X

കോച്ച് ഫാക്ടറി: കേന്ദ്രം ആശങ്ക നീക്കണം

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2008ലെ ബജറ്റില്‍ പ്രഖ്യാപിക്കുകയും അഞ്ചു കൊല്ലം മുമ്പ് 2012 ഫെബ്രുവരി 21ന് ശിലാസ്ഥാപനം നടത്തുകയും ചെയ്ത പാലക്കാട്ടെ നിര്‍ദിഷ്ട റെയില്‍വെകോച്ച് ഫാക്ടറിയെ ജനനത്തിന് മുമ്പേ ഞെക്കിക്കൊല്ലാനുള്ള കഠിന ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണ് കേന്ദ്രത്തിലെ മോദി ഭരണകൂടം. കേന്ദ്ര സര്‍ക്കാരിനെതിരെ പല തവണ ഇതിനായി പ്രക്ഷോഭം നടത്തിയ ബി.ജെ.പിയും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ സി.പി.എം പ്രതിനിധിയും ഈ സാഹചര്യത്തില്‍ പരസ്പരം വിഴുപ്പലക്കി തടിതപ്പുന്ന കൗതുകകരമായ കാഴ്ചയാണ് അടുത്ത ദിവസങ്ങളിലായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വാഗ്ദാനം ചെയ്യപ്പെട്ട കോച്ച് ഫാക്ടറി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ മൂലമാണ് ഊര്‍ധ്വന്‍ വലിക്കുന്ന അവസ്ഥയിലേക്ക് എത്തിയത്. പൊതുമേഖലയില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ തയ്യാറല്ലെന്ന നയമാണ് കമ്പനിക്ക് തടസ്സമായി നിലനില്‍ക്കുന്നത്. ഇത് തരണം ചെയ്യാന്‍ പലവിധ മാര്‍ഗങ്ങള്‍ റെയില്‍വെയും മറ്റും ആലോചിച്ചുവരുന്നതിനിടെ കോച്ച് ഫാക്ടറി ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ സോനാപേട്ടിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതായാണ് വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.
യു.പി.എ സര്‍ക്കാരിന്റെ കാലത്തുതന്നെ സംസ്ഥാനസര്‍ക്കാര്‍ ഫാക്ടറിക്കായി പാലക്കാട് തമിഴ്‌നാട് അതിര്‍ത്തിയില്‍ 324 ഏക്കര്‍ റവന്യൂഭൂമി ഏറ്റെടുക്കുകയുണ്ടായി. ഏറ്റെടുത്ത സ്ഥലത്ത് അതിര്‍ത്തി നിര്‍ണയിച്ച് മതില്‍കെട്ടുകയും നിര്‍മാണത്തിനായി കാത്തിരിക്കുകയുമായിരുന്നു കേരളം. 900 ഏക്കര്‍ എന്ന നിബന്ധനയുടെ ബുദ്ധിമുട്ട് ബോധ്യപ്പെടുത്തിയതനുസരിച്ച് 460 ഏക്കറില്‍ പദ്ധതി നടപ്പാക്കാന്‍ യു.പി.എ സര്‍ക്കാര്‍ തയ്യാറായതാണ് നാലു വര്‍ഷത്തിനു ശേഷം മരവിച്ചുകിടന്ന പദ്ധതി പുനരുജ്ജീവനത്തിന് സാധ്യമായത്. കേന്ദ്ര പൊതു മേഖലാസ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) കരാറേറ്റെടുക്കാന്‍ ഒരു ഘട്ടത്തില്‍ തയ്യാറായതുമാണ്.
പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാകാവുന്ന പദ്ധതി കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനും വ്യവസായ രംഗത്ത് ഉണര്‍വിനും കാരണമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാം. പൊതുമേഖലയില്‍ ശതകോടികള്‍ മുടക്കുന്നത് പ്രായോഗികമല്ലെങ്കില്‍ സ്വകാര്യ-പൊതുമേഖലയുടെ സംയുക്ത സംരംഭമായി സ്ഥാപനം യാഥാര്‍ഥ്യമാക്കണമെന്നാണ് യു.പി.എ സര്‍ക്കാര്‍ അവസാന കാലത്ത് മുന്നോട്ടുവെച്ച നിര്‍ദേശം. ഇതിനുള്ള സാധ്യത ആരായുകയും നിര്‍മാണം തുടങ്ങുകയും ചെയ്യേണ്ട കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ കേരളത്തോട് പതിവു വൈരാഗ്യം കാണിക്കുന്നതായാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
സ്വകാര്യപങ്കാളിത്തത്തിന് തയ്യാറായി ചിലര്‍ ഇപ്പോള്‍ തയ്യാറായിട്ടുണ്ടെന്നാണ് സ്ഥലം എം.പി എം.ബി രാജേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ കേന്ദ്രം എന്തുകൊണ്ട് ഇക്കാര്യത്തില്‍ മുന്നോട്ടുവരുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് ബി.ജെ.പി നടത്തിയ കുറ്റാരോപണവും കേരളത്തിന് നല്‍കിയ വാഗ്ദാനവുമായിരുന്നു കോച്ച് ഫാക്ടറി എന്ന് ആ പാര്‍ട്ടിക്കാര്‍ പോലും സൗകര്യപൂര്‍വം മറക്കുകയാണിപ്പോള്‍. കഴിഞ്ഞ ഏതാനും ബജറ്റുകളിലായി പേരിനു മാത്രം തുക മാറ്റിവെച്ച് കേരളീയരെ അപമാനിക്കുകയായിരുന്നു കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നത്. റെയില്‍വെയെ തന്നെ സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാനുള്ള തകൃതിയായ നീക്കവും നടക്കുന്നു.
അടുത്തിടെയാണ് ബി.ജെ.പിയുടെ ദേശീയാധ്യക്ഷന്‍ അമിത്ഷാ തിരുവനന്തപുരത്ത് വന്ന് കേരളം ഏതുവിധേനയും പിടിച്ചെടുക്കണമെന്ന ്പാര്‍ട്ടി നേതാക്കളോട് കര്‍ശനമായി നിര്‍ദേശിച്ചത്. എന്നാല്‍ വൈരുധ്യമെന്നുപറയട്ടെ, കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളൊന്നൊന്നാകെ സ്വകാര്യ മേഖലക്ക് വില്‍ക്കാനുള്ള നീക്കമാണ് അതേ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട് -പൊള്ളാച്ചി ലൈനിലടക്കം കേരളത്തില്‍ പത്തോളം സര്‍വീസുകള്‍ അടുത്തിടെയാണ് നിര്‍ത്തലാക്കിയത്. പാലക്കാട്ടെ തന്നെ പ്രതിരോധ സ്ഥാപനമായ ബെമ്ല്‍, കഞ്ചിക്കോട്ടെ ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് എന്നിവ ഏതുസമയവും വില്‍ക്കാമെന്ന അവസ്ഥയാണ്.
ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് താഴിട്ടിട്ട് വര്‍ഷങ്ങളായി. എറണാകുളത്തെ എച്ച്.ഐ.എല്ലും ബിനാനി സിങ്കും റെയര്‍ എര്‍ത്തും എഫ്.എ.സി.ടിയുമെല്ലാം മോദി ഭരണത്തിന്‍ കീഴില്‍ നിലനില്‍പിന് കേഴുകയാണ്. സ്വകാര്യ കുത്തക വ്യവസായികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ബാങ്ക് വായ്പകളും വാരിക്കോരി നല്‍കുകയും അവയെല്ലാം വാങ്ങിയെടുത്ത ശേഷം നാടുവിടുകയും ചെയ്യുന്ന ബി.ജെ.പി എം.പി വിജയ് മല്യയെപോലുള്ളവരുടെ കാലത്ത് രാജ്യത്തെ സാധാരണക്കാരുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊതുമേഖല ആവശ്യമില്ല എന്നിടത്താണ് മോദിയും കൂട്ടരും ചെന്നെത്തിയിരിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ കാലത്താണ് രാജ്യത്തിന്റെ വ്യവസായ വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 7.4ല്‍ നിന്ന് 5.2 ലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. നോട്ടു നിരോധനം പോലുള്ള ധനകാര്യ മണ്ടത്തരങ്ങള്‍ ഇതിന് ആക്കം കൂട്ടി.
1985ല്‍ അന്ന് കേന്ദ്രം പ്രഖ്യാപിച്ച കോച്ച്ഫാക്ടറി പഞ്ചാബിലെ കപൂര്‍ത്തലയിലേക്ക് മാറ്റിയതിനെതിരെ അന്നത്തെ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പഞ്ചാബ് മോഡല്‍ എന്ന പേരിലുള്ള വിവാദ പ്രസംഗം അദ്ദേഹത്തിന്റെ രാജിയിലേക്ക് വരെ എത്തിയതാണ്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തീവ്രവാദം വേണ്ടിവരുമെന്ന ധ്വനിയിലുള്ള പരാമര്‍ശമാണ് കേസിനാസ്പദമായത്. കേരളത്തിലേക്ക് അതിനുശേഷം ഒരു ഡസനിലധികം കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍ അനുവദിക്കപ്പെട്ടുവെന്നതു വസ്തുതയാണ്. എങ്കിലും കോച്ച് ഫാക്ടറി ഇന്നും വിളിപ്പാടകലെ നില്‍ക്കുന്നു. ഇതിനായി സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികളും ജനതയുമൊന്നാകെ ശബ്ദമുയര്‍ത്തേണ്ട ഘട്ടമാണിത്. ഇതിന് ബാധ്യതപ്പെട്ട ജനപ്രതിനിധികളും സംസ്ഥാന ഭരണകൂടവും കരയുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്ത് ഒളിച്ചോടിയിട്ട് കാര്യമില്ല.

chandrika: