X

പ്രതിപക്ഷമില്ലാതെ രാജ്യം ഭരിക്കാനോ


കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളിലൊരാളും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി.ചിദംബരത്തിനുപിറകെ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡി.കെ ശിവകുമാറിനെകൂടി കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സി അറസ്റ്റു ചെയ്തതോടെ കേന്ദ്ര സര്‍ക്കാരിന്റെ കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്കുള്ള ഗൂഢവഴികളാണ് തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. നാലുദിവസം മുമ്പ് ഡല്‍ഹിയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. ചിദംബരത്തിനെതിരെ സര്‍ക്കാര്‍ ചുമത്തിയത് നിഴല്‍ കമ്പനിയുമായ ബന്ധപ്പെട്ട വ്യാജ തട്ടിപ്പുകേസാണെങ്കില്‍ ശിവകുമാറിനെതിരെ പ്രയോഗിച്ചിരിക്കുന്നത് കള്ളപ്പണവുമായി ബന്ധപ്പെട്ട ആരോപണമാണ്. രണ്ടിലും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കാര്യമായൊരു തെളിവും ലഭിച്ചിട്ടില്ല എന്നതാണ് കൗതുകകരമായ വസ്തുത. കോടതിയില്‍ നിരന്തരം കയറ്റി കസ്റ്റഡിയില്‍ വാങ്ങുക മാത്രമാണ് ചിദംബരത്തിന്റെ കാര്യത്തില്‍ നടന്നുവരുന്നത്. ഇന്നലെ മൂന്നാം തവണ അദ്ദേഹത്തെ അന്വേഷണത്തിന്റെ ഭാഗമാണെന്നുവരുത്തി കസ്റ്റഡി നീട്ടിവാങ്ങിയിരിക്കുകയാണ്. അതിനിടെയാണ് അപ്രതീക്ഷിതമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവിലേക്ക് വാള്‍ തിരിച്ചുവെച്ചിരിക്കുന്നത്.
പകപോക്കല്‍ രാഷ്ട്രീയമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന വിമര്‍ശനമാണ് ഇരുവരുടെയും കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാട്. രണ്ടിലും ഒരു തെളിവും ഹാജരാക്കാന്‍ ഏജന്‍സികള്‍ക്ക് ഇനിയുമായിട്ടില്ല. തെറ്റായി യാതൊന്നും ചെയ്തിട്ടില്ലെന്ന് അറസ്റ്റിന് തൊട്ടുമുമ്പ് ശിവകുമാര്‍ ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ നിരവധി പ്രവര്‍ത്തകരുടെ പ്രതിഷേധം വകവെക്കാതെയാണ് ഡല്‍ഹിയില്‍ ശിവകുമാറിനെ ദേഹപരിശോധനക്ക് കൊണ്ടുപോയത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനും മതേതര സര്‍ക്കാര്‍ രൂപീകരണത്തിനും മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ചിരുന്ന തന്ത്രജ്ഞനായ നേതാവാണ് ശിവകുമാര്‍. ഗുജറാത്തിലെ രാജ്യസഭാതെരഞ്ഞെടുപ്പു കാലത്ത് അവിടുത്തെ കോണ്‍ഗ്രസ് സാമാജികരെ കര്‍ണാടകയിലേക്ക് കൊണ്ടുവന്ന് പാര്‍പ്പിച്ചതും ഇദ്ദേഹമാണ്. ബി.ജെ.പിയുടെ നിരന്തര സമ്മര്‍ദത്തിലും തന്ത്രത്തിലുംവീണ് ഏതാനും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കഴിഞ്ഞമാസം കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ടപ്പോഴും ശിവകുമാറായിരുന്നു ബി.ജെ.പിയുടെ #ോര്‍മാനേജരായി പ്രവര്‍ത്തിച്ചത്. മുംബൈയില്‍ രഹസ്യമായി പാര്‍പ്പിച്ചിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരെ നേരില്‍ കാണാനും ശിവകുമാര്‍ സധൈര്യം മുന്നോട്ടുവന്നു. അവിടെവെച്ച് അദ്ദേഹത്തെ ബി.ജെ.പി സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തു. അവിടെയൊക്കെ ബി.ജെ.പിയുടെ കണ്ണിലെ കരടായാണ് ശിവകുമാറിനെ ബി.ജെ.പിയും അമിത്ഷാ അടക്കമുള്ള നേതൃത്വവും കണ്ടത്. തെക്കേ ഇന്ത്യയില്‍ ഏതുവിധേനയും വേരുറപ്പിക്കണമെന്ന ലക്ഷ്യത്തിലാണ് ബി.ജെ.പി. കര്‍ണാടകയില്‍ മാത്രമാണ് കുറച്ചെങ്കിലും അതിനുതക്കമുള്ള അന്തരീക്ഷമുള്ളത്. രാജ്യസഭാവിപ്പ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയുടെ അപ്പക്കഷണത്തിനു പിന്നാലെ ചേക്കേറിയപ്പോഴും ശിവകുമാറിനെപോലുള്ള നേതാക്കള്‍ തരിമ്പും വഴങ്ങാതെ നിലയുറപ്പിച്ചതാണ് സത്യത്തില്‍ മോദിയെയും അമിത്ഷായെയും ചൊടിപ്പിച്ചിരിക്കുന്നത്. ചിദംബരത്തിന്റെ വീടിന്റെ മതില്‍ ചാടിക്കടന്ന് അറസ്റ്റ്‌ചെയ്തത് അടിയന്തിരാവസ്ഥാകാലത്തുപോലും നടക്കാത്തതാണ്. ഇതിനുപിന്നില്‍ മോദി നിയോഗിച്ച പിണിയാളുകളായ ഉദ്യോഗസ്ഥരാണെന്നത് ആര്‍ക്കാണറിഞ്ഞുകൂടാത്തത്.
സാമ്പത്തികമായി രാജ്യം കൂപ്പുകുത്തിക്കൊണ്ടിരിക്കവെ അതിനെതിരെ നിരന്തരം പ്രസ്താവന പുറപ്പെടുവിക്കുകയും മോദി സര്‍ക്കാരിന്റെ വീഴ്ചകളോരോന്നും തുറന്നുകാട്ടുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളെ രാഷ്ട്രീയമായി നാമാവശേഷമാക്കുക എന്ന തന്ത്രം മോദിയും കൂട്ടരും പയറ്റാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ അവഹേളിക്കുന്ന വിശേഷണപദങ്ങളുപയോഗിച്ച മോദി കള്ളക്കേസുമായി അദ്ദേഹത്തിന്റെ സഹോദരീഭര്‍ത്താവ് റോബര്‍ട്ട്‌വാദ്രക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുന്നതും നാം കണ്ടു. കേസുകളെന്തായിരുന്നാലും അവയെല്ലാം കോടതികളുടെ സൂക്ഷ്മപരിശോധനകളില്‍ തെളിയിക്കപ്പെടേണ്ടതും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടേണ്ടവരുമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. എന്നാല്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നുവന്നരുന്ന കള്ളപ്പണം, കൊലപാതകം അടക്കമുള്ള കേസുകളിലൊന്നും ഈ നിലപാടല്ല മോദി സര്‍ക്കാരിന്റെ ഏജന്‍സികള്‍ ഏറ്റെടുത്തുനടത്തുന്നത്. ആന്ധ്രയിലെയും ഗോവയിലെയും മണിപ്പൂരിലെയും അരുണാചലിലെയുമൊക്കെ കോണ്‍ഗ്രസ്, ടി.ഡി.പി നേതാക്കളെ രായ്ക്കുരാമാനമാണ് ബി.ജെ.പി അടര്‍ത്തിയെടുത്തത്. അവരില്‍ പലര്‍ക്കുമെതിരെ തെരഞ്ഞെടുപ്പിനുമുമ്പ് ചാര്‍ജ് ചെയ്ത കേസുകളോരോന്നും ബി.ജെ.പിയിലെത്തിയതോടെ ഒഴിവാക്കിക്കൊടുത്തത് മോദി സര്‍ക്കാരിന്റെ വിദ്വേഷ-പകപോക്കല്‍ രാഷ്ട്രീയത്തിനുള്ള തെളിവാണ്. കര്‍ണാടക മുഖ്യമന്ത്രിയായി മൂന്നാം തവണ അധികാരമേറ്റ ബി.എസ് യെദിയൂരപ്പക്കെതിരെ കോടികളുടെ കള്ളപ്പണ ആരോപണമാണ് നിലനില്‍ക്കുന്നത്. ഖനി മാഫിയയുമായി ചേര്‍ന്ന് കോടികള്‍ കരസ്ഥമാക്കിയ ഈ നേതാവിനെ മുഖ്യമന്ത്രി പദവിയിലിരുത്തിയാണ് ചിദംബരത്തെയും ശിവകുമാറിനെയും പോലുള്ളവരെ മോദി സര്‍ക്കാര്‍ ഇരുമ്പഴിക്കുള്ളിലാക്കാന്‍ നോക്കുന്നതെന്നത് എത്ര വിചിത്രമാണ്. അമിത്ഷാ ഡയറക്ടറായ ഗുജറാത്തിലെ സഹകരണബാങ്ക് നോട്ടുനിരോധന കാലത്ത് നടത്തിയ കോടികളുടെ കള്ളപ്പണം വെളുപ്പിക്കലിനെതിരെ നടപടിയൊന്നുമില്ല. ബി.ജെ.പി അധ്യക്ഷന്‍കൂടിയായ അമിത്ഷാ ആഭ്യന്തര വകുപ്പ് ഏറ്റെടുത്തത് ഇതുപോലുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടിയാണെന്ന് ശരിവെക്കുന്ന തരത്തിലുള്ള നടപടികളാണ ്‌രാജ്യത്തിന്ന് ഓരോനിമിഷവും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. എഴുപതു വര്‍ഷത്തെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലൊരിക്കലും ഇതുപോലൊരു വൈരനിര്യാതന ഭരണകൂടം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിനെയും മതന്യൂനപക്ഷ മതേതര വിഭാഗങ്ങളെയും മാത്രമല്ല, രാജ്യത്തെ സകലമാന ജനവിഭാഗങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തുകയും നേതാക്കളെ ഒന്നൊന്നായി അഴിക്കുള്ളിലാക്കുകയും ചെയ്താല്‍ ശിഷ്ടകാലം സ്വസ്ഥമായി ഭരിക്കാമെന്ന മിഥ്യാബോധമായിരിക്കാം മോദിയെയും അമിത്ഷായെയും അവരെ നയിക്കുന്ന മോഹന്‍ ഭഗവത്തുമാരുടെയും മിഥ്യാബോധം. എന്നാല്‍ ഇന്ത്യ ആരുടെയും തറവാട്ടു സ്വത്തല്ലെന്നും ഇവിടെ ജീവിച്ച് പോരാടിമരിച്ച മഹാന്മാരുടെയും എണ്ണമറ്റ സ്വാതന്ത്ര്യസേനാനികളുടെയും സാധാരണക്കാരുടെയും ചോരയുടെ മണമാണ് നാടിനുള്ളതെന്നും ആരും മറക്കരുത്.

web desk 1: