X

കടക്കൂ, പുറത്ത്..!


ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പേരില്‍ ജനങ്ങളെ പറഞ്ഞുപറ്റിച്ച് കോടികള്‍ സമ്പാദിക്കുകയും മജ്ജയും മാംസവുമുള്ള മനുഷ്യരെ പച്ചയ്ക്ക് വെട്ടിക്കൊല്ലുകയുംചെയ്യുന്ന ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ശിരസ്സിനേറ്റ കൂടംകൊണ്ടുള്ള അടിയാണിത്. ലോക്‌സഭയിലെ പ്രതിപക്ഷ പദവിയിലിരുന്ന കക്ഷി രാജ്യത്ത് ഒരു കൈവിരലിലെണ്ണാവുന്ന ചെറുസഖ്യമായി നിലത്തിഴയുന്ന കാഴ്ച അതിദയനീയം. ഇപ്പോള്‍ കിട്ടിയ അഞ്ചില്‍ നാലും തമിഴ്‌നാട്ടില്‍ നിന്നാണെന്നത് കണക്കിലെടുക്കുമ്പോള്‍ പരമ്പരാഗത മേഖലകളിലെല്ലാം തകര്‍ന്നടിഞ്ഞ് ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് സാധ്യമാകുമോ എന്ന് സംശയിപ്പിക്കുന്ന പരാജയമാണ് ഇടതുപക്ഷം ഏറ്റുവാങ്ങിയിരിക്കുന്നത്. കേരളത്തില്‍ അവശേഷിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെകൂടി ശവപ്പെട്ടിയിലെ ആദ്യത്തെ ആണി അടിച്ചിരിക്കുന്നുവെന്ന് വ്യാഴാഴ്ച പുറത്തുവന്ന പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പുഫലം ഉച്ചൈസ്തരം വിളിച്ചോതുന്നു. അതിരുവിട്ട അഹങ്കാരത്തിലും അന്ധമായ കോണ്‍ഗ്രസ് വിരോധത്തിലും മുഖം കമഴ്ത്തിയിരിക്കുന്നവര്‍ക്ക് ജനവിധിയുടെ മുന്നറിയിപ്പ് കേള്‍ക്കാനോ അനുസരിക്കാനോ കഴിയുമോ എന്ന് വരുംനാളുകളില്‍ അവര്‍ തെളിയിക്കട്ടെ.
ന്യൂനപക്ഷ പ്രാതിനിധ്യത്തിന്റെ പേരില്‍ കേരളത്തില്‍ ഇരുപതില്‍ പേരിനൊരു സീറ്റ് വാങ്ങിയെടുത്തതാണ് സി.പി.എമ്മിന് ലഭിച്ച ഈ ആശയ പോരാട്ടത്തിലെ ദീര്‍ഘനിശ്വാസത്തിനുള്ള ഏകവക. അരൂരിലെ സിറ്റിംഗ് എം.എല്‍.എ എ.എം ആരിഫിന്റെ 10,474 അധികവോട്ടും ഡി.എം.കെ സുനാമിയില്‍ ഒഴുകിവന്ന തമിഴ്‌നാട്ടിലെ നാലു സീറ്റുമാണ് ഇടതുപക്ഷത്തിന്റെ പിടിവള്ളികള്‍. സി.പി.ഐക്ക് കേരളം സംപൂജ്യപദവി നല്‍കിയിരിക്കുന്നു. പശ്ചിമബംഗാളില്‍ സി.പി.എമ്മിന് 2014ല്‍ ലഭിച്ച റായ്ഗഞ്ചിലെ മുഹമ്മദ്‌സലീമിന്റെ ഏക വിജയംപോലും ഇത്തവണ അവിടുത്തെ മമത-ബി.ജെ.പി കുത്തൊഴുക്കില്‍ അലിഞ്ഞില്ലാതായി. നീണ്ട മുപ്പത്തിനാല് കൊല്ലത്തെ പശ്ചിമബംഗാളും കാല്‍ നൂറ്റാണ്ടത്തെ ത്രിപുരയും പ്രധാനമന്ത്രിപദംവരെ വെച്ചുനീട്ടപ്പെട്ടതും ഇനി സ്വപ്‌നമായി കൊണ്ടാടാം. 2014ല്‍ ഇടതുപക്ഷത്തിന് ലോക്‌സഭയില്‍ 60 സീറ്റുണ്ടായിരുന്നുവെന്നത് കണക്കിലെടുക്കുമ്പോള്‍ ഈ കനത്തതിരിച്ചടിക്ക് കാരണം കഴിഞ്ഞ 15 കൊല്ലക്കാലത്തെ സി.പി.എം ചെയ്തികളാണ്. അത് നന്ദിഗ്രാം മുതല്‍ കണ്ണൂര്‍വരെ നീണ്ടുനിവര്‍ന്നുകിടക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട് ഒരുകക്ഷിയെയും മുന്നണിയെയും എത്രകണ്ട് ജനവിരുദ്ധമാക്കാമെന്നതിന് ഗവേഷണംനടത്തി വിജയിച്ചവരാണ് ഇന്ത്യയിലെ ഇടതുപക്ഷം; വിശിഷ്യാ സി.പി.എം നേതാക്കള്‍.
കേരളത്തില്‍ ഒടുവിലത്തെ ഇടതുപക്ഷ സര്‍ക്കാരാകും ഇപ്പോഴത്തേതെന്നതിന് വ്യക്തമായ സൂചകങ്ങളാണ് ഈ തെരഞ്ഞെടുപ്പ് മുന്നോട്ടുവെച്ചിരിക്കുന്നത്. സംസ്ഥാന രൂപീകരണം മുതല്‍ 1997ലൊഴികെ ഒരു തെരഞ്ഞെടുപ്പില്‍പോലും ഇടതിന് ഇത്രയും വലിയ പ്രഹരം ഏല്‍ക്കേണ്ടിവന്നിട്ടില്ല . ’97ല്‍ 20സീറ്റും നേടിയ ഐക്യജനാധിപത്യമുന്നണിയെ അതിന് സഹായിച്ചത് സി.പി.എമ്മിന്റെ ജനവിരുദ്ധ നയങ്ങളായിരുന്നു. ജാതി മത ഭേദമെന്യേ സകല വിഭാഗങ്ങളെയും അകറ്റി. അതിന് സമാനമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ 2016-18 കാലത്ത് സംസ്ഥാനത്ത് നടത്തിയ ജനവിരുദ്ധ നയങ്ങളോരോന്നും. 2018 ആഗസ്റ്റിലുണ്ടായ മഹാപ്രളയം കൈകാര്യംചെയ്ത രീതിയാണ് അഞ്ഞൂറോളം മനുഷ്യജീവനുകള്‍ പൊലിയുന്നതിനും ലക്ഷക്കണക്കിന് പേരുടെ കിടപ്പാടവും വരുമാനവും നശിക്കുന്നതിനും കാരണമായത്. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ ജനങ്ങളെയും ഹൈക്കോടതിയെയുംവരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. 12 വര്‍ഷത്തിനുശേഷം 2018 സെപ്തംബര്‍ 28ന് പുറത്തുവന്ന ശബരിമല യുവതീ പ്രവേശന പ്രശ്‌നത്തിലെ സുപ്രീംകോടതി വിധിയെ തങ്ങളുടെ നിരീശ്വരവാദനയങ്ങള്‍ക്കനുകൂലമായി ദുര്‍വ്യാഖ്യാനിച്ച് ഹൈന്ദവ വിശ്വാസി സമൂഹത്തെയാകെ വിറപ്പിക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍. കോടതിവിധി നടപ്പാക്കുകയല്ലാതെ പോംവഴിയില്ലെന്ന് പറഞ്ഞവര്‍ യുവതികളെ ഭക്ഷണം വാങ്ങിക്കൊടുത്തും ലോഡ്ജുകളില്‍ പാര്‍പ്പിച്ചും പൊലീസ് അകമ്പടിയോടെ ക്ഷേത്രത്തില്‍ കയറ്റിയതിനെ ഇനിയുമെങ്ങനെയാണ് ന്യായീകരിക്കുക.
ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ശബരിമല വിഷയവും തോല്‍വിയെ ബാധിച്ചുവെന്ന് വിലയിരുത്തിയത് മണിക്കൂറുകള്‍ക്കുമാത്രം മുമ്പ് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയെ തള്ളിക്കളയുന്നതാണെന്നത് സ്വാഗതാര്‍ഹമാണ്. വീഴ്ചകള്‍ പരിശോധിക്കുമെന്ന് പറഞ്ഞ അതേ ശ്വാസത്തിലാണ് പിണറായിയും കോടിയേരിയും ശബരിമല വിഷയം തങ്ങളെ ബാധിച്ചിട്ടില്ലെന്ന് തട്ടിവിട്ടത്. ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാഗ്രഹിച്ചതാണ് യു.ഡി.എഫ് തരംഗത്തിന ്കാരണമെന്ന് വിലയിരുത്തുന്ന സി.പി.എം, 2004ല്‍ മറ്റൊരു ബി.ജെ.പി സര്‍ക്കാരിനെതിരെ 18 സീറ്റ് പിടിച്ചതിനെ തമസ്‌കരിക്കുന്നത് ആശയപരമായ ആത്മഹത്യയാണ്. മത ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസിനോടും രാഹുല്‍ ഗാന്ധിയോടും ഉണ്ടായ വിശ്വാസം വോട്ടായി പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മുമ്പൊരിക്കലും സമ്മതിക്കാതെ, തങ്ങളാണ് മതേതരത്വത്തിന്റെയും വര്‍ഗീയ വിരുദ്ധതയുടെയും അപ്പോസ്തലന്മാര്‍ എന്നു വാദിച്ചവരാണ് സി.പി.എമ്മുകാര്‍. 50 ശതമാനത്തോളംവരുന്ന മത ന്യൂനപക്ഷ വിഭാഗങ്ങളുടെ മാത്രം വോട്ടാണ് യു.ഡി.എഫിന് കിട്ടിയതെങ്കില്‍ താരതമ്യേന ഈവിഭാഗങ്ങള്‍ കുറവുള്ള തിരു-കൊച്ചി മേഖലകളിലും ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയെ ഏതു ന്യായം പറഞ്ഞാണ് രക്ഷിക്കുക. 2014ല്‍ എട്ടു സീറ്റ് കരസ്ഥമാക്കിയ ഇടതിന് ഇത്തവണ പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍, കാസര്‍കോട്, കണ്ണൂര്‍ പോലുള്ള കുത്തക മണ്ഡലങ്ങള്‍ കൈവിട്ടതെങ്ങനെയാണ്?. പിണറായി വിജയന്റെ ധര്‍മടത്ത്് ഉണ്ടായിരുന്ന മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം നാലായിരമായി ചുരുങ്ങിയതിനെ പിണറായിയുടെയും സി.പി.എം കണ്ണൂര്‍ ലോബിയുടെയും പരാജയമായി പാര്‍ട്ടി വിലയിരുത്തുമോ. കാസര്‍കോട്ടെ പെരിയയിലും കണ്ണൂരിലും കോഴിക്കോട്ടും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ എതിരാളികളെ വെട്ടിനുറുക്കിയ കാപാലിക രാഷ്ട്രീയത്തിനുള്ള തിരിച്ചടികൂടിയാണ് ഈ വമ്പന്‍ തോല്‍വി. നിയമസഭാ അടിസ്ഥാനത്തില്‍ 2016ലെ 91 സീറ്റില്‍നിന്ന് 16 സീറ്റിലേക്ക് ചുക്കിച്ചുരുണ്ട ഇടതുപക്ഷത്തിന് ഇനിയും ആശ്വാസം ചോദിച്ചെത്തുന്ന ജനങ്ങളെ കണ്ണുരുട്ടി കടക്കൂ, പുറത്ത് എന്നു പറയാനാണ് ഭാവമെങ്കില്‍ അത് ഇന്ത്യന്‍ ജനത പറഞ്ഞുകഴിഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിയുക. തങ്ങളില്ലെങ്കില്‍ ബി.ജെ.പി വളരുമെന്ന ഇടതു പല്ലവിക്ക് ജാതിമത ഭേദമെന്യേ കേരള ജനത നല്‍കിയ മറുപടിയാണ് യു.ഡി.എഫിനോടുള്ള ഈ അതിരുകവിഞ്ഞജനപ്രിയത. ‘മോദിഇന്ത്യ’ യുടെ ഇരുണ്ട മുഹൂര്‍ത്തത്തില്‍ ചരിത്രനേട്ടത്തിന് യു.ഡി.എഫ് കടപ്പെട്ടിരിക്കുന്നത് ഉത്തരത്തിലെ ഗൗളികളോടല്ല; കേരളത്തിലെ അചഞ്ചലരായ ജനാധിപത്യ വിശ്വാസികളോട് മാത്രമാണ്.

web desk 1: