പുരാതന പേര്‍ഷ്യന്‍ സംസ്‌കൃതിയുടെ കളിത്തൊട്ടിലായ ഇറാനില്‍ ആഗോള സമൂഹത്തെ ഭീതിയിലാഴ്ത്തി യുദ്ധകാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിട്ട് നാളേറെയായി. അമേരിക്ക ഒരുവശത്തും ഇറാന്‍ മറുഭാഗത്തുമായി നടത്തിക്കൊണ്ടിരിക്കുന്ന വാക്‌പോരും സാമ്പത്തിക ഉപരോധ നടപടികളും ചില സമയങ്ങളില്‍ കായികമായ രീതിയിലേക്ക് വഴിമാറുന്നത് പശ്ചിമേഷ്യയിലും ലോകത്താകെയും ആശങ്കവിതയ്ക്കുന്നു. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തതെങ്കിലും അതിലുംകടന്ന് മേഖലയിലെ വിവിധ രാജ്യങ്ങള്‍ ഉള്‍പെടുന്ന സംഘര്‍ഷത്തിലേക്ക് സ്ഥിതിഗതികള്‍ വഴുതുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരാര്‍ പരിധിയിലധികം യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ നടത്തിയെന്നാണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്. എന്നാല്‍ പരിധിയിലും കുറവാണ് ശേഖരമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പരിശോധനക്കുശേഷം പറഞ്ഞു. ലോകജനതയെ ചലിപ്പിക്കുന്ന പെട്രോളിയം സമ്പത്തിന്റെ പ്രധാനകേന്ദ്രവും അതിന്റെ നിര്‍ണായക ഗതാഗത ഇടനാഴിയുമാണ് ഇറാനുള്‍പ്പെടെയുള്ള മധ്യപൂര്‍വദേശം. അതുകൊണ്ട് തര്‍ക്കങ്ങള്‍ സമാധാനപരമായും പരസ്പര വിശ്വാസത്തിലൂടെയും പരിഹരിക്കണമെന്നാണ് സമാധാനകാംക്ഷികളെല്ലാം ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും.
ജൂലൈ ഏഴിന് ആണവ കരാറില്‍ നിന്ന് പിന്മാറുമെന്നാണ് ഇറാന്റെ അറിയിപ്പ്. ഇറാന്‍ തീക്കളി കളിക്കുകയാണെന്ന്് അമേരിക്കയും. കഴിഞ്ഞമാസം ഇറാന്റെ അതിര്‍ത്തി കടന്നെത്തിയ യു.എസ് ഡ്രോണ്‍ വിമാനം ഹോര്‍മൂസ് തീരത്ത് വെടിവെച്ചിട്ടതാണ് അമേരിക്കയെ ചൊടിപ്പിച്ചതും പ്രശ്‌നം ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതും. തിരിച്ചടിക്കാന്‍ അമേരിക്കന്‍ സൈനികമേധാവികളും സി.ഐ.എയും തീരുമാനിച്ചെങ്കിലും പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് സൈനികനടപടി മാറ്റിവെക്കുകയായിരുന്നു. ആളപായം സംഭവിച്ചില്ലല്ലോ എന്നാണ് ട്രംപ് പറഞ്ഞന്യായം. ഒരുയുദ്ധമുഖത്തേക്ക് പശ്ചിമേഷ്യയെ വലിച്ചിഴക്കാതിരിക്കാന്‍ ട്രംപ് കാട്ടിയ ദീര്‍ഘവീക്ഷണം ശ്ലാഘനീയംതന്നെ. എന്നാല്‍ പ്രദേശത്ത് ഭീതിയുടെ കാര്‍മേഘം ഒഴിഞ്ഞുപോയിട്ടില്ലെന്നും യുദ്ധത്തിന് സാധ്യതയുണ്ടെന്നുമാണ് ഇന്നലെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവന വിരല്‍ചൂണ്ടുന്നത്.
അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ അരമണിക്കൂറിനകം ഇസ്രാഈലിനെ തകര്‍ക്കുമെന്നാണ് ഇറാന്‍ സുരക്ഷാകാര്യകമ്മീഷന്‍ ചെയര്‍മാന്‍ മുജ്തബ സുന്നൂര്‍ നടത്തിയ പ്രതികരണം. ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയിലെ ഭരണകൂടത്തെ പിന്തുണക്കുന്ന ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണമാണ് ഇറാന്റെ പ്രസ്താവനക്ക് ഹേതുവായത്. ട്രംപ് യുദ്ധം ഒഴിവാക്കിയത് പരാജയ ഭീതിമൂലമായിരുന്നുവെന്നും അമേരിക്കയുടെ 36 സൈനികകേന്ദ്രങ്ങള്‍ തങ്ങളുടെ നിരന്തരനിരീക്ഷണത്തിലാണെന്നും മുജ്തബ പറഞ്ഞു.
അത്യാധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് ഒരു യുദ്ധമുണ്ടായാല്‍ വിജയം ഏതെങ്കിലുമൊരു ചേരിക്ക് മാത്രമാകില്ലെന്ന് ആയത്തുല്ല അലി ഖംനഈയും ഹസന്‍ റൂഹാനി ഭരണകൂടവും ഓര്‍ക്കുന്നത് നന്ന്. ഇസ്രാഈലിനെ തകര്‍ക്കാമെന്ന ഇറാന്റെ ലക്ഷ്യം പരാജയപ്പെടുത്താന്‍ അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ യൂറോപ്യന്‍ ഭരണകൂടങ്ങളില്‍ നല്ലൊരുപങ്കും കൈകോര്‍ത്ത് നില്‍ക്കുകയാണ്.
അറേബ്യന്‍-മുസ്്‌ലിം ചേരിയില്‍തന്നെ പലരാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ പരസ്പരധാരണയോടെയല്ല പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഗള്‍ഫിലെ പ്രമുഖ രാജ്യമായ സഊദിഅറേബ്യയോട് നിരന്തരം ഏറ്റുമുട്ടുന്ന ശൈലിയാണ് ഇറാനുള്ളത്. ഇസ്രാഈലിനെയും അമേരിക്കയെയും നേരിടുമ്പോള്‍ മുസ്്‌ലിം-പൗരസ്ത്യലോകം എത്രത്തോളം ഒരുമിക്കുമെന്ന് കണ്ടറിയണം. 2015ല്‍ അമേരിക്കയടക്കം ആറു രാഷ്ട്രങ്ങള്‍ ഇറാനുമായി ഒപ്പുവെച്ച ആണവായുധ നിരായുധീകരണ കരാറാണ് പിന്നീട് അമേരിക്കയുടെ ഏകപക്ഷീയമായ പിന്മാറ്റത്തിനും സംഘര്‍ഷം രൂപപ്പെടുന്നതിനും കാരണമായത്. 2017ല്‍ ട്രംപ് ഭരണകൂടം കരാറില്‍നിന്ന് പിന്മാറുകയും ഇറാനെതിരെ ഉപരോധം ഏര്‍പെടുത്തുകയുമായിരുന്നു. തനിച്ച് മാത്രമല്ല, സര്‍വരാഷ്ട്രങ്ങളോടും തങ്ങളുമായി സഹകരിച്ച് ഇറാനെ മുട്ടുകുത്തിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയോടും അമേരിക്ക ഇക്കാര്യത്തില്‍ തീവ്രമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. പരമ്പരാഗത സൗഹൃദ രാജ്യമെന്ന നിലക്ക് അതിന് പൂര്‍ണമായും തയ്യാറല്ലെന്ന നിലപാടിലാണ് നാം. ഇത് ട്രംപിനെ പ്രകോപിപ്പിച്ചതിന് തെളിവാണ് ഇന്ത്യയില്‍ നിന്നുള്ള കഴിഞ്ഞവര്‍ഷം അലുമിനിയം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് ചുമത്തിയ അധികതീരുവ. സമാനമായ തിരിച്ചടി നാം അമേരിക്കക്ക് നല്‍കുകയുംചെയ്തു. പാക്കിസ്താനെ ഒഴിവാക്കിയുള്ള ഛബ്രഹാര്‍ തുറമുഖത്തിന്റെയും എണ്ണഗതാഗതത്തിന്റെയുംകാര്യത്തില്‍ ഇറാനെ കൈവിടാന്‍ നമുക്കാവില്ല. എങ്കിലും ഒരുയുദ്ധമുണ്ടായാല്‍ നാം എവിടെയാണ് നില്‍ക്കുകയെന്ന ചോദ്യം മോദിയുടെ ഭരണത്തില്‍ ബാക്കിനില്‍ക്കുകയാണ്. എന്തുകൊണ്ടും യുദ്ധവും ആള്‍നാശവും ഒഴിവാക്കുകയാണ് ആധുനികസാംസ്‌കാരികമനുഷ്യന് കരണീയമായിട്ടുള്ളത്. അത് ഒന്നും പുതുതായി നേടിത്തരുന്നില്ലെന്ന് മാത്രമല്ല, അതീവലോലവും പരിമിതവുമായ ജൈവസമ്പത്തിനെ ഒരു പരിധിവരെ ഇല്ലാതാക്കാനുമേ ഉപകരിക്കുകയുമുള്ളൂ.
ഇത് തിരിച്ചറിഞ്ഞായിരിക്കണം ഭാവിയിലേക്കുള്ള മനുഷ്യരുടെ കാല്‍വെപ്പുകളോരോന്നും. ഇന്നത്തെ പ്രശ്‌നത്തിന് മുഖ്യകാരണം ട്രംപിന്റെ മുസ്്‌ലിം വിരുദ്ധതയും യുദ്ധക്കൊതിയും പശ്ചിമേഷ്യയെ കൈവെള്ളയിലാക്കാനുള്ള തന്ത്രവുമാണ്. അത്യമൂല്യമായ പെട്രോളിയം സമ്പത്താണ് പശ്ചിമേഷ്യയെയും ഗള്‍ഫിനെയും നിലനിര്‍ത്തുന്നതെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടാണ് പണ്ടേ മടുത്ത സാമ്രാജ്യക്കൊതിയുമായുള്ള ട്രംപിന്റെ നീക്കങ്ങള്‍. കുളംകലക്കി മീന്‍ പിടിക്കാനുള്ള അവസാനത്തെ അടവായിവേണം ട്രംപിന്റെ ഓരോ നീക്കത്തെയും കാണാനെന്ന് ഇതരരാജ്യങ്ങളോട്, പറയേണ്ടതില്ല.
- 5 years ago
web desk 1
Categories:
Video Stories
ഇറാന്‍ യുദ്ധഭീതി ലഘൂകരിക്കണം
Tags: editorial