‘സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ വേദവാക്യങ്ങളായി കോടതികള്‍ കരുതിത്തുടങ്ങിയാല്‍ ജസ്റ്റിസ് ഭഗവതി മുതല്‍ വെങ്കടചെല്ലയ്യ വരെയുള്ളവര്‍ കെട്ടിപ്പൊക്കിയ സ്വാതന്ത്ര്യത്തിന്റെ നെടുംതൂണുകള്‍ ഇടിഞ്ഞുവീഴും. അതിനിനി വലിയ താമസമില്ല. ‘പ്രശസ്ത അഭിഭാഷകന്‍ കപില്‍സിബല്‍ അടുത്തിടെയാണ് ഇന്ത്യന്‍ നീതിപീഠത്തെക്കുറിച്ച് ഈയൊരു പരാമര്‍ശം നടത്തിയത്. ഇതിന് ഏതാണ്ട് ഒരാഴ്ച മുമ്പാണ് തമിഴ്‌നാട് ഹൈക്കോടതിയുടെ മുഖ്യ ന്യായാധിപ വിജയ്കമലേഷ് താഹില്‍രമണിക്ക് ഔദ്യോഗിക പദവിയില്‍നിന്ന് കണ്ണീരോടെ രാജിവെക്കേണ്ടിവന്നത്. നീതിപീഠത്തിന്റെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ശുദ്ധവായു. അതിനുനേര്‍ക്ക് അടുത്തകാലത്തായുണ്ടായിക്കൊണ്ടിരിക്കുന്ന തിരിച്ചടികളിലൊന്നാണ് ജസ്റ്റിസ് താഹില്‍രമണിയുടെ സെപ്തംബര്‍ ആറിലെ രാജിയും തത്സംബന്ധിയായ വിവാദപ്പുകമറകളും. ആഗസ്ത് 28ലെ സ്ഥലംമാറ്റ ഉത്തരവ ്പുന:പരിശോധിക്കണമെന്ന ചീഫ് ജസ്റ്റിസിന്റെ അപേക്ഷ സെപ്തംബര്‍ മൂന്നിന് സുപ്രീംകോടതി കൊളീജിയം നിഷ്‌കരുണം തള്ളുകയായിരുന്നു.
മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസായ താഹില്‍രമണിയെ മേഘാലയ ഹൈക്കോടതിയുടെ ചീഫ്ജസ്റ്റിസായി സുപ്രീംകോടതി കൊളീജിയം സ്ഥലം മാറ്റിയതാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയുടെമേല്‍ പുതിയൊരു വിവാദക്കറകൂടി ചാര്‍ത്തിയിരിക്കുന്നത്. നിഷ്പക്ഷമായ വിധി പ്രസ്താവങ്ങള്‍ക്ക് പേരുകേട്ട ജസ്റ്റിസ് താഹില്‍രമണിയുടെ സ്ഥലം മാറ്റം അപ്രതീക്ഷിതമായ സ്ഥലത്തേക്കായതാണ് ജുഡീഷ്യറിയെ എന്ന പോലെ സാധാരണക്കാരെയും ഞെട്ടിപ്പിച്ചത്. വിവാദം ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് സുപ്രീംകോടതി 14ന് ഒരു അസാധാരണ പ്രസ്താവന പുറപ്പെടുവിച്ചു: നീതിന്യായ വ്യവസ്ഥയുടെ സുഗമമായ നിര്‍വഹണത്തിനായാണ് നിര്‍ണിത വ്യവസ്ഥകളെല്ലാം പാലിച്ചുകൊണ്ട് സുപ്രീംകോടതി സ്ഥലം മാറ്റങ്ങള്‍ നടത്തുന്നത്. സ്ഥലം മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തുന്നത് ശരിയല്ലെങ്കിലും വേണമെങ്കില്‍ സുപ്രീംകോടതി യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തും.
ചെന്നൈ ഹൈക്കോടതിയുടെ കീഴില്‍ മധുര ബെഞ്ചിലുള്‍പ്പെടെ 75 ന്യായാധിപന്മാര്‍ ജസ്റ്റിസ് രമണിയുടെ കീഴിലുണ്ട്. ഇതിന്റെ അധ്യക്ഷയായിരിക്കുന്ന വനിതയെയാണ് മൂന്ന് ജഡ്ജിമാര്‍മാത്രമുള്ള മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റിയത്. സ്ഥലം മാറ്റം ചെയ്യാന്‍ നിയമവശാല്‍ സുപ്രീംകോടതിയുടെ ആറംഗ കൊളീജിയം സമിതിക്ക് അധികാരമുണ്ടെങ്കിലും ഇത്തരത്തിലൊരു സ്ഥലംമാറ്റം സ്ഥാനക്കയറ്റത്തിനുപകരം സ്ഥാനക്കുറക്കലായാണ് (ഡിമോഷന്‍) മാധ്യമങ്ങളും അഭിഭാഷക സമൂഹവും കുറ്റപ്പെടുത്തുന്നത്. സ്ഥലം മാറ്റം സ്വീകരിക്കാതെ രാജി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ മുമ്പില്‍ ഹൈക്കോടതിയിലെ ഏതാണ്ട് മുഴുവന്‍ അഭിഭാഷകരും ജോലി ബഹിഷ്‌കരിച്ച് രണ്ടു ദിവസമായി പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. താഹില്‍രമണിയെ സ്ഥലം മാറ്റിയതിനു പിന്നില്‍ സുപ്രീംകോടതിയുടെ തന്നിഷ്ടമാണെന്നാണ് ആരോപണം. മുംബൈ കാലത്ത് ഗുജറാത്തിലെ ബില്‍ക്കിസ്ബാനു കേസിലുള്‍പ്പെടെ താഹില്‍രമണിയുടെ വിധി ന്യായങ്ങളാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന ആരോപണം ശക്തമാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള ഭീമന്‍ വിവാദ വ്യവസായ ശാലക്കെതിരായ കേസില്‍ മധുര ബെഞ്ചിലെ ന്യായാധിപരെ മാറ്റിയതും സ്ഥലം മാറ്റത്തിന് കാരണമായെന്നാണ് കേള്‍വി. ഇതിന്റെ ഉടമസ്ഥരായ വേദാന്ത റിസോഴ്‌സസ് ഗ്രൂപ്പ് ബി.ജെ.പിയുടെ മുഖ്യ ധനസ്രോതസ്സുകളിലൊന്നാണ്.
മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് മധുരബെഞ്ചിലെ രണ്ട് അഭിഭാഷകരെ അവിടെ ജഡ്ജിമാരായി നിയമിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും വേണ്ടത്ര യോഗ്യതകളില്ലാത്തതിനാല്‍ ചീഫ് ജസ്റ്റിസ് താഹില്‍രമണി വകവെച്ചില്ലെന്നുമാണ് മറ്റൊരു പരാതി. എന്നാല്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്്‌ഡേയ കട്ജു പറയുന്നത് മറ്റൊന്നാണ്. ജസ്റ്റിസ് താഹില്‍രമണി കുറച്ച് ജഡ്ജിമാരുടെ പേരുകള്‍ നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം മുമ്പാകെ സമര്‍പ്പിച്ചിരുന്നുവെന്നും അത് കൊളീജിയം അനുവദിച്ചില്ലെന്നുമാണ്. ജസ്റ്റിസ് താഹില്‍രമണി ഏറിയാല്‍ ഉച്ചക്ക് 12.30 വരെയേ കോടതിയില്‍ ഇരിക്കൂ. ഇത് കാരണം മറ്റു ന്യായാധിപന്മാരും ഉച്ചയൂണിനുശേഷം കോടതിയില്‍ ഹാജരാകുന്നില്ല. ജസ്റ്റിസ് കട്ജു എഴുതുന്നു. അതിനിടെ അഭിഭാഷകരുടെ സംഘടനയായ ആള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ പറയുന്നത് ജസ്റ്റിസ് രമണി സുപ്രീംകോടതി കൊളീജിയത്തെ വില കുറച്ചുകണ്ടുവെന്നാണ്. 1982ല്‍ അഭിഭാഷകയായ ജസ്റ്റിസ് താഹില്‍രമണി മഹാരാഷ്ട്ര ഗവ.പ്ലീഡറായ ശേഷമാണ് 2001 ജൂണില്‍ മുംബൈ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. 2018 ആഗസ്ത് നാലിന് മദ്രാസ് ചീഫ്ജസ്റ്റിസായി നിയമിക്കപ്പെടുംമുമ്പ് 2017 ഡിസംബര്‍ മുതല്‍ മുംബൈ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റായിരുന്നു. മഹാരാഷ്ട്ര ലത്തൂര്‍ സ്വദേശിയായ ഈ അറുപതുകാരിക്ക് വിരമിക്കാന്‍ ഒരു വര്‍ഷമുള്ളപ്പോഴാണ് ശിക്ഷയെന്ന് തോന്നിക്കാവുന്ന സ്ഥലം മാറ്റവും വിവാദ രാജിയും.
- 5 years ago
web desk 1
Categories:
Video Stories
രാജിയാകാത്ത രാജി
Tags: editorial