പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവിധ കോണുകളില്‍നിന്നു ഉയര്‍ന്നുവന്ന അഴിമതി ആരോപണം അത്ര നിസാരമായി കണ്ടുകൂടാ. ഭരണഘടനാ പദവിയിലിരിക്കെ അവിഹിതമായി പണം കൈപ്പറ്റിയെന്ന അതിശക്തമായ ആരോപണത്തിന്റെ സത്യസ്ഥിതി പുറത്തറിയേണ്ടതുണ്ട്. ആരോപണ വിധേയനും ആരോപകരും പ്രധാനികളാണെന്നതിനാല്‍ കേവല വാക്കുതര്‍ക്കങ്ങളായി കാണാതെ അടിയന്തര നടപടി സ്വീകരിക്കാന്‍ ഉന്നത നീതിപീഠത്തിനും ബാധ്യതയുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് സ്ഥാപിക്കുംവിധം പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തെളിവുകള്‍ പുറത്തുവിട്ട സാഹചര്യത്തില്‍ പ്രത്യേകിച്ചും. പരാതിക്കാര്‍ തെളിവു നല്‍കട്ടെയെന്ന ബി.ജെ.പി ദേശീയ നേതാക്കളുടെ മുടന്തന്‍ ന്യായവും രാഹുല്‍ സംസാരിച്ചു പഠിക്കട്ടെ എന്ന പ്രധാനമന്ത്രിയുടെ പരിഹാസവും അഴിമതിക്കെതിരെയുള്ള നടപടികള്‍ക്ക് വിഘാതമായിക്കൂടാ. ആരോപണത്തിന്റെ തീക്കാറ്റ് തടുക്കാന്‍ മുറംകൊണ്ടുള്ള ഇത്തരം വിഫല ശ്രമങ്ങളെ തിരിച്ചറിഞ്ഞ് സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു പുറത്തുകൊണ്ടുവരികയാണ് വേണ്ടത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്ന് 40 കോടി രൂപ കോഴ വാങ്ങിയെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചത്. ഇതിനു പിന്നാലെ പണം കൈപ്പറ്റിയവരുടെ പട്ടിക അടങ്ങുന്ന ഡയറിയിലെ കൂടുതല്‍ പേരുകള്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിടുകയും ചെയ്തു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുള്ളവരുടെ പട്ടികയാണ് ട്വിറ്ററിലൂടെ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടത്.
രാഹുലിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും മോദി ഗംഗാ നദി പോലെ ശുദ്ധമാണെന്നും പ്രസ്താവിച്ച കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന് 1.25 കോടി രൂപ ലഭിച്ചെന്നാണ് പുറത്തുവിട്ട രേഖകളില്‍ പറയുന്നത്. ഇതില്‍ പ്രതിരോധിതനായാണ് പ്രധാനമന്ത്രി പക്വത കൈവെടിഞ്ഞ് ഇന്നലെ രാഹുല്‍ ഗാന്ധിക്കെതിരെയും പ്രതിപക്ഷത്തിനെതിരെയും പ്രതികരിച്ചത്. ഭീകരരെ പാകിസ്താന്‍ സംരക്ഷിക്കുന്നതു പോലെ പ്രതിപക്ഷം കള്ളപ്പണക്കാരെ സംരക്ഷിക്കുന്നുവെന്നും രാഹുല്‍ സംസാരം പഠിച്ചതില്‍ സന്തോഷമുണ്ടെന്നും പരിഹസിച്ച പ്രധാനമന്ത്രി പ്രശ്‌നത്തെ നിസാരവത്കരിച്ച് രക്ഷപ്പെടാനുള്ള വൃഥാശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ‘കോണ്‍ഗ്രസില്‍ ഒരു യുവ നേതാവുണ്ട്. അയാള്‍ പ്രസംഗിക്കാന്‍ പഠിച്ചു തുടങ്ങി. രാഹുല്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകില്ലെന്ന് ഉറപ്പായി. മിണ്ടാതിരുന്നെങ്കില്‍ ഭൂകമ്പമുണ്ടായിരുന്നേനെ’ എന്നിങ്ങനെയുള്ള പ്രധാനമന്ത്രിയുടെ പരിഹാസത്തെ വകവെക്കാതെ രാഹുല്‍ ആരോപണം ആവര്‍ത്തിച്ചത് ബി.ജെ.പിയെ അസ്വസ്ഥമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പരിഹാസമല്ല, മറുപടിയാണ് വേണ്ടതെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പൊതുസമൂഹം ഏറ്റെടുത്താല്‍ അഴിമതിക്കെതിരെയുള്ള പ്രധാനമന്ത്രിയുടെ പൊയ്മുഖം പിച്ചിച്ചീന്തേണ്ടി വരും.
2013 ഒക്ടോബര്‍ മുതല്‍ 2014 ഫെബ്രുവരി വരെ മോദിക്കു സഹാറ ഉദ്യോഗസ്ഥര്‍ ഒമ്പതു തവണ കോഴപ്പണം നല്‍കിയെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് പ്രഥമ ദൃഷ്ട്യാ പറയാനാവില്ല. കോമണ്‍ കോസ് എന്ന സര്‍ക്കാര്‍ ഇതര സംഘടനക്കുവേണ്ടി പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ നല്‍കിയ പരാതിയിലെ വിവരങ്ങളായിരുന്നു രാഹുല്‍ ഗാന്ധി ആരോപണമായി ഉന്നയിച്ചത്. വരുമാന നികുതി ഉദ്യോഗസ്ഥര്‍ മുമ്പാകെ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ ആരോപണം. 2013 ഒക്‌ടോബര്‍ 30ന് 2.5 കോടി രൂപയും നവംബര്‍ 12ന് അഞ്ച് കോടിയും നവംബര്‍ 27ന് 2.5 കോടിയും 29ന് അഞ്ച് കോടിയും ഡിസംബര്‍ 13, 19, 2014 ജനവരി 13, 28 ഫിബ്രവരി 11 എന്നീ തീയതികളില്‍ അഞ്ച് കോടി വീതവും മോദി കൈക്കൂലി വാങ്ങിയതായാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. 2014ലും മോദി ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് രാഹുല്‍ ആവര്‍ത്തിക്കുന്നു. 2013 -2014 വര്‍ഷത്തില്‍ ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ആറ് മാസക്കാലയളവിനിടയിലാണ് അഴിമതി നടന്നിട്ടുള്ളതെന്നാണ് പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ട ഡയറിക്കുറിപ്പില്‍ പറയുന്നത്. മോദി കോഴ വാങ്ങിയതിന്റെ രേഖകള്‍ ആദായ നികുതി റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചത്. ആദായ നികുതി വകുപ്പിന്റെ കൈവശം ഇവയുടെ രേഖകളുണ്ടെന്ന ആരോപകരുടെ മൊഴികള്‍ മാനദണ്ഡമാക്കി അന്വേഷണം നടത്തുകയാണ് വേണ്ടത്.
എന്നാല്‍ ഇതിനു പകരം ആരോപണത്തെ പുച്ഛിച്ചു തള്ളുകയാണ് പ്രധാനമന്ത്രിയും ബി.ജെ.പി നേതൃത്വവും ചെയ്യുന്നത്. ആരോപകരാണ് അവ തെളിയിക്കേണ്ടതെന്നും പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ മാത്രമല്ല, മറ്റു പലതിലും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നു പറഞ്ഞ് ബി.ജെ.പി നേതാക്കള്‍ ഒളിച്ചോടുന്നത് നീതീകരിക്കാനാവില്ല. നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാന മന്ത്രിയാണ്. ഭരണഘടനാപരമായി രാജ്യത്തെ പരമോന്നത പദവിയിലിരിക്കുന്ന വ്യക്തിത്വം. അതുകൊണ്ടുതന്നെ ഇത്തരം ആരോപണം ഉയര്‍ന്നുവരുമ്പോള്‍ രാജ്യത്തെ ജനതക്കു മുമ്പില്‍ നെല്ലും പതിരും വേര്‍തിരിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. അന്വേഷണത്തിലൂടെയാണ് ആരോപണത്തെ സത്യസന്ധമായി നേരിടേണ്ടത്. ഇതിന് പ്രധാനമന്ത്രി തയാറുണ്ടോ എന്നതാണ് ഇനി അറിയേണ്ടത്.
അഴിമതിക്കാരെ കാരാഗ്രഹത്തിലടക്കുമെന്ന് വീമ്പു പറഞ്ഞ് അധികാരത്തില്‍ വന്ന പ്രധാനമന്ത്രി തന്നെ അഴിമതി ആരോപണത്തിനുള്ളില്‍ അടയിരിക്കുന്നത് ശരിയല്ല. തന്റെ കൈകള്‍ ശുദ്ധമാണെങ്കില്‍ പിന്നെ ആരെയാണ് പ്രധാനമന്ത്രി പേടിക്കുന്നത്? കളങ്കമുണ്ടെങ്കില്‍ മാത്രമല്ലേ മുട്ട് വിറക്കേണ്ടതുള്ളൂ. ആരോപണത്തിന്റെ നിജസ്ഥിതി അറിയാന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമുണ്ട്. അതിനുള്ള അവസരമൊരുക്കുന്നതിനു പകരം ആരോപണം ഉന്നയിച്ചവരെ വ്യക്തിഹത്യാ വിമര്‍ശം നടത്തുകയും അപഹസിക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രി പദത്തിന് യോജിച്ചതല്ല. ആരോപണങ്ങള്‍ക്ക് പ്രത്യാരോപണമല്ല പ്രധാനമന്ത്രിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്. പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും മുമ്പ് നിഷ്പക്ഷമായ അന്വേഷണത്തിന് പ്രായോഗിക നടപടികളുണ്ടാകണം. കേന്ദ്ര സര്‍ക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ ഇനി കാര്യങ്ങള്‍ നീങ്ങേണ്ടത് അന്വേഷണ വഴിയിലൂടെയാണ്; അല്ലാതെ അപഹാസ്യ മാര്‍ഗങ്ങളിലൂടെയല്ല.
- 8 years ago
chandrika
Categories:
Video Stories