X
    Categories: Views

ഡൊണാള്‍ഡ് ട്രംപിന്റെ വാര്‍ഷിക സമ്മാനം

ധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ തന്നെ സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക് തള്ളിവിട്ട് അമേരിക്കയെ മാത്രമല്ല ലോകത്തെ തന്നെ ആശങ്കയുടേയും അമ്പരപ്പിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പാസാക്കാന്‍ കഴിയാതിരുന്നതോടെയാണ് ലോകപൊലീസ് ചമയുന്ന അമേരിക്ക സാമ്പത്തിക അടിയന്തിരാവസ്ഥയിലേക്ക് വഴുതി വീണത്. ഇതോടെ ഫെഡറല്‍ സര്‍ക്കാറിനു കീഴിലുള്ള രണ്ടു ദശലക്ഷം ജീവനക്കാരില്‍ പകുതിയോളം പേര്‍ ശമ്പളമില്ലാതെ വീട്ടിലിരിക്കണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. പ്രതിസന്ധി തീര്‍ന്നാല്‍ ഇവര്‍ക്ക് തിരികെ ജോലിയിലെത്താമെങ്കിലും പണിയില്ലാത്ത കാലത്തെ കൂലി ലഭിക്കില്ലെന്നത് പ്രശ്‌നത്തിന്റെ മുറിവ് പെട്ടെന്നുണങ്ങില്ലെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി നടാടയല്ലെങ്കിലും സെനറ്റിലും കോണ്‍ഗ്രസിലും ഒരേ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളപ്പോള്‍ ഇത്തരം പ്രതിസന്ധി ഇതാദ്യമാണ്. 2013ല്‍ ഒബാമ സര്‍ക്കാര്‍ പടിയിറങ്ങാനൊരുമ്പോള്‍ സമാനമായ രീതിയിലുള്ള പ്രതിസന്ധി ഉടലെടുത്തിരുന്നുവെങ്കിലും കേവലം 13 ദിവസം കൊണ്ട് സാധാരണ നിലയിലേക്ക് തിരിച്ചുവരാന്‍ ആ രാജ്യത്തിന് സാധിച്ചിരുന്നു.

ആഗോളവല്‍ക്കരണം ഒരു യാഥാര്‍ത്ഥ്യമാവുകയും ലോകം ഏകധ്രുവ മേല്‍ക്കോയ്മക്ക് അടിപ്പെടുകയും ചെയ്ത നവലോക ക്രമത്തില്‍ അമേരിക്കയില്‍ രൂപപ്പെട്ട ഈ പ്രതിസന്ധി ലോകത്തെ മുഴുവന്‍ രാജ്യങ്ങളെയും കാര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്താന്‍ താല്‍പര്യപ്പെടുത്തുന്നതാണ്. അമേരിക്കന്‍ പ്രസിഡന്റ് പദവി ലോകത്തെ ഏറ്റവും ശ്രദ്ധേയമായ അധികാരപദവിയായി മാറിയതും ഈ സാഹചര്യം കൊണ്ടാണ്. എന്നാല്‍ നാള്‍ക്കുനാള്‍ ട്രംപ് സ്വീകരിച്ച് പോരുന്ന നയങ്ങളും നിലപാടുകളും ആഗോള സമൂഹത്തെ ഭീതിയിലാഴ്ത്തുന്നതാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധി.
തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം മാത്രം പിന്നിടുകയും തെരഞ്ഞെടുപ്പിലെ ക്രമരാഹിത്യത്തെ കുറിച്ചുള്ള ആരോപണങ്ങളുടെ കാര്‍മേഘങ്ങള്‍ രാജ്യത്തിന്റെ ആകാശത്ത് നിന്ന് നീങ്ങുകയും ചെയ്യുന്നതിന്റെ മുമ്പ് തന്നെ അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കുകയും എതിരാളികളെ സൃഷ്ടിക്കുകയും ചെയ്യുന്നതിലാണ് അദ്ദേഹം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലില്ലാത്ത വിധം എതിരാളിയെ വ്യകിതിഹത്യക്ക് വിധേയമാക്കിയ അദ്ദേഹം ആ നിലപാട് തന്നെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളോടും തന്റെ മേല്‍ക്കോയ്മ അംഗീകരിക്കാത്ത ലോക രാഷ്ട്രങ്ങളോടും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ നിലപാടുകളെ അംഗീകരിക്കാത്തവരോട് ഭയപ്പെടുത്തി നിര്‍ത്തുകയെന്ന പ്രാകൃത സമീപനം സ്വീകരിക്കുന്ന അദ്ദേഹം തങ്ങളൊടൊപ്പം നില്‍ക്കുന്നവരെ ഒരു തരത്തിലുള്ള വിലയിരുത്തലും നടത്താതെ ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

ചെലവു ചുരുക്കലിന്റെ പേരിലും തലതിരിഞ്ഞ നടപടികളാണ് അദ്ദേഹം കൈക്കൊണ്ടത്. മറ്റുരാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരെ വിലക്കുന്ന നടപടി കൈക്കൊണ്ടപ്പോള്‍ അവരുടെ ശൂന്യത രാജ്യത്ത് സൃഷ്ടിക്കുന്ന വിടവിനെ കുറിച്ച് പിന്നീടാണ് അദ്ദേഹം ബോധവാനായത്. ഇതോടെ ഇക്കാര്യത്തിലുള്ള തുടര്‍ നടപടികളില്‍ നിന്ന് പിറകോട്ട് പോയിരിക്കുകയാണ്. നാറ്റോ സഖ്യത്തിനുള്‍പ്പെടെയുള്ള സഹായം വെട്ടിക്കുറച്ച അദ്ദേഹം അമേരിക്കയുമായി ആത്മബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ഇതിലെ അംഗങ്ങള്‍ എന്ന കാര്യം പോലും വിസസ്മരിച്ചു. എന്നാല്‍ തങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തരാണെന്നും അമേരിക്കയുടെ സഹായം ആവശ്യമില്ലെന്നും നാറ്റോ രാഷ്ട്രങ്ങള്‍ തെളിയിച്ചതോടെ ട്രംപ് വീണ്ടും വെട്ടിലായിരിക്കുകയാണ്.

ചൈനയും റഷ്യയുമുള്‍പ്പെടെയുള്ള രാജ്യങ്ങളോടുള്ള സമീപനവും വിനാശകാലെ വിപരീത ബുദ്ധി എന്ന തരത്തിലാണ്. വളര്‍ച്ചാ രംഗത്ത് വന്‍കുതിപ്പു നടത്തുന്ന ചൈനയെ അയല്‍രാജ്യമായ റഷ്യയെ ഉപയോഗിച്ച് പ്രതിരോധിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ തെരഞ്ഞെടുപ്പുകാലത്ത് റഷ്യയുമായി അവിഹിത ഇടപാടുകളില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണം ആ രാജ്യവുമായി എന്തെങ്കിലും നീക്കുപോക്കുണ്ടാക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയാണ്. അതോടെ ചൈനയുടെ കാര്യത്തില്‍ എന്തു നിലപാടെടുക്കുമെന്നതില്‍ അവ്യക്തത തുടരുകയാണ്.

പാക്കിസ്താന്റെ കാര്യത്തില്‍ ഇക്കാലമത്രയും അമേരിക്ക സ്വീകരിച്ച നിലപാടുകള്‍ക്ക് നേര്‍വിപരീതമാണ് ട്രംപിന്റെ സമീപനം. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഉള്‍പ്പെടെ, മേഖലയില്‍ ഉയര്‍ന്നുവന്ന തീവ്രവാദ പ്രവണതകളെ പ്രതിരോധിക്കാന്‍ പാക്കിസ്താന്റെ സഹകരണം അനിവാര്യമാണെന്നായിരുന്നു ആ രാജ്യത്തിന്റെ നിലപാട്. ഇതിനായി വന്‍തോതിലുള്ള സാമ്പത്തിക സഹായം പാകിസ്താന് അവര്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തു. എന്നാല്‍ ട്രംപ് ഒരു സുപ്രഭാതത്തില്‍ അത്തരം സഹായങ്ങളെല്ലാം നിര്‍ത്തിവെക്കുകയും ഇക്കാര്യത്തില്‍ പാകിസ്താന് നല്‍കുന്ന സഹായങ്ങളെല്ലാം അവര്‍ ധൂര്‍ത്തടിക്കുകയാണെന്ന് തുറന്നടിക്കുകയും ചെയ്തു. പാകിസ്താനോടുള്ള ഈ കര്‍ശന നിലപാടിലൂടെ കിടമത്സരത്തിലുള്ള ചൈനക്ക് ആയുധമെറിഞ്ഞ് കൊടുക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. പാക്കിസ്താനുമായി കൂടുതല്‍ അടുത്ത്, മേഖലയിലെ സ്വാധീനമുറപ്പിക്കാനുള്ള അവസരമായി ചൈന ഇത് മുതലെടുത്തിരിക്കുകയാണ്.

ഫലസ്തീന്‍ ജനതയെ വെല്ലുവിളിച്ച് ജറുസലേമിനെ ഇസ്‌റായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നടപടി അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. സകല രാഷ്ട്രാന്തരീയ മര്യാദകളും കാറ്റില്‍ പറത്തി കൊണ്ടുള്ള ഈ ഇടപെടല്‍ അദ്ദേഹത്തിന്റെ ഭ്രാന്തന്‍ സമീപനത്തിന്റെ ഉദാഹരണമായാണ് ലോകം വിലയിരുത്തിയത്.

ഇന്ത്യയുമായി വളരെ അടുത്ത സൗഹൃദമാണ് ട്രംപ് കാത്ത് സൂക്ഷിക്കുന്നത്. എന്നാല്‍ ട്രംപിന്റെ കാര്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സമീപനം ആശങ്കയുളവാക്കുന്നതാണ്. നിരന്തരമായി അദ്ദേഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ച്ചകള്‍ മനസ്സിലാക്കി വ്യക്തമായ അകലം പാലിക്കുന്നതിന് പകരം കൂടുതല്‍ ചേര്‍ന്ന് നില്‍ക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ താല്‍പര്യം പ്രകടിക്കുന്നത്. അമേരിക്കയുടെ പല നയങ്ങളും ഇന്ത്യക്ക് താല്‍ക്കാലിക സംതൃപ്തി നല്‍കുന്നുണ്ടെങ്കിലും അവ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്നവയാണ്. ഇത് തിരിച്ചറിയാനുള്ള ദീര്‍ഘദൃഷ്ടി നമ്മുടെ സര്‍ക്കാറിനില്ലാതെ പോകുന്നത് രാജ്യത്തെ ലോകത്തിന് മുന്നില്‍ കൊച്ചാക്കിക്കളയുന്നുണ്ടെന്ന കാര്യം ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്.

ട്രംപിന്റെ അമേരിക്കക്ക് ഒരു വയസ്സ് തികയുമ്പോള്‍ എല്ലാ മേഖലകളിലും അരക്ഷിതാവസ്ഥ മാത്രമാണ് ആ രാജ്യം കാഴ്ചവെച്ചത്. തിരിച്ചടികളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് തിരുത്താന്‍ ട്രംപ് തയ്യാറാകുമോയെന്നതാണ് ഒന്നാം പിറന്നാള്‍ കാലത്ത് അമേരിക്കയും ലോകവും ഒരുപോലെ വീക്ഷിക്കുന്നത്.

chandrika: