രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെയും അതിന്റെ മാതൃസംഘടനയായ ആര്‍.എസ്.എസ്സിന്റെയും രക്തത്തിലലിഞ്ഞ മുസ്‌ലിം വിരുദ്ധതയെന്ന അജണ്ടയുടെ ബാക്കിപത്രമാണ് മുത്തലാഖ് (ഒറ്റയടിക്ക് മൂന്നുതവണ മൊഴിചൊല്ലല്‍) ബില്‍ പാസാക്കലിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. മുമ്പ് മൂന്നുതവണ ലോക്‌സഭ പാസാക്കിയ മുസ്‌ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ ബില്‍, 84നെതിരെ 99 വോട്ടുകള്‍ക്ക് രാജ്യസഭയും പാസാക്കിയതോടെ ബില്‍ നിയമമാകാന്‍ ഇനി രാഷ്ട്രപതി ഒപ്പുവെക്കുകയേ വേണ്ടൂ. രാഷ്ട്രപതി വൈകാതെ ബില്ലിന്മേല്‍ ഒപ്പ് ചാര്‍ത്തുന്നതോടെ അവരുടെ ദീര്‍ഘകാലമായുള്ള വര്‍ഗീയ അജണ്ട നടപ്പാക്കുന്നതിനുള്ള പ്രക്രിയയാണ് രാജ്യത്ത് നിലവില്‍ വരാന്‍പോകുന്നത്. ബി.ജെ.പിക്കും സംഘ്പരിവാറിനും ഇതില്‍ ആശ്വസിക്കാന്‍ യഥേഷ്ടം സംഗതിയുണ്ട്. എന്നാല്‍ രാജ്യത്തെ ഇരുപതുകോടിയില്‍പരം വരുന്ന മുസ്‌ലിംകളുടെയും ഇതര വിശ്വാസി സമൂഹത്തിന്റെയും മൗലികാവശം ഹനിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണ് ഇതിലൂടെ വിജയിച്ചിരിക്കുന്നത്. രാജ്യസഭയില്‍ സര്‍ക്കാരിന് വേണ്ടത്ര അംഗങ്ങളില്ലാതിരുന്നിട്ടും ബില്‍ പാസാകാനിടയായത് മതേതര പക്ഷത്ത് നില്‍ക്കേണ്ടിയിരുന്ന ചില സാമാജികരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയോ അവധാനതയോ കൊണ്ടുകൂടിയാണ്.
മുസ്‌ലിം വനിതകളുടെ വിവാഹമോചനം ഉയര്‍ത്തിക്കാട്ടി ബി.ജെ.പിയും നരേന്ദ്രമോദി സര്‍ക്കാരും കാടിളക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2014ല്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ഇവ്വിഷയം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പുകളിലും പൊതുവേദികളിലും ബി.ജെ.പിയും മോദിയും അമിത്ഷായും മറ്റും മുസ്‌ലിം വിരുദ്ധ ചര്‍ച്ചകളെ പരമാവധി പ്രോല്‍സാഹിപ്പിച്ചു. രണ്ടുതവണ ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും ബി.ജെ.പിക്ക് വേണ്ടത്ര അംഗസംഖ്യയില്ലാത്തതിനാല്‍ രാജ്യസഭയുടെ കടമ്പ കടക്കാനായില്ല. അതിനാല്‍ മുത്തലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഇത്തവണയും ബില്‍ രാജ്യസഭ കടക്കില്ലെന്നാണ് കരുതിയിരുന്നതെങ്കിലും അത് സംഭവിച്ചില്ല. കോണ്‍ഗ്രസിലെയും എന്‍.സി.പിയിലെയും യഥാക്രമം അഞ്ചും രണ്ടും എം.പിമാര്‍ സഭയില്‍ നിന്ന് വിട്ടുനിന്നതാണ് ബില്‍ രാജ്യസഭയില്‍ പാസാകുന്നതിന് ഇടയാക്കിയിരിക്കുന്നത്.
രാജ്യത്തെ വനിതകളും മുസ്‌ലിം സ്ത്രീകളും അനുഭവിക്കുന്ന ഏക പ്രശ്‌നമാണ് മുത്തലാഖ് എന്ന രീതിയിലാണ് ഏതാനും വര്‍ഷമായി മോദിയും ബി.ജെ.പിയും വിഷയത്തെ അവതരിപ്പിച്ചത്. യു.പിയിലുള്‍പ്പെടെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പുവേദികളില്‍ വിഷയം കത്തിച്ചുനിര്‍ത്താന്‍ അവര്‍ തയ്യാറായതുമൂലം ചില കോണുകളില്‍ മുസ്‌ലിം വിരുദ്ധ വികാരം ഇളക്കിവിടാന്‍ ആ പാര്‍ട്ടിക്കായി. രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയാന്‍ മുസ്‌ലിംകള്‍ അനുവദിക്കുന്നില്ലെന്ന ഗൂഢമായ ആരോപണത്തിന് സമാനമായാണ് ബി.ജെ.പി മുത്തലാഖ് പ്രശ്‌നത്തെ ജനമനസ്സുകളില്‍ അവതരിപ്പിച്ചത്. ഇതുമൂലം കുറച്ചുപേരെയെങ്കിലും മുസ്‌ലിം വിരുദ്ധരും മുത്തലാഖ് വിരുദ്ധരുമാക്കാന്‍ ബി.ജെ.പിക്കും മോദി സര്‍ക്കാരിനും കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും പരമാവധി വോട്ടുനേടി അധികാരത്തിന്റെ അപ്പക്കഷണം നുണയുക എന്ന ചിന്ത മാത്രമാണ് മോദിയെയും സംഘ്പരിവാറിനെയും ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്. ഇതിനായി മുസ്‌ലിം നാമധാരികളായ വിരലിലെണ്ണാവുന്ന വനിതകളെ രംഗത്തിറക്കാനും അവര്‍ക്കുകഴിഞ്ഞു. മുത്തലാഖിനിരയായി എന്നു കാണിച്ച് പരാതി നല്‍കിയ ബംഗാള്‍ സ്വദേശിനി ഇസ്രത് ജഹാന്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത് അവരുടെ ഒളിഅജണ്ട വ്യക്തമാക്കുന്നതാണ്.
വിവാഹം മോചനം ചെയ്യേണ്ട അനിവാര്യ സന്ദര്‍ഭമെത്തിയാല്‍ അതിന് മൂന്നു ഘട്ടമായുള്ള രീതിയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കന്നത്. സത്യത്തില്‍ ഇത്തരമൊരു വ്യവസ്ഥ ഇസ്‌ലാമിലുള്ളത് ആപേക്ഷികമായി മുസ്‌ലിംകളില്‍ വിവാഹമോചനം കുറയുന്നതിന് കാരണമാണ്. എന്നാല്‍ മറ്റു ചില മത വിഭാഗങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തെ സര്‍ക്കാര്‍ സൗകര്യപൂര്‍വം മറച്ചുവെക്കുന്നു. എന്തിനേറെ ഭരണ തലപ്പത്തുള്ളവര്‍വരെ സ്വന്തം ഭാര്യയെ വിവാഹമോചനം ചെയ്യാതെ അവരെ വര്‍ഷങ്ങളായി അകറ്റിനിര്‍ത്തിയിരിക്കുന്നു. എന്നിട്ടാണ് മുസ്‌ലിം വിരുദ്ധത വളര്‍ത്തുകയെന്ന ലക്ഷ്യത്തില്‍ സംഘ്പരിവാരം നിയമനിര്‍മാണവുമായി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ രാജ്യത്തെ മുസ്‌ലിംകളില്‍ വെറും 0.2 ശതമാനം പേര്‍ മാത്രമാണ് മുത്തലാഖ് വഴിയുള്ള വിവാഹമോചനം നടത്തിയിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നത്. ഉത്തരേന്ത്യയിലെ ഏതാനും മേഖലകളില്‍ മാത്രമാണ് ഇത് വ്യാപകമായി അനുവര്‍ത്തിക്കപ്പെടുന്നത്. കേരളം പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുത്തലാഖ് സമ്പ്രദായം തീരേ വിരളമാണ്.
നിയമം പ്രാബല്യത്തിലായതുമുതല്‍ രാജ്യത്തെ മുസ്‌ലിം പുരുഷന്മാര്‍ മുത്തലാഖ് ചൊല്ലിയാല്‍ അവര്‍ക്ക് മൂന്നു വര്‍ഷത്തെ തടവുശിക്ഷ ലഭിക്കും. എങ്ങനെയാണ് ഇതിന് തെളിവ് ഹാജരാക്കപ്പെടുക എന്നത് ഇനിയും ദുരൂഹമാണ്. യു.എ.പി.എ കേസുകളിലേതുപോലെ ആരെയും പിടിച്ച് ജയിലിലിടാന്‍ പഴുതുളളതാണ് ബില്ലിലെ വ്യവസ്ഥ. മാത്രമല്ല, വിവാഹമോചിതയാക്കപ്പെട്ട സ്ത്രീയുടെ ചെലവ് ആരു വഹിക്കും എന്ന പ്രശ്‌നവും ബാക്കിനില്‍ക്കുന്നു. കുട്ടികളുണ്ടെങ്കില്‍ അവരുടെ ചെലവിന് കൊടുക്കണമെന്ന രാജ്യത്തെ നിയമ വ്യവസ്ഥയും പാലിക്കപ്പെടാന്‍ പോകുന്നില്ല. ഫലത്തില്‍ മുത്തലാഖിന് വിധേയയായ സ്ത്രീക്കും കുട്ടികള്‍ക്കും രാജ്യത്ത് അനുഭവിക്കാനിരിക്കുന്നത് കടുത്ത ജീവല്‍ പരീക്ഷണങ്ങളായിരിക്കും. മുസ്‌ലിംകളിലെ ജനസംഖ്യാ വര്‍ധനവിനെയും പ്രസവ നിരക്കിനെയും സംബന്ധിച്ച് അത്യുക്തിനിറഞ്ഞ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്ന സംഘ്പരിവാരത്തിന്റെ വികൃതമുഖമാണ് ഇവിടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.
ബില്ലിനെ ലോക്‌സഭയില്‍ ശബ്ദവോട്ടോടെ എതിര്‍ത്ത മുസ്‌ലിംലീഗിലെയും സമാജ്‌വാദി പാര്‍ട്ടിയിലെയും തൃണമൂലിലെയും ആര്‍.എസ്.പിയിലെയും അംഗങ്ങള്‍ ആരോപിച്ചതുപോലെ, ഹിന്ദുത്വ തീവ്രവാദികളുടെ സങ്കല്‍പത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനും മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കു ന്നതിനുമാണ ്‌മോദി സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നതെന്ന് വ്യക്തം. ഇതുവഴി മത ന്യൂനപക്ഷങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ് സംഭവിക്കുന്നത്. വൈകാതെ തന്നെ രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കമാവും കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടാകുക. ദലിതരും പിന്നാക്കക്കാരുമെല്ലാം ഇവ്വിധം മൗലികാവകാശ നിഷേധത്തിനിരയാകും. മതേതത്വത്തിന്റെയും വിശ്വാസാചാരാനുഷ്ഠാനങ്ങളുടെയും സംരക്ഷണത്തിന് രാഷ്ട്രം ഒരുമിച്ചുനില്‍ക്കേണ്ട സമയമായിരിക്കുന്നു.
- 5 years ago
web desk 1
Categories:
Video Stories
മുത്തലാഖിലെ ഒളിയജണ്ട
Tags: editorialtripple thalaq