X

രണ്ടാമൂഴത്തിലെ ഉത്കണ്ഠകള്‍


പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ രണ്ടാം അധികാരാരോഹണത്തിന് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുകയാണ്. വൈകീട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ഭരണ കക്ഷിയിലെ ഏതാനും പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. 2014നെ അപേക്ഷിച്ച് 14 ശതമാനത്തോളം വോട്ട് അധികമായിനേടാന്‍ കഴിഞ്ഞത് ഭരണമുന്നണിയായ എന്‍.ഡി.എയെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനത്തിന് വക നല്‍കുന്നതുതന്നെയെങ്കിലും, മുന്നണിയേക്കാള്‍ പാര്‍ട്ടികളെയും സ്വന്തം പാര്‍ട്ടിയെയും നിഷ്പ്രഭമാക്കിയ നരേന്ദ്രമോദിയുടെ നേട്ടമായാണ് പൊതുസമൂഹം ഈ വിജയത്തെ എണ്ണുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തേതില്‍നിന്ന് രാജ്യം മുന്നേറുമോ അതോ ശിഥിലമാകുമോ എന്നാണ് മോദിയുടെ രണ്ടാം ഇന്നിംഗ്‌സിലൂടെ രാജ്യവും ലോകവും ഉറ്റുനോക്കുന്നത്. ഒന്നാം ഘട്ടത്തെ ക്രമസമാധാത്തകര്‍ച്ചകളും തലതിരിഞ്ഞ ഭരണ നടപടികളും മോശം സാമ്പത്തിക പ്രകടനവും വിലയിരുത്തുമ്പോള്‍ വലിയപ്രതീക്ഷക്ക് ഇത്തവണയും വകയില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. എങ്കിലും ശുഭാപ്തിവിശ്വാസം കൈവിടാതെ ഇവയെല്ലാം മറികടക്കുന്നതാകട്ടെ മോദിയുടെ രണ്ടാമൂഴമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ സ്വാതന്ത്ര്യത്തിനുശേഷം ഒരിക്കലുമുണ്ടാകാത്ത രീതിയിലുള്ള മ്ലേച്ഛമായ പ്രവണതകളാണ് ഇക്കഴിഞ്ഞ മോദി ഭരണകാലം രാജ്യത്തിന് കാട്ടിത്തന്നത്. യു.പി.എ ഭരണകാലത്തെ അപേക്ഷിച്ച് 70 ശതമാനത്തോളം ഉയര്‍ന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍, കാര്‍ഷികത്തകര്‍ച്ച, പെട്രോളിയം ഉത്പന്നങ്ങളുടെയും തദ്വാരാ നിത്യോപയോഗ വസ്തുക്കളുടെയും വിലക്കുതിപ്പ്, നാലര പതിറ്റാണ്ടത്തെ തൊഴിലില്ലായ്മ, ചെറുകിട വ്യവസായങ്ങളുടെയും വ്യാപാരത്തിന്റെയും മരണമണി തുടങ്ങിയവയാണ് മോദിയുടെ ആദ്യ പാദത്തില്‍ രാജ്യം അനുഭവിച്ചുതീര്‍ത്തത്. മുസഫര്‍ നഗറിലും ബുലന്ദ്ഷഹറിലും ഉണ്ടായ വര്‍ഗീയ അക്രമങ്ങളുടെ ഇരകള്‍ക്ക് ഇന്നും കിടപ്പാടവും നീതിയും തിരികെ ലഭിച്ചിട്ടില്ലെന്ന വസ്തുത ബാക്കിനില്‍ക്കുന്നു. ഇതെഴുതുമ്പോഴും ഹിന്ദുത്വ ശക്തികള്‍ രാജ്യത്ത് അഴിഞ്ഞാട്ടം തുടരുന്നു. ഇന്ത്യന്‍ജനതയുടെ അന്തരംഗങ്ങളില്‍ ഹിന്ദുരാഷ്ട്രം എന്ന മുദ്രാവാക്യം ഭീതിതമായി മുഴങ്ങുന്നു.
ജനാധിപത്യത്തെക്കുറിച്ച് ആവര്‍ത്തിച്ചും ‘സബ്കാസാത്, സബ്കാ വികാസ്’ മുദ്രാവാക്യം ഉരുവിട്ടും മോദി വീണ്ടും അധികാരത്തിലെത്തുമ്പോള്‍ വലിയൊരുവിഭാഗം ജനത അദ്ദേഹത്തിലും അദ്ദേഹത്തിന്റെ ഭരണത്തിലും വിശ്വാസമില്ലാത്തവരായി ഇന്നും നിലകൊള്ളുന്നുവെന്ന യാഥാര്‍ത്ഥ്യം കാണാതെ പോകരുത്. 31.4 ശതമാനത്തില്‍നിന്ന് 45 ശതമാനത്തിലേക്ക് വോട്ടു ശതമാനം ഭരണമുന്നണിക്ക് ഉയര്‍ത്താനായെങ്കിലും ഇപ്പോഴും ഭൂരിപക്ഷം-55 ശതമാനം-ജനത മോദിക്കും അദ്ദേഹത്തിന്റെ ഭരണത്തിനും പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്ന സത്യം നിലനില്‍ക്കുകയാണെന്ന വസ്തുത മറന്നുപോകരുത്. ന്യൂനപക്ഷങ്ങളെ ബി.ജെ.പിയും സര്‍ക്കാരും ഉള്‍ക്കൊള്ളേണ്ടതിനെക്കുറിച്ച് മോദി പറയുമ്പോള്‍ മെയ് 23ന് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതുമുതല്‍ മോദിയുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്്‌ലിംകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നിഷ്ഠൂരമായ ആക്രമണങ്ങള്‍ അദ്ദേഹത്തെ അലോസരപ്പെടുത്തുന്നില്ല. കശ്മീരില്‍ യു.പി.എ കാലത്തെ അപേക്ഷിച്ച് കുത്തനെ ഉയര്‍ന്ന അക്രമങ്ങളും മരണ സംഖ്യയും ഈതെരഞ്ഞെടുപ്പിലെ അവിടുത്ത കുത്തനെ താഴ്ന്ന പോളിംഗ് ശതമാനവും മോദിയുടെ ‘സബ്കാസാതി’ന്റെ പൊള്ളത്തരം വിളിച്ചോതുന്നുണ്ട്.
2014നെ അപേക്ഷിച്ച് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനനിരക്ക് ജി.ഡി.പി-രണ്ടു ശതമാനത്തിലധികം താഴ്ന്ന നിലയിലാണ്. മന്‍മോഹന്‍സിംഗിന്റെ ഭരണത്തില്‍ 9 ശതമാനത്തിന് മുകളിലെത്തിയിരുന്ന ജി.ഡി.പി ഇന്ന് 7.6 ല്‍ നില്‍ക്കുന്നു. 2016ലെ നോട്ടു നിരോധനത്തിനുശേഷം ഒരുതവണ ഇത് 5 ശതമാനത്തിലേക്ക് വരെ കുത്തനെ കൂപ്പുകുത്തി. കാര്‍ഷിക മേഖലയില്‍നിന്നുള്ള ജി.ഡി.പി സംഭാവന 15 ശതമാനത്തില്‍നിന്ന് വീണ്ടും താഴോട്ട് പോയിക്കൊണ്ടിരിക്കുന്നു. ബമ്പര്‍വിളവെടുപ്പുകളുടെ ഗുണം കര്‍ഷകന് ലഭിച്ചില്ലെന്ന് മാത്രമല്ല, ഉള്ള വരുമാനവും ഇല്ലാതായ അവസ്ഥയില്‍ ആത്മഹത്യകളില്‍ അഭയംതേടുകയാണ് കര്‍ഷകര്‍. ഡോളറുമായി രൂപയുടെ മൂല്യത്തിന് സംഭവിച്ചത് 18 ശതമാനത്തിന്റെ ഇടിവാണ്. ധനക്കമ്മി 2014നെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ധിച്ചതിനുകാരണം പെട്രോളിയം ഉത്പന്നങ്ങളില്‍നിന്നുള്ള വരുമാനമാണ്. എന്നാല്‍ സംസ്ഥാനങ്ങളുടെ ധനക്കമ്മിയില്‍ ഇത് യാതൊരുവിധ സ്വാധീനവും വരുത്താതിരുന്നത് ഇതിലെ വലിയൊരു പങ്ക് നികുതിപ്പണവും കവര്‍ന്നത് കേന്ദ്രമായതിനാലാണ്. എന്നാലിതുകൊണ്ട് പൊജുജനങ്ങള്‍ക്ക് ഗുണം കിട്ടിയതുമില്ല. 2014ല്‍ 18.2 ശതമാനമായിരുന്ന സബ്‌സിഡിനിരക്ക് ഇന്ന് 17 ശതമാനമായി കുറഞ്ഞിരിക്കുന്നു. വാഹനങ്ങളുടെ വില്‍പനയില്‍ 2018-19 വര്‍ഷം ഉണ്ടായിട്ടുള്ള ഇടിവും നല്‍കുന്നത് രാജ്യം സാമ്പത്തികമായി പിറകോട്ട് പോയിക്കൊണ്ടിരിക്കുന്നുവെന്ന ഭീതിയാണ്. കള്ളപ്പണം പിടിക്കാനാണെന്ന് പ്രചരിപ്പിച്ച് മോദി സര്‍ക്കാര്‍ നടത്തിയ നോട്ടുനിരോധനത്തില്‍ വലഞ്ഞത് രാജ്യത്തെ 80 ശതമാനം സാധാരണക്കാരാണ്. വന്‍കിട വ്യവസായികളുടെ പൊതുമേഖലാബാങ്കുകളിലെ കടങ്ങള്‍ എഴുതിത്തള്ളിയപ്പോള്‍ സാധാരണക്കാരനും കര്‍ഷകനും ചെറിയ തുകയുടെ പേരില്‍ ജപ്തി ഭീഷണിയില്‍ ജീവനൊടുക്കേണ്ട അവസ്ഥ. മുപ്പതിനായിരം കോടിയുടെ റഫാല്‍ യുദ്ധ വിമാന അഴിമതിയെക്കുറിച്ച് കോടതിയില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കുപോലും കൃത്യമായ മറുപടി നല്‍കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല. എല്ലാവിധ ഭരണഘടനാസ്ഥാപനങ്ങളെയും ഇകഴ്ത്താനും മോദിയുടെ പ്രഥമ കാലഘട്ടം വിനിയോഗിക്കപ്പെട്ടു. സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള മോദിയുടെ മൗനം ഭയപ്പെടുത്തുന്നു. അച്ഛാദിന്‍ കേള്‍ക്കുന്നേയില്ല.
ഇതിനൊക്കെ എതിരെ പ്രതികരിക്കാന്‍ ലഭിച്ച അവസരം കശ്മീരിലെ പുല്‍വാമയില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫെബ്രുവരിയിലുണ്ടായ ഭീകരാക്രമണമാണ് തിരികെ സ്വാധീനിച്ചതെന്നാണ് തെരഞ്ഞെടുപ്പുഫലം വിലയിരുത്തുന്ന വിദഗ്ധരെല്ലാം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സമ്പത്തിനെക്കാളും പുരോഗതിയെക്കാളും തങ്ങള്‍ക്കത്യാവശ്യം ജീവന്റെ നിലനില്‍പാണെന്ന തിരിച്ചറിവാണ് മോദിയെ വീണ്ടും രാജ്യാധികാരമേല്‍ക്കാന്‍ സഹായിച്ചതെന്നര്‍ത്ഥം. ലോകത്തെ അഞ്ചാം സാമ്പത്തിക ശക്തിയായി വളരാന്‍ ഇന്ത്യയെ സഹായിച്ചത് മുന്‍കാലങ്ങളില്‍ രാജ്യംഭരിച്ച ദീര്‍ഘദൃക്കുകളും സര്‍വാംഗീകൃതരുമായ രാഷ്ട്രനേതാക്കളും മതേതരരായ ജനതയുടെ കഠിനാധ്വാനവുമാണെന്ന വസ്തുത വിജയാരവത്തിനും വിഭാഗീയതക്കുമിടയില്‍ മോദി മറന്നുപോകരുത്.

web desk 1: