X

ഡല്‍ഹിയില്‍ നടന്നത് മനുഷ്യത്വരഹിതം

മുസ്‌ലിം ലീഗ് ദേശീയാധ്യക്ഷനും രണ്ടുതവണയായി പത്തുവര്‍ഷം കേന്ദ്രമന്ത്രിയും ഏഴുതവണ വന്‍ ജനപിന്തുണയോടെ ലോക്‌സഭാംഗവും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ മഹാനുഭാവനുമായ ഇ. അഹമ്മദിന്റെ അപ്രതീക്ഷിതവിയോഗം തീര്‍ത്ത ദു:ഖഭാരത്തിലാണ് കേരളം. ആ നിഷ്‌കാമകര്‍മിയുടെ കുടുംബാംഗങ്ങളെയും മുസ്‌ലിംലീഗ് പ്രവര്‍ത്തകരെയും മാത്രമല്ല, രാജ്യത്തെ മതേതര ജനാധിപത്യ സമൂഹത്തെയാകെ ലജ്ജിപ്പിച്ചുകൊണ്ട് അധികൃതര്‍ അദ്ദേഹത്തിന്റെ മരണവിവരം മറച്ചുവെച്ചെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു.

ഇതു ശരിയെങ്കില്‍ അത്യന്തം ഹീനവും മനുഷ്യത്വ വിരുദ്ധവും കാട്ടുനീതിയുമാണെന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ. ബജറ്റ് സമ്മേളനം മുടങ്ങാതിരിക്കാനാണ് ഇതൊക്കെയെങ്കില്‍ അത് പക്വമതികളായ ബന്ധുക്കളോടും പരിണതപ്രജ്ഞരായ നേതാക്കളോടും അധികാരികള്‍ക്ക് നേരിട്ട് സംസാരിക്കാമായിരുന്നു. പതിവിന് ഒരുമാസം മുമ്പ് ജനുവരി 31ന് പാര്‍ലമെന്റിന്റെ ബജറ്റുസമ്മേളനം ആരംഭിച്ചദിവസം ശാരീരിക അവശതകള്‍ വകവെക്കാതെ എഴുപത്തെട്ടുകാരനായ ഇ.അഹമ്മദ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെത്തിയെങ്കിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നുകൊണ്ടിരിക്കെ അദ്ദേഹം സീറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

തുടര്‍ന്ന് പാര്‍ലമെന്റിലെ ചുമതലയിലുള്ള ഡോക്ടര്‍മാരുടെ സംഘം ആംബുലന്‍സില്‍ ഇ. അഹമ്മദിനെ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡോ. രാംമനോഹര്‍ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം പിറ്റേന്ന് പുലര്‍ച്ചെ 2.15ന് ആ വന്ദ്യനേതാവ് മരിച്ചുവെന്ന വാര്‍ത്തയാണ് രാജ്യം കേള്‍ക്കുന്നത്. അതുവരെയും അദ്ദേഹത്തിന് എന്തു ചികില്‍സ നല്‍കിയെന്നോ ആരാണ് നേതൃത്വം നല്‍കിയതെന്നോ ആസ്പത്രി അധികൃതര്‍ വ്യക്തമാക്കിയില്ല.

പതിവനുസരിച്ച് ഒരു വി.ഐ.പി പ്രവേശിപ്പിക്കപ്പെട്ടാല്‍ ആസ്പത്രി അധികൃതര്‍ ആരോഗ്യനിലയെക്കുറിച്ച് ബുള്ളറ്റിന്‍ മുഖേനയോ നേരിട്ടോ വിവരം അറിയിക്കാറുണ്ടെങ്കില്‍, അഹമ്മദിന്റെ കാര്യത്തില്‍ ഇതൊന്നും ഉണ്ടായില്ലെന്നുമാത്രമല്ല, അദ്ദേഹത്തിന്റെ മക്കളെ പോലും സ്വന്തം പിതാവിനെ കാണാന്‍ അകത്തേക്ക് കടത്തിവിട്ടില്ല. ഇതിനെതിരെ അവര്‍ക്ക് പൊലീസില്‍ പരാതി നല്‍കേണ്ടിവന്നു. അസുഖ വിവരമറിഞ്ഞ് വിദേശത്തുനിന്നെത്തിയ മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, ഡോ. ഫൗസിയ, മരുമകന്‍ ഡോ. ബാബുഷെര്‍ഷാദ് എന്നിവര്‍ക്ക് മൂന്നു മണിക്കൂറോളം ആസ്പത്രിക്ക് പുറത്തുകാത്തുനില്‍ക്കേണ്ടിവന്നു.

പുണ്യതീര്‍ത്ഥമായ സംസം ജലവുമായാണ് മക്കള്‍ പിതാവിനെ കാണാന്‍ അനുമതി ചോദിച്ചത്. കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധിയും വൈസ്പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയും മുന്‍മന്ത്രിമാരായ എ.കെ ആന്റണിയും ഗുലാം നബി ആസാദും മുസ്‌ലിംലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളുമൊക്കെ രോഗിയെ കാണാതെ പുറത്തുനില്‍ക്കേണ്ടിവന്നു. വന്‍ പ്രതിഷേധത്തെതുടര്‍ന്ന് കാണാനനുവദിക്കുമ്പോഴേക്കും അദ്ദേഹം മരിച്ചുകഴിഞ്ഞതായും അനാദരിക്കപ്പെട്ടതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

‘ഇന്ത്യയിലെ ആതുര രംഗത്തെ നായകത്വം’ എന്നതാണ് തലസ്ഥാനത്ത് ആറു പതിറ്റാണ്ടു പഴക്കമുള്ള ആര്‍.എം.എല്‍ ആസ്പത്രിയുടെ മുദ്രാവാക്യം. ഒരു മുതിര്‍ന്ന പാര്‍ലമെന്റംഗം എന്നതു പോയിട്ട്, ഒരു പൗരനെന്ന നിലക്കുള്ള നീതിപോലും തങ്ങള്‍ക്ക് നല്‍കാതെ തികച്ചും അധാര്‍മികമായും പ്രൊഫഷണലല്ലാതെയുമാണ് ആസ്പത്രി അധികൃതര്‍ പ്രവര്‍ത്തിച്ചതെന്ന് ഇ. അഹമ്മദിന്റെ മക്കളും മുസ്്‌ലിംലീഗും രാജ്യത്തെ പ്രതിപക്ഷ കക്ഷികളൊന്നടങ്കവും ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്രസിങ് ആസ്പത്രി സന്ദര്‍ശിച്ചശേഷമാണ് ആരെയും കയറ്റിവിടരുതെന്ന നിര്‍ദേശം നല്‍കിയത്.

അംഗം മരിച്ചദിവസം പാര്‍ലമെന്റ് സമ്മേളനം നടത്തരുതെന്നാണ് ചട്ടമെന്നിരിക്കെ മന:പൂര്‍വം അനുശോചന പ്രമേയം വായിച്ച് ബജറ്റ് അവതരിപ്പിച്ചതെന്തിനാണെന്നാണ് സംശയമുയരുന്നത്. മരണപ്പെട്ട അംഗത്തെ സന്ദര്‍ശിക്കാന്‍ അവസരം നല്‍കുകയാണ് പാര്‍ലമെന്റ് നിര്‍ത്തിവെക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ വിഷയം ഉന്നയിക്കാന്‍ പോലും സര്‍ക്കാരോ സ്പീക്കറോ അനുവദിക്കാതിരിക്കുന്നത് ഏതു നീതിയുടെ ഭാഗമാണ്. വിഷയത്തില്‍ ഉന്നത അധികാര കേന്ദ്രങ്ങളുടെ ഇടപെടല്‍കൊണ്ടല്ലാതെ ആസ്പത്രി അധികൃതരില്‍ നിന്ന് ഇത്തരമൊരു നടപടിയുണ്ടാകാന്‍ സാധ്യതയില്ല.

ഒരു വിദ്യാര്‍ഥി മരണപ്പെട്ടാല്‍ പോലും വിദ്യാലയത്തിന് അവധി നല്‍കാറുണ്ടെന്നിരിക്കെ ഒരംഗത്തിന്റെ മൃതശരീരം കിലോമീറ്റര്‍ മാത്രമകലെ ആസ്പത്രിയില്‍ കിടക്കവെ പാര്‍ലമെന്റ് സമ്മേളിച്ചത് എന്തിനാണെന്ന് വിശദീകരിക്കേണ്ടത് സര്‍ക്കാരാണ്. അതിനുപുറമെയാണ് മരണവിവരം മറച്ചുവെച്ചുവെന്ന ഗുരുതരമായ കുറ്റം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പൂര്‍ണമായ നിസ്സംഗതയാണ് ഉണ്ടായിരിക്കുന്നത്. ഡോക്ടറുടെ തീരുമാനമാണെന്നാണ് സ്പീക്കര്‍ സുമിത്ര മഹാജന്റെ നിരുത്തരവാദപരമായ പ്രതികരണം. അതേസമയം മരണ വിവരം മറച്ചുവെച്ചത് പിറ്റേന്നത്തെ ബജറ്റവതരണം തടസ്സപ്പെടാതിരിക്കാനായിരുന്നുവെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്.

ഇതുകൊണ്ട് ബജറ്റവതരണം കേരളത്തിലെ മുഴുവന്‍ എം.പിമാരും ബഹിഷ്‌കരിച്ചിരുന്നു. ഇന്നലെയും ഒറ്റക്കെട്ടായാണ് പ്രതിപക്ഷം വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. രാജ്യസഭയില്‍ സി.പി.എം അംഗം സീതാറാം യെച്ചൂരിയും പ്രശ്‌നം ഉന്നയിച്ചു. പ്രശ്‌നം പാര്‍ലമെന്ററി സമിതി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണം. പ്രധാനമന്ത്രിക്ക് കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മനുഷ്യത്വത്തിലൂന്നിനിന്നുകൊണ്ടുള്ള മാതൃകാപരമായ സമീപനം സ്വീകരിച്ചിരിക്കുന്ന പ്രതിപക്ഷ കക്ഷി എം.പിമാരുടെ നടപടി അഭിനന്ദനാര്‍ഹമാണ്.

കാല്‍നൂറ്റാണ്ടുകാലം പാര്‍ലമെന്റ് അംഗമായിരുന്ന ദേശാന്തര കീര്‍ത്തിയുള്ള ഒരു നേതാവിന്റെ കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ നടപടികള്‍ അദ്ദേഹത്തോടുള്ള അനാദരവും അക്ഷന്തവ്യമായ അപരാധവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിദേശകാര്യ, റെയില്‍വെ, മാനവവിഭവശേഷി വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും ഐക്യരാഷ്ട്രസഭയിലും ഗള്‍ഫടക്കമുള്ള നിരവധി നയതന്ത്ര രംഗങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ച് തിളക്കമാര്‍ന്ന സേവനം കാഴ്ചവെച്ച നേതാവാണ് ഇ. അഹമ്മദ് എന്നത് ബി.ജെ.പിക്കാര്‍ക്കോ കേന്ദ്ര സര്‍ക്കാരിലെ ആളുകള്‍ക്കോ പ്രത്യേകം ക്ലാസെടുത്തുകൊടുക്കേണ്ടതില്ല.

ബി.ജെ.പി നേതാവ് മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി തന്നെ ഇ.അഹമ്മദിനെ ഐക്യരാഷ്ട്ര സഭാ ദൗത്യസംഘത്തിലേക്ക് നിയോഗിച്ചിട്ടുണ്ടെന്ന് നരേന്ദ്രമോദിക്കും കൂട്ടാളികള്‍ക്കും അറിയാത്തതാണോ. അതോ ഒരു മുസ്‌ലിംലീഗ് പ്രതിനിധി എന്ന നിലയിലുള്ള ബി.ജെ.പി -സംഘ്പരിവാര്‍ പ്രഭൃതികളുടെ അസ്‌ക്യതയോ? സാധാരണഗതിയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിവസമാണ്. ഇത് ഒരുമാസം മുമ്പേ ആക്കിയതും ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ ഫെബ്രുവരി നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുകയാണെന്നതും തമ്മില്‍ ചേര്‍ത്തുവായിക്കണം.

ഭാരതത്തിന്റെ നൂറ്റാണ്ടുകളായുള്ള മഹിത മൂല്യങ്ങളെക്കുറിച്ച് വാചോടാപം നടത്തുന്നവരാണ് ബി.ജെ.പിക്കാര്‍ അടങ്ങുന്ന സംഘ്പരിവാരം. ജനാധിപത്യത്തില്‍ സാമാന്യനീതി നിഷേധിക്കപ്പെടുമ്പോള്‍ ജനം പകരം വഴികണ്ടെത്തും. ‘സ്വസ്തിപ്രജഭ്യ, പരിപാലയന്തം ന്യായേണ മാര്‍ഗേന മഹീംമഹേശാ, ഗോബ്രാഹ്മണേഭ്യ ശുഭാംശുനിത്യം, ലോകാസമസ്താ സുഖിനോ ഭവന്തൂ’. ഭൂമിയിലെ സകല ജീവികളുടെയും സൗഖ്യമാണ് നമ്മുടെയെല്ലാം ലക്ഷ്യമെന്ന് കേന്ദ്ര ഭരണാധികാരികള്‍ ഒരാവര്‍ത്തി ഓര്‍ത്താല്‍ നന്ന്.

chandrika: