‘പശുക്കളെ കച്ചവടം ചെയ്യുകയോ കശാപ്പുചെയ്യുകയോ ചെയ്യുന്നുവെന്ന ഊഹാപോഹങ്ങളുടെ പേരില്‍ ഹിന്ദു സംഘങ്ങള്‍ ചേര്‍ന്ന് ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും മുസ്‌ലിംകളെ, കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഈവര്‍ഷം ഇന്ത്യയിലുണ്ടായി. ചില മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍തന്നെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരെ അപകടരമായ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി. ‘ഇക്കഴിഞ്ഞ ജൂണ്‍ 21ന ്പുറത്തുവന്ന അമേരിക്കന്‍ സ്റ്റേറ്റ്ഡിപ്പാര്‍ട്‌മെന്റിന്റെ’ അന്താരാഷ്ട്ര രംഗത്തെ മതസ്വാതന്ത്ര്യം’എന്ന റിപ്പോര്‍ട്ടിലാണ് മേല്‍പരാമര്‍ശം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ മോദി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ മുന്‍വിധിയോടെ റിപ്പോര്‍ട്ട് ചമച്ചിരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. പ്രാദേശികമായ തര്‍ക്കങ്ങളിന്മേലാണ് ഈ കൊലപാതകങ്ങള്‍ മിക്കതും നടന്നതെന്നായിരുന്നു ബി.ജെ.പി മാധ്യമ വിഭാഗം തലവന്‍ അനില്‍ബലൂണി എം.പി ന്യായീകരിച്ചത്. എന്നാല്‍ ഈ പ്രസ്താവനയുടെ രണ്ടാം ദിവസം സമാനമായി ഝാര്‍ഖണ്ടില്‍നിന്ന് ഞെട്ടിപ്പിക്കുന്ന അതിക്രൂരമായ മറ്റൊരു മുസ്്‌ലിംകൊലപാതകത്തിന്റെ വാര്‍ത്തകൂടി പുറത്തുവന്നിരിക്കുന്നു.
മുസ്‌ലിമായതിന്റെ പേരില്‍ രാപ്പകല്‍നീണ്ട 18 മണിക്കൂര്‍ പൊതിരെ മര്‍ദനമേറ്റ ഇരുപത്തിനാലുകാരന്‍ തബ്‌രിസ് അന്‍സാരിക്ക് ജീവന്‍തന്നെ ബലികൊടുക്കേണ്ടിവന്നിരിക്കുന്നു. ഏപ്രിലില്‍ വിവാഹിതനായ തബ്‌രിസ് മോഷണംആരോപിച്ചാണ് സംഘ്പരിവാറുകാരുടെ മത ഭ്രാന്തിന് നിര്‍ദയം ഇരയായത്. തുടരെത്തുടരെ മര്‍ദിക്കപ്പെട്ട അന്‍സാരി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ശനിയാഴ്ച മരണംവരിച്ചത്. യുവാവിനെ മരണപ്പെട്ട നിലയിലാണ് കൊണ്ടുവന്നതെന്ന് ആസ്പത്രി അധികൃതര്‍ പറയുന്നു. തന്നോട് ‘ജയ് ശ്രീറാം, ജയ് ഹനുമാന്‍’ എന്ന് വിളിക്കാന്‍ അക്രമികള്‍ ആവശ്യപ്പെട്ടുവെന്നാണ് തബ്‌രിസ് ഫോണില്‍ ഭാര്യയോട് വെളിപ്പെടുത്തിയിരുന്നത്. ഇതാണോ മോദിയുടെ രണ്ടാമൂഴത്തിലും രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്‌ലിംകള്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. ഇതിനാണോ രാജ്യത്തെ ഉന്നതനീതിപീഠം രാജ്യത്തെ എല്ലാ കലക്ടറേറ്റുകളിലും ആള്‍ക്കൂട്ടക്കൊലകള്‍ തടയാന്‍ നിരീക്ഷണ സമിതികള്‍ സ്ഥാപിക്കാന്‍ കല്‍പിച്ചത്?
മോദിയുടെ രണ്ടാംവരവ് രാജ്യത്തെ മത ന്യൂനപക്ഷങ്ങളിലും മതേതര ജനാധിപത്യ വിശ്വാസികള്‍ക്കിടയിലും ഉണ്ടാക്കിയ ഞെട്ടല്‍ ശരിവെക്കുന്ന തരത്തിലാണ് ലോക്‌സഭാതെരഞ്ഞെടുപ്പുഫലം പുറത്തുവന്നതുമുതല്‍ വടക്കന്‍സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളോരോന്നും. മെയ് 25ന് പശുവിന്റെ പേരില്‍ മധ്യപ്രദേശില്‍ യുവതിയെയും ഭര്‍ത്താവിനെയും മരത്തില്‍ ബന്ധിച്ചായിരുന്നു ഹിന്ദുത്വ ഭീകരരുടെ ആക്രമണം. നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ വിശേഷിപ്പിച്ചതുപോലെ ഇന്ത്യയിലെ ആദ്യ ഹിന്ദു ഭീകരന്‍ മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്‌സെയാണ്. ആ അവിശുദ്ധ ആശയത്തിന്റെ പിന്മുറക്കാരാണ് മധ്യപ്രദേശിലും ഝാര്‍ഖണ്ടിലും രാജസ്ഥാനിലും ബീഹാറിലും യു.പിയിലുമൊക്കെയായി ഇന്നും മുസ്‌ലിം നരഹത്യക്ക് ചുക്കാനേന്തുന്നത്. ഇവര്‍ക്കുനേരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിന്റെ ലോക വ്യാപ്തി വ്യക്തമാക്കുന്നതാണ് സ്റ്റേറ്റ്ഡിപ്പാര്‍ട്‌മെന്റിന്റെ റിപ്പോര്‍ട്ട്. മുസ്‌ലിം വിരുദ്ധ ട്രംപ് ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് എന്നതിലുപരി ഏതു സാധാരണക്കാരനും മനസ്സിലാക്കാവുന്ന വിവരങ്ങള്‍ മാത്രമാണ് ആ റിപ്പോര്‍ട്ടില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇതിനെ എതിര്‍ക്കുന്ന ബി.ജെ.പിയും സംഘ്പരിവാരവും മലര്‍ന്നുകിടന്ന് തുപ്പുകയാണ്. 2014 മുതല്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലിന്നുവരെ ഉണ്ടാകാത്ത തരത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ കിരാതമായ നരഹത്യകളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കാലത്തേതിനേക്കാള്‍ 170 ശതമാനം ആള്‍ക്കൂട്ടക്കൊലപാതകങ്ങളാണ് മോദിയുടെ ആദ്യ പാദത്തില്‍ നടന്നത്. ഭരണഘടനയെ തൊട്ടുവന്ദിച്ചുകൊണ്ട് മോദി വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക് കാലെടുത്തുവെക്കുമ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടരുതേ എന്ന് ബഹുഭൂരിപക്ഷം ജനതയും പ്രാര്‍ത്ഥിച്ചതാണ് ഇന്നിതാ പൂര്‍വാധികംശക്തിയോടെ അരങ്ങേറുന്നത്.
വിവാഹിതനായി രണ്ടു മാസം മാത്രമായ യുവാവിന്റെ ജീവന്‍ കവരാന്‍ മാത്രം എന്തുതെറ്റാണ് ഇന്ത്യന്‍ പൗരനായ മുസ്‌ലിം യുവാവ് ചെയ്തത്. നിയമം നടപ്പാക്കാന്‍ ഇവിടെ സംവിധാനങ്ങളില്ലേ. ഇസ്‌ലാമിക വിശ്വാസി ആയിപ്പോയതാണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമാക്കുന്നതാണ് യുവാവിനെക്കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ മോദി തലതാഴ്ത്തി വന്ദിച്ച ഭരണഘടന അനുവദിക്കുന്ന അടിസ്ഥാന മത സ്വാതന്ത്ര്യത്തെയാണ് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രക്കാര്‍ ഇവിടെ അതിക്രൂരമായി നിന്ദിച്ചിരിക്കുന്നത്. ഇതിനവര്‍ക്ക് കിട്ടിയ ധൈര്യം എവിടെനിന്നാണ്? ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക്‌സഭയില്‍ ജൂണ്‍ 18ന് സത്യപ്രതിജ്ഞക്കിടെ ബി.ജെ.പി അംഗങ്ങള്‍ വിളിച്ച ‘ജയ്ശ്രീറാം’ മുദ്രാവാക്യം തെരുവില്‍നിന്ന് പാര്‍ലമെന്റിലേക്കുവരെ ഹിന്ദുത്വ പ്രത്യയശാസ്ത്രം കുടിയേറിക്കഴിഞ്ഞിരിക്കുന്ന സന്ദേശമാണ് വിളിച്ചോതിയത്. ഹൈദരാബാദ് എം.പി അസസുദ്ദീന്‍ ഉവൈസിയുടെ സത്യപ്രതിജ്ഞക്കിടെയായിരുന്നു ഇത്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മാണസഭാംഗത്തിന്റെ അവസ്ഥയാണിതെങ്കില്‍ പശുവിന്റെയും ഇല്ലാത്ത മോഷണത്തിന്റെയും പേരില്‍ നിയമം കയ്യിലെടുക്കുന്ന ഭരണകക്ഷി അനുകൂലികളില്‍നിന്ന് മുഹമ്മദ് അഖ്‌ലാഖിനും പഹ്‌ലൂഖാനും ജുനൈദ്ഖാനും തബ്‌രീസിനുമൊക്കെ എന്ത് സ്വാതന്ത്ര്യമാണ് സാധ്യമാകുക? ഗുജറാത്തിലെ മുസ്‌ലിംവംശഹത്യയുടെ പ്രയോക്താക്കളെന്ന് ആരോപിക്കപ്പെട്ടവരാണ് മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിപദവും ആഭ്യന്തരമന്ത്രിപദവും കയ്യേന്തുന്നത് എന്നത് രാജ്യത്തിന്റെ ഭാവിയെ നിരര്‍ത്ഥകവും ഭയചകിതവുമാക്കുന്നു. ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാവില്ലെന്നുപറഞ്ഞ എം.പി സാക്ഷിമഹാരാജും ഒറ്റതെരഞ്ഞെടുപ്പുമതിയെന്ന മോദിയും യു.പിയില്‍ പുറത്തിറക്കിത്തുടങ്ങിയ സംസ്‌കൃത സര്‍ക്കുലറുകളും ഹിന്ദു രാഷ്ട്ര മാര്‍ഗത്തിലെ പുതിയ നാഴികക്കല്ലുകളാണ്. ഇനിയെത്ര ദൂരമെന്നേ ഇനി അറിയാനുള്ളൂ. മതേതരജനാധിപത്യ ഇന്ത്യ പോയിട്ട് ഏതൊരു മനുഷ്യനും ഭൂമിയില്‍ മാന്യമായി ജീവിക്കാനുള്ള മൗലികാവകാശത്തിനുനേര്‍ക്കുള്ള വെല്ലുവിളിയാണ് ഇനിയും അവസാനിക്കുമെന്ന് ഒരുറപ്പുമില്ലാതെ തുടരുന്ന ഹിന്ദുത്വ ഭീകരതയുടെ കൊലവിളയാട്ടങ്ങള്‍. ഇതിനെതിരെ ചെറുവിരലനക്കാത്ത മോദിയുടെ വിവാഹമോചിതരായ മുസ്‌ലിം വനിതകളെക്കുറിച്ചുള്ള ഉത്കണ്ഠയുടെ പൊള്ളത്തരം ജനത തൊണ്ടതൊടാതെ വിഴുങ്ങണോ?
- 6 years ago
web desk 1
Categories:
Video Stories
എന്നു തീരും ഈ കാവിക്കൊലവിളി
Tags: editorial