X

ആഭ്യന്തര വകുപ്പില്‍ എന്താണ് സംഭവിക്കുന്നത്

മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന സംസ്ഥാന ആഭ്യന്തര വകുപ്പില്‍ എന്താണ് സംഭവിക്കുന്നത്…? കര്‍ക്കശക്കാരനായ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന അച്ചടക്കമുണ്ടെന്ന് അവകാശപ്പെടുന്ന പൊലീസ് സേനയില്‍ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളൊന്നും നല്ലതല്ല.

സീനിയര്‍ ഐ.പി.എസ് ഓഫീസര്‍മാര്‍ തമ്മില്‍ നല്ല ബന്ധമില്ല, വിജിലന്‍സ് ഡയരക്ടര്‍ തന്റെ ഫോണ്‍ ചോര്‍ത്തുന്നതായി ഡി.ജി.പിക്ക് പരാതി നല്‍കുന്നു. പല ഉന്നത ഉദ്യോഗസ്ഥരും ആരോപണ വിധേയരായി നില്‍ക്കുമ്പേള്‍ ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ട വകുപ്പിന്റെ പ്രവര്‍ത്തനങ്ങളാകെ താളം തെറ്റി കിടക്കുന്നു.

ഇതിന് മുമ്പൊന്നുമില്ലാത്ത വിധം അസ്വാരസ്യങ്ങള്‍ പടരുമ്പോള്‍ സംസ്ഥാനത്തിന്റെ സമാധാന നിലയും അനുദിനം വഷളാവുന്നു. കണ്ണൂരില്‍ സമാധാന യോഗം വിളിക്കാന്‍ പോലും വൈകുമ്പോള്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം വ്യാപിക്കുന്നു. സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലും രാഷ്ട്രിയ സംഘര്‍ഷങ്ങളും ഹര്‍ത്താലുകളുമെല്ലാം പതിവ് സംഭവങ്ങളായി മാറുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് കാര്യപ്രാപ്തമായി ഇടപെടാന്‍ കഴിയാത്ത അവസ്ഥയും നിലനില്‍ക്കുന്നു.

വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസാണ് നിലവില്‍ സര്‍ക്കാരിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇടത് സര്‍ക്കാര്‍ അമിത പ്രാധാന്യം നല്‍കി ഉയര്‍ത്തിക്കാട്ടിയ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ വരുതിയില്‍ നില്‍ക്കാത്തത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ചുവപ്പും മഞ്ഞയും കാര്‍ഡുകളുമായി ആരെയും വെറുതെ വിടില്ലെന്ന പ്രഖ്യാപനവുമായാണ് വിജിലന്‍സ് ഡയരക്ടര്‍ ചുമതലയേറ്റത്. ബാര്‍ കോഴ കേസില്‍ ചില യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നിലപാട് സ്വീകരിച്ചത്് വഴി ഇടത് സര്‍ക്കാരിന് പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിയിരുന്നു ജേക്കബ് തോമസ്.
മന്ത്രി ഇ.പി ജയരാജന്റെ രാജിയില്‍ കലാശിച്ച രാഷ്ട്രീയ നീക്കത്തില്‍ സര്‍ക്കാരിനെ സംരക്ഷിക്കുന്ന നിലപാട് വിജിലന്‍സ് ഡയരക്ടര്‍ സ്വീകരിച്ചില്ല എന്ന നിലപാട് സര്‍ക്കാരിലും സി.പി.എമ്മിലും ഒരു വിഭാഗത്തിനുണ്ട്. ബന്ധു നിയമന വിഷയത്തില്‍ ജയരാജന്‍ പ്രതിക്കൂട്ടിലായപ്പോള്‍ വിജിലന്‍സ് ഡയരക്ടര്‍ സംഭവത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതനായി. ജയരാജനെതിരെ പ്രതിപക്ഷവും ബി.ജെ.പിയുമെല്ലാം പരാതി നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയെ രഹസ്യമായി വീട്ടില്‍ ചെന്ന് കണ്ട് തുടര്‍ നടപടികള്‍ക്ക് നിര്‍ബന്ധിതനായ വിജിലന്‍സ് ഡയരക്ടറുടെ പല നടപടികളും പൊലീസ് സേനയില്‍ മുറുമുറുപ്പിന് കാരണമായിട്ടുണ്ട്.

തുടര്‍ന്നാണ് അദ്ദേഹം രാജിയെന്ന ഭീഷണിയിലേക്ക് വന്നതും സര്‍ക്കാര്‍ തന്നെ ഇടപ്പെട്ടതും. പക്ഷേ അവസാനമായി തന്റെ ഫോണ്‍ ചോര്‍ത്തുന്നതായി അദ്ദേഹം തന്നെ പരാതിപ്പെട്ട സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്ന പ്രതിസന്ധിയിലാണ് സര്‍ക്കാര്‍. ആഭ്യന്തര വകുപ്പിലെ ശീതസമരമാണ് ഇത്തരമൊരു ആരോപണത്തിന് പിറകിലെന്ന് അറിയാത്തവരില്ല. ആഭ്യന്തര സെക്രട്ടറിയെയും ഇന്റലിജന്‍സ് മേധാവിയെയും ലക്ഷ്യമിട്ടാണ് വിജിലന്‍സ് ഡയരക്ടറുടെ നീക്കം. വിജിലന്‍സ് ഡയരക്ടര്‍ അകാരണമായി പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വേട്ടയാടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റുകയല്ലാതെ മറ്റ് പോം വഴികള്‍ സര്‍ക്കാരിന് മുന്നില്‍ ഇല്ല.
ജേക്കബ് തോമസിനെ മാറ്റുന്നതിനോട് മുന്‍ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ ഉള്‍പ്പെടെയുളള ചിലര്‍ക്ക് താല്‍പ്പര്യക്കുറവുണ്ട്. സി.പി.എമ്മിലെ ഒരു വിഭാഗവും വി.എസിനൊപ്പമുണ്ട്. അഴിമതി വിരുദ്ധ പ്രതിഛായയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ജേക്കബ് തോമസിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്ന വാദമാണ് ഈ വിഭാഗം ഉന്നയിക്കുന്നത്. എന്നാല്‍ പൊലീസ് സേനയില്‍ മൊത്തം അസംതൃപ്തിക്കിടയാക്കുന്ന തരത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പെരുമാറുമ്പോള്‍ അദ്ദേഹത്തെ നിലനിര്‍ത്തിയാലുള്ള തലവേദനകളും സര്‍ക്കാരിനെ അലട്ടും. അതിനിടെ തന്നെ കണ്ണൂരിലെ സ്ഥിതിഗതികള്‍ക്ക് മാറ്റമില്ല. പൊലീസിനെ കൊണ്ട് മാത്രം സമാധാനം സാധ്യമല്ലെന്നാണ് കണ്ണൂര്‍ ഐ.ജി വ്യക്തമാക്കിയത്.

കണ്ണൂര്‍ നേതാക്കള്‍ ഭരിക്കുന്ന സര്‍ക്കാരിന് ഈ പരാമര്‍ശം കനത്ത ആഘാതമായിരിക്കയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ അക്രമങ്ങള്‍ പതിവായിരിക്കുന്നു. സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കണ്ണൂര്‍ ഭീതിയുടെ നിഴലിലാണ്. പലയിടങ്ങളിലും പൊലീസ് കാഴ്ച്ചക്കാരാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ക്കശമായ ഇടപെടലിനും പൊലീസിന് കഴിയുന്നില്ല. അക്രമണങ്ങളുടെ ഒരു ഭാഗത്ത് ഭരണകക്ഷി തന്നെയാവുമ്പോള്‍ സ്വതന്ത്രമായ ഇടപെടല്‍ അസാധ്യമാവുന്നു. ഏറ്റവും ഒടുവില്‍ ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാം എന്ന ധനാഢ്യന്‍ ജയിലില്‍ വെച്ച് സ്വന്തം സഹോദരങ്ങളെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവവും പൊലീസ് സേനക്ക് നാണകേടായിരിക്കയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഒന്നിലധികം തവണ നിസാം സഹോദരങ്ങളെ ഫോണില്‍ വിളിച്ചത്. ജയിലില്‍ അനര്‍ഹമായ സൗകര്യങ്ങള്‍ നിസാമിന് നല്‍കുന്നതായും ചില ഉദ്യോഗസ്ഥരെ അദ്ദേഹം പണം നല്‍കി സ്വാധീനിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്ന സമയത്ത് തന്നെയാണ് ഫോണ്‍ വിവാദവും ഉയര്‍ന്നിരിക്കുന്നത്.

തൃശൂരില്‍ സെക്യുരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതിക്കെതിരെ സഹോദരങ്ങളായ അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാക്ക് എന്നിവരാണ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ ഈ പരാതിയില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക വഴി പൊലീസുകാര്‍ തെറ്റ് ചെയ്തതായും വ്യക്തമായ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ നാനാവിധം ആഭ്യന്തര വകുപ്പിനെ വേട്ടയാടൂന്നു. നിയമസഭ ഇന്ന് വീണ്ടും സമ്മേളിക്കുമ്പോള്‍ ആഭ്യന്തര വകുപ്പിലെ ശീത സമരങ്ങളും ഉദ്യോഗസ്ഥരുടെ തമ്മിലടിയുമെല്ലാം സര്‍ക്കാരിനെ പ്രതിരോധത്തിലക്കുമെന്നിരിക്കെ സംസ്ഥാനം ആഗ്രഹിക്കുന്നത്, മുഖ്യമന്ത്രിയുടെ ശക്തമായ സംസാരമല്ല- വ്യക്തമായ ഇടപെടലാണ്.

chandrika: