X

രാജ്യ പുരോഗതിക്ക് ഗുണം ചെയ്യാത്ത ബജറ്റ്

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ഉത്പാദന, തൊഴില്‍ മേഖലകളേയും മാന്ദ്യ സമാനമായ മരവിപ്പിലേക്ക് തള്ളിവിട്ട ശേഷമുള്ള മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍, രാജ്യത്തെ ആ ദുരന്തത്തില്‍ നിന്ന് കര കയറ്റുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പല പേരുകളില്‍ പല പദ്ധതികള്‍ പ്രഖ്യാപിച്ച് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന കേവല ഗിമ്മിക്ക് മാത്രമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബുധനാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ്.

നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് സമ്പദ് വ്യവസ്ഥ ഇനിയും മുക്തമായിട്ടില്ല. മുന്നൊരുക്കമോ കരുതലോ ഇല്ലാതെയുള്ള നടപടി സാമ്പത്തിക വളര്‍ച്ച രണ്ടു ശതമാനം വരെ കുറയാന്‍ ഇടയാക്കുമെന്ന് നേരത്തെ തന്നെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവെക്കുന്നതായിരുന്നു ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെ ന്റില്‍ വെച്ച സാമ്പത്തിക സര്‍വേ. നടപ്പു വര്‍ഷം അര ശതമാനം വരെ വളര്‍ച്ച കുറയുമെന്നാണ് സാമ്പത്തിക സര്‍വേ പറയുന്നത്.

ഭാവിയിലെങ്കിലും ഇതിനെ മറികടക്കണമെങ്കില്‍ നോട്ടു നിരോധനത്തില്‍ മരവിച്ചുപോയ ഉപഭോക്തൃശേഷിയെ ഉദ്ദീപിപ്പിക്കും വിധമുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയരുകയും ചെയ്തിരുന്നു. അടിസ്ഥാന സൗകര്യം, കാര്‍ഷികം, വ്യവസായം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നിക്ഷേപവും തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള കൂടുതല്‍ പദ്ധതികളുമാണ് പ്രധാനമായും ബജറ്റില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നിര്‍ഭാഗ്യവശാല്‍ അത്തരം പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടം പിടിച്ചില്ല എന്നത് രാജ്യ പുരോഗതിയെ പിന്നോട്ടടിച്ചേക്കും.

മെയ്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ജന്‍ ധന്‍, മുദ്ര തുടങ്ങി 17 പദ്ധതികള്‍ക്കായി 2017-18 സാമ്പത്തിക വര്‍ഷത്തേക്ക് ബജറ്റില്‍ വകയിരുത്തിയ തുക 80,200 കോടി രൂപയാണ്. റിവൈസ്ഡ് ബജറ്റ് പ്രകാരം ഈ പദ്ധതികള്‍ക്ക് തൊട്ടു മുമ്പത്തെ വര്‍ഷം ചെലവിട്ടത് 70,600 കോടി രൂപയാണ്. പതിനായിരം കോടിയില്‍ താഴെ മാത്രമാണ് ഇത്രയും പദ്ധതികളുടെ വിഹിതത്തില്‍ വരുത്തിയ വര്‍ധന. 2008ലെ ബജറ്റില്‍ കാര്‍ഷിക കടാശ്വാസത്തിനായി അന്നത്തെ യു.പി.എ സര്‍ക്കാര്‍ മാറ്റിവെച്ച തുക മാത്രമെടുത്താല്‍ 52,500 കോടി രൂപയുണ്ടായിരുന്നു.

2009-10ലെ ബജറ്റില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് യു.പി.എ സര്‍ക്കാര്‍ നീക്കിവെച്ചത് 40,000 കോടി രൂപയായിരുന്നു. അതായത് സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന ജനതക്ക് നേരിട്ട് ഗുണകരമാകുന്ന കേവലം രണ്ട് പദ്ധതികള്‍ക്കായി യു.പി.എ സര്‍ക്കാര്‍ നീക്കിവെച്ച തുകയുടെ അത്രപോലും മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 17 പദ്ധതികള്‍ക്കില്ല എന്നതാണ് ബജറ്റിന്റെ പൊള്ളത്തരം വിളിച്ചോതുന്നത്.

സാമ്പത്തിക മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് നോക്കിയാലും ദയനീയ പരാജയമാണ് മോദി സര്‍ക്കാറിന്റെ മൂന്നാം ബജറ്റെന്ന് വിലയിരുത്തേണ്ടി വരും. ധനക്കമ്മി നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉദാഹരണമായി എടുക്കാം. ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടക്കുന്നതിനായി മന്‍മോഹന്‍ സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയ ഉത്തേജക പാക്കേജാണ് രാജ്യത്ത് ധനക്കമ്മി ഉയരാന്‍ ഇടയാക്കിയത്. നാലു മടങ്ങാണ് (ഒന്നേകാല്‍ ലക്ഷം കോടിയില്‍ നിന്ന് അഞ്ചേ കാല്‍ ലക്ഷം കോടിയായി) അന്ന് ധനക്കമ്മി ഉയര്‍ന്നത്.

യു.പി.എ സര്‍ക്കാറിന്റെ അവസാന സാമ്പത്തിക വര്‍ഷമായപ്പോഴേക്കും ധനക്കമ്മി കുറക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയം കാണുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നുവന്ന എന്‍.ഡി.എ സര്‍ക്കാറിന്റെ ഭരണത്തില്‍ കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തിലും ധനക്കമ്മി ഉയരുകയായിരുന്നു. പുതിയ ബജറ്റ് പ്രകാരം 546,532 കോടിയാണ് ധനക്കമ്മി പ്രതീക്ഷിക്കുന്നത് (3.2 ശതമാനം വര്‍ധന). പുതിയ പരോക്ഷ നികുതി നിര്‍ദേശങ്ങള്‍ വഴിയും ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവു വഴിയും ലക്ഷക്കണക്കിന് കോടി രൂപയുടെ അധിക വരുമാനമാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം കേന്ദ്രത്തിലുണ്ടായത്.

ഇതിന് ആനുപാതികമായി ജനക്ഷേമ മേഖലയിലോ വികസന രംഗത്തോ പണം ചെലവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്ത പശ്ചാത്തലത്തില്‍ ധനക്കമ്മി കുറക്കാനെങ്കിലും ഈ അധിക വരുമാനം സഹായിക്കേണ്ടതായിരുന്നു. അതുണ്ടായില്ല എന്നതാണ് ‘മോദിണോമിക്‌സി’ന്റെ ഏറ്റവും വലിയ പരാജയം. ആദായ നികുതി പരിധി ഉയര്‍ത്തുന്നത് ഉള്‍പ്പെടെ സാധാരണക്കാരന് ആശ്വാസം പകരുന്ന നടപടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. അഞ്ചു ലക്ഷം രൂപയായി ആദായ നികുതി പരിധി ഉയര്‍ത്തണമെന്ന ശിപാര്‍ശ സര്‍ക്കാറിനു മുന്നില്‍ നിലനില്‍ക്കെ, നികുതി നിരക്കില്‍ ചെറിയ ഇളവ് മാത്രമാണ് നല്‍കിയത്.

ചരക്കുസേവന നികുതി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ, ഇതുവഴി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് യാതൊരു കരുതലും ബജറ്റില്‍ ഇല്ല എന്നതും പ്രധാനമാണ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിലുള്ള, സംസ്ഥാന ധനമന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനങ്ങളുടെ നഷ്ടം നികത്തുന്നതിന് 50,000 കോടി രൂപ ആവശ്യമാണ്. എന്നാല്‍ ഒരു രൂപ പോലും ഈയിനത്തില്‍ ബജറ്റില്‍ നീക്കിവെച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കേരളത്തിന്റെ കാര്യമെടുത്താലും ഏറ്റവും നിരാശാജനകമായ ബജറ്റുകളില്‍ ഒന്നാണിത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍വമായ സമീപനം പുലര്‍ത്തുന്ന നിര്‍ദേശങ്ങള്‍ പോലും ബജറ്റില്‍ ഉള്‍പ്പെട്ടില്ല എന്നത് ഖേദകരമാണ്. എയിംസ്, റബര്‍ വില സ്ഥിരതാ സംവിധാനം, കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍, നോട്ടു നിരോധനത്തെതുടര്‍ന്ന്

സഹകരണ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള ഇടപെടലുകള്‍ എന്നിവയെല്ലാം ബജറ്റില്‍ കേരളം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആശ്വാസകരമായ ഒരു നടപടിയും ബജറ്റില്‍ ഉണ്ടായില്ല എന്നത് കേന്ദ്ര സര്‍ക്കാറിനെയും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തി നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു എന്നത് സംസ്ഥാന സര്‍ക്കാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്.

പല പേരുകളില്‍ പദ്ധതികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി വികസനവും ജനക്ഷേമവും കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന പുകമറ സൃഷ്ടിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ബജറ്റിലൂടെ ചെയ്തിരിക്കുന്നത്. മോദി സര്‍ക്കാര്‍ കൊട്ടിഗ്‌ഘോഷിച്ച് നടപ്പാക്കിയ സ്വച്ഛ് ഭാരത്, മെയ്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ക്കു പോലും നാമമാത്ര തുകയാണ് നീക്കിവെച്ചിരിക്കുന്നത് എന്നതുതന്നെ ഇതിന് തെളിവാണ്. നോട്ടു നിരോധനാനന്തരം നിലനില്‍ക്കുന്ന സാമൂഹ്യ, സാമ്പത്തിക നിശ്ചലാവസ്ഥയെ മറികടക്കുന്നതില്‍ മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നാണ് ബജറ്റ് ബോധ്യപ്പെടുത്തുന്നത്.

chandrika: