ങളുടെ വാണിജ്യ പാരസ്പര്യത്തിന്റെ ഓര്‍മ ഉണര്‍ത്തി രണ്ട് രാജ്യങ്ങള്‍ സഹകരണത്തിന്റെ പുതു ചുവടു വെക്കുമ്പോള്‍ പ്രതീക്ഷയുടെ തിരി തെളിക്കുന്നത് തന്നെയാണ് അഭികാമ്യം. കാലം ശരിതെറ്റുകള്‍ തീരുമാനിക്കട്ടെ.
- 5 years ago
web desk 1
Categories:
Video Stories
തര്‍ക്ക വിഷയങ്ങളില്ലാതെ ഉച്ചകോടി
Tags: editorial
Related Post