X

ലജ്ജിച്ചു തലതാഴ്ത്തുക നാം


‘ഇരട്ടക്കൊല ഹീനം; ജനങ്ങള്‍ക്കുമുന്നില്‍ തല കുനിക്കുന്നു’ പെരിയ കല്ലിയോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കുറ്റസമ്മതമാണിത്. അതിക്രൂരമായ കൊലപാതകം കഴിഞ്ഞ് അഞ്ചുദിവസം മിണ്ടാതിരുന്ന മുഖ്യമന്ത്രിക്ക് സമൂഹ മന:സാക്ഷിയുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ മാപ്പിരക്കേണ്ടിവന്നിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെമേല്‍ കുറ്റം ചാര്‍ത്തിയും കൊലപാതകികളെ ‘തള്ളിപ്പറഞ്ഞ്’ വെള്ളപൂശിയും സി.പി.എം മലക്കംമറിയുന്നതിനിടെ മുഖ്യമന്ത്രി മനസുതുറന്നത് സര്‍ക്കാറിനും ഇടതുപക്ഷത്തിനും കൂടുതല്‍ നാണക്കേടാണുണ്ടാക്കിയത്. കേരള ചരിത്രത്തില്‍ അത്യപൂര്‍വമായിരിക്കാം കൊലക്കുറ്റത്തിന്റെ പേരില്‍ ഒരു മുഖ്യമന്ത്രിക്ക് ഇവ്വിധം തലകുനിക്കേണ്ടിവന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിയായതുമാത്രമല്ല, തന്റെ വകുപ്പിന്റെ ഗുരുതര വീഴ്ചക്കുകൂടി മൂകസാക്ഷിയാകേണ്ട ഗതികേട് പിണറായിയെ പിന്തുടരും. ആയുധം താഴെവെച്ചുള്ള അനുയായിവൃന്ദത്തെ ഈ ജന്മത്തില്‍ മുഖ്യമന്ത്രിക്കു കാണാനാവില്ലെന്നതു സത്യം. പൂര്‍വകാല ചെയ്തികള്‍ക്കു ഓരോ പുലര്‍കാലവും പാപം പേറേണ്ട ഗതികേടാണിപ്പോള്‍ സി.പി.എമ്മിനെ പിടികൂടിയിട്ടുള്ളത്. പെരിയയിലെ കൊലപാതകത്തില്‍ തീരുന്നതല്ല ഈ നരനായാട്ടെന്നു വിശ്വസിക്കുന്നതാകും ശരി. മുഖ്യമന്ത്രിയുടെ ‘ഏറ്റുപറച്ചി’ലിന്റെ ആത്മാര്‍ത്ഥത പ്രവൃത്തിപഥത്തില്‍ തെളിയിക്കുംവരെ കേരളം ഇക്കൂട്ടരെ വിശ്വാസത്തിലെടുക്കില്ലെന്ന കാര്യം തീര്‍ച്ച.
കൊലപാതകം അത്യന്തം ഹീനമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തെ ഒരുതരത്തിലും ന്യായീകരിക്കില്ലെന്നും ഇക്കാര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും ആണയിടുകയും ചെയ്തു. തെറ്റായ ഒരു കാര്യം ഏറ്റെടുക്കേണ്ട ചുമതല പാര്‍ട്ടിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ വേദവാക്യം! ഇത്തരം ആളുകള്‍ക്ക് പാര്‍ട്ടിയുടെ ഒരു പരിരക്ഷയും ലഭിക്കില്ലെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി പൊലീസുകാര്‍ക്ക് ഇതിന്‌വേണ്ട കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞതിലാണ് പൊരുത്തക്കേട് പ്രകടമാകുന്നത്. മൂന്നു വര്‍ഷമായി കേരളത്തിലെ ക്രമസമാധാന മേഖല പൂര്‍ണമായും കുത്തഴിഞ്ഞുകിടക്കുകയാണ്. കൊലപാതകികള്‍ക്കും കൊള്ളക്കാര്‍ക്കും അക്രമികള്‍ക്കും പീഢകര്‍ക്കുമെല്ലാം സൈ്വരവിഹാരം നടത്താവുന്ന സ്വര്‍ഗീയസ്ഥാനമായി സംസ്ഥാനം മാറിക്കഴിഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 29 രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കാണ് കേരളം സാക്ഷിയാകേണ്ടി വന്നത്. 2016ല്‍ കോട്ടയം ഈരാറ്റുപേട്ടയില്‍ സി.പി.എമ്മില്‍നിന്ന് മാറിയ പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍തന്നെ കൊലപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് പാലക്കാട് കസബയില്‍ ബി.ജെ. പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ഇതിലെ കൊലയാളികളും സി.പി. എമ്മുകാര്‍. കോഴിക്കോട് കുറ്റ്യാടിയിലും നാദാപുരത്തും മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് എസ്.ഡി.പി.ഐയും സി.പി.എമ്മും. പിന്നീട് ധര്‍മ്മടത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോഴും പ്രതിസ്ഥാനത്ത് സി.പി.എമ്മായിരുന്നു. കൂത്തുപറമ്പില്‍ സി.പി.എം പ്രവര്‍ത്തകനെ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊന്നു. ഒട്ടും വൈകാതെ പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകനും ബി.ജെ.പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍. കണ്ണൂര്‍ മുഴക്കുന്നില്‍ ബി.ജെ. പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും സി.പി.എം പ്രവര്‍ത്തകനായിരുന്നു പ്രതി. 2017ല്‍ തിരുവനന്തപുരം ശ്രീകാര്യത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ ഡി.വൈ. എഫ്.ഐ പ്രവര്‍ത്തകരായിരുന്നു. കൊല്ലം കടയ്ക്കലിലും ബി. ജെ.പി പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ കൊന്നു. ഗുരുവായൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോഴും പ്രതിസ്ഥാനത്ത് സി.പി.എമ്മിനെ കണ്ടു.
2018ല്‍ എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തി. പ്രതിസ്ഥാനത്ത് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു. ന്യൂ മാഹിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തി. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെയും സി.പി.എമ്മുകാര്‍ അതിദാരുണമായി കൊലപ്പെടുത്തി. പിന്നീട് പേരാവൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊലപ്പെടുത്തിയത് എസ്. ഡി.പി.ഐയായിരുന്നു.
കാര്യങ്ങളുടെ നിജസ്ഥിതി ഇതായിരിക്കെയാണ് രാജ്യത്ത് സി. പി.എം ഏറ്റവും കൂടുതല്‍ ആക്രമണം നേരിടുന്ന സമയമാണിതെന്നു മുഖ്യമന്ത്രി ഇന്നലെ തട്ടിവിട്ടത്. കേരളത്തില്‍ സി.പി.എമ്മിനെതിരെ കടുത്ത രീതിയില്‍ കോണ്‍ഗ്രസ് ആക്രമണം അഴിച്ചുവിടുകയാണെന്നതാണ് മുഖ്യമന്ത്രിയുടെ മറ്റൊരു പരിതാപം. ഇടതുപക്ഷം ശക്തി പ്രാപിക്കുന്നത് പിന്തിരിപ്പന്‍ ശക്തികള്‍ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി കണ്ടെത്തിയിരിക്കുകയാണ്. സ്വന്തം പുള്ളി മറയ്ക്കാന്‍ പുതപ്പിട്ടുമൂടുന്ന പുള്ളിമാനെ പോലെയാണ് പിണറായിയുടെ ഈ പൊള്ളത്തരങ്ങളത്രയും. അക്രമങ്ങളെയും കൊലപാതകങ്ങളെയും രാഷ്ട്രീയ ആയുധമാക്കുന്ന സി.പി.എമ്മിന് അപരന്റെ ചോര കുടിക്കാതെ അല്‍പ നിമിഷം പോലും ജീവിക്കാനാവില്ല എന്നതാണ് വാസ്തവം. കേരള ചരിത്രത്തിലെ ആദ്യ പ്രധാന രാഷ്ട്രീയ കൊലപാതകമായ വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസിലെ പ്രതിയായ പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോള്‍ ഇതില്‍നിന്നു വ്യത്യസ്തമായി ഒന്നും പ്രതീക്ഷിക്കുന്നില്ല. എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന കോടിയേരിയുമായി ബന്ധപ്പെട്ട കശപിശയാണ് അന്നു വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ കലാശിച്ചത് എന്നതും ഇന്ന് അതേ കോടിയേരിയാണ് പാര്‍ട്ടി സെക്രട്ടറി എന്നതും വിചിത്ര യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെയാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആയിരം ദിനമാഘോഷിക്കാന്‍ സി.പി.എമ്മിന് കൃപേശിന്റെയും ശരത്‌ലാലിന്റെയും ഇളംമേനിയില്‍ ആയുധം കുത്തിയിറക്കേണ്ടി വന്നത്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമല്ല, കുറ്റകൃത്യങ്ങളുടെ കണക്കും കേരളത്തില്‍ പെരുകുന്നത് പിണറായി സര്‍ക്കാറിന്റെ പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നതുകൊണ്ടാണ്. ആഭ്യന്തര വകുപ്പ് ഇത്രമേല്‍ അലങ്കോലമായകാലം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. പൊലീസ് തലപ്പത്തെ ചേരിപ്പോരും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നോട്ടപ്പിഴവുമെല്ലാം ക്രമസമാധാന നില തകിടംമറിച്ചിരിക്കുകയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കേരളമാണ് മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ചുള്ള കുറ്റകൃത്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനത്താണ് രാജ്യത്തെ ആകെ കുറ്റകൃത്യങ്ങളില്‍ 14.7 ശതമാനവും നടക്കുന്നത്. ഇത്രയും അപകടരമായ അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചതിന്റെ പരിണിത ഫലമാണ് ഇന്ന് സര്‍ക്കാറും സി.പി.എമ്മും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇരട്ട കൊലപാതകം ഹീനമാണെന്നും അതിന്റെ പേരില്‍ നാണംകെട്ട് തലകുനിക്കുന്നുവെന്നും പരിതപിച്ച പിണറായിയുടെ ‘ഇരട്ടച്ചങ്ക്’ ഓട്ടച്ചങ്കായെന്ന് ഒരിക്കല്‍കൂടി കേരളം ഒന്നടങ്കം ഓര്‍മപ്പെടുത്തുകയാണ്.

chandrika: