X

കരിപ്പൂരിനെ തകര്‍ക്കാന്‍ അനുവദിക്കരുത്

കേരളത്തിലെ പ്രമുഖ വിമാനത്താവളമായ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള ചിറ്റമ്മനയം തുടങ്ങിയത് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ്. കൃത്യമായി പറഞ്ഞാല്‍ 2014 മെയ് 16ന്. അന്നാണ് ഇവിടെ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പൊടുന്നനെ നിര്‍ത്തിവെച്ചത്. രാജ്യത്തെ യാത്രക്കാരുടെ എണ്ണത്തിലും ചരക്കുകടത്തിലും നാലും അഞ്ചും സ്ഥാനത്തുള്ള ഈ അന്താരാഷ്ട്ര വിമാനത്താവളം നിലനില്‍പിനായി ചക്രശ്വാസം വലിക്കുന്ന കാഴ്ചയാണിപ്പോള്‍.
രാജ്യത്തെ മുസ്്‌ലിം ജനസംഖ്യയില്‍ ആറാം സ്ഥാനത്താണെങ്കിലും പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പോകുന്നത്. ഈ വര്‍ഷം സഊദി സര്‍ക്കാര്‍ രാജ്യത്തിന് അനുവദിച്ച 1,36020 ഹജ്ജാജിമാരില്‍ 1000,20 ഹജ്ജാജിമാരെയാണ് വിവിധ സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു നല്‍കിയിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ നിന്നു പോകുന്നത് മുക്കാല്‍ ലക്ഷത്തോളം പേരാണെന്നത് കേരളത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. കഴിഞ്ഞ വര്‍ഷം 76417 പേരാണ് കേരളത്തില്‍ നിന്ന് ഹജ്ജിന് പോയത്. കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയവരുടെ എണ്ണം 95693 ആണ്്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ മുഖേന പോകുന്നവര്‍ വേറെയും. ഇതില്‍ എണ്‍പത്തഞ്ചു ശതമാനവും വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരും. ആസാം പോലുള്ള സംസ്ഥാനങ്ങളില്‍ അനുവദിക്കപ്പെട്ടതിലും കുറവ് ഹജ്ജ് അപേക്ഷകളാണ് ലഭിക്കുമ്പോഴാണിതെന്നോര്‍ക്കണം.
ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന കരിപ്പൂര്‍ വിമാനത്താവളത്തെ മൂന്നാം വര്‍ഷവും ഹജ്ജ് പോക്കുവരവ് (എംബാര്‍ക്കേഷന്‍) കേന്ദ്രമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല എന്ന വസ്തുതയുടെ ഗൗരവം ഓര്‍ക്കേണ്ടത്. ചന്ദ്രിക കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ച പരമ്പര പ്രശ്‌നത്തിനു പിന്നിലെ കള്ളക്കളികള്‍ തുറന്നു കാട്ടുകയുമുണ്ടായി. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള നീക്കത്തിനെതിരെ ഇന്നലെ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്ത എം.പിമാരടക്കമുള്ള ജനപ്രതിനിധികളുടെ യു.ഡി.എഫ് പ്രതിഷേധ സംഗമം ജനവികാരം പൂര്‍ണമായും രേഖപ്പെടുത്തുന്നതും.
1998 ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച കരിപ്പൂര്‍ വിമാനത്താവളം മലബാറിന്റെ ചിറകായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ ഗള്‍ഫ് മലയാളികള്‍ പണപ്പിരിവു നടത്തിയാണ് വിമാനത്താവളം പൊതുമേഖലയിലേക്ക് കൈമാറിയത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ വിദേശങ്ങളില്‍ ജോലി ചെയ്യുന്ന പ്രദേശമെന്ന നിലക്ക് മലബാര്‍ പ്രദേശത്ത് ഒരു വിമാനത്താവളം എന്ന ആശയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. 2006 ഫെബ്രുവരി രണ്ടിനാണ് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കരിപ്പൂരിനെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുകയും അന്താരാഷ്ട്ര വൈമാനിക സര്‍വീസുകള്‍ ആരംഭിക്കുന്നതും. ആദരണീയനായ കേന്ദ്രമന്ത്രി അന്തരിച്ച ഇ. അഹമ്മദ്, എം.പിമാരായ പി.വി അബ്ദുല്‍വഹാബ്, എം.കെ രാഘവന്‍, എം.ഐ ഷാനവാസ് തുടങ്ങിയവരുടെ പരിശ്രമമാണ് ഇതിനു വഴിവെച്ചത്. അന്നു മുതല്‍ 2015 വരെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു കരിപ്പൂര്‍. റണ്‍വേയുടെ നാനൂറു മീറ്ററില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്നാണ് ആ വര്‍ഷം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടത്. അറ്റകുറ്റപ്പണിക്കായി നിര്‍ത്തിവെച്ച അന്താരാഷ്ട്ര സേവനം ഈ വര്‍ഷം മുതല്‍ പുനരാരംഭിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കഴിഞ്ഞമാസം അവസാനത്തോടെ പണിപൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ഈ വര്‍ഷവും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകാനാണ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ ഹജ്ജാജിമാരുടെ വിധി.
രാജ്യത്ത് എട്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കരിപ്പൂര്‍. ഏഴായിരം അടിമാത്രം റണ്‍വേയുള്ള വിമാനത്താവളങ്ങളില്‍ ഈ സേവനം ലഭ്യമായിരിക്കെ 9666 അടി റണ്‍വേയുള്ള കരിപ്പൂരിനെ തഴയുന്നതിനു പിന്നിലെ താല്‍പര്യമെന്തെന്ന് പരിശോധിക്കപ്പെടണം. കേരളത്തിലെ ഒന്നാംകിട വിമാനത്താവളമാണ് നെടുമ്പാശേരിയിലേത് എന്നത് അംഗീകരിക്കുമ്പോള്‍ തന്നെ ഹജ്ജിന്റെ കാര്യത്തില്‍ കരിപ്പൂരിനുള്ള പ്രാധാന്യം ആരും തിരസ്‌കരിക്കുമെന്ന് തോന്നുന്നില്ല. വിപുലമായ സൗകര്യങ്ങളോടെ ഒരു ഹജ്ജ് ഹൗസ് കരിപ്പൂരില്‍ സജ്ജമാക്കിയത് യു.ഡി.എഫ് സര്‍ക്കാരിന്റെയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും ശ്രമഫലമായാണ്. ഒരേസമയം എണ്ണൂറ് ഹാജിമാര്‍ക്ക് താമസിക്കുന്നതിനും ഹജ്ജ് വസ്ത്രമായ ഇഹ്‌റാം കെട്ടുന്നതിനുമുള്ള സൗകര്യമാണ് ഇവിടെ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ഹജ്ജാജിമാരുടെകൂടെ യാത്രയാക്കാന്‍ എത്തുന്നവരുടെ എണ്ണം ഇതര യാത്രക്കാരെ അപേക്ഷിച്ച് നാലിരട്ടിയോളം വരും. നെടുമ്പാശേരിയില്‍ നിലവില്‍ മെയിന്റനന്‍സ് ഹാങ്ങറിലാണ് താല്‍കാലിക ഹജ്ജ് ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഇതു കൂടാതെ ഹജ്ജ് വിമാനങ്ങള്‍ക്ക് ഒരു കോടി രൂപവീതം സിയാലിന് നല്‍കുകയും വേണം. കരിപ്പൂരിന് വലിയ 747 സീരിസിലുള്ള ജംബോ ബോയിങ് വിമാനങ്ങള്‍ക്ക് വിലക്കുണ്ട് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്തരം വിമാനങ്ങള്‍ കേരളത്തിന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അനുവദിച്ചത് എന്നതും കരിപ്പൂരിനെ തഴയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ്.
കരിപ്പൂരില്‍ നിന്നാണ് കേരളത്തിന് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടിത്തരുന്ന അധ്വാനപ്രിയരായ മലയാളികള്‍ ഗള്‍ഫിലേക്കും മറ്റും നിത്യേന യാത്ര ചെയ്തുവന്നത്. സഊദി അറേബ്യ, ദുബൈ, അബൂദാബി, മസ്‌കത്ത്, ദോഹ, സലാല, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിമാന സര്‍വീസ്. വൈപരീത്യമെന്നോണം ലണ്ടനിലേക്കും മറ്റുമുള്ളതിന്റെ എത്രയോ ഇരട്ടി തുകയാണ് ഈ യാത്രക്കാരില്‍ നിന്ന് വിമാനക്കമ്പനികള്‍ ഈടാക്കിവരുന്നത്. അയ്യായിരത്തിനുപകരം ഈടാക്കിയത് അമ്പതിനായിരം രൂപവരെ. കോഡ് ‘ഇ’ പദവിക്ക് അര്‍ഹതയുണ്ടായിട്ടും ‘ഡി’യില്‍ തന്നെ നിര്‍ത്താനാണ് നീക്കം. കരിപ്പൂരിലൂടെ നികുതി വെട്ടിച്ച് സാധനങ്ങള്‍ കടത്തുന്നുവെന്ന പരാതിയാണ് ചില ലോബികള്‍ ഉയര്‍ത്തുന്നത്. അങ്ങനെയെങ്കില്‍ ഇതു തടയേണ്ടത് ഇതിന് നിയോഗിക്കപ്പെട്ട അധികാരികളുടെ കടമയാണ്. പകരം എലിയെ പിടിക്കാന്‍ ഇല്ലം തന്നെ ചുടുകയല്ല.

chandrika: