ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് (ഐ.എ.എസ്) സമാനമായി കേരളത്തിലെ അതിനുതൊട്ടുതാഴെയുള്ള തസ്തികകളെ പ്രത്യേക വിഭാഗമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന സംവരണ വിവാദം ബുധനാഴ്ചയോടെ ഏതാണ്ട് കെട്ടടങ്ങിയിരിക്കുകയാണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ് ) എന്ന പേരിലായിരുന്നു പുതിയ സംവിധാനം. ഭരണനിര്‍വഹണം ഇതുമൂലം ഇപ്പോഴത്തേതിലും കാര്യക്ഷമമാക്കാന്‍ കഴിയുമെന്നായിരുന്നു ഇടതുമുന്നണിയും സര്‍ക്കാരും പറഞ്ഞ ന്യായം. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ ഉന്നതകുലജാതരെയും വേണ്ടപ്പെട്ടവരെയും പിന്‍വാതിലിലൂടെ കുടിയിരുത്താനുള്ള കുതന്ത്രമാണ് അണിയറയില്‍ അരങ്ങേറിയതെന്ന് അധികംവൈകാതെ കയ്യോടെ കണ്ടുപിടിക്കപ്പെടുകയായിരുന്നു. നീണ്ട സമരങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവില്‍ സംവരണം പൂര്‍ണമായും പാലിച്ച് കെ.എ.എസ് നടപ്പാക്കാനാണ് കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. പിന്നാക്ക-ന്യൂനപക്ഷ-അധ:സ്ഥിത വിഭാഗങ്ങള്‍ക്കും സംഘടനകള്‍ക്കും പൊതുസമൂഹത്തിനും ഇതെന്തുകൊണ്ടും അഭിമാനകരവും നിര്‍ണായകവുമായ വിജയമാണെന്ന കാര്യത്തില്‍ സംശയമില്ല.
2017 ഒക്ടോബറിലാണ് കെ.എ.എസ്സിനെക്കുറിച്ച് പി.എസ്.സിയില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഇതനുസരിച്ച് കെ.എ.എസ്സിനെ മൂന്നു തട്ടുകളായാണ് വിഭാവന ചെയ്തത്. ഐ.എ.എസ്‌പോലെ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് നേരിട്ട് പരീക്ഷയും അഭിമുഖവുംവഴി നിയമിക്കുകയാണ് അതിലൊന്ന്. രണ്ടാമത്തേത്, സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് താല്‍പര്യമുള്ളവരെ നിശ്ചിതയോഗ്യതപ്രകാരം തെരഞ്ഞെടുത്ത് നിയമിക്കുക. മൂന്നാമതായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരിലെ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള നിയമനം. മൂന്നില്‍ ആദ്യത്തേതില്‍മാത്രം ഭരണഘടനാപരമായ സംവരണ വ്യവസ്ഥകള്‍ പാലിക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. മുന്‍ചീഫ്‌സെക്രട്ടറി എസ്.എം വിജയാനന്ദ് അധ്യക്ഷനായ സമിതിയാണ് ഇത്തരമൊരു വിതണ്ഡ തീരുമാനം ശിപാര്‍ശ ചെയ്ത്. രണ്ടു സ്ട്രീമുകളില്‍ സംവരണം വേണ്ടെന്നും ‘ശേഷിയുള്ളവര്‍’ മതിയെന്നുമായിരുന്നു ഇതിനുള്ള ന്യായം. ശിപാര്‍ശ അപ്പാടെ അംഗീകരിക്കാനാണ് നിര്‍ഭാഗ്യവശാല്‍ ഇടതു സര്‍ക്കാര്‍ തയ്യാറായത്. തീരുമാനം അതേപടി നടപ്പായാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസിലുള്ള നിരവധി പിന്നാക്ക-ന്യൂനപക്ഷ, പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ ഉന്നത തസ്തികകളില്‍നിന്ന് അകറ്റപ്പെടുകയാകും ഫലമെന്ന് അറിയുന്നത് പിന്നാമ്പുറങ്ങളില്‍നടന്ന ചില അടക്കിപ്പിടിച്ച പരിദേവനങ്ങളിലും ചര്‍ച്ചകളിലൂടെയുമായിരുന്നു. വിഷയം അറിഞ്ഞപാടെ 2107 നവംബര്‍ 24ന് ചന്ദ്രിക അതിന്റെ പിന്നാക്ക-ന്യൂനപക്ഷ അധ:സ്ഥിത വിഭാഗങ്ങളോടുള്ള ചിരകാലപ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് പ്രശ്‌നം ഉന്നത ഭരണാധികാരികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയില്‍കൊണ്ടുവരുന്നതിന് സന്നദ്ധമായി. ചന്ദ്രികയില്‍ പ്രധാനതലക്കെട്ടായി വന്ന ‘കെ.എ.എസ്സില്‍ സംവരണ അട്ടിമറി’ എന്ന വാര്‍ത്ത സംസ്ഥാനത്ത് പൊതുവിലും പിന്നാക്ക ന്യൂനപക്ഷ പട്ടിക വിഭാഗക്കാര്‍ക്കിടയില്‍ പ്രത്യേകിച്ചും കൂട്ടായ ചര്‍ച്ചക്ക് കളമൊരുക്കി. മുസ്‌ലിംലീഗ് നേതൃത്വം പ്രശ്‌നത്തില്‍ പൊടുന്നനെ ഇടപെട്ടു. പിന്നാക്ക വിഭാഗങ്ങളെയും പട്ടിക വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടനകളെ കൂട്ടിയോജിപ്പിച്ച് വന്‍ പ്രതിഷേധ സമരത്തിന് പാര്‍ട്ടി മുന്നിട്ടിറങ്ങി. സെക്രട്ടറിയേറ്റ് നടയിലും സംസ്ഥാനത്തൊട്ടാകെയും നടന്ന സമരങ്ങള്‍ അധികാരികളില്‍ നേരിയ ഇളക്കംതട്ടിച്ചു. ആദ്യമൊക്കെ മുഖ്യമന്ത്രിയും സര്‍ക്കാരും സി.പി.എമ്മും പ്രശ്‌നത്തോടും സമരമുഖത്തോടും മുഖംതിരിഞ്ഞ് നില്‍ക്കുകയും എന്തുവന്നാലും മുന്‍തീരുമാനവുമായി മുന്നോട്ടുപോകുകയും ചെയ്യുമെന്ന് ആവര്‍ത്തിച്ചെങ്കിലും പതുക്കെപ്പതുക്കെ അവര്‍ക്ക് അയയാതെ നിവൃത്തിയില്ലെന്നായി. നൂറോളംവാര്‍ത്തകളും മുഖപ്രസംഗങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട് ചന്ദ്രിക തുടര്‍ച്ചയായി ഒന്നരവര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചത്. ഇത് പിന്നാക്കവിഭാഗങ്ങളിലും ദുര്‍ബല വിഭാഗങ്ങളിലും സവിശേഷമായ ആത്മവിശ്വാസം ഉണര്‍ത്തുന്നതിന് കാരണമായെന്ന് പറയേണ്ടതില്ല. നിയമസഭയിലും പ്രശ്‌നം മുസ്‌ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും ശക്തമായ പ്രതിഷേധത്തിനിരയായി. ന്യൂനപക്ഷ-പട്ടിക വിഭാഗ കമ്മീഷനുകളും വിഷയത്തില്‍ സര്‍ക്കാരിന് കത്തെഴുതി. മുസ്്‌ലിംലീഗും ചന്ദ്രികയും ഉയര്‍ത്തിപ്പിടിച്ച അതിന്റെ അനിഷേധ്യമായ നയസമീപനമാണ് ഇതിലൂടെ വിജയം കണ്ടത്. നീണ്ടനാളത്തെ ഇടവേളക്കുശേഷമാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ തങ്ങളുടെ സംവരണവിരുദ്ധ തീരുമാനത്തില്‍നിന്ന് പുറത്തുവന്നിരിക്കുന്നത്. മൂന്ന് സ്ട്രീമിലും ഭരണഘടനാപരമായ സംവരണം നടപ്പാക്കുമെന്ന മന്ത്രിസഭായോഗം തീരുമാനം പബ്ലിക് സര്‍വീസ് കമ്മീഷനെ അറിയിച്ച് കെ.എ.എസ് നിയമത്തിന് വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് ചെയ്യാനുള്ളത്.
