ഒരു കാളയെ ഒന്നോ രണ്ടോ തടിമാടന്മാര്‍ ചുകപ്പു തുണിയുമായി നിരായുധരായി മുന്നില്‍ചെന്ന് പ്രകോപിപ്പിച്ച് കീഴ്‌പെടുത്തുന്നതാണ് ബുള്‍ഫൈറ്റ് എന്ന കാളപ്പോര്. നൂറോളമാളുകള്‍ ഒരു കാളയുടെ പിറകെ ഓടി അതിനെ കണ്ണില്‍ മുളകു തേച്ചും വാലില്‍ കടിച്ചും പരമാവധി വേദനിപ്പിച്ച് നടത്തുന്നതാണ് ജെല്ലിക്കെട്ട്. ആദ്യത്തേത് സ്‌പെയിനില്‍ കാലങ്ങളായി നടന്നുവരുന്ന കായിക വിനോദമാണെങ്കില്‍ തമിഴ്‌നാട്ടിലും മറ്റും നടക്കുന്ന വിനോദമാണ് രണ്ടാമത്തേത്. സുപ്രീംകോടതി നിരോധനത്തെതുടര്‍ന്ന് തമിഴ്‌നാട്ടിലെ ചെന്നൈ, മധുര, പൊള്ളാച്ചി, കോയമ്പത്തൂര്‍ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്നുദിവസമായി ജല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രക്ഷോഭമാണ് നടന്നുവരുന്നത്. ഇന്നലെ വിവിധ സംഘടനകള്‍ സംസ്ഥാന ബന്ദ് നടത്തുകയും ട്രെയിന്‍ തടയുകയുംവരെ ചെയ്തു. കേരളത്തിലും തമിഴ്‌നാട്ടുകാര്‍ സമരത്തിനിറങ്ങി. ജെല്ലിക്കെട്ട് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി ജനുവരി 12ന് ഇറക്കിയ ഇടക്കാല ഉത്തരവാണ് പ്രശ്‌നത്തിന് തീയിട്ടത്. ഇത്തരുണത്തില്‍ എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ടുനില്‍ക്കുകയാണ് തമിഴ്‌നാട്, കേന്ദ്ര സര്‍ക്കാരുകള്‍. ഓര്‍ഡിനന്‍സ് ഇറക്കി ജല്ലിക്കെട്ടിന് അനുവാദം നല്‍കാനാവുമോ എന്നാണിപ്പോഴത്തെ ചിന്ത.
മൃഗ സ്‌നേഹികളുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പി.ഇ.ടി.എ) എന്ന സംഘടനയാണ് മൃഗ പീഡനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിധിക്കെതിരെ ജെല്ലിക്കെട്ട് അനുകൂലികള്‍ കൊടുത്ത അപ്പീലിലായിരുന്നു ഇടക്കാലവധി. ഇന്നലെ സുപ്രീം കോടതി ഇതുസംബന്ധിച്ച അന്തിമ വിധി പുറത്തുവിടാനിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ മുകുള്‍ റസ്‌തോഗി ഇടപെട്ട് ഒരാഴ്ചത്തേക്ക് വിധി പുറപ്പെടുവിക്കുന്നത് നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ്.
കാളയുടെ മുതുകിലോ കൊമ്പിലോ കെട്ടിവെക്കുന്ന സ്വര്‍ണക്കിഴിയോ പണക്കിഴിയോ (ജെല്ലിക്കെട്ട്) അതിനെ ഓടിച്ച് കായികമായി കീഴ്‌പെടുത്തുന്നയാള്‍ക്ക് സ്വന്തമാക്കാം എന്നതായിരുന്നു ഈ കായിക വിനോദത്തിന്റെ പ്രത്യേകത. നിരവധിയാളുകള്‍ ഈ വിനോദം ആസ്വദിക്കാനെത്തുന്നു. മനുഷ്യന്റെ ചരിത്രത്തിലെല്ലാം ഇത്തരം പൗരുഷത്തെ അളക്കുന്ന ഒട്ടനവധി വിനോദങ്ങളുണ്ട്. അതിനെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വിളിക്കുന്നതില്‍ അതുകൊണ്ടുതന്നെ തെറ്റുമില്ല. 2009ലാണ് ജെല്ലിക്കെട്ടിന് അനുമതി നല്‍കുംവിധത്തില്‍ മൃഗ പീഡന നിരോധന നിയമത്തില്‍ ഭേദഗതിയോടെ തമിഴ്‌നാട് നിയമസഭ നിയമം പാസാക്കിയത്. ഇതടക്കമുള്ള എല്ലാ നിയമങ്ങളും കേന്ദ്ര ഉത്തരവുകളും 2014 മെയ് ഏഴിന് സുപ്രീംകോടതി റദ്ദാക്കി.
തമിഴ്‌നാട്ടില്‍ കൃഷി വിളവെടുപ്പിനോടനുബന്ധിച്ച് ആഘോഷിക്കുന്ന മാട്ടുപ്പൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് നിറയെ ഭക്ഷണം നല്‍കിയൊരുക്കുന്നു. എന്നാല്‍ വലിയ തോതിലുള്ള പീഡനമാണ് കാളകള്‍ക്ക് ഇക്കാലത്ത് നേരിടേണ്ടിവരുന്നതെന്ന് ഈ വിനോദം കാണുന്ന ഏതൊരാള്‍ക്കും പ്രഥമ ദൃഷ്ട്യാ ബോധ്യമാകും. ചെറിയ വിടവിലൂടെ മൈതാനത്തേക്ക് കടത്തിവിടുന്ന കാള കാട്ടിക്കൂട്ടുന്ന പരാക്രമവും അതിനു പിന്നാലെ ഓടുന്ന യുവാക്കളും കണ്ണറയ്ക്കുന്ന പീഡനപര്‍വമാണ് സമ്മാനിക്കുന്നത്. ഇതുമൂലം കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തെ കണക്കില്‍ മാത്രം നൂറോളം പേര്‍ മരിക്കുകയും പതിനായിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മൃഗങ്ങളും കൊല്ലപ്പെടുന്നു.
ലക്ഷക്കണക്കിന് വരുന്ന തമിഴ് ജനത കക്ഷിഭേദമില്ലാതെ, അഭിഭാഷകരും കര്‍ഷകരും യുവാക്കളും കലാ സിനിമാ പ്രവര്‍ത്തകരുമെല്ലാം ഒറ്റക്കെട്ടായി ജെല്ലിക്കെട്ട് വേണമെന്നു വാശിപിടിക്കുമ്പോള്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് മുഖംതിരിഞ്ഞു നില്‍ക്കാനാവില്ല. കോടതിയുടെ നിഗമനങ്ങളെയും സര്‍ക്കാരുകളുടെ നിയമങ്ങളെയും സ്വാധീനിക്കാന്‍ ഈ പ്രക്ഷോഭം കാരണമാകും. വിനോദവും മൃഗ പീഡനവും ഒരുമിച്ച് പോകാനാകില്ല എന്നിടത്താണ് പ്രശ്‌നത്തിന്റെ കാതല്‍ കിടക്കുന്നത്. ജെല്ലിക്കെട്ട് അനുവദിക്കുമ്പോള്‍ മൃഗ പീഡനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തലായിരിക്കും കരണീയമായിട്ടുള്ളത്. നിരവധി സാംസ്‌കാരികവും മതപരവുമായ ആചാരങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരുകളും കോടതികളും സ്വീകരിച്ചിട്ടുള്ള നിയമങ്ങള്‍ വിവാദ വിധേയമായിട്ടുണ്ടെങ്കിലും എല്ലാത്തിനും മുകളില്‍ ജനഹിതം പ്രാപ്യമാകുക എന്നതാണ് സുപ്രധാനം. അതേസമയം മൃഗ പീഡന നിരോധന നിയമത്തെ പരിഹസിക്കുന്നതാവരുത് ജെല്ലിക്കെട്ടിനനുകൂലമായ നിയമം. മൃഗപീഡനം എന്നത് പലപ്പോഴും ആപേക്ഷികമാണ്. കാളകളെ വണ്ടിയില്‍ പൂട്ടുക, ഉഴുതുക, ആനകളെ പ്രദര്‍ശിപ്പിക്കുക, ഭക്ഷണത്തിനായി അറുക്കുക തുടങ്ങി പശുവിന്റെ കിടാവിന് അവകാശപ്പെട്ട പാല്‍ കറന്നെടുക്കുന്നതുപോലും പല തരത്തില്‍ നോക്കിയാല്‍ പീഡനം തന്നെ. കാലികളെ കൂട്ടത്തോടെ തിക്കിഞെരുക്കി വാഹനങ്ങളില്‍ കടത്തുന്നതിനെതിരെ അടുത്തിടെ തമിഴ്‌നാട്ടില്‍ തന്നെ വലിയ തോതിലുള്ള പ്രതിഷേധവും നിയമ നടപടികളുമുണ്ടായത് ഓര്‍ക്കുക.
മൃഗ പീഡന നിരോധന നിയമം ഭേദഗതി ചെയ്തുള്ള ഒരു ഓര്‍ഡിനന്‍സിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം പ്രധാന മന്ത്രിയെ സന്ദര്‍ശിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഇന്നലെ വ്യക്തമാക്കിയത് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയാണെന്നും സമരം അവസാനിപ്പിക്കണമെന്നുമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിന്‍സ് നിയമമാകാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണ വേണം. അവരത് രാഷ്ട്രപതിയുടെ സമ്മതത്തോടെ സംസ്ഥാന ഗവര്‍ണര്‍ക്ക് തിരിച്ചയക്കുകയാണ് ചെയ്യുക. അങ്ങനെ നടന്നാല്‍ രണ്ടുദിവസത്തിനകം ജെല്ലിക്കെട്ട് നടത്താനാവും. അതേസമയം ഒരാഴ്ച കഴിഞ്ഞ് വരുന്ന സുപ്രീം കോടതി വിധി ഓര്‍ഡിനന്‍സിനെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം. കോടതി വിധികളെ സര്‍ക്കാരുകള്‍ക്കും നിയമ നിര്‍മാണ സഭകള്‍ക്കും ഓര്‍ഡിനന്‍സിലൂടെയും പുതിയ നിയമങ്ങളിലൂടെയും മറികടക്കാനാകുമെങ്കിലും അടിസ്ഥാനപരമായ ഭരണഘടനാതത്വങ്ങളുടെ വിപരീതമായി ഒരു നിയമവും നിലനില്‍ക്കില്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. 1960ലെ മൃഗ പീഡന നിരോധന നിയമത്തിന് 1982ലും 2001ലും ഭേദഗതികളുണ്ടായെങ്കിലും ഇന്നും ഈ നിയമം കര്‍ക്കശമാണ്. ആധുനിക സമൂഹം ലാഭാധിഷ്ഠിതമാകുമ്പോള്‍ തന്നെ മൃഗ സ്‌നേഹികളുടെ എണ്ണവും വര്‍ധിച്ചു വരുന്നതായാണ് അനുഭവം. 2011ല്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടെങ്കിലും സുപ്രീം കോടതി അനുമതി നിഷേധിക്കുകയായിരുന്നു. 1991ലാണ് കുരങ്ങ്, സിംഹം, പുലി, കടുവ, നായ തുടങ്ങിയവയെ പ്രദര്‍ശിപ്പിക്കരുതെന്ന് പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത്. 2011ല്‍ കാളകളെയും ഈ പട്ടികയില്‍ ഉള്‍പെടുത്തുകയായിരുന്നു. ഏതായാലും തമിഴ്‌നാട് ജനത പ്രശ്‌നത്തില്‍ അക്രമങ്ങള്‍ക്കൊന്നും ഒരുമ്പെട്ടില്ല എന്നത് ശുഭ സൂചനയാണ്. കമല്‍ഹാസന്‍, രജനീകാന്ത്, എ.ആര്‍ റഹ്മാന്‍ എന്നിവരും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും മറ്റും നേതൃത്വം നല്‍കുന്ന പ്രക്ഷോഭം അറുപതുകളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ ഓര്‍മിപ്പിക്കുന്നു. എന്തുവന്നാലും തമിഴ് വികാരം കൂടി ഉള്‍ക്കൊണ്ടുകൊണ്ടല്ലാതെ രാജ്യത്തിന് മുന്നോട്ടുപോകാനാകില്ലെന്നതാണ് യാഥാര്‍ഥ്യം.
- 8 years ago
chandrika
Categories:
Video Stories