പത്ത് ബാങ്കുകളെ കൂടി പരസ്പരം ലയിപ്പിച്ച് നാലാക്കിയിരിക്കുകയാണ്. മോദി സര്‍ക്കാരുകളുടെ കാലയളവില്‍ മൂന്നാം തവണയാണ് ബാങ്ക് ലയനം നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ മലയാളികളുടെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ ആറ് ബാങ്കുകളെയാണ് എസ്.ബി.ഐയില്‍ ലയിപ്പിച്ചത്. രണ്ടാം ഘട്ടത്തില്‍ വിജയ ബാങ്കിനേയും ദേന ബാങ്കിനേയും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിച്ചു. മൂന്നാംഘട്ടത്തിലെ ലയനത്തോടെ 10 ബാങ്കുകള്‍ നാല് ബാങ്കുകളായാണ് ചുരുങ്ങുന്നത്. 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം രണ്ട് വര്‍ഷം കൊണ്ട് 12 ആയി ചുരുങ്ങുകയാണ്.
ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടന്ന ബാങ്ക് ലയനങ്ങള്‍ അതിന്റെ ലക്ഷ്യ പ്രാപ്തിയിലെത്തിയില്ലെന്ന് മാത്രമല്ല, പരാജയപ്പെടുക കൂടി ചെയ്തുവെന്നതാണ് സ്ഥിതി. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ചാണ് വീണ്ടും ബാങ്കുകളുടെ ലയനത്തിന് സര്‍ക്കാര്‍ കോപ്പുകൂട്ടിയത്. എം.നരസിംഹന്‍ അധ്യക്ഷനായ ഒമ്പതംഗ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ബാങ്ക് ലയനങ്ങള്‍ നടക്കുന്നത്. ഇന്ത്യയില്‍ ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നടപടികളുടെ തുടക്കത്തിലാണ് നരസിംഹന്‍ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. യു.പി.എ സര്‍ക്കാര്‍ പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലുണ്ടായിരുന്നെങ്കിലും റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തയാറായിരുന്നില്ല. ബാങ്ക് ലയനം സാമാന്യ ജനവിഭാഗങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതം മുന്‍കൂട്ടി കണ്ട് പരിഹരിച്ച ശേഷം മതി ബാങ്ക് ലയനം എന്നതായിരുന്നു യു.പി.എ നിലപാട്. എന്നാല്‍ 28 വര്‍ഷം മുമ്പുള്ള റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്ത് രണ്ട് വര്‍ഷം മുമ്പാണ് മോദി സര്‍ക്കാര്‍ വേഗത്തില്‍ നടപ്പാക്കാന്‍ ആരംഭിച്ചിരിക്കുന്നത്.
എസ്.ബി.ഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചുകൊണ്ടായിരുന്നു ബാങ്കിങ് മേഖലയിലെ ലയന പ്രക്രിയക്ക് മോദി സര്‍ക്കാര്‍ തുടക്കമിട്ടത്. ഇന്ത്യയിലെ നമ്പര്‍ വണ്‍ ബാങ്കും ലോകത്തിലെ 50 വന്‍കിട ബാങ്കുകളില്‍ ഒന്നുമാക്കുകയായിരുന്നു ലയനത്തിന്റെ ലക്ഷ്യം. ആദ്യവര്‍ഷം ആദ്യ 50 ബാങ്കുകളുടെ പട്ടികയില്‍ ഇടം പിടിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം എസ്.ബി.ഐ പട്ടികയില്‍ നിന്ന് പുറത്തായി. ഇന്ത്യയിലെ നമ്പര്‍ വണ്‍ ബാങ്കെന്ന ഖ്യാതി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് സര്‍ക്കാര്‍ സഹായത്തിന്റെ ബലത്തിലാണ്. മലയാളിയുടെ സ്വന്തം ബാങ്കായ എസ്.ബി.ടിയെ ഉള്‍പ്പെടെ ലയിപ്പിച്ച് വലിയ ബാങ്ക് ആക്കിയതോടെ വമ്പന്‍ നഷ്ടമാണ് എസ്.ബി.ഐയെ കാത്തിരുന്നത്. ലയനാനന്തരം ചരിത്രത്തിലാദ്യമായി ബാങ്ക് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 6547 കോടിയുടെ വാര്‍ഷിക അറ്റനഷ്ടമാണ് ബാങ്കിനുണ്ടായത്. കിട്ടാക്കടം ഇരട്ടിയായി. ഒരു ലക്ഷത്തി പന്ത്രണ്ടായിരം കോടിയില്‍ നിന്ന രണ്ട് ലക്ഷത്തി ഇരുപത്തി മൂന്നായിരം കോടിയിലേക്കാണ് കിട്ടാക്കടം പെരുകിയത്. ബാങ്ക് ലയനത്തോടെ 2400 ശാഖകളും ഇരുന്നൂറിലേറെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളും പൂട്ടി. ശാഖകള്‍ കുറഞ്ഞതോടെ പ്രത്യക്ഷവും പരോക്ഷവുമായി അരലക്ഷം തൊഴിലവസരങ്ങളെങ്കിലും നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. വലിയ ബാങ്കായതോടെ ഇടപാടുകാര്‍ക്ക് മികച്ച സേവനം ലഭിക്കുമെന്ന പ്രതീക്ഷ തകര്‍ന്നുവെന്ന് മാത്രമല്ല, മോശം അനുഭവം മിക്കവര്‍ക്കും ഉണ്ടാകുകയും ചെയ്തു. ഇതിന്റെ ഫലമായി ആയിരക്കണക്കിന് അക്കൗണ്ടുകളാണ് പിന്‍വലിക്കപ്പെട്ടത്. മിനിമം ബാലന്‍സ് നിബന്ധനകളും സര്‍വീസ് ചാര്‍ജുകളും കുത്തനെ കൂട്ടി ഇടപാടുകാരെ കൊള്ളയടിക്കുന്ന നിലയിലേക്ക് ബാങ്ക് നയം മാറി. മിനിമം ബാലന്‍സിന്റെ പേരില്‍ ഇടപാടുകാരില്‍ നിന്നും ഊറ്റിയെടുത്തത് 235 കോടിയാണ്.
ആഗോള സാമ്പത്തിക ഇടപാടില്‍ ഇന്ത്യന്‍ ബാങ്കുകളെ പങ്കാളിയാക്കുകയെന്നതാണ് ലയനത്തിന്റെ വലിയ നേട്ടമായി ഇപ്പോഴും പ്രചരിപ്പിക്കുന്നത്. ഇതിന് സാധ്യമായതുമില്ല, നിക്ഷേപത്തിലും വായ്പാ വിതരണത്തിലും എസ്.ബി.ഐ പിന്നോട്ടു പോകുകയും ചെയ്തു. ഇത് മറച്ചുവെക്കാന്‍ പുത്തന്‍ ബാങ്കുകളുടെ വായ്പകള്‍ ഏറ്റെടുത്ത് സാങ്കേതിക തന്ത്രമാണ് ബാങ്ക് പയറ്റുന്നത്.
ലയനങ്ങള്‍ ബാങ്കുകളുടെ നടത്തിപ്പ് ചിലവുകള്‍ കുറയ്ക്കാന്‍ സഹായിക്കും, അതു വഴി ലാഭം കൂട്ടാം എന്നതാണ് മറ്റൊരു വാദം. യഥാര്‍ത്ഥത്തില്‍ ഇത്തരം ചിലവുകളല്ല ബാങ്കുകളെ നഷ്ടത്തിലേക്ക് നയിക്കുന്നത്. 2018 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ 1,55,000 കോടി രൂപാ പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തിയിരുന്നു. ഇത് 85000 കോടി അറ്റ നഷ്ടമായി മാറിയത് 2,40,000 കോടി കിട്ടാക്കടങ്ങള്‍ക്കായി നീക്കി വച്ചതു കൊണ്ട് മാത്രമാണ്. ഒരു സ്ഥലത്ത് രണ്ട് ശാഖകള്‍ക്ക് പകരം ഗ്രാമീണ മേഖലയില്‍ കൂടി ബാങ്കിങ് സേവനം ലഭ്യമാക്കുമെന്ന വാഗ്ദാനവും നടപ്പായില്ല.
സാധാരണക്കാര്‍ക്ക് പൊതുമേഖലാ ബാങ്കുകളുടെ സേവനം അപ്രാപ്യമാക്കി കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന വായ്പകളുടെ വലിപ്പം കൂട്ടുകയെന്ന അജണ്ടയാണ് ബാങ്ക് ലയനത്തിലൂടെ നടപ്പാക്കുന്നതെന്ന ആരോപണം ഇപ്പോള്‍ ശരിവെക്കപ്പെടുകയാണ്. സാധാരണക്കാരെ കൊള്ളപ്പലിശക്കാര്‍ക്ക് ചൂഷണം ചെയ്യാന്‍ വിട്ടുനല്‍കി കോര്‍പറേറ്റുകള്‍ക്ക് വെള്ളവും വളവും നല്‍കാനേ ബാങ്കിങ് ലയനം ഉപകരിക്കൂ.
ഇപ്പോള്‍ രാജ്യവും ബാങ്കുകളും നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന്് ജനശ്രദ്ധ തിരിച്ചുവിടാനുള്ള കുറുക്കുവഴിയായാണ് ധൃതിപിടിച്ചുള്ള ബാങ്ക് ലയന പ്രഖ്യാപനം. കിട്ടാക്കടം ബാങ്കുകളെ തകര്‍ക്കുന്ന നിലയിലേക്ക് വളര്‍ന്നു കഴിഞ്ഞു. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ വമ്പന്‍ ലോണുകള്‍ നല്‍കാന്‍ കഴിവുള്ള വലിയ ബാങ്കുകളാക്കി മാറ്റുമ്പോള്‍ ഒളിഞ്ഞിരിക്കുന്നത് നിരവധി ചതിക്കുഴികളാണ്. മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളിലെല്ലാം ഇത് ദൃശ്യമാകുന്നത് നാടിനെ സംബന്ധിച്ച് ആപത്കരമാണ്. നോട്ട് നിരോധനവും ജി.എസ്.ടിയും സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ രാജ്യം നേരിടുന്ന അവസരത്തിലാണ് പൊതുമേഖലാ ബാങ്കിങ് സംവിധാനത്തെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങളുമുണ്ടാകുന്നത്. ബാങ്കിങ് സേവനങ്ങള്‍ക്ക് വിലയേറുകയും സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുകയും ചെയ്യുന്ന നിലയിലേക്ക് ബാങ്കിങ് സംവിധാനത്തെ മാറ്റാനുള്ള നീക്കം ജനജീവിതത്തെ കൂടുതല്‍ ദുഷ്‌കരമാക്കും. സ്വകാര്യ ബാങ്കുകളേയും തീവെട്ടിക്കൊള്ള നടത്തുന്ന വട്ടിപ്പലിശ സംഘങ്ങളേയും മാത്രം സാധാരണക്കാര്‍ ആശ്രയിക്കേണ്ട സ്ഥിതി വരും. ഇത്തരം സംഘങ്ങളുടെ ചതിക്കുഴികളില്‍ അകപ്പെടുകയും തീര്‍ത്താലും തീരാത്ത കടബാധ്യതകള്‍ക്കു മുന്നില്‍ ജീവിതം തന്നെ വഴിമുട്ടിപ്പോവുകയും ചെയ്യുന്ന കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിച്ചു വരുമ്പോഴാണ് ഉള്ള ബാങ്കിങ് സേവനങ്ങള്‍ കൂടി സാധാരണക്കാരന് അപ്രാപ്യമാകുന്ന തരത്തിലുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗപ്രവേശം ചെയ്യുന്നത്. ഇത് ദുരന്തങ്ങളില്‍നിന്ന കൂടുതല്‍ ദുരന്തങ്ങളിലേക്കായിരിക്കും രാജ്യത്തെ ജനങ്ങളെ കൊണ്ടെത്തിക്കുക എന്നതിനാല്‍ തന്നെ നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രം തയ്യാറാവണം.
- 5 years ago
web desk 1
Categories:
Video Stories
ബാങ്ക് ലയനം ആര്‍ക്കുവേണ്ടി
Tags: editorial