X

സ്വേച്ഛാധിപത്യത്തിന്റെ ബി.ജെ.പി വഴി


കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ നിയമസഭാതെരഞ്ഞെടുപ്പു നടന്ന കര്‍ണാടകയിലെ കുതികാല്‍വെട്ടും കുതിരക്കച്ചവടവും അവിടവുംകടന്ന് തൊട്ടടുത്ത മഹാരാഷ്ട്രയിലേക്കുവരെ എത്തിയിരിക്കുന്നു. ത്രികോണ മല്‍സരം നടന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെയും ജനതാദളി(എസ്)ന്റെയും നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെയാണ് സംസ്ഥാനം ഭരിക്കാന്‍ ബി.ജെ.പിതന്നെ നിയോഗിച്ച ഗവര്‍ണര്‍ ക്ഷണിച്ചതും സഖ്യസര്‍ക്കാര്‍ രൂപവല്‍കരിക്കപ്പെട്ടതും. 224 അംഗനിയമസഭയില്‍ 80 സീറ്റുള്ള കോണ്‍ഗ്രസ് 37 സീറ്റുള്ള ജനതാദളിന് മുഖ്യമന്ത്രിക്കസേര കൈമാറിയത് വര്‍ഗീയ കക്ഷിയായ ബി.ജെ.പിയെ ഏതുവിധേനയും അധികാരത്തില്‍നിന്നകറ്റുകയെന്ന ത്യാഗോജ്ജ്വലമായ ലക്ഷ്യംവെച്ചായിരുന്നു. മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ പുത്രന്‍ എച്ച്.ഡി കുമാരസ്വാമിയുടെ സഖ്യസര്‍ക്കാര്‍ രണ്ടു സ്വതന്ത്രരുടെയടക്കം 120 അംഗങ്ങളുടെ പിന്തുണയോടെയാണ് രൂപീകൃതമായത്. ബി.ജെ.പിയും മോദി സര്‍ക്കാരും കിണഞ്ഞു പരിശ്രമിച്ചിട്ടും സ്വന്തം സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കഴിയാതെ വന്നതിനെതുടര്‍ന്നായിരുന്നു അത്. എന്നാല്‍ രണ്ടാമതും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ കര്‍’നാടകം’ ആവര്‍ത്തിക്കുകയാണ് ബി.ജെ.പി. ഇത്രയും ദിവസം കളിച്ച മറവില്‍നിന്ന് പുറത്തുവന്നിരിക്കുകയാണ് സര്‍ക്കാര്‍ രൂപീകരണ ആവശ്യത്തിലൂടെ അവര്‍.
ജൂലൈ ആറിനാണ് കോണ്‍ഗ്രസിലെയും ജനതാദളിലെയും ഏതാനും എം.എല്‍.എമാര്‍ രാജിവെച്ച വാര്‍ത്ത വരുന്നത്. കോണ്‍ഗ്രസിലെ 11 പേരും ജനതാദളിലെ മൂന്നു പേരുമാണ് വിമതസ്വരം ഉയര്‍ത്തിയതെങ്കിലും പത്തു പേര്‍ മാത്രമാണ് പരസ്യമായി രംഗത്തുവന്നത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാകക്ഷിയോഗത്തില്‍ പാര്‍ട്ടിയിലെ 104 പേരും പങ്കെടുക്കുകയുണ്ടായി. അതേസമയം വിമതരെ ബി.ജെ.പി മുംബൈയിലേക്ക് കൊണ്ടുപോയി. ഇന്നലെ ഇവരുമായി ചര്‍ച്ച നടത്താന്‍ മുംബൈയിലെ ഹോട്ടലിലേക്ക് ചെന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ കോണ്‍ഗ്രസ ്പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ അവഗണിച്ച് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. മുംബൈ കോണ്‍ഗ്രസ്അധ്യക്ഷന്‍ മിലിന്ദ്‌ദേവ്‌റയെയും പൊലീസ് പിടിച്ചുകൊണ്ടുപോയി. വിമതരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍മാത്രം എന്ത് ക്രമസമാധാന പ്രശ്‌നമാണുണ്ടായത്. ഏതൊരു ഇന്ത്യന്‍ പൗരനും രാജ്യത്ത് ഏതൊരു സ്ഥലത്തും കടന്നുചെല്ലാമെന്നിരിക്കെ ശിവകുമാറിനെയും ദേവ്‌റയെയും കസ്റ്റഡിയിലെടുത്ത പൊലീസിന്റെ നടപടി മൗലികാവകാശ ധ്വംസനവും മനുഷ്യാവകാശ നിഷേധവുമാണ്. ഹോട്ടലിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നതിനെ ബി.ജെ.പി ഭയക്കുന്നതെന്തുകൊണ്ടാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് വിമത എം.എല്‍.എമാര്‍ താമസിക്കുന്നതെങ്കില്‍ അവര്‍ക്ക് അവരുടെ നേതാക്കളെ കാണാനുള്ള അവകാശം എന്തിന് തടയപ്പെടണം. ജനാധിപത്യത്തെ ഇവ്വിധം ഞെക്കിക്കൊല്ലാന്‍ പൊലീസിനും ഫട്‌നാവിസ് സര്‍ക്കാരിനും ധൈര്യം കിട്ടിയത് രാജ്യം ഭരിക്കുന്ന സ്വന്തം ബോസുമാരുടെ ഒത്താശ കൊണ്ടാണെന്നത് തലപുകക്കേണ്ടതല്ല. ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ബംഗാളിലെ മമതാസര്‍ക്കാരിനെ മറിച്ചിടാന്‍ 44 തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞയാളാണ് രാജ്യം ഭരിക്കുന്നത്.
വിഷയത്തില്‍ ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ചവര്‍ ഇന്നലെ ഗവര്‍ണറെകണ്ട് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷം കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷമുണ്ടാക്കാന്‍ പണമെറിഞ്ഞ് പരിശ്രമിച്ചിട്ടും മതിയായ പിന്തുണ ലഭിക്കാതെ ഒരാഴ്ചക്കുശേഷം അവിശ്വാസ പ്രമേയത്തിനു തൊട്ടുമുമ്പ് നാണംകെട്ട് രാജിവെച്ചോടിയ യെദിയൂരപ്പയാണ് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നതെന്നത് കൗതുകകരമായിരിക്കുന്നു. കോടികളുടെ അഴിമതിയില്‍ കുരുങ്ങി തടവില്‍ കഴിഞ്ഞ നേതാവാണ് ബി.ജെ.പി ബാനറില്‍ വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും അട്ടംമുട്ടെ ചാടിയിട്ടും ഇക്കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍പോലും ജനം ഓടിച്ചുവിട്ട ബി.ജെ.പിയുടെ തെക്കിലെ അവസാനത്തെ പിടിവള്ളിയാണ് കര്‍ണാടക. ആന്ധ്രയിലും തെലങ്കാനയിലും അവിടുത്ത പ്രാദേശികക്ഷികളാണ് അധികാരത്തിലിരിക്കുന്നതെന്നതിനാല്‍ അമിത്ഷായുടെ ലക്ഷ്യം നടക്കാന്‍പോകുന്നില്ല. ഇതാണ് ഈ വെപ്രാളത്തിനുപിന്നില്‍.
13 എം.എല്‍.എമാര്‍ നിയമസഭാസ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയതില്‍ എട്ടെണ്ണം ശരിയായ രീതിയിലല്ലെന്നും പുതിയവ നല്‍കുകയോ നേരിട്ടുഹാജരാകുകയോ വേണമെന്നുമാണ് സ്പീക്കര്‍ രമേഷ്‌കുമാറിന്റെ നിലപാട്. ജനാധിപത്യത്തില്‍ സ്പീക്കര്‍ക്കാണ് സാമാജികരുടെമേല്‍ അധികാരമെന്നിരിക്കെ അദ്ദേഹത്തിന്റെ നടപടി സാധൂകിരക്കപ്പെടുന്നുണ്ട്. മറിച്ചാണെങ്കില്‍ സ്പീക്കര്‍ക്കെതിരെ പത്ത് എം.എല്‍.എമാര്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വിധിപറയട്ടെ. നാളെ നിയമസഭാസമ്മേളനം ചേരാനിരിക്കെ എം.എല്‍.എമാരെ അവരുടെ ഇഷ്ടത്തിനുവിടുകയാണ് ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും മുന്നിലുള്ള കരണീയമാര്‍ഗം. അതിനവര്‍ തയ്യാറാവില്ലെന്നാണ് റിസോര്‍ട്ട്‌രാഷ്ട്രീയം തരുന്ന സൂചന. തങ്ങളുടെ രാഷ്ട്രീയ മോഹങ്ങളെ തന്നെയാണ് ഇത് തല്ലിക്കെടുത്തുക എന്ന് ബി.ജെ.പി നേതൃത്വം തിരിച്ചറിയണം. രാഷ്ട്രപതി ഭരണമോ തെരഞ്ഞെടുപ്പോ ഏതായാലും ഇന്നത്തെ അവസ്ഥയില്‍ ബി.ജെ.പിക്ക് എതിരാകാനേ തരമുള്ളൂ. സംസ്ഥാനത്തുനിന്ന് ലോക്‌സഭയിലേക്ക് കിട്ടിയ 25 സീറ്റുകളുടെ ബലത്തിലാണ് ഈ കളിയെങ്കില്‍ അതിന് കര്‍ണാടക ജനത കനത്ത തിരിച്ചടി തരുമെന്നാണ് അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയിരത്തോളം വാര്‍ഡുകളില്‍ 509ലും കോണ്‍ഗ്രസ് നേടിയ ഗംഭീരവിജയം നല്‍കുന്ന സൂചന. പ്രതിപക്ഷകക്ഷികള്‍ ഭരണത്തിലുള്ള മധ്യപ്രദേശും ഛത്തീസ്ഗഡും ഡല്‍ഹിയും പശ്ചിമബംഗാളും പുതുച്ചേരിയും രാജസ്ഥാനുമൊക്കെ ഭീതിതമായ ഇന്ത്യയിലെ തിളങ്ങുന്ന ജനാധിപത്യ നക്ഷത്രങ്ങളാണ്. ജനാധിപത്യത്തില്‍ എതിര്‍ക്കാനും തെറ്റു ചൂണ്ടിക്കാനുമുള്ള അവകാശത്തെയാണ് മോദിയും കൂട്ടരും ചേര്‍ന്ന് കശാപ്പ് ചെയ്യുന്നത്. രാജ്യത്ത് ഒറ്റതെരഞ്ഞെടുപ്പിനെക്കുറിച്ച് ആവര്‍ത്തിച്ചാവശ്യപ്പെടുന്ന മോദിയുടെ സ്വപ്‌നത്തിന്റെ ഭാഗമാണ് ഈ ‘കര്‍നാടകം’. അഞ്ചു വര്‍ഷമാണ് നിയമനിര്‍മാണസഭകളുടെ കാലാവധി. ഇതിന് അനുവദിക്കുകയാണ് സാങ്കേതികമായും ധാര്‍മികമായും ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമ. എന്നാല്‍ തങ്ങള്‍ മാത്രമാണ് ഭരിക്കാന്‍ അര്‍ഹരെന്ന ധാര്‍ഷ്ട്യവും താന്തോന്നിത്തവുമാണ് ബി.ജെ.പിയെ ഇപ്പോള്‍ ഭരിക്കുന്നത്. ജനാധിപത്യ ഇന്ത്യ ഇതിന് മാപ്പുതരില്ല.

web desk 1: