X

അക്കാദമി ഭൂമിയില്‍ അന്വേഷണം വേണം

തിരുവനന്തപുരം ലോ അക്കാദമി ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ധാര്‍ഷ്ട്യവും ദുരൂഹതകള്‍ ശരിവക്കുന്നതുമാണ്. ഭൂമി തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നുമുള്ള റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ വാദത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് പറഞ്ഞത് ആരെ പ്രീതിപ്പെടുത്താനാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഉറപ്പിച്ചു പറയണമെങ്കില്‍ സര്‍ക്കാര്‍ ഇവ്വിഷയത്തില്‍ വ്യക്തമായ തീരുമാനമെടുക്കണം.

ഇടതു മുന്നണിയില്‍ പരസ്യമായി വിഴുപ്പലക്കലുകള്‍ നടക്കുന്ന ഇക്കാര്യത്തില്‍ കാബിനറ്റ് ചര്‍ച്ച പോലും നടക്കാതെയാണ് മുഖ്യമന്ത്രി വിഷയത്തെ തള്ളിയിട്ടുള്ളത്. സര്‍ക്കാര്‍ വാദത്തിന് വിഭിന്നമാണ് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെയും പ്രധാന ഘടകകക്ഷിയായ സി.പി.ഐയുടെയും നിലപാട്. അതിനാല്‍ തന്നെ മഖ്യമന്ത്രി ആര്‍ക്കു വേണ്ടിയാണ് അഭിപ്രായം പറയുന്നത് എന്നകാര്യം പകല്‍പോലെ വ്യക്തമാണ്.

അക്കാദമിയുടെ ഭൂമി സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. ഏതോ കാലത്തെ പ്രശ്‌നമായതിനാലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് മുതിരാത്തതെന്നും അദ്ദേഹം വാദം നിരത്തുന്നു. അനധികൃതഭൂമി പിടിച്ചെടുക്കണമെന്ന അച്യുതാനന്ദന്ദന്റെ അഭിപ്രായത്തിന് തെല്ലും വിലകല്‍പിക്കാതെയാണ് മുഖ്യമന്ത്രി മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇതിന് എത്ര ആയുസുണ്ടെന്ന കാര്യം കണ്ടറിയേണ്ടതുണ്ട്. അക്കാദമിയുടെ സ്ഥലം ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കു കൈമാറിയതു നിയമവിരുദ്ധമാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നതാണ്.

സെക്രട്ടറിയേറ്റിനു സമീപം പുന്നന്‍ റോഡില്‍ കേരള ലോ അക്കാദമി ട്രസ്റ്റിന്റെ പേരിലുള്ള കോടികള്‍ വിലവരുന്ന ഭൂമി മാനദണ്ഡങ്ങള്‍ പാലിക്കാതെ തലസ്ഥാനത്തെ ഫ്‌ളാറ്റ് നിര്‍മാതാക്കളായ ഹെതര്‍ ഗ്രൂപ്പിന് കൈമാറുകയും ഫ്‌ളാറ്റ് സമുച്ചയത്തിലൂടെ കോടിക്കണക്കിന് രൂപ അനധികൃതമായി സമ്പാദിക്കുകയും ചെയ്തിട്ടുണ്ടെന്ന പരാതി വിജലിന്‍സിന്റെയും മുഖ്യമന്ത്രിയുടെയും മേശപ്പുറത്തെത്തിയിട്ട് നാളുകളേറെയായി. ഒരു കോടി രൂപ നിരക്കിലാണ് ഫ്‌ളാറ്റുകള്‍ വില്‍പന നടത്തിയത്. 36 ഇവിടെയുള്ളത്.

ട്രസ്റ്റിന്റെ പേരുലുള്ള ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് സൊസൈറ്റീസ് ആക്ടിന് എതിരായതിനാല്‍ കെട്ടിടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. 34.5 സെന്റ് സ്ഥലത്തില്‍ നിന്ന് 17.5 സെന്റ് സ്ഥലം ഹെതര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന റിയല്‍ എസ്‌റേറ്റ് സ്ഥാപനത്തിനു കൈമാറിയത് നിയമവിരുദ്ധമാണ്. കമ്പനി നിര്‍മിക്കുന്ന 11 നില കെട്ടിടത്തിലെ അപാര്‍ട്ട്‌മെന്റുകളില്‍ 55 ശതമാനം വില്‍ക്കാനും പണയപ്പെടുത്താനുമെല്ലാം അവര്‍ക്ക് അധികാരമുണ്ടെന്നു സംയുക്ത സംരംഭ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഹെതര്‍ കണ്‍സ്ട്രക്ഷന്‍സ് കെട്ടിടം നിര്‍മിക്കുന്നതെന്ന ലക്ഷ്മി നായരുടെ വാദം നിരര്‍ത്ഥകമാണ്.

ഫ്‌ളാറ്റ് കമ്പനിക്ക് കൈമാറിയ ഭൂമിക്ക് 1.05 കോടി രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ചുരുങ്ങിയത് 50 കോടി രൂപ വില വരുന്ന ഭൂമിയാണിത്. ഇതുവഴി സര്‍ക്കാരിനു ലഭിക്കേണ്ട വരുമാനത്തില്‍ വന്‍തോതില്‍ വെട്ടിപ്പ് നടത്തുകയാണ് ലക്ഷ്മി നായര്‍ ചെയ്തിട്ടുള്ളതെന്നാണ് ആരോപണം. കെട്ടിടനിര്‍മാണത്തിന് ഇടതു മുന്നണി ഭരിക്കുന്ന നഗരസഭ രണ്ടു തവണ അനുമതി നല്‍കിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്. മാനദണ്ഡങ്ങള്‍ മറികടന്നു കെട്ടിടത്തിനു അനുമതി നല്‍കിയതും അന്വേഷിക്കണം.

നാരായണന്‍ നായരുടെ കുടുംബ ട്രസ്റ്റാണ് ലോ അക്കാദമി ഭരണം കൈകാര്യം ചെയ്യുന്നത്. നാലു വര്‍ഷമായി ട്രസ്റ്റ് യോഗം ചേരാറില്ല. അതുകൊണ്ടു തന്നെ സ്വകാര്യ കമ്പനിക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറിയത് ഏതു യോഗത്തിലെ തീരുമാനപ്രകാരമാണെന്നു വ്യക്തമാക്കണം. സര്‍ക്കാറില്‍ നിന്ന് ലഭിച്ച ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിച്ചാല്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ട്. 1984 ജൂലൈ അഞ്ചിന് അന്നത്തെ റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. യു.ജി.സി വ്യവസ്ഥ പ്രകാരം കോളജ് നടത്താന്‍ 11.49 ഏക്കര്‍ സ്ഥലം ലാ അക്കാദമിക്ക് പതിച്ച് നല്‍കണമെന്നായിരുന്നു അന്ന് അക്കാദമി സമര്‍പ്പിച്ച അപേക്ഷല്‍ ആവശ്യപ്പെട്ടിരുന്നത്.

ഇതനുസരിച്ചാണ് ട്രസ്റ്റിന് ഭൂമി പതിച്ചു നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 1968ല്‍ ലോ അക്കാദമിക്ക് രണ്ടാം ഇ.എം.എസ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചപ്പോള്‍ത്തന്നെ വിവാദങ്ങളും ഉടലെടുത്തു. സ്വന്തം പാര്‍ട്ടിക്കാരനും ലോ അക്കാഡമിയുടെ ഇപ്പോഴത്തെ ഡയറക്ടറുമായ നാരായണന്‍നായര്‍ക്ക് എം.എന്‍.ഗോവിന്ദന്‍നായര്‍ ഭൂമി നല്‍കിയെന്നായിരുന്നു ആരോപണം. എന്നാല്‍ സര്‍്ക്കാര്‍ നിയന്ത്രണത്തിനുളള കോളേജിനാണ് ഭൂമി ദാനം എന്ന ചൂണ്ടിക്കാട്ടിയാണ് അന്നത്തെ സര്‍ക്കാര്‍ നിയമസഭയില്‍ വിവാദങ്ങളെ നേരിട്ടത്.

ഗവര്‍ണര്‍ മുഖ്യരക്ഷാധികാരി മുഖ്യമന്ത്രി രക്ഷാധികാരി, റവന്യൂ വിദ്യാഭ്യാസ മന്ത്രിമാര്‍ 3 ഹൈക്കോടതി ജഡ്ജിമാര്‍, പ്രമുഖ അഭിഭാഷകര്‍ എന്നിവരടങ്ങിയ സമിതിക്ക് അക്കാഡമി നടത്താണ് ഭൂമി നല്‍കിയത് എന്നായിരുന്നു അന്നത്തെ കൃഷിവൈദ്യുതി മന്ത്രി എം.എന്‍.ഗോവിന്ദന്‍നായരുടെ മറുപടി. സര്‍ക്കാര്‍ നിയന്ത്രണമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട ലോ അക്കാദമിയില്‍ നിലവില്‍ ഗവര്‍ണറുടെ മേല്‍നോട്ടമോ സര്‍ക്കാരിന്റെ നിയന്ത്രണമോ ഇല്ല. ഇതൊരു സ്വകാര്യ സ്ഥാപനമാണെന്ന് കേരള സര്‍വ്വകലാശാല തന്നെ വ്യക്തമാക്കുന്നു. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് 11.49 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തലസ്ഥാന നഗരഹൃദയത്തില്‍ ലോ അക്കാദമി സ്വന്തമാക്കിയത്.

300 കോടി രൂപയാണ് ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ മതിപ്പു വില. എന്നാല്‍ കോളേജിനു സ്ഥലം അനുവദിച്ചതു സംബന്ധിച്ചോ അഫിലിയേഷന്‍ സംബന്ധിച്ചോ രേഖകളൊന്നും ലഭ്യമല്ലെന്നാണ് കേരളസര്‍വകലാശാലയും വ്യക്തമാക്കുന്നു. മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജില്‍ ചില വിദ്യാര്‍ഥിവിരുദ്ധ നടപടികള്‍ പുറത്തറിഞ്ഞയുടന്‍ അന്വേഷണം പ്രഖ്യാപിച്ച വിജിലന്‍സും സര്‍ക്കാറും ലോ അക്കാദമി വിഷയത്തില്‍ ഇരട്ടത്താപ്പ് തുടരുന്നത് വെച്ചുപൊറുപ്പിക്കാനാവില്ല. പൊതുസമൂഹത്തില്‍ നിന്നുയര്‍ന്നവരുന്ന പ്രതിഷേധക്കാറ്റില്‍ ഇടതുന്നണി ആടിയുലയുന്ന സാഹചര്യത്തില്‍ വിടുവായത്തവും വീരവാദവും കൊണ്ട് പിടിച്ചുനില്‍ക്കാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണ്. സേച്ഛാധിപത്യവും ധിക്കാരവും കൊണ്ടു സമൂഹത്തെ കാല്‍ക്കീഴിലാക്കാന്‍ കഴിയുമെന്ന് ആരും കരുതുകയും വേണ്ട.

chandrika: