ജനാധിപത്യത്തില്‍ അധികാരത്തിലേറുന്നവര്‍ രാജ്യത്തെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് ആ കസേരകളിലെത്തുന്നത്. ആരോടും പ്രത്യേകവിരോധമോ വിധേയത്വമോ ഭയമോ വിദ്വേഷമോ കൂടാതെ എല്ലാവരോടും ഒരുപോലെ പെരുമാറുമെന്നാണ് ജനപ്രതിനിധികളുടെ പ്രതിജ്ഞ. എന്നാല്‍ കേരളത്തിലെ ഒരു മന്ത്രിതന്നെ സംസ്ഥാനത്തെ പ്രമുഖയായ പൊതുപ്രവര്‍ത്തകയോട് കഴിഞ്ഞദിവസം നടത്തിയത് മേല്‍പറഞ്ഞ ഭരണഘടനാമൂല്യങ്ങളോടും സത്യപ്രതിജ്ഞയോടുമുള്ള ഒടുങ്ങാത്ത വിരോധപ്രകടനമാണ്. അരൂരിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ കുടുംബയോഗത്തിലായിരുന്നു മന്ത്രിയുടെ വിദ്വേഷപരവും പ്രകോപനപരവും അതീവനിന്ദാപരവുമായ പരാമര്‍ശമുണ്ടായത്. സ്ത്രീകളോട് പ്രത്യേകമായ പരിഗണനയൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും അവരിലൊരാള്‍ക്കെതിരെ പ്രത്യേകിച്ചും പ്രതിപക്ഷത്തിന്റെ വനിതാസ്ഥാനാര്‍ത്ഥിക്കെതിരെ മന്ത്രിക്ക് ഇത്തരമൊരു പരാമര്‍ശം നടത്താന്‍ കഴിയുന്നതെങ്ങനെയെന്ന് അമ്പരന്നിരിക്കുകയാണ് കേരളം. മുതലക്കണ്ണീര്‍ ഒഴുക്കിയും കള്ളംപറഞ്ഞുമാണ് യു.ഡി.എഫ് വോട്ടുപിടിക്കുന്നതെന്നും ‘പൂതന’മാര്‍ക്ക് ജയിക്കാനുള്ളതല്ല അരൂര്‍ എന്നുമായിരുന്നു മന്ത്രിയുടെ വീണ്‍വാക്കുകള്‍. ശ്രീകൃഷ്ണനെ വധിക്കാന്‍ ചെന്ന രാക്ഷസിയെയാണ് ‘പൂതന’കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനെതിരെ സമാനഭാഷയിലല്ല, ഗാന്ധിയന്‍ ഉപവാസം നടത്തിയാണ് യു.ഡി.എഫ് പ്രതിഷേധിച്ചത്.
രാഷ്ട്രീയ എതിരാളികളെ അവരുടെ നയങ്ങളെയും പരിപാടികളെയും അടിസ്ഥാനമാക്കി വിമര്‍ശിക്കാനുള്ള അവകാശം പൊതുപ്രവര്‍ത്തകനും രാഷ്ട്രീയക്കാരനും യഥേഷ്ടം ഇന്ത്യയില്‍ ഉണ്ടെന്നുള്ളതു ശരിതന്നെ. എന്നാല്‍ ഒരു മഹിളാപൊതുപ്രവര്‍ത്തകയെ അധിക്ഷേപിക്കാന്‍ എന്ത് അധികാരാവകാശമാണ് മന്ത്രിക്ക് ഭരണഘടന അനുവദിച്ചിട്ടുള്ളത്. സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിന്റെ പ്രതിനിധിയാണ് ഈ മന്ത്രിയെന്നത് ആലോചിക്കുമ്പോള്‍ ആ പാര്‍ട്ടിയെക്കുറിച്ചുള്ള മതിപ്പുകൂടിയാണ് ഇവിടെ ഇല്ലാതാകുന്നത്. സി.പി.എമ്മിന്റെ പ്രതിനിധിയാണ് അരൂരില്‍ ഉപതെരഞ്ഞെടുപ്പിനുള്ള ഇടതു സ്ഥാനാര്‍ത്ഥി. അദ്ദേഹത്തെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം മന്ത്രിക്ക് ഉണ്ടായിരിക്കാം. എന്നാല്‍ അതിന് എതിര്‍ സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്തിന്റെ പേരിലാണ് ? ഇതിനെ പക്ഷേ ന്യായീകരിക്കാനാണ് മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇപ്പോള്‍ കിണഞ്ഞുപരിശ്രമിക്കുന്നത്. അങ്ങനെയല്ല താന്‍ പറഞ്ഞതെന്നും കവിയായ മന്ത്രിക്ക് അങ്ങനെയൊക്കെ പറയാമെന്നുമുള്ള ധ്വനിയിലാണ് മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇപ്പോള്‍ സംസാരിക്കുന്നത്. അക്കിടി പറ്റിയെന്ന് വ്യക്തമായാല്‍ നേരം കളയാതെ അത് തിരിച്ചറിയുകയും പ്രസ്തുത വ്യക്തിയോടും ജനങ്ങളോടും മാപ്പപേക്ഷിക്കുകയുമാണ് സാധാരണയായി ഒരു പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ടത്. പ്രത്യേകിച്ച് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ ശബരിമല സീസണില്‍ സ്ത്രീകള്‍ക്ക് മാത്രമായി കേരളം മുഴുക്കെ നവോത്ഥാന സംഗമം സംഘടിപ്പിക്കുകയും സ്ത്രീകളുടെ മിശിഹയായി സ്വയം വാഴ്ത്തുകയും ചെയ്തവരാണ് സി.പി.എമ്മിന്റെ തലപ്പത്തുള്ളവര്‍ തൊട്ട് താഴേക്കിടയില്‍ ഉള്ളവര്‍വരെ. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ 2018 സെപ്തംബര്‍ 28ലെ വിധിയായിരുന്നു ഇതിന് അവര്‍ക്ക് പ്രേരകമായിരുന്നത്. എന്നാല്‍ സ്ത്രീകളെ അതിനുശേഷവും മുമ്പും വല്ലാതെ അധിക്ഷേപിക്കുന്ന പുരുഷ മേധാവിത്വനിലപാടാണ് സി.പി.എമ്മിനുള്ളതെന്ന് പൊതുജനം തിരിച്ചറിഞ്ഞിരുന്നു. മന്ത്രി തന്നെ സ്വന്തം പാര്‍ട്ടിക്കാരിയെ പൊതുയോഗത്തില്‍വെച്ച് പരസ്യമായി അധിക്ഷേപിച്ചതിനെതിരെ അവര്‍ നല്‍കിയ പരാതിയില്‍ കേസ് നടന്നുവരികയാണ്. ഇതേ മന്ത്രിസഭയിലെ തന്നെ മറ്റൊരംഗം തോട്ടം തൊഴിലാളികളായ പാവപ്പെട്ട വനിതകളെ കൂലിക്കുവേണ്ടി സമരം നടത്തിയതിന് തോട്ടത്തില്‍ ‘മറ്റേ പണി’ നടത്തിയെന്ന് ലൈംഗികമായി അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. ഒരു അധ്യാപികയെയും ഇദ്ദേഹം ഇത്തരത്തില്‍ പൊതുയോഗത്തില്‍ അധിക്ഷേപിക്കുകയുണ്ടായി. ഇടതുമുന്നണിയുടെ തലപ്പത്തുള്ളയാളും സി.പി.എമ്മിന്റെ ഉന്നത സമിതി അംഗവുമായ മുന്‍ എം.പി കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പുകാലത്ത് യു.ഡി.എഫിന്റെ ആലത്തൂര്‍ വനിതാസ്ഥാനാര്‍ത്ഥിയെയും സമാനരീതിയില്‍ ലൈംഗികച്ചുവയോടെ ആക്ഷേപിക്കുകയുണ്ടായി. സത്യത്തില്‍ സി.പി.എമ്മും ഇടതുപക്ഷമെന്ന് അഭിമാനിക്കുന്നവരും സമൂഹത്തിലെ ദുര്‍ബലരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരോട് എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്നതിന് തെളിവുകളാണിവയെല്ലാം.
സംസ്ഥാനത്തെ അഞ്ചു നിയമസഭാസീറ്റുകളിലേക്ക് വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു അധിക്ഷേപം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക്് കേള്‍ക്കേണ്ടിവന്നത്. അവരുടെ പേരെടുത്ത് പറഞ്ഞിട്ടായിരുന്നില്ലെങ്കിലും ആരെയാണ് മന്ത്രി ഉദ്ദേശിച്ചതെന്ന് മണ്ഡലത്തിലെ വനിതാസ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ശരിതന്നെയാണ്. ജനവിരോധം മറയ്ക്കാന്‍ എങ്ങനെ കുട്ടിക്കരണം മറിഞ്ഞാലും വിജയിക്കുന്ന അവസ്ഥയിലല്ല സി.പി.എമ്മും മന്ത്രിയും. മന്ത്രിയും അദ്ദേഹത്തെ നിയന്ത്രിക്കുന്നുവെന്ന് പറയുന്ന പാര്‍ട്ടിയും മുഖ്യമന്ത്രിയും മന്ത്രിയോട് ഈ വൈകിയ വേളയിലെങ്കിലും സ്ഥാനാര്‍ത്ഥിയോടും സ്ത്രീ സമൂഹത്തോടും മാപ്പുപറയാന്‍ ഉപദേശിക്കാനുള്ള വിശാലമനസ്‌കത കാണിക്കണം. കേരളത്തിലെ സ്ത്രീസമൂഹം അല്ലെങ്കില്‍ ഈ അധിക്ഷേപങ്ങള്‍ക്കെല്ലാം ശക്തമായ ഭാഷയില്‍ വോട്ടിലൂടെ മറുപടി തരിക തന്നെചെയ്യും. അതാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ന് സി.പി.എം നേതൃത്വം മറന്നുപോകരുത്. കിട്ടിയ അധികാരം ജനങ്ങളെയും പ്രതിപക്ഷത്തെയും ഉത്തമ വിശ്വാസത്തിലെടുത്ത് നിര്‍വഹിക്കുകയാണ് ഓരോ ഭരണാധികാരിയുടെയും അടിസ്ഥാനചുമതല. വിദ്യാഭ്യാസ-സാമൂഹിക-അധികാര മേഖലകളിലെല്ലാം കേരള സ്ത്രീ ഉത്തരോത്തരം ഉയരത്തിലേക്ക് കുതിക്കുകയാണിന്ന്. മുമ്പ് സ്വന്തം നേതാവ് കെ.ആര്‍ ഗൗരിയമ്മയോട് ചെയ്തതുപോലെ ഫ്യൂഡല്‍കാല അധികാര പ്രമത്തതയുമായി സ്ത്രീകളടക്കമുള്ള സമൂഹത്തിലെ ദുര്‍ബലരെ മുഴുവന്‍ അവഹേളിച്ചും അധിക്ഷേപിച്ചും അരികുവല്‍കരിച്ചും ശിഷ്ടകാലം വാഴാമെന്ന് ആരു കരുതിയാലും അതിനി നടക്കാന്‍ പോകുന്നില്ല.
- 5 years ago
web desk 1
Categories:
Video Stories
സ്ത്രീകളെ അവഹേളിച്ച മന്ത്രി മാപ്പുപറയണം
Tags: editorial