ഇത്തരമൊരു പ്രതിഷേധമോ സംവരണമോ ഇല്ലായിരുന്നുവെങ്കില്‍ ഉണ്ടാകാവുന്ന സാമൂഹിക നീതിയുടെ നിരാസമാണ് സത്യത്തില്‍ ഇപ്പോള്‍ എല്ലാവരെയും ആകുലപ്പെടുത്തേണ്ടത്. സംവരണത്തെ അതിന്റെ ആശയാരംഭം മുതല്‍തന്നെ ശക്തിയായി എതിര്‍ത്തവരാണ് തുല്യതക്കുവേണ്ടി നിലകൊള്ളുന്നവരെന്ന് അഭിമാനിക്കുന്ന കമ്യൂണിസ്റ്റുകള്‍. എന്നാല്‍ സമൂഹത്തിലെ ജാതീയമായ ഉന്നതകുലജാതരുടെ ഉച്ഛിഷ്ടം ഭക്ഷിച്ച്് നൂറ്റാണ്ടുകളായി അടിമത്തത്തിന്റെ തടവറയില്‍ കഴിഞ്ഞ ജനവിഭാഗങ്ങളെ സംബന്ധിച്ച് അവര്‍ തെരഞ്ഞെടുക്കുന്ന ഭരണസംവിധാനത്തില്‍ മതിയായ പങ്കാളിത്തം ലഭിക്കണമെങ്കില്‍ സംവരണം വേണമെന്ന് ശക്തിയായി വാദിച്ചത് ഭരണഘടനാശില്‍പി ഡോ.ബി.ആര്‍ അംബേദ്കറെപോലുള്ളവരായിരുന്നു. മുസ്‌ലിംലീഗിന്റെ നിലപാടും ഭരണഘടനാനിര്‍മാണ സഭതൊട്ട് മറിച്ചായിരുന്നില്ല. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനയുടെയും ഏഴു പതിറ്റാണ്ടിനുശേഷവും നമ്മില്‍ പലര്‍ക്കും കഴിയുന്നില്ലെന്നതാണ് ഇടതുമുന്നണിയുടെ മുന്‍തീരുമാനത്തിലൂടെ കേരളം കണ്ടത്. സാമുദായിക സംവരണമല്ല, സാമ്പത്തികസംവരണമാണ് വേണ്ടതെന്നും സംവരണം തന്നെ അപ്രസക്തമാണെന്നും ഇന്നും ഉറക്കെപ്രഖ്യാപിക്കുന്നവരും ആര്‍.എസ്.എസ് അടങ്ങുന്ന സംവരണ വിരോധികളാണ്. ഇതിന്റെ ഭാഗമായാണ് സംവരണ വിരുദ്ധ ലോബി ഇടതുപക്ഷത്തിന്റെ ഒത്താശയോടെ കെ.എ.എസ്സ് സംവരണത്തിന് ഇടങ്കോലിട്ടത്. ഏതായാലും ഭരണഘടനാദത്തമായ അനിവാര്യതക്കും പിന്നാക്ക ന്യൂനപക്ഷ അധ:സ്ഥിത ജനവിഭാഗങ്ങളുടെ രോഷത്തിനുംമുന്നില്‍ ഇക്കൂട്ടര്‍ക്ക് മുട്ടുമടക്കേണ്ടിവന്നിരിക്കുകയാണ്. കടുകുമണിയുടെപോലും അന്യസമുദായത്തിന്റെ അവകാശത്തിലെ മുടിനാരിഴപോലും വേണ്ടെന്നും എന്നാല്‍ തന്റെ സമുദായത്തിന്റെ അവകാശങ്ങള്‍ അണുമണിത്തൂക്കം പോലും വിട്ടുകൊടുക്കില്ലെന്നുമുള്ള മുന്‍മുഖ്യമന്ത്രി സി.എച്ചിന്റെ വാക്കുകള്‍ ഇവിടെ നിറവേറ്റപ്പെട്ടിരിക്കുന്നു. മുസ്്‌ലിംലീഗിനും ചന്ദ്രികക്കും മാത്രമല്ല, ദുര്‍ബലാഭിമുഖ്യമുള്ള ഏതൊരാള്‍ക്കും ഈ വിജയത്തില്‍ അഭിമാനിക്കാം.
- 5 years ago
web desk 1
Categories:
Video Stories
കെ.എ.എസ് സംവരണം സമരം വിജയിക്കുമ്പോള്‍
Tags: editorial
Related Post