X

നിയമം നീതിക്ക് തടസ്സമായിക്കൂടാ


‘ഒറ്റദിവസംപോലും കൂടുതല്‍തരില്ല.അതിസാഹസിതക്ക് മുതിരരുത്. നിങ്ങളുടെസംസ്ഥാനം അതിന്് പേരുകേട്ടതാണ്. നിയമത്തെ പിന്‍പറ്റുക.’ 2019 സെപ്തംബര്‍ആറിലെ സുപ്രീംകോടതിയുടെ ഈ വാക്കുകള്‍ സാക്ഷരകേരളത്തിന് മുമ്പാകെ വലിയസന്ദേശമാണ് നല്‍കിയത്; നല്‍കേണ്ടതും. കയ്യില്‍ നിഷ്പക്ഷതയുടെ തുലാസുമായി കണ്ണടച്ചുപിടിച്ചാണ് നീതിദേവതയുടെ നില്‍പ്. നിയമംനടപ്പാക്കുമ്പോള്‍ പക്ഷപാതരഹിതമായിരിക്കണമെന്ന സാര്‍വലൗകികതത്വത്തിന്റെ അടിസ്ഥാനത്തിലാണത്. അതേസമയംതന്നെ പുലിയെയും മാനിനെയും ഒരേ തൊഴുത്തില്‍കെട്ടരുതെന്നത് സാമാന്യനീതിയുടെ ഭാഗവും. നിയമത്തിന് മുകളിലുള്ള നീതിയെയാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. എറണാകുളംജില്ലയിലെ മരട് നഗരസഭാതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏതാനും വാസസമുച്ചയങ്ങളുടെ കാര്യത്തില്‍ ജുഡീഷ്യറി സ്വീകരിച്ചിരിക്കുന്ന നിലപാട് ഇതിന് കടകവിരുദ്ധമായോ എന്നാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത് പാര്‍ലമെന്റ് 1991ല്‍ പാസാക്കിയ പരിസ്ഥിതിനിയമങ്ങള്‍ക്ക് വിരുദ്ധമായി കായല്‍കയ്യേറിയാണെന്നാണ് പരാതി. തീര്‍ച്ചയായുമത് ശിക്ഷാര്‍ഹമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നിയമത്തിനുമുന്നില്‍ മുന്‍പറഞ്ഞ സാമാന്യനീതി നടപ്പാകാതെപോകുന്ന അവസ്ഥയാണ് പുറന്തള്ളപ്പെടുന്ന ഫ്്‌ളാറ്റുടമകളുടെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്നത് സങ്കടകരമായിരിക്കുന്നു.
കൊച്ചി എന്ന രാജ്യത്തെ മഹാനഗരങ്ങളിലൊന്നിന്റെ ഭാഗമാണ് മരട് നഗരസഭ. നാല് ബഹുനിലഫ്‌ളാറ്റുകളിലായി 450ഓളം കുടുംബങ്ങളാണ് മരടില്‍ താമസിക്കുന്നത്. ജോലിയാവശ്യാര്‍ത്ഥം ഇവിടെ വന്നിറങ്ങുന്നവരും സ്ഥിരതാമസമാക്കുന്നവരുമായ മനുഷ്യരുടെ കാര്യത്തില്‍ ഫ്‌ളാറ്റുകള്‍ക്ക് വലിയപ്രസക്തിയുണ്ട്. എന്നാല്‍ താമസക്കാരെ വഴിയാധാരമാക്കിക്കൊണ്ട് ഒരുപ്രഭാതത്തില്‍ അവ പൊളിച്ചുകളയുക എന്നത് വലിയതോതിലുള്ള മാനുഷികപ്രയാസങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും നിയമവടംവലികള്‍ക്കും വേദിയാകുന്നത് സ്വാഭാവികം. 2006ലാണ് ഈ ഫ്‌ളാറ്റുകള്‍ക്ക് അനുമതിലഭിക്കുന്നത്. ഇവിടെ ഇടതുപക്ഷത്തിന്റെ സര്‍ക്കാരും തദ്ദേശഭരണകൂടവും ഉദ്യോഗസ്ഥവൃന്ദങ്ങളുമൊക്കെ ഉള്ളപ്പോള്‍തന്നെയാണ് അവ പണിപൂര്‍ത്തിയാക്കിയത്. സര്‍ക്കാരുകളും നഗരസഭയും നിശ്ചയിച്ച ചട്ടങ്ങള്‍ പാലിച്ചാണോ നിര്‍മാണംപൂര്‍ത്തിയാക്കിയതെന്ന് പരിശോധിക്കുകയും പ്രവര്‍ത്തനാനുമതി കൊടുക്കുകയും ചെയ്യേണ്ടത് അതാത് ഭരണകൂടങ്ങളാണ്. സമയത്തിന് ചട്ടങ്ങള്‍ ഉണ്ടാക്കിയില്ല എന്നതും സഗൗരവം കാണേണ്ടതുണ്ട്്. എങ്കിലും ഹൈക്കോടതി കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി. എന്നാല്‍ സുപ്രീംകോടതി ഫ്‌ളാറ്റുകള്‍ പൊളിക്കാനുത്തരവ് നല്‍കിയിരിക്കുന്നത് നീതി പാലിക്കപ്പെടാതിരിക്കാന്‍ കാരണമായോ എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്.
കഴിഞ്ഞ മേയിലാണ് ഒരുമാസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. അത് നടപ്പാക്കാതെ അവധിക്കാലത്ത് മറ്റൊരുബെഞ്ചില്‍നിന്ന് സര്‍ക്കാര്‍ സ്റ്റേഉത്തരവ് സമ്പാദിച്ചു. വിധിനടപ്പാക്കി ആയത് സെപ്തംബര്‍ 23ന് സംസ്ഥാനചീഫ്‌സെക്രട്ടറി നേരിട്ട് അറിയിക്കണമെന്നാണ് റിവ്യൂഹര്‍ജിയിലെ കോടതിയുടെ കല്‍പന. ഇനി പത്തുദിവത്തിനകം, അഥവാ സെപ്തംബര്‍20 നുള്ളില്‍ അനധികൃതകെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടതുണ്ട്. മുമ്പ് പലപ്പോഴും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അനുസരിക്കാത്ത അവസ്ഥയുണ്ടായതാണ് ഇത്രയും കാര്‍ക്കശ്യത്തിലേക്ക് കോടതിയെ നയിച്ചത്. 2017ല്‍ രണ്ട് സ്വകാര്യമെഡിക്കല്‍കോളജുകളിലെ വഴിവിട്ടുള്ള എം.ബി.ബി.എസ് പ്രവേശനം റദ്ദാക്കിയതിനെതിരെ നിയമംപാസാക്കിയ നടപടിയും കോടതി മനസ്സില്‍കണ്ടിരിക്കണം. ശബരിമല യുവതീപ്രവേശനകേസില്‍ കേട്ടപാതി വിധിനടപ്പാക്കാനിറങ്ങിയ ഇടതുസര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ്‌സഭാകേസില്‍ കാട്ടിയ വൈമനസ്യവും നീതിപീഠത്തെ ചൊടിപ്പിച്ചിട്ടുണ്ടാകണം.
കെട്ടിടങ്ങള്‍ പൊളിച്ചുകളയുമ്പോള്‍ അവിടെ താമസിച്ചുവരുന്ന മനുഷ്യരോട് എന്ത് നിലപാടെടുക്കണമെന്ന് കോടതി പറഞ്ഞിട്ടില്ല. വിധി നടപ്പാക്കിയാല്‍ സ്വാഭാവികമായും ആ കുടുംബങ്ങള്‍ക്ക് മറ്റൊരിടത്തേക്ക്് മാറേണ്ടിവരും. ഇവിടെ സംഭവിക്കാനിരിക്കുന്ന ദുരിതവും കണ്ണീരും കാണാതെപോകരുത്. ജീവിതത്തിലെ സമ്പാദ്യംമുഴുവന്‍ അരിച്ചുപെറുക്കിയും വായ്്പയെടുത്തുമാണ് ലക്ഷങ്ങള്‍മുടക്കി പലരും ഫ്്‌ളാറ്റുകളില്‍ വാങ്ങിയത്. ഇവര്‍ക്ക് നിയമത്തിനപ്പുറമുള്ള കാരുണ്യം നീളേണ്ടതുണ്ട്. ഇതേ എറണാകുളത്ത് പെട്രോളിയം പ്ലാന്റിനുവേണ്ടിയുംമറ്റും പാവപ്പെട്ടകുടുംബങ്ങളെ അടിച്ചിറക്കിയതുപോലെയാകരുത് മരടിന്റെ കാര്യത്തിലും ഇടതുസര്‍ക്കാര്‍ നിലപാട്. കെട്ടിടങ്ങള്‍ പൊളിച്ചുകളയാന്‍ 45 കോടിരൂപ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ചെലവ് നഗരസഭക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് നഗരസഭ ദര്‍ഘാസ് ക്ഷണിച്ചുകഴിഞ്ഞു. പൊളിക്കുമ്പോഴുണ്ടായേക്കാവുന്ന പാരിസ്ഥിതിപ്രത്യാഘാതങ്ങളും ഫ്‌ളാറ്റുകളുടെ നിര്‍മാണംപോലെതന്നെ ഗുരുതരമായേക്കാം. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും മറ്റും എവിടേക്കുമാറ്റുമെന്ന ചോദ്യത്തിനും ഉത്തരംകാണേണ്ടതുണ്ട്. കൊച്ചിപോലൊരു മഹാനഗരത്തിന് ഇത്തരമൊരു ആഘാതം ഇനിയുംതാങ്ങാന്‍ കഴിയുമോ എന്നചോദ്യവും പര്യാലോചനകള്‍ക്ക് വിധേയമാകണം.
കോടതിയുടെ ശിക്ഷഭയന്ന് ചീഫ്്‌സെക്രട്ടറി ഇതുവരെയില്ലാത്ത ആവേശവുമായി തിങ്കളാഴ്ച മരടിലെത്തിയെങ്കിലും താമസക്കാര്‍ അദ്ദേഹത്തെ തടഞ്ഞു. എന്തുവന്നാലും ഇറങ്ങിപ്പോകില്ലെന്നും തങ്ങളുടേതല്ലാത്ത കുറ്റത്തിന് എന്തിന് ശിക്ഷ ഏറ്റുവാങ്ങണമെന്നുമാണ് കുടുംബിനികളടക്കമുള്ളവരുടെ ചോദ്യം. ഇത് തികച്ചും ന്യായവുമാണ്. ഇന്നലെനടന്ന മരട് നഗരസഭാകൗണ്‍സിലിനുമുന്നിലേക്കും അവര്‍ മാര്‍ച്ച് നടത്തുകയുണ്ടായി. ഇവിടെ ശിക്ഷിക്കപ്പെടേണ്ടത് അനധികൃതനിര്‍മാണം നടത്തിയവരും അതിന് ഒത്താശചെയ്തവരുമാണ്. ഇന്നലെ സുപ്രീംകോടതിയില്‍ ഫ്‌ളാറ്റുടമകള്‍ ക്യൂറേറ്റീവ് പരാതിനല്‍കിയെങ്കിലും അതനുവദിച്ചിട്ടില്ല. ക്രമക്കേട്മൂലം മുമ്പ് കോഴ്‌സ് റദ്ദായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയും കോടതി അംഗീകരിച്ചിരുന്നില്ലെന്ന് മറക്കരുത്. അതോടൊപ്പം മൂന്നാറില്‍ അനധികൃതമെന്ന് പറഞ്ഞ് ഹൈക്കോടതി പൊളിപ്പിച്ച റീസോര്‍ട്ട് ശരിയായാണ് പണിതതെന്ന് പിന്നീട് വിധിക്കേണ്ടിവന്നതും ചിലതൊക്കെ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. മനുഷ്യരാണ് നിയമം ഉണ്ടാക്കുന്നത്. നടപ്പിലാക്കേണ്ടതും അവര്‍തന്നെ. അതേ മനുഷ്യരെതന്നെ നിയമം തിരിഞ്ഞുകൊത്തുന്നത് കൗതുകകരമായിരിക്കുന്നു. നിയമങ്ങള്‍ ഉണ്ടാക്കുന്ന ജനപ്രതിനിധികള്‍ക്കും ഭരണകൂടങ്ങള്‍ക്കും അതിനെ വ്യാഖ്യാനിക്കുന്ന കോടതിക്കും അവ യഥാവിധി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കൂടിയുണ്ടെന്നാണ് ഇതൊക്കെ പകരുന്നപാഠം.

web desk 1: