സ്വയംസൃഷ്ടിച്ച ധാര്‍മികതയുടെ കൊക്കൂണിനകത്ത് അടയിരിക്കുന്ന ദൈവനിഷേധികളായ കമ്യൂണിസ്റ്റുകള്‍ സമൂഹത്തിന് മാതൃകയാകേണ്ടവരാണെന്നാണ് സ്വയം അനുശാസിച്ചുവെക്കപ്പെട്ടിട്ടുള്ളത്. ചൂഷിതരായ പാവങ്ങളുടെയും തൊഴിലാളികളുടെയും മോചനം, അവരുടെ അധികാരാരോഹണം തുടങ്ങിയ ഉന്നതമായ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ ശിരസാവഹിക്കുന്നവരാകയാല്‍ ഓരോ കമ്യൂണിസ്റ്റുകാരന്റെയും ജീവിതം അനുനിമിഷം അതീവസൂക്ഷ്മതയുള്ളതും മൂല്യവത്തായതുമായിരിക്കണമെന്ന് ആ സംഘടനകളുടെ തലപ്പത്തുള്ളവര്‍ നിഷ്‌കര്‍ഷിക്കുന്നത് സ്വാഭാവികം. ഇതൊക്കെകൊണ്ടാകണം, ഇന്ത്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍ ചിലര്‍ ജനകീയജനാധിപത്യവിപ്ലവത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് അധികാരത്തില്‍ പങ്കുപറ്റുന്നത്. മുഖ്യധാരാകമ്യൂണിസ്റ്റ് പാര്‍ട്ടികളായ സി.പി.എമ്മും സി.പി.ഐയും മൂന്നുസംസ്ഥാനങ്ങളില്‍ ഭരണംപിടിക്കുകയും സി.പി.ഐ കേന്ദ്രസര്‍ക്കാരില്‍ പങ്കാളിത്തം വഹിക്കുകയുംചെയ്തു. എന്നാല്‍ ജനപിന്തുണയുടെ കാര്യത്തില്‍ തലതിരിഞ്ഞ പിരമിഡിന്റെ ചുവട്ടിലാണ് ഇരുകമ്യൂണിസ്റ്റുപാര്‍ട്ടികളും ഇന്ന്. 63ല്‍നിന്ന് മൂന്നിലേക്കുള്ള പടവലങ്ങാവളര്‍ച്ച. മൂന്നരപതിറ്റാണ്ടോളം ഭരണംനടത്തിയ പശ്ചിമബംഗാളിലും കാല്‍നൂറ്റാണ്ട് ഭരണചരിത്രം അവകാശപ്പെടുന്ന ത്രിപുരയിലും സി.പി.എം അപ്രത്യക്ഷമായിരിക്കുന്നു. കേരളത്തില്‍മാത്രമാണ് സി.പി.എമ്മും ഇടതുകക്ഷികളും ഇന്ന് പേരിനെങ്കിലും അവശേഷിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരൊറ്റ സീറ്റുമാത്രമാണ് സി.പി.എമ്മിന് ലഭിച്ചത്. മറ്റു രണ്ടുസീറ്റുകള്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ്-മുസ്്‌ലിംലീഗ് സഖ്യത്തിലും.
ഇതൊക്കെ വീണ്ടുംഓര്‍മിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ് അടുത്തകാലത്തായി സി.പി.എമ്മിന്റെ അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുംനേരെ മലവെള്ളംകണക്കെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ലൈംഗികാരോപണങ്ങള്‍. കണ്ണൂര്‍, എറണാകുളം ജില്ലാസെക്രട്ടറിമാര്‍ക്ക് ലൈംഗികാരോപണത്തെതുടര്‍ന്ന് തല്‍സ്ഥാനങ്ങള്‍ ഒഴിയേണ്ടിവന്നു. പാലക്കാട്ട് യുവവനിതാഭാരവാഹിക്ക് പാര്‍ട്ടിഓഫീസിനുള്ളില്‍ ലൈംഗികപീഡനം നേരിടേണ്ടിവന്നുവെന്ന് കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കേണ്ടിവന്നു. തൃശൂര്‍ ഇരിഞ്ഞാലക്കുടയില്‍ ഡി.വൈ.എഫ്.ഐക്കാരിക്കുനേരെ പാര്‍ട്ടിനേതാവ് തന്നെയാണ് ലൈംഗികഅതിക്രമം നടത്തിയത്. പാലക്കാട്ട് ചെര്‍പുളശേരിയില്‍ സി.പി.എം പാര്‍ട്ടിഓഫീസില്‍ നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ചും അന്വേഷണം നടക്കുന്നു. മണ്ണാര്‍ക്കാട്ടെ ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയംഗമായ യുവതി പരാതി ഉന്നയിച്ചത്് പാര്‍ട്ടിയുടെ ഷൊര്‍ണൂര്‍ എം.എല്‍.എക്കെതിരെ. ഇതില്‍ പ്രതീക്ഷിച്ച നീതിലഭിക്കാതെ പാര്‍ട്ടിവിട്ടിരിക്കുകയാണ് വനിതാനേതാവ്. ഇതിനൊക്കെപുറമെയാണ് ഇന്നലെ പത്തനംതിട്ട, തിരുവനന്തപും ജില്ലകളില്‍ പാര്‍ട്ടിഭാരവാഹികള്‍ക്കെതിരെ സ്വന്തംപാര്‍ട്ടിക്കാര്‍ക്ക് പരാതി പറയേണ്ടിവന്നിരിക്കുന്നത്. ബ്ലോക്ക്പഞ്ചായത്ത് വനിതാഅധ്യക്ഷക്കെതിരെ ചുമതലയേറ്റെടുത്തതുമുതല്‍ പാര്‍ട്ടിക്കാര്‍തന്നെ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യവര്‍ഷം ചൊരിയുന്നുവത്രെ. മറ്റൊരു ജനപ്രതിനിധിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് പത്താംക്ലാസ്‌വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റമാണ്.
ഇതിനിടെയാണ് കഴിഞ്ഞദിവസം രാജ്യത്തെ ഞെട്ടിച്ച മറ്റൊരുവാര്‍ത്ത. ഗുരു നിന്ന് മൂത്രമൊഴിച്ചാല്‍ ശിഷ്യന്‍ നടന്ന് മൂത്രമൊഴിക്കുമെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരിബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌കോടിയേരിക്കെതിരായ ലൈംഗികപീഡനാരോപണം. ബീഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹംചെയ്ത് അതില്‍ കുഞ്ഞ് ജനിച്ചശേഷം ഉപേക്ഷിച്ചു എന്ന പരാതിയില്‍ മഹാരാഷ്ട്രയിലെ ഓഷിവാര പൊലീസ് കേരളത്തില്‍ അന്വേഷണത്തിനെത്തിയിരിക്കുന്നു. ഒരു കമ്യൂണിസ്റ്റ് സഖാവിനെത്തേടി ഇതരസംസ്ഥാനത്തുനിന്ന് പൊലീസ്‌സംഘം കേരളത്തിലെത്തിയിട്ടുണ്ടെങ്കില്‍ മുമ്പൊക്കെ അത് ദേശവിരുദ്ധപ്രവര്‍ത്തനത്തിനോ മറ്റോ ആയിരുന്നെങ്കില്‍, ഇന്ന് വന്നിരിക്കുന്ന പൊലീസിന്റെ ഉദ്ദേശ്യം സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ ഒളിവില്‍കഴിയുന്ന മകനെതിരെയുള്ള ലൈംഗികപരാതിയെക്കുറിച്ച് അന്വേഷിക്കാനാണ്. ബിനോയിക്കും എഴുതാം ത്യാഗിവര്യരായ കമ്യൂണിസ്റ്റുനേതാക്കളെപോലുള്ള ഒളിവിലെഓര്‍മകള്‍! ഇന്ത്യന്‍കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ആറുപതിറ്റാണ്ടത്തെ ചരിത്രഗതിയാണിത്. ബിനോയിയും യുവതിയും ദുബൈയിലെ ഡാന്‍സ്ബാറില്‍വെച്ച് പരിചയപ്പെട്ടശേഷം ബന്ധം മുംബൈയിലും തുടര്‍ന്നെന്നുമാണ് ജൂണ്‍ 12ന് യുവതി നല്‍കിയപരാതി. അഞ്ചുകോടിരൂപ മകന്റെ ജീവിതച്ചെലവിലേക്ക് ആവശ്യപ്പെട്ടിരിക്കുകയാണ് അവര്‍. ബിനോയി യുവതിയെ പരിചയമുള്ളതായി സമ്മതിച്ചിട്ടുമുണ്ട്. 2009ലാണ് ബിനോയിയില്‍ യുവതിക്ക് കുഞ്ഞ് ജനിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് ശരിയാണെങ്കില്‍ പിതാവ് കോടിയേരി ബാലകൃഷ്ണന്‍ കേരളത്തില്‍ ആഭ്യന്തരമന്ത്രിയായിരിക്കവെയാണ് സംഭവം.അക്കാലത്തുതന്നെയാണ് കോടിയേരിയും മാതാവും ബന്ധുക്കളും പങ്കെടുത്തുകൊണ്ട് തിരുവനന്തപുരത്തെ് ആര്‍ഭാടപൂര്‍വം ബിനോയ് മറ്റൊരു യുവതിയുമായി വിവാഹം നടത്തിയതും. കോടിയേരി മന്ത്രിയായിരിക്കെ മന്ത്രിവസതിയില്‍നിന്നൊഴിഞ്ഞ് വിവാദവ്യവസായിയുടെ വീട്ടില്‍ സൗജന്യമായി താമസിച്ചുവെന്ന ആരോപണവും നിലനില്‍ക്കുകയാണ്. മറ്റൊരു മകന്‍ ബിനീഷ് കോടിയേരിക്കെതിരെ മര്‍സൂഖി എന്ന ഒരുഅറബി 13 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ചതും അത് ഒത്തുതീര്‍ത്തതും മറക്കാറായിട്ടില്ല. കേരളത്തില്‍ സി.പി.എമ്മുകാര്‍ നടത്തിയ അരുംകൊലകളുടെ പട്ടികയെക്കുറിച്ച് പറയേണ്ടതില്ല. ഭരണഘടനയോട് അല്‍പമെങ്കിലും ആദരവുണ്ടെങ്കില്‍ സി.പി.എം സംസ്ഥാനസെക്രട്ടറിയായ പിതാവെന്ന നിലക്ക് കോടിയേരി ചെയ്യേണ്ടത് പുത്രനെ നിയമത്തിനുമുന്നില്‍ എത്രയുംപെട്ടെന്ന് ഹാജരാക്കുകയാണ്.
ആളും അര്‍ത്ഥവും അധികാരവുംകൊണ്ട് ഒരുസംഘടന, അതും ഉന്നതസാമൂഹികമൂല്യങ്ങളെക്കുറിച്ച് പെരുമ്പറ മുഴക്കുന്നവര്‍, ചെളിക്കുണ്ടിലേക്ക് എത്രകണ്ട് നിപതിച്ചിരിക്കുന്നുവെന്നതിന്റെ നേര്‍സൂചകമാണ് മേല്‍സംഭവമോരോന്നും. അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നവരെ കുലംകുത്തികളെന്ന് വിളിക്കുന്ന സി.പി.എം നേതാക്കള്‍ തന്നെയല്ലേ ഇപ്പോള്‍ കമ്യൂണിസ്റ്റ് തറവാട്ടിന്റെ കുലംകുത്തുന്നത്? ജീവഭയംമൂലം അരുതേയെന്ന് ആംഗ്യംകാട്ടാന്‍പോലുമാളില്ലാത്ത പാര്‍ട്ടിയുടെ ഗതികേട്. സത്യസന്ധരും ശുദ്ധമനസ്‌കരുമായ അണികളെ റാഞ്ചാന്‍ തീവ്രവര്‍ഗീയപാര്‍ട്ടികള്‍ കണ്ണുനട്ടിരിക്കുന്നുണ്ടെന്ന തിരിച്ചറിവ് കമ്യൂണിസ്റ്റുനേതാക്കള്‍ക്കില്ലെങ്കിലും കേരളീയപൊതുസമൂഹത്തിനെങ്കിലുമുണ്ട്. അതാണ് മതേതരകേരളത്തെ ഇപ്പോള്‍ അസ്വസ്ഥപ്പെടുത്തുന്നത്.
- 6 years ago
web desk 1
Categories:
Video Stories
സ്വയം കുലംകുത്തുന്ന കമ്യൂണിസ്റ്റുകള്‍
Tags: editorial