X

അമിത്ഷായുടെ വിവരക്കേട്


ജമ്മുകശ്മീരിന്റെ പ്രത്യേകാവകാശനിയമമായ 370-ാം വകുപ്പ് ഏകപക്ഷീയമായി റദ്ദാക്കിക്കൊണ്ടും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചുകൊണ്ടും നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ ഭരണനടപടി ബ്രിട്ടീഷുകാരുടെ വിഭജിച്ചുഭരിക്കല്‍ തന്ത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്. ആഗസ്ത് അഞ്ചിന്‌ശേഷം ജമ്മുകശ്മീര്‍ ജനതയെ അപ്പാടെ പൗരാവകാശങ്ങള്‍ നിഷേധിച്ചും വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ നിരോധിച്ചും തോക്കിന്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കേന്ദ്ര-കശ്മീര്‍ ഭരണകൂടങ്ങള്‍ വിഷയം ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര വേദികളിലും ചര്‍ച്ചയാകുന്നതിനെ വല്ലാതെ ഭയപ്പെടുകയാണിപ്പോള്‍. യു.എന്‍ മനുഷ്യാവകാശസമിതിയും അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുമെല്ലാം മോദി സര്‍ക്കാരിന്റെ കശ്മീര്‍ നയത്തെയും പൗരാവകാശലംഘനങ്ങളെയും ശക്തമായ ഭാഷയിലാണ് ഇപ്പോള്‍ അപലപിക്കുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ അമേരിക്കാസന്ദര്‍ശനത്തിനിടെ നരേന്ദ്രമോദിക്കെതിരെ ഹൂസ്റ്റണില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനിടെ ഞായറാഴ്ച പെന്‍ഷന്‍കാരുടെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രിയും ബി.ജെ.പി അഖിലേന്ത്യാഅധ്യക്ഷനുമായ അമിത്ഷാ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റുവിന്റെ കശ്മീര്‍ നയത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നത് ഏറെ കൗതുകമായിരിക്കുന്നു. അമിത്ഷായുടെയും ബി.ജെ.പിയുടെയും ചരിത്രബോധമില്ലായ്മയാണ് ഈ പ്രസ്താവനയില്‍ മുഴച്ചുനില്‍ക്കുന്നത്.
കശ്മീരില്‍ ഇപ്പോള്‍ കാര്യമായ പ്രശ്‌നമൊന്നുമില്ലെന്നും പ്രശ്‌നം ‘ചിലരുടെ മനസ്സിനാ’ ണെന്നും അഭിപ്രായപ്പെട്ട മന്ത്രി ഷാ, രാഷ്ട്രശില്‍പിയും ലോകാദരണീയനുമായ നെഹ്‌റുവിനെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. രാഷ്ട്രശില്‍പിയും സ്വാതന്ത്ര്യസമര നായകനുമായ പണ്ഡിറ്റ്ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചുള്ള ഇന്ത്യക്കാരന്റെ അറിവിനെയും ബോധ്യത്തെയുമാണ് ചരിത്രം വളച്ചൊടിച്ചതാണെന്ന് വരുത്തി അമിത്ഷാ വക്രീകരിക്കാന്‍ ശ്രമിക്കുന്നത്. നെഹ്‌റു കശ്മീര്‍ പ്രശ്‌നത്തെ അന്താരാഷ്ട്രവല്‍കരിക്കുകയായിരുന്നുവെന്നും ഇത് ഹിമാലയന്‍ മണ്ടത്തരത്തിനപ്പുറമാണെന്നുമാണ് ഷായുടെ പ്രകോപനപരമായ പരാമര്‍ശം. സത്യത്തില്‍ ഇന്ത്യാരാജ്യത്തെ സ്വാതന്ത്ര്യത്തിനുശേഷം ഇന്നു കാണുന്ന വിധത്തില്‍ ഏകോപിപ്പിച്ച് നിര്‍ത്തുകയും സാംസ്‌കാരികവും മതപരവുമായ വിജാതീയതകളെ ഒറ്റച്ചരടില്‍ മുത്തുമണികളെപോലെ കോര്‍ത്ത് ഇണക്കിക്കൂട്ടുകയും ചെയ്ത വ്യക്തിത്വമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്‌റു. രാജ്യത്തിന്റെ സമഗ്രമായ വ്യാവസായിക വികസനത്തിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും അടിത്തറ പാകിയ നെഹ്‌റുവിന്റെ സാന്നിധ്യവും സാമീപ്യവുമാണ് ലോക വേദികളില്‍ ഇന്ത്യക്ക് ഇന്നു കാണുന്ന മതിപ്പും പരിഗണനയും നേടിത്തന്നതെന്ന് സാമാന്യചരിത്രബോധമുള്ള ഏവര്‍ക്കും അറിയാവുന്ന വസ്തുതകള്‍ മാത്രമാണ്.
1947-48 കാലഘട്ടത്തില്‍ കശ്മീര്‍ ഇന്ത്യയുമായി കൂട്ടിയോജിപ്പിക്കപ്പെട്ട അതിര്‍ത്തി സംസ്ഥാനമാണ്. 1947 ആഗസ്ത് 15ന് അവര്‍ പാക്കിസ്താനുമായി സ്റ്റാന്‍ഡ്സ്റ്റില്‍ കരാറിലേര്‍പ്പെടുകവരെ ചെയ്തു. സ്വാതന്ത്ര്യലബ്ധിയോടെ വേര്‍പിരിഞ്ഞ പാക്കിസ്താനുമായി അതിര്‍ത്തിപങ്കിടുന്നതും മതപരമായി കൂടുതല്‍ താദാത്മ്യമുള്ളതുമായ കശ്മീരിനെ നെഹ്‌റുവാണ് ഇന്ത്യയില്‍ ലയിപ്പിക്കാന്‍ ബുദ്ധിപരവും സൈനികവുമായ നേതൃത്വം നല്‍കിയതെന്നതിന് ചരിത്രം തെളിവാണ്. സര്‍ദാര്‍ പട്ടേലും ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണും വി.പി മേനോനുമെല്ലാം കഠിനപ്രയത്‌നം നടത്തിയാണ് നെഹ്‌റുവിന്റെ ഈ ദൗത്യം വിജയിപ്പിച്ചെടുത്തത്. 561 നാട്ടു രാജ്യങ്ങളില്‍ കശ്മീരിനുപുറമെ ജൂനഗഡ്, ഹൈദരബാദ് എന്നിവയായിരുന്നു ഇന്ത്യയില്‍ ലയിക്കാന്‍ ആദ്യ ഘട്ടത്തില്‍ വിമുഖത കാട്ടിയത്. എന്നാല്‍ കശ്മീരിന്റെ കാര്യത്തില്‍ പെട്ടെന്നൊരു പരിഹാരം ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ സാധ്യമാകുമായിരുന്നില്ല. മാത്രമല്ല, കശ്മീര്‍ രാജാവ് ഹരിസിംഗ് ആകട്ടെ നാട്ടുരാജ്യം സ്വതന്ത്രമായി നില്‍ക്കാനാണ് ആഗ്രഹിച്ചത്. ഇതിനിടെ കശ്മീര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ലയും ഹരിസിംഗും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം ഇന്ത്യക്ക് തുണയാകുകയായിരുന്നു. ഷെയ്ഖ് അബ്ദുല്ലയുമായി നെഹ്‌റുവിനുണ്ടായിരുന്ന ആത്മബന്ധം മുതലെടുത്ത് ഇന്ത്യന്‍ യൂണിയനില്‍ കശ്മീരിനെ ലയിപ്പിക്കാനായി നെഹ്‌റുവിന്റെ ശ്രമം. ഇതിനായി പട്ടേലും വി.പി മേനോനുമായി ചേര്‍ന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് പാക്കിസ്താനുമായി അനിവാര്യമായ സൈനിക നടപടി വേണ്ടിവന്നത്. ഇന്ത്യന്‍ സൈന്യം ഇപ്പോഴത്തെ പാക്കധീന കശ്മീര്‍വരെ ചെന്ന് കശ്മീരിനെ ഇന്ത്യയിലേക്ക് ചേര്‍ക്കുകയായിരുന്നു. നില്‍ക്കക്കള്ളിയില്ലാതെ ഹരിസിംഗ് രാജാവ് കീഴടങ്ങി. അതേസമയം സൈനികനടപടി ഇന്ത്യക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധമുയര്‍ത്തിവിട്ടു. വിഷയം സ്വാഭാവികമായും പാക്കിസ്താന്‍ ഐക്യരാഷ്ട്രസഭയിലെത്തിച്ചു. ഇതിന് ഐക്യരാഷ്ട്രസഭയില്‍ മറുപടി പറയേണ്ട ബാധ്യതയാണ് ഇന്ത്യക്കും നെഹ്‌റുവിനുമുണ്ടായതെ്ന്ന് വി.പി മോനോന്‍ അടക്കമുള്ളവര്‍ രേഖപ്പെടുത്തിയത് ചരിത്ര ഏടുകളില്‍ മങ്ങാതെ കിടപ്പുണ്ട്.
സത്യത്തില്‍ കശ്മീരിനെ ഇന്നുകാണുന്ന രീതിയില്‍ വഷളാക്കി ജനതയുടെ മനോവീര്യത്തെയും ഇന്ത്യയുമായുള്ള ആത്മബന്ധത്തെയും നിഷ്പ്രഭമാക്കിയത് നരേന്ദ്രമോദിസര്‍ക്കാരാണ്. 2016 ല്‍ കശ്മീരി നേതാവ് ബുര്‍ഹാന്‍ വാനിയെ വെടിവെച്ചുകൊന്നതില്‍നിന്ന് തുടങ്ങിയ അസ്വാരസ്യം യുവാവിനെ പട്ടാള ജീപ്പില്‍ കെട്ടിയിട്ട് വലിച്ചതും നിരവധി യുവാക്കളെയും വയോധികരെയും തെരുവില്‍ വെടിവെച്ചുകൊന്നതില്‍വരെ എത്തിനില്‍ക്കുന്നു, കേന്ദ്രത്തിന്റെയും സൈന്യത്തിന്റെയും ഹിമാലയന്‍ മണ്ടത്തരങ്ങള്‍. ഇതുപോരാഞ്ഞാണ് നെഹ്‌റുവും കശ്മീരി നേതാക്കളും ചേര്‍ന്ന് ഒപ്പുവെച്ച് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത 370 ാം വകുപ്പ് റദ്ദാക്കിയ നടപടി. ആര്‍.എസ്.എസ്സിന്റെ കശ്മീര്‍ അജണ്ടയാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയത്. രണ്ടു മാസത്തോളമായി ഒരു ജനതയൊന്നാകെ അസ്വാതന്ത്ര്യത്തിന്റെ നുകത്തില്‍ കഴിയുമ്പോള്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കപ്പെടുക സ്വാഭാവികം. പക്ഷേ അതിനെ പ്രതിരോധിക്കാന്‍ നമുക്കായില്ല. ഹൂസ്റ്റണ്‍ മേയര്‍ സെപ്തംബര്‍ 22ന് ‘ഹൗഡിമോദി’ പരിപാടിയെ സ്വാഗതംചെയ്തുകൊണ്ട് പറഞ്ഞ നെഹ്‌റുപ്രശംസാവാചകങ്ങളെങ്കിലും അമിത്ഷാ ഒരാവര്‍ത്തി കേള്‍ക്കണമായിരുന്നു. കാലാതിവര്‍ത്തിയായ തുറന്നപുസ്തകമാണ് ചരിത്രം. മതേതര-ബഹുസ്വര ജനാധിപത്യസാംസ്‌കാരികചരിത്രത്തെ സത്യത്തില്‍ ലോകത്തിനുമുന്നില്‍ ഇകഴ്ത്തുന്നവര്‍തന്നെയാണ് ഹിമാലയന്‍ അബദ്ധങ്ങളുടെ അട്ടിപ്പേറുകാര്‍. ചരിത്രത്തെ വളച്ചൊടിച്ചും ഭരണഘടനയെപോലും കുളിപ്പിച്ചില്ലാതാക്കിയും മുന്നോട്ടുപോകുന്നതിന് രാഷ്ട്രശില്‍പികളെ ഇകഴ്ത്തുന്നത് അനിവാര്യതയായിരിക്കാമെങ്കിലും ശുദ്ധചരിത്രവും ബുദ്ധിയുള്ള ജനതയും അതിന് മാപ്പുതരില്ല.

web desk 1: