X

എന്‍.ഐ.എയെ കയറൂരി വിടുമ്പോള്‍


അധികാരം ദുഷിപ്പിക്കും; അമിതാധികാരം അമിതമായി ദുഷിപ്പിക്കുമെന്നാണ് ആപ്തവാക്യം. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ടാണ് ഇത് ഏറെപ്രസക്തം. തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ പതിനേഴാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കുന്ന പല നിയമ ഭേദഗതികളും ഭരണകക്ഷിയുടെ തീവ്ര ഹിന്ദുത്വ വര്‍ഗീയതയുടെ അജണ്ടക്കൊപ്പിച്ചുള്ളതാണ്. അതിലൊന്നാണ് ജൂലൈ എട്ടിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്റെഡ്ഡി അവതരിപ്പിച്ച് തിങ്കളാഴ്ച ലോക്‌സഭ പാസാക്കിയ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നിയമ ഭേദഗതിബില്‍-2019. രാഷ്ട്രത്തിന്റെ അഖണ്ഡതക്കും മതേതര സ്വഭാവത്തിനും, പൗരന്മാരുടെ വിശിഷ്യാമതന്യൂനപക്ഷങ്ങളുടെ, മൗലികാവകാശങ്ങള്‍ക്കും അഭൂതപൂര്‍വമായ തിക്തഫലങ്ങള്‍ ഉളവാക്കുമെന്ന ഭീതിയാണ് ഇത് പൊതുവില്‍ ഉയര്‍ത്തിയിരിക്കുന്നത്.
സ്വാഭാവികമായും 66 നെതിരെ 278 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. രാജ്യസഭ കടന്നാല്‍ ബില്‍ നിയമമാകും. രാജ്യത്തെ ഏതൊരിടത്തും വിദേശത്തും ഇന്ത്യയുമായി ബന്ധപ്പെട്ട ഭീകരപ്രവര്‍ത്തനത്തിനുപുറമെ മനുഷ്യക്കടത്ത്, സൈബര്‍ കേസുകള്‍ എന്നിവയും ഇനി എന്‍.ഐ.എക്ക് അന്വേഷിക്കാം. പൊലീസ് ഉദ്യോഗസ്ഥരുടെ അതേ അധികാരമാണ് ഇനി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുക. അന്വേഷണ പരിധി വ്യക്തികളിലേക്കുകൂടി വ്യാപിപ്പിക്കും. സംസ്ഥാനങ്ങളുടെ നിലവിലെ അധികാര പരിധിയില്‍ കടന്നുകയറാനാണ് കേന്ദ്ര ശ്രമമെന്ന് വ്യക്തം. സംസ്ഥാനത്ത് ഓരോഎന്‍.ഐ.എ കോടതിയും ബില്‍ വിഭാവന ചെയ്യുന്നു. ഏതൊരു വ്യക്തിയെയും ഭീകരവാദം ആരോപിച്ച് അനിശ്ചിത കാലത്തേക്ക് തുറുങ്കിലടക്കാന്‍ എന്‍.ഐ.എക്ക് സൗകര്യം നല്‍കുന്ന വ്യവസ്ഥകള്‍ നിലവില്‍തന്നെ എന്‍.ഐ.എയുടെ ചട്ടങ്ങളിലുണ്ട്. ബില്‍ നിയമമായാല്‍ രാജ്യത്തെ അത് പൊലീസ് രാജിലേക്ക് നയിക്കുമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ഉന്നയിക്കുന്ന പരാതി. മോദിയെയും അമിത്ഷായെയുംപോലെ ന്യൂനപക്ഷ വേട്ടക്ക് പേരു കേട്ടവര്‍ രാജ്യത്തിന്റെ ക്രമസമാധാനച്ചുമതലകള്‍ ഏറ്റെടുത്തിരിക്കുമ്പോള്‍ വിശേഷിച്ചും. അമിത്ഷാ ആഭ്യന്തര വകുപ്പ് ഏറ്റെടുത്തപ്പോള്‍ രാജ്യത്തുയര്‍ന്ന ആശങ്കകളെ ശരിവെക്കുന്നതാണ് പുതിയ ബില്‍. ഭീകരവാദത്തിന്റെ പേരു പറഞ്ഞ് ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ടവരെ ഇരുമ്പഴിക്കുള്ളിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ഭീകര വിരുദ്ധനിയമമായ ‘പോട്ട’ മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചത് ന്യൂനപക്ഷ വോട്ടുബാങ്കിനുവേണ്ടിയാണെന്ന അമിത്ഷായുടെ ചര്‍ച്ചാവേളയിലെ പ്രസ്താവന തന്നെയാണ് സര്‍ക്കാരിന്റെ ദുരുദ്ദേശ്യത്തെ തിരിഞ്ഞുകൊത്തുന്നത്.
മുംബൈ ആക്രമണത്തെതുടര്‍ന്ന് 2008ലാണ് കേന്ദ്രസര്‍ക്കാര്‍ ഭീകരവാദ കേസുകള്‍ക്കായി സി.ബി.ഐക്കു പുറമെ പുതിയൊരു ദേശീയതല അന്വേഷണഏജന്‍സിക്കുകൂടി രൂപം നല്‍കിയത്. പക്ഷേ മോദിയുടെ കാലത്ത് ഈ ഏജന്‍സി അന്വേഷിച്ച കേസുകളില്‍ മഹാഭൂരിപക്ഷവും ഹിന്ദുത്വ രാഷ്ട്രീയത്തിന് സഹായകരമാകുന്നതും മത ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതുമായിരുന്നു. ആര്‍.എസ്.എസ്സുകാരും ബി.ജെ.പിക്കാരും പങ്കെടുത്ത പല വര്‍ഗീയ കലാപങ്ങളിലും സ്‌ഫോടനക്കേസുകളിലും അവരെ രക്ഷിക്കുന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ എന്‍.ഐ.എ നല്‍കിതുമൂലം മലേഗാവ്, സംഝോത എക്‌സ്പ്രസ് തുടങ്ങിയ കേസുകളില്‍ പ്രതികള്‍ ജയിലില്‍നിന്ന് ഇറങ്ങിപ്പോയത് നാം കണ്ടതാണ്. മറിച്ച് ബംഗളൂരു സ്‌ഫോടനക്കേസ്, ഡോ. സാക്കിര്‍നായിക്കിനെതിരായ കേസ് തുടങ്ങിയവയില്‍ മറ്റൊരു രീതിയും കണ്ടുകൊണ്ടിരിക്കുന്നു. മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞസിംഗ് താക്കൂറിനെതിരെ തെളിവില്ലെന്നു പറഞ്ഞവരാണ് ഈ ഏജന്‍സി. ടാഡ, പോട്ട പോലുള്ള നിയമങ്ങള്‍ക്കെതിരെ അന്നുതന്നെ പൗരാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെങ്കിലും പ്രധാനമന്ത്രിമാരുടെയും സാധാരണക്കാരുടെയുംവരെ ജീവന്‍ കവരുന്ന ഭീകരരുടെ ചെയ്തികള്‍ ഇല്ലാതാക്കാന്‍ ഇത്തരം നിയമങ്ങള്‍ അനിവാര്യമാണെന്ന നിലപാടിലായിരുന്നു ഭരണകൂടം. നിലവിലെ യു.എ.പി.എക്കെതിരെയും വ്യാപകമായി ദുരുപയോഗിക്കുന്നുവെന്ന പരാതികളാണ് ലഭിക്കുന്നത്. കരിനിയമങ്ങള്‍മൂലം ചില ഉന്നതോദ്യോഗസ്ഥരുടെ വര്‍ഗീയവും ജാതീയവുമായ മുന്‍വിധികള്‍ക്കിരായക്കപ്പെട്ട് എത്രയോ നിരപരാധികള്‍ ക്രൂരപീഡനത്തിനിരയായി ഇന്നും ജയിലുകളില്‍ കഴിയുന്നു. ജാമ്യമില്ലാതെയും ചോദ്യം ചെയ്യലില്ലാതെയും അന്വേഷണം നടക്കുന്നുവെന്നതിന്റെ പേരില്‍ തുറുങ്കുകളില്‍ അടക്കപ്പെട്ടിരിക്കുന്നു. ഇതില്‍ ബഹുഭൂരിപക്ഷവും മുസ്‌ലികളാണ്. ഭീകരവാദമോ ഏതെങ്കിലും നിയമവിരുദ്ധ പ്രവൃത്തിയോ ചെയ്യുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുക്കണമെന്നത് പൊതുസമൂഹത്തിന്റെ സ്വച്ഛമായ നിലനില്‍പ്പിന് അനിവാര്യമാണെന്നത് അംഗീകരിക്കുമ്പോഴും ചെയ്യാത്ത കുറ്റത്തിന് വര്‍ഷങ്ങളോളം മൗലിക സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെടുക എന്നത് പരിഷ്‌കൃത ലോകത്തിന് അംഗീകരിച്ചുകൊടുക്കാനാവില്ല. രണ്ടുതരം നിയമമാണ് രാജ്യത്തിപ്പോള്‍ നടപ്പാക്കപ്പെടുന്നത്. പശുവിന്റെയും മറ്റുംപേരില്‍ ഭരണകൂടം മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്കെതിരെ വംശീയമായ അതിക്രമങ്ങളാണ് രാജ്യത്താകെ നടത്തിക്കൊണ്ടിരിക്കുന്നത്. അവരെ ‘ജയ്ശ്രീറാം’ വിളിക്കാനാവശ്യപ്പെട്ട് തല്ലിക്കൊല്ലുന്നു. കൊല്ലപ്പെടുന്ന ഇരകള്‍ക്കെതിരെ ചെലുത്തുന്നത് ഗോഹത്യാകേസുകളും!
2017 മുതല്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമമാണ് ഇപ്പോള്‍ ബില്ലിലൂടെ സാക്ഷാല്‍കരിക്കപ്പെട്ടിക്കുന്നത്. ബില്‍ മതപരമായി ദുരുപയോഗം ചെയ്യില്ലെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കൊണ്ട് അമിത്ഷാ പറഞ്ഞെങ്കിലും സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. ബില്ലിന്മേല്‍ സംസാരിച്ച മുസ്‌ലിംലീഗിലെ ഇ.ടി മുഹമ്മദ്ബഷീറും ഹൈദരാബാദിലെ അസദുദ്ദീന്‍ ഉവൈസിയും കോണ്‍ഗ്രസ്, തൃണമൂല്‍, എസ്.പി, ബി.എസ്.പി അംഗങ്ങളും പങ്കുവെച്ച വികാരം രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടേതാണ്. എന്നാല്‍ ഇതിനെപോലും കാലുഷ്യത്തോടെ നേരിട്ട അമിതാധികാരിയുടെ സ്വരമാണ് അമിത്ഷായുടെ പ്രതികരണത്തിലൂടെ ലോക്‌സഭ കണ്ടത്. ഉവൈസിയുടെനേരെ വിരല്‍ചൂണ്ടിയ ഷാക്കെതിരെ ‘തന്നെ പേടിപ്പിക്കേണ്ടെ’ന്ന് പറഞ്ഞതിനെ ഷാ നേരിട്ടത് ‘താങ്കള്‍ പേടിച്ചാല്‍ ഞാനെന്തുചെയ്യു’മെന്ന് പറഞ്ഞായിരുന്നു. ഭയപ്പെടുത്തി കീഴ്‌പെടുത്തുക എന്ന ആര്‍.എസ്.എസ് തന്ത്രമാണ് ഷായുടെ ഈ പ്രസ്താവനയിലുള്ളത്. മറ്റൊന്നല്ല പുതിയ ബില്ലിലൂടെ ആര്‍.എസ്.എസ് ഉന്നംവെക്കുന്നതും.

web desk 1: