X

പ്രജ്ഞാസിംഗിന്റെ സ്വന്തം ബി.ജെ.പി


മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ കഴിഞ്ഞമാസം ആ കക്ഷി പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ ഞെട്ടല്‍ പോലൊന്ന് മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും രാജ്യത്ത് ഈ തെരഞ്ഞെടുപ്പു പോയിട്ട് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. അതിനു കാരണം മഹാരാഷ്ട്രയിലെ 2006ലെ മലേഗാവ് സ്‌ഫോടനത്തിലെ പ്രതിയാണ് സാധ്വി എന്നു ചേര്‍ത്ത് വിളിക്കപ്പെടുന്ന പ്രജ്ഞാസിംഗ് താക്കൂര്‍ എന്നതാണ്. പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാനും ശക്തമായി പിന്തുണച്ചതോടെ എന്താണ് ബി.ജെ.പി ഇതിലൂടെ ഉന്നയിക്കുന്നതെന്ന് വ്യക്തമായതാണ്. ഹിന്ദുത്വ ഭീകരതയുടെ ആധുനിക വക്താവാണ് ഈ സംഘ്പരിവാര്‍ മഹിളാമണി. പ്രതീക്ഷിച്ചതുപോലെ, അവര്‍ സ്ഥാനാര്‍ത്ഥിയായ ഉടന്‍ തന്നെ രാജ്യത്തെ ഞെട്ടിച്ചൊരു പ്രസ്താവന നടത്തി. മുംബൈയിലെ പാക് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മുംബൈ പൊലീസ് കമ്മീഷണര്‍ ഹേമന്ത് കര്‍ക്കറെക്ക് തന്റെ ശാപം നേരിട്ടതിനാലാണ് അദ്ദേഹത്തിന് അത്യാഹിതം സംഭവിച്ചതെന്നായിരുന്നു ആ പ്രസ്താവം. അതിനുശേഷവും ബാബരി മസ്ജിദ് തകര്‍ത്തതില്‍ താന്‍ നേരിട്ടു പങ്കെടുത്തിരുന്നുവെന്നും അതില്‍ അഭിമാനിക്കുമെന്നായി വര്‍ഗീയ വായ്ത്താരി. എന്നാലിതാ ഈ കപട സന്യാസിനിയുടെ മൂന്നാമത്തേതാണ് മറ്റു രണ്ടിനെയും ഇപ്പോള്‍ കടത്തിവെട്ടിയിരിക്കുന്നത്: രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയാണ്. ഇതാണ് തന്റെ പാര്‍ട്ടിലൈന്‍!
സത്യത്തില്‍ എന്താണ് പ്രജ്ഞാസിംഗിനെക്കൊണ്ട് ബി.ജെ.പിയും സംഘ്പരിവാരവും പ്രധാനമന്ത്രിയടക്കമുള്ള ഉന്നത നേതാക്കളും ലക്ഷ്യംവെക്കുന്നത്? അത് രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുന്നതിനുള്ള മാര്‍ഗത്തിലെ പ്രധാന കണ്ണിയാണ് ഇവരെന്നതാണ്. അതുകൊണ്ടായിരിക്കണം ആറു പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായ സ്‌ഫോടനക്കേസ് പ്രതിയെ ജാമ്യത്തിലിറങ്ങിയിരിക്കെ ബി.ജെ.പി ലോക്‌സഭയിലേക്ക് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. വിവാദ വിദ്വേഷ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പുകമ്മീഷന്‍ പ്രജ്ഞക്ക് താക്കീത് നല്‍കുകയും 48 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തതാണ്. അതുപോലും പാലിക്കാന്‍ തയ്യാറാകാതെ വീണ്ടും താക്കീത് കേട്ട വ്യക്തിയാണ് ഇവര്‍.
പക്ഷേ ഗോഡ്‌സെയെക്കുറിച്ച് കഴിഞ്ഞദിവസം തമിഴ്‌നടനും മക്കള്‍നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍ നടത്തിയ മറ്റൊരു പ്രസ്താവനയാണ് പ്രജ്ഞസിംഗിനെയും ബി.ജെ.പിയെയും ചൊടിപിച്ചത്. പ്രജ്ഞയാണ് ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു ഭീകരവാദി എന്ന് പലരും കരുതിയിരിക്കുമ്പോഴാണ് കമല്‍ തന്റെ സ്വതസ്സിദ്ധ ശൈലിയില്‍ ഗോഡ്‌സെക്കെതിരെ വെടിപൊട്ടിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദുതീവ്രവാദി ഗോഡ്‌സെയാണെന്നായിരുന്നു കമലിന്റെ പ്രസ്താവന. സധാരാണഗതിയില്‍ ലോകത്ത് അഹിംസ എന്ന ധര്‍മസിദ്ധാന്തംകൊണ്ട് പുനശ്ചിന്തിപ്പിച്ച മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നരാധമനെ ആരെങ്കിലും വിമര്‍ശിക്കുന്നത് കേട്ടാല്‍ ആരായാലും അയാളെ പ്രേല്‍സാഹിപ്പിക്കണം. എന്നാല്‍ ബി.ജെ.പി കമലിനെതിരെ രംഗത്തുവന്നത് അവരുടെ തനിനിറം വ്യക്തമാക്കുന്നതായി. കമല്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് മധുരയിലെയും ഡല്‍ഹിയിലെയും കോടതികളില്‍ അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടിയാവശ്യപ്പെട്ട് കേസെടുക്കാന്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ബി.ജെ.പി അനുഭാവികള്‍. തമിഴ്‌നാട് പൊലീസ് കേസെടുത്തിരിക്കുന്നു. കമല്‍ തന്റെ ഗോഡ്‌സെ വിരുദ്ധ പ്രസ്താവം ആവര്‍ത്തിച്ചിരിക്കുകയുമാണ്.
ഗോഡ്‌സെയെക്കുറിച്ച് ഭള്ള് പറയുന്നവരെ കേട്ടാല്‍ ബി.ജെ.പിക്കാര്‍ക്ക് ഇത്ര അരിശം വരാനുള്ള ഹേതു എന്താണ്? പ്രജ്ഞാസിംഗ് താക്കൂറിന് തോന്നിയ വികാരം തന്നെയായിരിക്കണം അവരെ ലോക്‌സഭാ എം.പിയാക്കാന്‍ നിശ്ചയിച്ച മോദിക്കും ഷായ്ക്കുമൊക്കെ തോന്നുക എന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റുപറയാനാകില്ല. പ്രജ്ഞയുടെ പിന്നില്‍ മോദിയാണെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയുടെ പ്രസ്താവന ഈ സംശയത്തിന്റെ സൂചനയാണ്. ബി.ജെ.പി പ്രജ്ഞയുടെ ഗോഡ്‌സെയോടുള്ള മമതയെ തള്ളിപ്പറഞ്ഞതായി ഭാവിക്കുന്നുണ്ടെങ്കിലും അവരുടെ ഇദംപ്രഥമമായ ചരിത്രം അതിന് നിരക്കുന്നതല്ല. ഹിന്ദു മഹാസഭയില്‍ അംഗമായിരുന്ന നാഥുറാംവിനായക് ഗോഡ്‌സെ ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസ്സിലും അംഗമായിരുന്നുവെന്ന് വ്യക്തമാക്കിയത് ഗാന്ധിജി വധക്കേസില്‍ പ്രതിയായിരുന്ന സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ തന്നെയായിരുന്നു. രാഹുല്‍ഗാന്ധിക്കെതിരെ കേസ് കൊടുത്ത ആര്‍.എസ്.എസ്സിന് എതിരായി 2004ല്‍ ഗോഡ്‌സെയുടെ മരുമകന്‍ സത്യാകിസവര്‍ക്കറും ഇത് ശരിവെച്ചിരുന്നു. ഗാന്ധിജിയുടെ വധത്തെതുടര്‍ന്ന് അതിന്റെ പാപഭാരം തങ്ങളില്‍നിന്ന് ഒഴിവാക്കാനാണ് ആര്‍.എസ്.എസ്സും ബി.ജെ.പിയും പരസ്യമായി ഗോഡ്‌സെ വിരുദ്ധ നിലപാടെടുക്കുന്നത് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ പ്രജ്ഞയുടെ പ്രസ്താവന. ഗോഡ്‌സെയെ ദേശസ്‌നേഹിയാക്കുന്നവര്‍ തന്നെയാണ് അയാള്‍ക്ക് വേണ്ടി പ്രതിമയും അമ്പലവും ഉണ്ടാക്കാന്‍ പുറപ്പെട്ടിരിക്കുന്നതും.
ഗാന്ധിജിയുടെ ഹിന്ദു-മുസ്‌ലിം സാഹോദര്യ സ്‌നേഹമാണ് ഗോഡ്‌സെയെ പോലുള്ളവരെ ആ മഹാമനീഷിക്കെതിരാക്കിയതെന്ന് ഗാന്ധിവധത്തിന്റെ പശ്ചാത്തലം പരിശോധിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. ഹെഡ്ഗവാര്‍, സവര്‍ക്കര്‍, ഗോള്‍വാര്‍ക്കര്‍ എന്നിവരൊക്കെ പിന്തുടര്‍ന്ന ഹിന്ദുത്വ ആശയത്തിന് എതിരായ നിലപാടാണ് അവസാന ശ്വാസത്തിലും ഹേ, റാം എന്നുച്ഛരിച്ച തികഞ്ഞ ഹിന്ദുമത വിശ്വാസിയായ മഹാത്മാവിനുണ്ടായിരുന്നതെന്നത് ചരിത്രം. ഒരുപക്ഷേ 1948 ജനുവരി 30ന് ഡല്‍ഹി ബിര്‍ളഹൗസിലെ പുല്‍ത്തകിടിയില്‍വെച്ച് ഗോഡ്‌സെയുടെ തോക്കില്‍ നിന്നേറ്റ വെടിയുണ്ടകള്‍കൊണ്ട് ഒരൊറ്റ മരണമാണ് ഗാന്ധിജിക്ക് സംഭവിച്ചതെങ്കില്‍ അതിനുശേഷം മഹാത്മാവിനെ അനുനിമിഷം പ്രസ്താവനകളിലൂടെയും എഴുത്തുകളിലൂടെയും ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ് സംഘ്പരിവാര കേസരികള്‍. മഹാത്മാവിന്റെ ആശയങ്ങളോട് തരിമ്പും പ്രതിപത്തിയില്ലെന്ന് നിരവധിയായ വര്‍ഗീയ കലാപങ്ങളിലൂടെയും അടുത്തിടെ നടന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളിലൂടെയുമൊക്കെ അവര്‍ തെളിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ്കമ്മീഷനില്‍നിന്ന് രക്ഷപ്പെടാന്‍ പേരിനൊരു മാപ്പ് പറഞ്ഞെങ്കിലും പ്രജ്ഞയുടെ പ്രസ്താവനയുടെ കറ പതിറ്റാണ്ടുകളോളം ബി.ജെ.പിയെ വേട്ടയാടുകതന്നെ ചെയ്യും. അതല്ലെങ്കില്‍ പ്രജ്ഞയെന്ന കൂട്ടക്കൊലക്കേസ് പ്രതിക്കുള്ള പാര്‍ട്ടി അംഗത്വമെങ്കിലും എടുത്തുകളയാന്‍ പേരിനെങ്കിലും ബി.ജെ.പി നേതൃത്വം തയ്യാറാകണം. ഗോഡ്‌സെ തങ്ങളുടേതല്ല എന്ന് ആണയിടുന്നവരുടെ ആത്മാര്‍ത്ഥത ഗാന്ധിഘാതകത്തിന്റെ ഈ എഴുപത്തൊന്നാം ആണ്ടിലെങ്കിലും അങ്ങനെ തെളിയട്ടെ!

web desk 1: