X

തുഗ്ലക്കിന് പഠിക്കുന്ന പരിഷ്‌കാരികളോട്


സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ഒരു കുടക്കീഴിലാക്കാമെന്ന മൂഢ സങ്കല്‍പത്തിനാണ് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. പൊരുത്തക്കേടുകളുടെയും പരസ്പര വൈരുധ്യങ്ങളുടെയും പെരുംഭാണ്ഡക്കെട്ട് പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ പിരടിയിലിടാനുള്ള പിണറായി സര്‍ക്കാറിന്റെ ധാര്‍ഷ്ട്യത്തിന് വലിയ വില നല്‍കേണ്ടിവരും. തീരെ ഗൃഹപാഠമില്ലാതെ ഖാദര്‍ കമ്മീഷന്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്ക് അര്‍ധരാത്രി കുടപിടിക്കുന്ന അല്‍പന്മാരായി മന്ത്രിസഭ അധ:പതിച്ചത് അങ്ങേയറ്റത്തെ നാണക്കേടാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അക്കാദമികവും ഭരണപരവുമായ നിരവധി പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിയിക്കുന്ന റിപ്പോര്‍ട്ട് അറബിക്കടലിലേക്കു വലിച്ചെറിയുന്നതിനുപകരം പൂവിട്ടു പൂജിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ വ്യഗ്രതയില്‍ ലജ്ജിച്ചു തലതാഴ്ത്തുകയാണ് കേരളം. പൊതുവിദ്യാഭ്യാസ മേഖലയെ പുഷ്‌ക്കലമാക്കിയ നിരവധി പരിഷ്‌കാരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്ര അവധാനതയില്ലാത്ത റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെടുന്നത്. ആഴത്തില്‍ കഴമ്പില്ലാത്തതും അതിസാഹസങ്ങളുടെ സ്വപ്‌നരഥമേറിയും തയാറാക്കിയ റിപ്പോര്‍ട്ട് ആനക്കാര്യമായി ആഘോഷിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഗതിയോര്‍ത്ത് സാക്ഷാല്‍ തുഗ്ലക് പോലും നാണിച്ചു മൂക്കത്തു വിരല്‍വെക്കും.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള ആത്മാര്‍ത്ഥതയുടെ അടയാളമായി ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകാരത്തെ കാണാനാവില്ല. മറിച്ച്, രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി തിരക്കുപിടിച്ചു നടപ്പാക്കുന്ന തലതിരിഞ്ഞ പരിഷ്‌കാരമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. കൂടുതല്‍ പഠനത്തിനും വിശദമായ വിലയിരുത്തലിനും ആവശ്യമായ അവലോകനത്തിനുംശേഷം പ്രാബല്യത്തില്‍ വരുത്തേണ്ട പരിഷ്‌കാരമാണ് വളരെ ലാഘവത്തോടെ നടപ്പില്‍വരുത്തുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മാനദണ്ഡങ്ങളെ മുഴുവന്‍ കാറ്റില്‍പറത്തി, വിദ്യാര്‍ഥികളുടെ ബൗദ്ധിക വളര്‍ച്ചക്കു വിലങ്ങുതടിയാകുന്ന മണ്ടന്‍ പരിഷ്‌കാരത്തെ പിച്ചിച്ചീന്തി എറിയുകയായിരുന്നു വേണ്ടത്. കക്ഷി-രാഷ്ട്രീയ ഭേദമന്യെ അധ്യാപക-വിദ്യാര്‍ഥി സംഘടനകള്‍ ഒറ്റക്കെട്ടായി എതിര്‍പ്പുമായി രംഗത്തുവന്നിട്ടും ധിക്കാരത്തിന്റെ വടിയെടുത്തു വീശുകയാണ് പിണറായി സര്‍ക്കാര്‍. തെറ്റായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിലൂടെ പൊതുവിദ്യാഭ്യാസ മേഖലയെ എക്കാലവും പിറകോട്ടുവലിച്ച സി.പി.എമ്മില്‍നിന്നു ഇതിലും വലുത് പ്രതീക്ഷിക്കുന്നില്ല. സംഘടിതമായ പ്രതിഷേധത്തിന്റെ സത്തയറിഞ്ഞുകൊണ്ടെങ്കിലും ഖാദര്‍ കമ്മീഷന്റെ വൈരുധ്യങ്ങളെ തിരിച്ചറിയുമെന്നാണ് കരുതിയത്. എന്നാല്‍ താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പെന്ന കാര്‍ക്കശ്യത്തില്‍ മന്ത്രിസഭ ചരിത്രത്തിലെ വലിയ തെറ്റ് വീണ്ടും ആവര്‍ത്തിച്ചു എന്നു വേണം പറയാന്‍.
മുസ്്‌ലിംലീഗിലെ അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ബുധനാഴ്ച നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞത്. പിന്നീട് ചേര്‍ന്ന മന്ത്രിസഭായോഗം ഇതില്‍ അന്തിമ തീരുമാനമെടുക്കുകയും ചെയ്തു. അടുത്ത അധ്യയന വര്‍ഷം തന്നെ പൊതുവിദ്യാഭ്യാസ മേഖലയെ ഒരു ഡയരക്ടറേറ്റിനു കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ക്രമീകരണങ്ങളോ ഒരുക്കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജൂണ്‍ ആറിന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ പഠനാരംഭത്തിലേക്കു പ്രവേശിക്കാനിരിക്കെ ഒരാഴ്ച കൊണ്ട് ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ മാത്രം ചെറിയ കാര്യമല്ല സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സമ്പ്രദായം. മാത്രമല്ല, സര്‍ക്കാര്‍ എത്ര കിണഞ്ഞുശ്രമിച്ചാലും എട്ടു ദിവസംകൊണ്ട് വിദ്യാഭ്യാസ മേഖല മുഴുവന്‍ ചുരുട്ടിക്കൂട്ടാവുന്നത്ര മുന്തിയ കണ്ടെത്തലുകളല്ല ഖാദര്‍ കമ്മീഷന്റേതും. വസ്തുതകള്‍ ഇതെല്ലാമായിരിക്കെയാണ് മൂന്നു വര്‍ഷത്തെ ഭരണ വൈകല്യത്തിനു മറപിടിക്കാന്‍ ധൃതിപിടിച്ച് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. ഡയരക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷനായി നിയമിക്കപ്പെടുന്നയാള്‍ വിദ്യാഭ്യാസ വിചക്ഷണന്‍ ആയിരിക്കണമെന്ന നിര്‍ദേശം രാഷ്ട്രീയ നിയമനത്തിനുവേണ്ടിയാണെന്ന സാംഗത്യത്തില്‍നിന്നു തന്നെ ഇതിലെ നിഗൂഢത വെളിച്ചത്തുവരുന്നുണ്ട്.
ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കില്ലെന്ന് പറഞ്ഞ് തത്കാലം വിവാദങ്ങളില്‍നിന്ന് തടിതപ്പാനാണ് സര്‍ക്കാറിന്റെ ഉദ്ദേശ്യം. ആദ്യഘട്ടത്തില്‍ മൂന്നും നാലും ഭാഗങ്ങളാണ് നടപ്പാക്കുന്നത് എന്ന സര്‍ക്കാര്‍ ഭാഷ്യം അവ്യക്തതയുടെയും ആശങ്കയുടെയും ആഴംകൂട്ടുകയാണ്. പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ ഡയരക്ടറേറ്റുകളുടെ ലയനം സംബന്ധിച്ച ഭാഗം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുക. ഡയരക്ടറേറ്റുകളെ ലയിപ്പിക്കുക എന്നത് എത്രമേല്‍ സങ്കീര്‍ണമായ കാര്യമാണ്! എന്നാല്‍ തികഞ്ഞ ലാഘവത്തോടെയാണ് സര്‍ക്കാര്‍ ഇതിനെയെല്ലാം കാണുന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി എന്ന ഹിമാലയ സമാനമായ രണ്ടു ഡയരക്ടറേറ്റുകളെ ഒരു സുപ്രഭാതത്തില്‍ കൂട്ടിക്കെട്ടണമെങ്കില്‍ രവീന്ദ്രനാഥിന്റെ കയ്യില്‍ അലാവുദ്ദീന്റെ അത്ഭുത വിളക്കുതന്നെ വേണ്ടിവരും. അടുത്തയാഴ്ച മുതല്‍ പൊതുവിദ്യാഭ്യാസ, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയരക്ടറേറ്റുകള്‍ ലയിപ്പിച്ചു ഒന്നാക്കുന്ന സര്‍ക്കാര്‍ മാജിക് കാത്തിരുന്ന് കാണേണ്ടതുതന്നെയാണ്. മൂന്നു ഡയരക്ടറേറ്റുകള്‍ക്കുകീഴില്‍ പ്രത്യേകം പ്രവര്‍ത്തിക്കുന്ന പരീക്ഷാവിഭാഗങ്ങളെ ഒന്നാക്കാനുള്ള എന്തു പ്രായോഗിക നടപടികളാണ് ഇതുവരെ കൈക്കൊണ്ടിട്ടുള്ളത്? ഹൈസ്‌കൂളും ഹയര്‍ സെക്കണ്ടറികളും ഒന്നിച്ചുപ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ സ്‌കൂളിനെ ഒറ്റ യൂണിറ്റാക്കി, പ്രിന്‍സിപ്പലിനെ സ്ഥാപന മേധാവിയായും ഹെഡ്മാസ്റ്ററെ വൈസ് പ്രിന്‍സിപ്പലായും നിയമിക്കുമെന്ന പരിഷ്‌കാരം ആകര്‍ഷകമായി തോന്നുമെങ്കിലും പ്രായോഗിക തലത്തിലെത്തുമ്പോള്‍ അല്‍പം പുളിക്കുമെന്ന കാര്യമുറപ്പ്. എസ്.എസ്.എല്‍സിയിലെ അഞ്ചുലക്ഷത്തോളം കുട്ടികള്‍ക്കു പുറമെ, ഹയര്‍ സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷത്തെയും ഒപ്പം വി.എച്ച്.എസ്.ഇലേതുമുള്‍പ്പെടെ 15 ലക്ഷത്തിലധികം കുട്ടികളുടെ ടേം പരീക്ഷ മുതല്‍ പൊതുപരീക്ഷ വരെയുള്ളവ കാര്യക്ഷമമായും സമയബന്ധിതമായും നടത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും. പ്രത്യേക ഡിപ്പാര്‍ട്ടുമെന്റുകളിലായി നടക്കുന്ന പരീക്ഷകളിലെ ഗുരുതര വീഴ്ചകള്‍ കണ്ടു മടുത്തവര്‍ക്കു മുമ്പിലാണ് ഈ തലതിരിഞ്ഞ പരിഷ്‌കാരമെന്നോര്‍ക്കണം. വിദ്യാഭ്യാസ അവകാശ നിയമം പ്രഖ്യാപിക്കുന്ന ഗുണമേന്മാ വിദ്യാഭ്യാസത്തെ കുറിച്ച് ഊറ്റംകൊള്ളുന്ന ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രായോഗിക ഗുണമേന്മ ഉയര്‍ത്താനുള്ള എന്തു പരിഷ്‌കാരമാണുള്ളത്? വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലേയും ഗുണനിലവാരമുയര്‍ത്തുന്നതിന് നിഷ്‌കര്‍ശിച്ച അധ്യാപക യോഗ്യതാ പരീക്ഷകളായ സി.ടെറ്റ്, കെ.ടെറ്റ്, സെറ്റ് എന്നിവയെ കുറിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് കുറ്റകരമായ നിശബ്ദത പാലിക്കുകയാണ്. ഘടനാപരവും അക്കാദമികവുമായ വീഴ്ചകളുടെ പെരുമ്പറമ്പായ പുതിയ പരിഷ്‌കാരത്തെ പുറംകാലുകൊണ്ട് തട്ടിമാറ്റുന്നതിനു പകരം പൂമാലയിട്ട് പൂജിക്കുന്ന പിണറായി സര്‍ക്കാര്‍ പുതുതലമുറയോട് പൊറുക്കാനാവാത്ത പാതകമാണ് ചെയ്യുന്നതെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.

chandrika: