X

ശ്രേഷ്ഠ ചെട്ടിയാര്‍


ശ്രേഷ്ഠന്‍ ആണ് ലോപിച്ച് ചെട്ടിയാരായത്. പക്ഷേ പളനിയപ്പന്‍ ചിദംബരംചെട്ടിയാര്‍ക്കും കുടുംബത്തിനും ഇത് കഷ്ടകാലമാണ്. സ്വന്തംസംഘടനയെപോലെ തൊട്ടതെല്ലാം തിരിച്ചടിക്കുന്ന അശനിപാതം. നരേന്ദ്രമോദിയും സംഘപരിവാരവും നടപ്പാക്കിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്മുക്ത ഭാരതത്തിനുവേണ്ടി കോണ്‍ഗ്രസ്പാര്‍ട്ടിയുടെ തലപ്പത്തുള്ളവരെ കുടുക്കുക സ്വാഭാവികം. പാര്‍ട്ടിഅധ്യക്ഷ സോണിയഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌വാദ്രയെ ഭൂമിക്കേസില്‍ പിടിച്ചകത്തിട്ടത് അടുത്തിടെയാണ്. സോണിയയെും രാഹുലിനെയും മറ്റൊരുകേസില്‍ കോടതികളില്‍ കയറ്റിയിറക്കിയതും മോദി തന്നെ. ഇപ്പോള്‍ മോദിയുടെ സി.ബി.ഐയും ഇ.ഡിയും ചെന്നിരിക്കുന്നത് മുന്‍കേന്ദ്രധനമന്ത്രികൂടിയായ പി.ചിദംബരത്തിനുനേരെയാണെന്നുമാത്രം. മകന്‍ കാര്‍ത്തി ചിദംബരത്തെയും ഇതേകേസില്‍ കുരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 21നാണ് ചിദംബരത്തെ സി.ബി.ഐ ഡല്‍ഹിയിലെ വസതിയില്‍ചെന്ന് തികച്ചും നാടകീയമായി അറസ്റ്റ്‌ചെയ്തത്. അടിയന്തിരാവസ്ഥാകാലത്തും മറ്റും പ്രതിപക്ഷനേതാക്കളെ കേന്ദ്രഅന്വേഷണഏജന്‍സികള്‍ അറസ്റ്റ്‌ചെയ്തിട്ടുണ്ടെങ്കിലും വീടിന്റെ ചുറ്റുമതില്‍ ചാടിക്കയറി അറസ്റ്റുചെയ്യുന്നത് ചിദംബരത്തിന്റെ കാര്യത്തില്‍ മാത്രമാണ്. കല്‍പിച്ചാല്‍ എന്തുംചെയ്യുന്ന ഉദ്യോഗസ്ഥരുള്ളപ്പോള്‍ ഇതും ഇതിലപ്പുറവും നടക്കും.
എയര്‍സെല്‍ മാക്‌സിസ്-ഐ.എന്‍.എക്‌സ് മീഡിയ കേസിലാണ് ചിദംബരത്തിന്റെ ചരിത്രപരമായ അറസ്റ്റ് നടന്നിരിക്കുന്നത്. ബദ്ധവൈരിയായ സുബ്രഹ്മണ്യന്‍സ്വാമിയാണ് 2006ല്‍ ആരോപണം ആദ്യമായി ഉന്നയിക്കുന്നത്. എന്നാല്‍ താനോ തന്റെ കുടുംബമോ ഒരുതരത്തിലും സംഭവവുമായി ഇടപെടുകയോ അവിഹിതമായി എന്തെങ്കിലും നേടുകയോ ചെയ്യാതിരുന്നിട്ടും കേന്ദ്രഏജന്‍സികള്‍ എന്തിനാണ് ഈ അറസ്റ്റ് നടത്തിയതെന്നാണ് ചിദംബരത്തിന്റെ ചോദ്യം. സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തുനിന്ന് ബ്രിട്ടീഷ് ഇംഗ്ലീഷില്‍ വസ്തുതകളും കണക്കുകളുംവെച്ച് സംസാരിക്കുന്നുവെന്നതായിരിക്കാം മോദിയുടെ അനിഷ്ടത്തിന് കാരണം. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഒഴിഞ്ഞതോടെ റോബര്‍ട്ട്‌വാദ്രയില്‍നിന്ന് ചിദംബരത്തിലേക്കായി മോദിയുടെ നോട്ടം. സി.ബി.ഐയും സാമ്പത്തികകുറ്റാന്വേഷണ ഏജന്‍സിയും എന്തിനും കീഴിലുള്ളപ്പോള്‍ എന്തും നടത്താം. മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത, ബീഹാര്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്, ബി.ജെ.പി അധ്യക്ഷന്‍ ബംഗാരുലക്ഷ്മണ്‍, കരുണാനിധി, എ.രാജ, കനിമൊഴി, ബി.എസ് യെദിയൂരപ്പ എന്നിവരാണ് രാജ്യത്ത് അറസ്റ്റുചെയ്യപ്പെട്ട പ്രമുഖര്‍. ചിദംബരത്തിന് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് സി.ബി.ഐയുടെ പൊടുന്നനെയുള്ള അറസ്റ്റ്‌നാടകം.
വ്യാജകമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ച് 50.45 ലക്ഷം ഡോളര്‍ ( 40 കോടിയോളം രൂപ) കാര്‍ത്തി ചിദംബരവും കൂട്ടരും പിതാവ് ധനമന്ത്രിയായിരിക്കെ അവിഹിതമായി നേടി എന്നാണ് അന്വേഷണഏജന്‍സികളുടെ വാദം. കാര്‍ത്തിക്കും മറ്റും മുമ്പ് ജാമ്യം ലഭിച്ചിരിക്കെ ചിദംബരത്തെ മാത്രം കസ്റ്റഡിയില്‍വിട്ടതിനെ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍സിബല്‍ ചോദ്യംചെയ്യുന്നു. ഏതായാലും ബുധനാഴ്ച ഒരുപകല്‍ മുഴുവന്‍ അജ്ഞാതവാസത്തിലായിരുന്ന ചിദംബരം രാത്രിഎട്ടിന് കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി വീട്ടിലെത്തിയയുടനെയായിരുന്നു അറസ്റ്റ്. കഴിഞ്ഞവര്‍ഷം ജൂണില്‍ സി.ബി.ഐ ചിദംബരത്തെ ചോദ്യം ചെയ്തിരുന്നതാണ്. അന്നൊന്നും തന്നോട് ഇത്രവലിയ തുകയെപ്പറ്റി ചോദിച്ചിരുന്നില്ലെന്ന് ചിദംബരം പറയുമ്പോള്‍ മോദിയുടെയും അമിത്ഷായുടെയും നിഴല്‍ ഇതിനുപിന്നില്‍ മിന്നിമറയുന്നു. ഗുജറാത്ത് വ്യാജഏറ്റുമുട്ടല്‍ കേസില്‍ ആഭ്യന്തരമന്ത്രി അമിത്ഷായെ സി.ബി.ഐ മുമ്പ് അറസ്റ്റ് ചെയ്തപ്പോള്‍ കേന്ദ്രആഭ്യന്തരമന്ത്രിയായിരുന്നു ചിദംബരം എന്നത് ഷായെ സംബന്ധിച്ചിടത്തോളം ഇന്ന് കിട്ടിയഅവസരം മുതലെടുക്കലാണ്. 2010ലായിരുന്നു ഷായുടെ അറസ്റ്റും ജയില്‍വാസവും. നീണ്ട ഒന്‍പതുകൊല്ലത്തിനുശേഷം വിധി കറങ്ങിവന്നിരിക്കുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയയുടന്‍ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അതിനുമുമ്പുതന്നെ ജോര്‍ബാഗിലെ ചിദംബരത്തിന്റെ വീട്ടിന്റെ മതിലില്‍ സി.ബി.ഐയും ഇ.ഡി.യും നോട്ടീസ് പതിച്ചത് പ്രതിപക്ഷത്തെ പ്രമുഖനേതാവിനെതിരായ അവഹേളനമായി. ക്രിമിനലിനെപോലെയായിരുന്നു രാത്രി മുന്‍ധമന്ത്രിയെ കാറില്‍ അറസ്റ്റുചെയ്ത് കൊണ്ടുപോയത്. ജമ്മുകശ്മീരിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരെ മോദിസര്‍ക്കാരിനെതിരെ ട്വീറ്റ്‌ചെയ്ത് പിറ്റേദിവസമാണ് ചിദംബരത്തെ അകത്താക്കിയത്. രാജ്യസഭാംഗത്തിന് നല്‍കേണ്ട പരിഗണനപോലും ചിദംബരത്തിന് നല്‍കിയില്ല.
2004 മുതല്‍ 2014 വരെ ഡോ. മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ രണ്ടുതവണയാണ് പി. ചിദംബരം ധനമന്ത്രിയായത്. നവസാമ്പത്തികനയം നടപ്പാക്കലായിരുന്നു മുഖ്യജോലി. ആഭ്യന്തരവകുപ്പും ഇടക്ക് കയ്യാളി.മുമ്പ് രാജീവ്ഗാന്ധി മന്ത്രിസഭയിലും മന്ത്രിയായിരുന്നു. 1984 മുതല്‍ പാര്‍ലമെന്റംഗം. വിവാദങ്ങള്‍ക്കെല്ലാം പുറന്തിരിഞ്ഞ് നില്‍പ്പ്്. യൗവനകാലത്ത് ഇടതുപക്ഷഭ്രമം പിടികൂടിയെങ്കിലും 1969ല്‍ കോണ്‍ഗ്രസില്‍ചേര്‍ന്നു. ഇപ്പോഴും സുപ്രീംകോടതിയിലും വിവിധഹൈക്കോടതികളിലും പ്രാക്ടീസുണ്ട്. ബി.എസ്.സിയും നിയമബിരുദവുംനേടിയെങ്കിലും പ്രിയം സാമ്പത്തികശാസ്ത്രത്തോട്. കുലീനമായ ഭാഷയും പെരുമാറ്റവുംകൊണ്ട് രാഷ്ട്രീയക്കാരിലെ മാന്യനായി അറിയപ്പെടുമ്പോള്‍ ബി.ജെ.പിയുടെ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും തരിമ്പുംവഴങ്ങാത്തത് സ്വാഭാവികം. 1996ല്‍ കോണ്‍ഗ്രസ്‌വിട്ട് തമിഴ്മാനില കോണ്‍ഗ്രസ് രൂപീകരിച്ചെങ്കിലും വൈകാതെ തിരിച്ചുവന്നു. 2009ല്‍ ശിവഗംഗയില്‍നിന്ന് വെറും 3354 വോട്ടിന് വിജയിച്ചതിനെതുടര്‍ന്നാണ് വീണ്ടും ധനമന്ത്രിയായത്. എഴുപത്തഞ്ചാംവയസ്സില്‍ ആദ്യമായി ജയിലില്‍ കിടക്കേണ്ടിവന്നതും തികഞ്ഞ നിശ്ചയദാര്‍ഢ്യം കൊണ്ടുതന്നെ.

web desk 1: