X

ഭയമില്ലാത്ത ഇന്ത്യയെ തിരിച്ചുപിടിക്കാന്‍


ചങ്ങലയുടെ ബലം അതിന്റെ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ്. ഒരു രാഷ്ട്രത്തെ സംബന്ധിച്ചും ഈ പ്രസ്താവം നൂറു ശതമാനം ശരിയാണ്. കേവലം അധികാര മേലാളന്മാരും അതിസമ്പന്നരും മാത്രം കയ്യടക്കിവെക്കുന്നതല്ല യഥാര്‍ത്ഥത്തിലുള്ള രാഷ്ട്രം. ഏറ്റവും താഴേക്കിടയില്‍ ജീവിക്കുന്നവന്റെ തൃപ്തിയാണ് രാജ്യത്തിന്റെ സംതൃപ്തിയെന്ന് പഠിപ്പിച്ചുതന്നത് നമ്മുടെ രാഷ്ട്രപിതാവാണ്. ജനാധിപത്യ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളും പിന്നാക്ക-ദലിത് സമൂഹവും അധികാരത്തിനും സമ്പത്തിനും ഇപ്പോള്‍ ഏറെ പിന്നണിയില്‍ നില്‍ക്കേണ്ടിവന്നിരിക്കുന്നുവെന്ന് മാത്രമല്ല, അവര്‍ക്ക് മാന്യമായി ജീവിക്കുന്നതടക്കമുള്ള മൗലികാവകാശങ്ങള്‍പോലും കവര്‍ന്നെടുക്കപ്പെടുന്ന ദുരവസ്ഥ കൂടിയാണ് നിര്‍ഭാഗ്യവശാല്‍ ഇന്നിന്റെ യാഥാര്‍ത്ഥ്യം. നൂറ്റാണ്ടുകളായി ഇന്ത്യാമഹാരാജ്യം ഏതൊരു മഹാ നുകത്തിന്‍കീഴില്‍ അമര്‍ന്നുകഴിയേണ്ടിവന്നുവോ, എന്തിനൊക്കെ എതിരെ ഒരു ജനത മഹാമേരുവായി നിലകൊണ്ടുവോ അവയെല്ലാം ഏതാണ്ട് തിരിച്ചുവന്നിരിക്കുന്ന സ്ഥിതിയാണ് ഇന്നത്തെ ഭയപ്പാടിന് ഹേതു. ഇതിനെതിരായ രാഷ്ട്രത്തിന്റെ ഐക്യപ്രതിരോധത്തിനാണ് മുസ്്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ സമാരംഭം കുറിക്കുന്നത്.
മത ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന പ്രത്യേകാധികാരാവകാശങ്ങള്‍ വെച്ചുനീട്ടിത്തന്നത് ഏതെങ്കിലും സവര്‍ണ അധികാര കേന്ദ്രങ്ങളുടെ ഔദാര്യമായിരുന്നില്ല. മറിച്ച് വെള്ളക്കാരില്‍നിന്നുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രാണന്‍ മറന്ന് പോരാടുകയും ജീവത്യാഗം ചെയ്യുകയും ചെയ്ത മഹത്തായ തലമുറയുടെ വക്താക്കളാണ് അതിന്റെ പ്രയോക്താക്കള്‍. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി കാര്യമായ അന്ത:സംഘര്‍ഷങ്ങളില്ലാതെ ഇന്ത്യക്ക് മുന്നോട്ടുപോകാന്‍ കഴിഞ്ഞ കാലത്ത് സാധിച്ചത് ആ മഹാമനീഷികളുടെ ദൂരദൃഷ്ടികൊണ്ടായിരുന്നു. ഈ മഹത്തായ പൈതൃകത്തെയും സാമൂഹിക സൗഹാര്‍ദത്തെയുമൊക്കെ തീവ്ര ദേശീയതയുടെയും ഹിന്ദുത്വവാദത്തിന്റെയും മൂശകളിലിട്ട് അരിഞ്ഞെറിഞ്ഞുകൊണ്ടിരിക്കുകയാണ് ഹിന്ദുത്വ ദേശീയതയുടെ മൊത്തക്കച്ചവടക്കാര്‍. ശിഷ്ട സംസ്‌കാരങ്ങളെയും വിശ്വാസ സംഹിതകളെയുമത്രയും അടിച്ചൊതുക്കുമ്പോള്‍ ഇവിടെ നിലയ്ക്കുക ഇന്ത്യ തന്നെയാണെന്ന് അവരറിയുന്നില്ല. 2014ല്‍ രൂപീകൃതമായ ഹിന്ദുത്വാനുകൂല സര്‍ക്കാര്‍ രാജ്യത്ത് ഇതിനകം വിതറിയിരിക്കുന്ന വിദ്വേഷത്തിന്റെ വിത്തുകള്‍ ഭയത്തിന്റെ മുളങ്കൂട്ടങ്ങളായി ഒന്നൊന്നായി മുളച്ചുപൊന്തുകയാണിപ്പോള്‍. മുസ്്‌ലിംകള്‍ മാത്രമല്ല, ദലിതുകളും പിന്നാക്കക്കാരും വയലേലകളിലും തൊഴില്‍ ശാലകളിലും അത്യധ്വാനംചെയ്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുന്നവരുമെല്ലാം ഫാസിസത്തിന്റെ കാരിരുമ്പുകളില്‍ തറക്കപ്പെട്ടുനില്‍ക്കുകയാണിന്ന്. മുസ്‌ലിമിനെ വേട്ടയാടാന്‍ പശുവിനെയും ശ്രീരാമനെയും ആയുധമാക്കുന്നവരിപ്പോള്‍ തിരിഞ്ഞിരിക്കുന്നത് അവന്റെ പേരിനും വസ്ത്രത്തിനുമൊക്കെ എതിരെയാണ്.
ഈ വസ്തുതകള്‍ കേവല സ്ഥിതിവിവരങ്ങളുടെമാത്രംഅടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടേണ്ടതല്ല. 1925ല്‍ രൂപീകരിക്കപ്പെട്ട രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെയും അതിന്റെ രാഷ്ട്രീയ രൂപങ്ങളായ ഹിന്ദുമഹാസഭയുടെയും ജനസംഘത്തിന്റെയും ബി.ജെ.പിയുടെയുമൊക്കെ നയനിലപാടുകളാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവയില്‍ അംഗങ്ങളായിരുന്നവരാണ് ഇന്ന് ദേശത്തിന്റെ കുഞ്ചിക സ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നത്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എന്തിന് നീതിപീഠംപോലും സാധാരണക്കാരന് സംശയിക്കപ്പെടുംവിധം പ്രത്യക്ഷപ്പെടുമ്പോള്‍ പൗരഭൂരിപക്ഷത്തിനും ഭയപ്പാടില്ലാതെ വഴിനടക്കാന്‍ പോലുമാവാത്തതിലെന്താണ് അത്ഭുതം? ദാദ്രി മുതല്‍ ആള്‍വാര്‍വരെയും കിഴക്കും പടിഞ്ഞാറും എന്നുവേണ്ട ബഹുസംസ്‌കാര ശാദ്വലഭൂമിയായ രാജ്യത്തിന്റെ തെക്കോട്ടുപോലും വര്‍ഗീയതയുടെ തീക്ഷ്ണ ദുര്‍ഗന്ധം വമിപ്പിക്കുകയാണിന്ന്. 2015 മുതല്‍ 2018 വരെ ഇന്ത്യയില്‍ ‘വിശുദ്ധപശു’ വിന്റെയുംമറ്റും പേരില്‍ ആള്‍ക്കൂട്ടങ്ങളാല്‍ തെരുവുകളില്‍ അടിച്ചും കുത്തിയും കൊല്ലപ്പെട്ട പൗരന്മാരുടെ സംഖ്യ 42 ആണ്. ഇവരില്‍ 36 പേരും മുസ്‌ലിംകളായിരുന്നുവെന്നത് മതി രാജ്യത്തിന്റെ ഗതി എങ്ങോട്ടാണെന്നതിനുള്ള തെളിവ്. ഒരു തുണ്ടുഭൂമിക്കുപോലും അര്‍ഹതയില്ലാത്ത ദലിതുകളുടെയും മുസ്്‌ലിംകളുടെയും ജീവന്‍ നിലനില്‍ക്കുന്നതുതന്നെ ഇന്ന് ഭൂപ്രഭുക്കളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കാട്ടിത്തരുന്ന ഭൂമിയില്‍ കൃഷിവേല ചെയ്തും മൃഗങ്ങളെ പരിപാലിച്ചുമൊക്കെയാണ്. ചെറുകിട കച്ചവടങ്ങളിലൂടെ കുടുംബം പോറ്റേണ്ടിവരുന്നവര്‍ക്ക് അതിനുപോലും സാധ്യമല്ലെന്നുവരുന്നതിലൂടെ എന്തുതരം രാഷ്ട്രീയതയും ദേശീയതയുമാണ് ഇവിടെ വിളംബരം ചെയ്യപ്പെടുന്നത്.
മുസ്്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ രേഖപ്പെടുത്തിയ കണക്കുകള്‍ മുസ്‌ലിംകളുടെ അവസ്ഥ പൊതുവില്‍ ദലിതുകളെക്കാളും ദയനീയമാണെന്നായിരുന്നു. ഇതിന്റെ ശിപാര്‍ശകളൊന്നുപോലും നടപ്പാക്കാന്‍ തയ്യാറാകാത്ത മോദി സര്‍ക്കാര്‍ അവരെ ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും രാഷ്ട്രശരീരത്തില്‍നിന്ന് എന്നെന്നേക്കുമായി അറുത്തുകളയാമെന്ന് ധരിക്കുന്നുവെന്നതാണ് രാഷ്ട്രത്തെ ബാധിച്ചിരിക്കുന്ന ഭയപ്പാടിന് കാരണം. മുസ്്‌ലിംകളുടെയോ ദലിതുകളുടെയോ മാത്രം പ്രശ്‌നമായി ഇതിനെ കാണാന്‍ കഴിയില്ലെന്നതിന് തെളിവാണ് എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കുംകൂടി എതിരായ ഹിന്ദുത്വ ഭീകരത. ദലിത് പ്രത്യേകാവകാശനിയമവും ജമ്മുകശ്മീരിന്റെ 370-ാം വകുപ്പും അസമിലെ 19.06 ലക്ഷം പേരുമൊക്കെ വലിച്ചെറിയപ്പെടുമ്പോള്‍ എവിടേക്കാണ് രാഷ്ട്രഗതിയെന്ന് നിഷ്പ്രയാസം ഗണിക്കാന്‍ കഴിയും. 50 ദിവസമായി മൂന്ന് മുന്‍മുഖ്യമന്ത്രിമാര്‍ക്കുപോലും പുറത്തിറങ്ങാന്‍ കഴിയാത്തത്ര ചങ്ങലക്കെട്ടുകള്‍ തീര്‍ക്കുമ്പോള്‍ തന്നെയാണ് അമേരിക്കന്‍ അധികാരിക്ക് വോട്ടുപിടിക്കാനായി പണ്ഡിറ്റ്‌നെഹ്‌റുവിന്റെയും സ്വാമി വിവേകാനന്ദന്റെയും ഇന്ത്യയെ ഒരുപ്രധാനമന്ത്രി വില കുറച്ച് പ്രദര്‍ശിപ്പിച്ചത്. തൊഴിലില്ലായ്മയിലേക്കും പട്ടിണിയിലേക്കും അരാജകത്വത്തിലേക്കും നാടിനെ തള്ളിക്കൊണ്ടുപോകുന്നവര്‍ ഭരണഘടനാദത്തമായ സംവരണവും ന്യൂനപക്ഷാവകാശങ്ങളുമൊക്കെ എടുത്തുമാറ്റി ഏകഭാഷാ, ഏകമത-ജാതി, സംസ്‌കാര നിര്‍മിതിയിലേക്ക് രാജ്യത്തെ കൊണ്ടുപോകുമ്പോള്‍ പ്രതിഷേധിക്കാതിരിക്കാന്‍ യഥാര്‍ത്ഥ ദേശസ്‌നേഹികള്‍ക്കാവില്ലതന്നെ. എഴുത്തുകാരുടെയും കലാകാരന്മാരുടെയും ഏതാനും മാധ്യമങ്ങളുടെയും ദൗത്യമായി അത് മാറരുത്. അതിന്റെ ഭാഗമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് ഇന്നുമുതല്‍ രാജ്യത്തെമ്പാടും നടത്താനിരിക്കുന്ന ‘ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ’എന്ന മുദ്രാവാക്യത്തിലൂന്നിയ പ്രതിഷേധ പരിപാടികള്‍. ഇത് ഒരു പാര്‍ട്ടിയുടെയോ സമുദായത്തിന്റെയോ ആകാതിരിക്കുന്നത് ഇന്ത്യ മുമ്പെന്നത്തെയുംപോലെ നിലനിന്നുകാണണമെന്ന സകലമാന ഇന്ത്യക്കാരുടെയും സ്വപ്‌നസാക്ഷാല്‍കരത്തിനുവേണ്ടിക്കൂടിയാണ്.

web desk 1: