X

ചാവേര്‍ രാഷ്ട്രീയത്തിന് എന്നറുതിയാവും

കൗമാര കലയുടെ വസന്തോത്സവത്തില്‍ ഒരു നാടു മുഴുവന്‍ അതിരുകളില്ലാത്ത ആഘോഷത്തില്‍ മുഴുകുമ്പോഴാണ് അപ്രതീക്ഷിതമായെത്തിയ ഒരു കൊലപാതക വാര്‍ത്ത ആ സന്തോഷങ്ങളെയെല്ലാം തല്ലിക്കെടുത്തിയത്. പിന്നിട്ട കുറേ മണിക്കൂറുകള്‍ കണ്ണൂരിനു മാത്രമല്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനായി നാനാ ദിക്കുകളില്‍ നിന്നെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കലാമേളയിലേക്ക് കുട്ടികളെ അയച്ച രക്ഷിതാക്കള്‍ക്കുമെല്ലാം ഉദ്വേഗവും ഭയവും നിറഞ്ഞതായിരുന്നു.
ബി.ജെ.പിയുടെ ഹര്‍ത്താല്‍ ആഹ്വാനവുമായാണ് കലോത്സവ നഗരി ഉള്‍പ്പെടെയുള്ള കണ്ണൂരിന്റെ പ്രദേശങ്ങള്‍ ഇന്നലെ ഉണര്‍ന്നത്. കലോത്സവത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചെങ്കിലും തൊട്ടു പിന്നാലെയുണ്ടായ നീക്കങ്ങള്‍ ആളുകളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. കലോത്സവ വേദിക്കു മുന്നില്‍ പോലും സംഘര്‍ഷത്തിന് കോപ്പുകൂട്ടിയതോടെ പലരിലും നെഞ്ചിടിപ്പിന് വേഗം കൂടി. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കലോത്സവ വേദിക്കു സമീപം പൊതുദര്‍ശനത്തിനു വെച്ചും വേദിക്കു മുന്നിലൂടെ വിലാപ യാത്ര നടത്താന്‍ വാശിപിടിച്ചതുമെല്ലാം സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു തന്നെയായിരുന്നു. പ്രകോപന ശ്രമങ്ങളെ സംയമനത്തോടെ നേരിട്ട് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയ ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നടപടിയെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.
വ്യാഴാഴ്ച രാത്രിയാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷിനെ ഒരു സംഘം അക്രമികള്‍ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ രക്തം വാര്‍ന്ന് മരിച്ചു. സി.പി.എം നടത്തിയ രാഷ്ട്രീയ കൊലപാതകമാണെന്ന് ബി.ജെ.പി ആരോപിക്കുമ്പോള്‍ വ്യക്തി വൈരാഗ്യത്തെതുടര്‍ന്ന് ആര്‍.എസ്.എസുകാര്‍ തന്നെയാണ് സന്തോഷിനെ കൊലപ്പെടുത്തിയതെന്നാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ആരോപണം. രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള മത്സരത്തിനിടെ വ്യക്തിപരമോ കുടുംബപരമോ ആയ പ്രശ്‌നങ്ങളാല്‍ നടക്കുന്ന കൊലപാതകങ്ങള്‍ പോലും പാര്‍ട്ടി അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കുന്ന പ്രവണതയുള്ളതിനാല്‍ ഇതിന്റെ നിജസ്ഥിതികള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്.
ഓരോ കൊലപാതക വാര്‍ത്തകള്‍ വരുമ്പോഴും ഉയരുന്ന ചോദ്യമാണ് ചോര ചിന്തുന്ന, പരസ്പരം കൊന്നു തള്ളുന്ന കണ്ണൂരിലെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് എന്നെങ്കിലും അറുതിയുണ്ടാവുമോ എന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടങ്ങിയ അന്നുമുതല്‍ കേള്‍ക്കുന്ന ഈ ചോദ്യം നാലു പതിറ്റാണ്ടിനിപ്പുറവും അതുപോലെ തുടരുന്നു എന്നത് ഒട്ടും ആശാവഹമല്ല. ടി.പി ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍ വധങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ മണ്ഡലങ്ങളില്‍നിന്ന് ഒരുപോലെ ഉയര്‍ന്നുവന്ന പ്രതിഷേധ സ്വരങ്ങളും പൊലീസ് സേനയുടെ ഭാഗത്തുനിന്നുണ്ടായ കുറേയെങ്കിലും കാര്യക്ഷമമായ അന്വേഷണങ്ങളും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുമെന്ന് ചിലരെങ്കിലും ധരിച്ചിരുന്നു. നേതാക്കള്‍ക്കുനേരെ അന്വേഷണത്തിന്റെ കുന്ത മുനകള്‍ നീണ്ടപ്പോള്‍ ചെറിയൊരു കാലത്തേക്കെങ്കിലും ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. എന്നാല്‍ ഹ്വസ്വമായൊരു ഇടവേളക്കുശേഷം കാര്യങ്ങള്‍ പിന്നെയും പഴയ പടിയിലേക്കു തന്നെ നീങ്ങുന്നതാണ് കണ്ണൂര്‍ കണ്ടത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകരായ വിനോദ് കുമാറും കതിരൂര്‍ മനോജും കൂത്തുപറമ്പിലെ സി.പി.എം പ്രവര്‍ത്തകരായ ഒണിയന്‍ പ്രേമനും പാനൂരിലെ പള്ളിച്ചാലില്‍ വിനോദനും തുടങ്ങി ഒട്ടേറെ ജീവനുകള്‍ പിന്നെയും കൊലക്കത്തി രാഷ്ട്രീയത്തില്‍ എരിഞ്ഞുതീര്‍ന്നു. കഠാര രാഷ്ട്രീയം കണ്ണൂരിനെക്കുറിച്ച് പുറം നാട്ടുകാരില്‍ സൃഷ്ടിച്ചെടുത്തിട്ടുള്ളത് ഉറഞ്ഞുപോയ ഭീതിയുടെ കറുത്ത നിഴല്‍ പാടുകളാണ്. പാട്ടും നൃത്തവും താളവും കൊണ്ട് നന്മയുടെ വസന്തം വിരിയിക്കുന്ന കലോത്സവത്തിനായി മനസ്സും ശരീരവും കൊണ്ട് കേരളക്കര മുഴുവന്‍ കണ്ണൂരില്‍ സമ്മേളിക്കുന്ന വേള തന്നെ കൊലപാതകങ്ങള്‍ക്ക് തെരഞ്ഞെടുത്തവരും വീണുകിട്ടിയ അവസരത്തെ ആയുധമാക്കി സംഘര്‍ഷത്തിന് കോപ്പു കൂട്ടിയവരും ആ നിഴല്‍പ്പാടുകളില്‍ ഒന്നുകൂടി കറുത്ത ചായമടിക്കുകയായിരുന്നു.
നൊന്തു പെറ്റ അമ്മക്കു മുന്നിലിട്ട് മക്കളെ വെട്ടിക്കൊല്ലുന്ന, പാതിരാത്രിയില്‍ കിടപ്പറ വാതില്‍ തള്ളിത്തുറന്ന് ഭാര്യയുടേയും മക്കളുടേയും ഉറക്കച്ചടവ് മാറിയിട്ടില്ലാത്ത കണ്‍മുന്നിലിട്ട്, അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിപ്പിച്ച അധ്യാപകനെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊല്ലുന്നതിനെ ഏത് കാട്ടാളത്വത്തോട് ഉപമിക്കും നമ്മള്‍. അതുകൊണ്ടുതന്നെ കേട്ടു തഴമ്പിച്ചതാണെങ്കിലും ചില ചോദ്യങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നുണ്ട്. ഇനിയെത്ര നാള്‍ ഇങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം മരീചിക പോലെ നീണ്ടുപോയിക്കൂട.
കണ്ണൂരിലെ രാഷ്ട്രീയ കൊലപതാകങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെയും സാധാരണ പ്രവര്‍ത്തകര്‍ മാത്രമാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കൈയില്‍ ആയുധം വെച്ചുകൊടുത്ത് കൊല്ലാന്‍ പറഞ്ഞയക്കുന്നവര്‍ എപ്പോഴും സുരക്ഷിതരായിരിക്കും. എതിരാളിയുടെ ആയുധ മുനയില്‍ നിന്നു മാത്രമല്ല, നിയമത്തിന്റെ പിടിയില്‍ നിന്നും. അതുകൊണ്ടു തന്നെയാണ് ഒരിക്കലും ഒടുങ്ങാത്ത കനലായി കണ്ണൂരില്‍ പകയുടെ രാഷ്ട്രീയം നീറിപ്പുകയുന്നത്. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെക്കൂടി കണ്ടെത്താനുള്ള ആര്‍ജ്ജവം നിയമ വൃത്തങ്ങളില്‍നിന്നുണ്ടാവണം. അരിയില്‍ ഷുക്കൂര്‍, ടി.പി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട്, കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച, പ്രേരണ നല്‍കിയ ബുദ്ധി കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ചില ശ്രമങ്ങളുണ്ടായെങ്കിലും അത് ഇപ്പോഴും പൂര്‍ണതയിലെത്തിയിട്ടില്ല. അതില്ലാത്തിടത്തോളം കാലം കണ്ണൂരില്‍ രാഷ്ട്രീയ ചാവേറുകള്‍ ജനിച്ചുകൊണ്ടേയിരിക്കും. അസ്വസ്ഥതയും അരാജകത്വവും മാത്രം വിതക്കുന്ന, ആളുകളില്‍ വെറുപ്പും ഭയവും മാത്രം ജനിപ്പിക്കുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടത് കണ്ണൂരിന്റെ മണ്ണില്‍നിന്നു തന്നെയാണ്. വെള്ളവും വളവും നല്‍കുന്ന മണ്ണ് തന്നെ തിരസ്‌കരിച്ചെങ്കിലേ അശാന്തിയുടെ ഈ വിത്ത് പാഴ്മുളയായി ഒടുങ്ങുകയുള്ളൂ. അതിനുള്ള വിവേകമാണ് രൂപപ്പെട്ടു വരേണ്ടത്.

chandrika: