X

നിലക്കുന്നില്ല, ഫലസ്തീനികളുടെ ദീനരോദനം

ഫലസ്തീനികളെ കൂട്ടക്കുരുതി ചെയ്ത് ഇസ്രാഈല്‍ സൈന്യം വീണ്ടും ക്രൂരത തുടരുന്നു. ഏറ്റവുമൊടുവില്‍ ഭൂ ദിനത്തില്‍ ( യൗമുല്‍ അര്‍ള്) ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയ നിരായുധരായ ഫലസ്തീനികള്‍ക്കു നേരെയാണ് ഇസ്രാഈല്‍ സൈന്യം അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി വെടിവെപ്പ് നടത്തിയത്. പതിനേഴ് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ആയിരത്തി നാനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു ഈ ക്രൂരകൃത്യത്തില്‍. കിഴക്കന്‍ ജബലിയ, ഉത്തര ഗസ്സ മുനമ്പ്, റഫ എന്നിവിടങ്ങളിലാണ് ഇസ്രാഈല്‍ സൈനിക നടപടിയുണ്ടായത്. അതേസമയം ഇസ്രാഈലില്‍ സൈന്യത്തിന്റെ ഭീഷണി അവഗണിച്ച് ഭൂ ദിനത്തില്‍ ആയിരക്കണക്കിന് ഫലസ്തീനികള്‍ ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തുകയുണ്ടായി.
അഭയാര്‍ത്ഥികളായി കഴിയുന്ന ഫലസ്തീനികള്‍ക്ക് അധിനിവേശത്തിലൂടെ ഇസ്രാഈല്‍ കൈവശപ്പെടുത്തിയ ഭൂമിയിലേക്ക് പോകാന്‍ അവകാശമുണ്ടെന്ന് ആഹ്വാനം ചെയ്ത് 1976 മാര്‍ച്ച് 30ന് നടന്ന പ്രതിഷേധത്തില്‍ ആറ് ഫലസ്തീനികളെ ഇസ്രാഈല്‍ വെടിവെച്ചു കൊന്നിരുന്നു. ഈ ദിവസത്തിന്റെ ഓര്‍മ പുതുക്കിയാണ് എല്ലാ വര്‍ഷവും ഇതേ ദിനത്തില്‍ ഭൂ ദിനം ആചരിക്കുന്നത്. ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ എന്ന പേരിലാണ് ഇത്തവണ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഗാസ അതിര്‍ത്തിയില്‍ നിരവധി പ്രതീകാത്മക ടെന്റുകള്‍ ഉയര്‍ത്തിയിരുന്നു.
വെടിവെക്കാനുള്ള ഉത്തരവുമായി നൂറോളം സൈനികരെ ഗസ്സ അതിര്‍ത്തിയില്‍ വിന്യസിച്ചതായി ഇസ്രാഈല്‍ സൈനിക മേധാവി ഗാദി ഐദന്‍കോട്ട് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഈ ഭീഷണി അവഗണിച്ചാണ് ഫലസ്തീന്‍ ജനത അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഇസ്രാഈല്‍ സൈന്യം സ്ഥാപിച്ച മുള്ളുവേലികള്‍ക്ക് 700 മീറ്റര്‍ അകലെ വെച്ചുതന്നെ പ്രതിഷേധക്കാരെ സൈന്യം നേരിട്ടു. നഖ്ബ ദിനമായ മെയ് 15 വരെ അതിര്‍ത്തിയില്‍ കുടില്‍കെട്ടി സമരം തുടരാനാണ് ഫലസ്തീനികളുടെ തീരുമാനം. 38 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം 2005ല്‍ ഇസ്രാഈല്‍ സൈന്യം പിന്‍വാങ്ങിയ ഗസ്സയിലാണ് റാലിയ്ക്കായി ഫലസ്തീന്‍ പൗരന്മാര്‍ അണിചേര്‍ന്നത്. ഇസ്രഈലിലെ സ്വന്തം നാടുകളിലേക്ക് പോകാന്‍ അഭയാര്‍ത്ഥികളെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആറാഴ്ച സമരം.
ജറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചതോടെയാണ് മേഖലയില്‍ വീണ്ടും അശാന്തിയുടെ കാര്‍മേഘങ്ങള്‍ പടരാന്‍ തുടങ്ങിയത്. ഡൊണാള്‍ഡ് ട്രംപിന്റെ ഏകപക്ഷീയമായ പ്രഖ്യാപനം ഇസ്രാഈലിന് ഭ്രാന്തമായ ആവേശമാണ് നല്‍കിയിരിക്കുന്നത്. ആ മാനസികാവസ്ഥയാണ് സമാധാനപരമായി സംഘടിക്കുന്ന ഫലസ്തീന്‍ ജനതക്കു നേരെ കിരാതമായ ആക്രമണം അഴിച്ചുവിടാന്‍ അവരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനം ഫലസ്തീന്‍ ജനതയെ നിരാശയുടെ പടുകുഴിയിലേക്കാണ് തള്ളിവിട്ടത്. സ്വതന്ത്ര ഫലസ്തീന്‍ എന്ന ആശയം തന്നെ ഫലസ്തീനികള്‍ സ്വപ്‌നം കാണുന്നത് ജറുസലേം തലസ്ഥാനമായ രാഷ്ട്രം എന്ന നിലയിലാണ്. ജറുസലേമിനെ വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു തര്‍ക്ക പരിഹാര ഫോര്‍മുലയും അവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. ഇസ്‌റാഈല്‍ സന്ദര്‍ശന വേളയില്‍ തന്റെ നിയന്ത്രണമില്ലാത്ത നാവു വഴി ട്രംപ് വരുത്തിവെച്ചിരിക്കുന്ന വിനയുടെ ആഴം ഒരുപക്ഷേ വര്‍ത്തമാനകാലത്തില്‍ അയാള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും. ഇതിന്റെ ഫലമായിരിക്കാം പശ്ചിമേഷ്യയിലെ തങ്ങളുടെ ഇടപെടലുകളെല്ലാം പരാജയമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ കുറ്റസമ്മതം. ഒഹായോ സംസ്ഥാനത്ത് നടന്ന തൊഴിലാളി സമ്മേളനത്തില്‍ സിറിയയില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. നമ്മള്‍ സിറിയയില്‍ നിന്ന് ഉടന്‍ പിന്മാറും. അവരുടെ കാര്യം ഇനി മറ്റുള്ളവര്‍ നോക്കിക്കൊള്ളും എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം സിറിയയില്‍ സംഭവിച്ച വീഴ്ച്ച തുറന്നു സമ്മതിക്കുന്നതാണ്. പശ്ചിമേഷ്യയില്‍ 445 ലക്ഷം കോടി ഡോളര്‍ ചെലവഴിച്ചിട്ടും യു.എസിന് ഒന്നും തിരികെ ലഭിച്ചില്ലെന്ന അദ്ദേഹത്തിന്റെ കുറ്റസമ്മതം മേഖലയില്‍ അമേരിക്കക്ക് സംഭവിച്ച വീഴ്ച്ചയുടെ ആഘാതം തുറന്നുകാണിച്ചു തരുന്നുണ്ട്.
ഫലസ്തീന്‍ വിഷയത്തില്‍ ശാശ്വത സമാധാനം ഇനിയും സാധ്യമാകാത്തത് ആധുനിക ലോകം ഒരു ജനതയോട് കാണിക്കുന്ന ഒരിക്കലും പൊറുക്കാനാകാത്ത അപരാധമാണ്. മനുഷ്യത്വം മരവിച്ച് പോയ ഒരു സമൂഹത്തിനല്ലാതെ ഇത്തരം ക്രൂരതകള്‍ നോക്കിനില്‍ക്കാനാവില്ല. ജനിച്ച നാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടി വരുന്ന ഈ നിര്‍ഭാഗ്യവാന്‍മാരായ ജനങ്ങളുടെ മേല്‍ അമേരിക്കയുടെ മൗനാനുവാദത്തോടെ ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരത നിസ്സംഗതയോടെ വീക്ഷിക്കുകയും അക്രമികള്‍ക്ക് സഹായകരമാകുന്ന രീതിയല്‍ മൗനം പാലിക്കുകയും ചെയ്യുന്ന ലോക രാഷ്ട്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ഇസ്രാഈലിനെതിരെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ പ്രയോഗിക്കാനോ അക്രമങ്ങളെ അപലപിക്കാനോ പോലും അവര്‍ക്ക് സാധിക്കുന്നില്ല. ഐക്യരാഷ്ട്ര സഭയില്‍ ഇസ്രാഈലിന്റെ അക്രമങ്ങളെ അപലപിക്കുന്ന പ്രമേയങ്ങള്‍ വരുമ്പോള്‍ അമേരിക്ക നിരന്തരം വീറ്റോ ചെയ്യുകയാണ്. ഐക്യരാഷ്ട്ര സഭയുടെ സംഘടനാപരമായ ദൗര്‍ബല്യം കാരണം കാഴ്ച്ചക്കാരായി നില്‍ക്കേണ്ടി വരുന്നത് വീറ്റോ അധികാരമുള്ള മറ്റുരാജ്യങ്ങള്‍ പലപ്പോഴും സൗകര്യമായാണ് കാണുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭ വിശദീകരണം തേടിയത് പ്രതീക്ഷാ നിര്‍ഭരമാണ്. സംഭവത്തില്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെടുകയുണ്ടായി. ഗസ്സയില്‍ സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ ഇടപെടണമെന്ന് യുഎന്‍ സുരക്ഷാ സമിതി സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യു.എസ് തയാറാകണമെന്നും യുഎന്‍ വക്താവ് ആവശ്യപ്പെടുകയുണ്ടായി.
കുവൈത്തും സംഭവത്തില്‍ യു.എന്നിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 2014 ല്‍ നടന്ന ഗസ്സ യുദ്ധത്തിന് ശേഷം അതിര്‍ത്തിയില്‍ ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണ് നടക്കുന്നതെന്നും യുഎന്‍ ഇടപെടണമെന്നും കുവൈത്തും ആവശ്യപ്പെട്ടു. ജോര്‍ദാന്‍, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ഇസ്രാഈല്‍ നടപടിയെ അപലപിച്ചു രംഗത്തു വന്നിരിക്കുകയാണ്. സമാധാനപരമായി നടത്തിയ സമരത്തിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് രാഷ്ട്രങ്ങള്‍ കുറ്റപ്പെടുത്തിയിരിക്കുകയാണ്. അധിനിവേശ ശക്തിയെന്ന നിലയില്‍ ഗസയിലെ സംഭവങ്ങള്‍ക്ക് ഉത്തരവാദി ഇസ്രാഈലാണെന്ന് ജോര്‍ദാന്‍ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അല്‍ മുമാനി പ്രസ്താവനയില്‍ പറയുകയുണ്ടായി. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വികസിത രാഷ്ട്രങ്ങളെ കാത്തുനില്‍ക്കാതെ മറ്റുരാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ രംഗത്തു വന്നിരിക്കുന്നത് ശ്രദ്ധേയമാണ്. ഫലസ്തീന്‍ വിഷയത്തില്‍ നടത്തുന്ന മുതലക്കണ്ണീര്‍ അവസാനിപ്പിച്ച് ശക്തമായ ഇടപെടലിന് ലോകത്തെ മുന്‍നിര രാജ്യങ്ങള്‍ തയ്യാറാവണമെന്ന സന്ദേശമാണ് ഈ പ്രതികരണങ്ങള്‍ നല്‍കുന്നത്.

chandrika: