X

പാകിസ്താന്റെ അഹന്തക്കേറ്റ അടി

ഇന്ത്യന്‍ നാവിക സേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്താന്‍ സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്ത നടപടി രാജ്യത്തിന്റെ ആത്മാഭിമാനമുയര്‍ത്തന്നതാണ്. ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താന്‍ ജയിലിലടച്ച സൈനിക ഉദ്യോഗസ്ഥനെ ഉയര്‍ത്തിക്കാട്ടി ലോകത്തിനു മുമ്പില്‍ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള പാകിസ്താന്റെ അഹന്തക്കേറ്റ അടിയാണ് ഹേഗിലെ രാജ്യാന്തര കോടതിയുടെ വിധി പ്രസ്താവം. കേസുമായി ബന്ധപ്പെട്ട് പാകിസ്താന്‍ നിരത്തിയ വാദങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന കോടതിയുടെ കണ്ടെത്തല്‍ പാക് ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കേസ് തങ്ങളുടെ അധികാര പരിധിയിലാണെന്നും കുല്‍ഭൂഷണ്‍ ജാദവിന് നിയമ സഹായം നല്‍കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നുമുള്ള കോടതി പരാമര്‍ശത്തില്‍ നിന്ന് പാകിസ്താന്‍ ഇനിയെങ്കിലും പാഠമുള്‍ക്കൊള്ളേണ്ടതുണ്ട്.
ഇന്ത്യയുടെയും കുല്‍ഭൂഷണ്‍ ജാദവിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന കോടതി നിരീക്ഷണം നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ലോകത്തോളമുയര്‍ത്തുന്നതാണ്. കേസ് വിയന്ന കരാറിന്റെ ഭാഗമല്ലെന്ന പാകിസ്താന്റെ വാദം പൂര്‍ണാര്‍ഥത്തില്‍ തള്ളിയ പശ്ചാത്തലത്തില്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ അവര്‍ കൂടുതല്‍ ഒറ്റപ്പെടുമെന്ന കാര്യം തീര്‍ച്ച. രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രാജ്യാന്തര കോടതിയുടെ അധികാര പരിധിയില്‍ വരുമെന്ന് 1963ല്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവച്ച കരാറിനെ പച്ചയായി പിച്ചിച്ചീന്താനാണ് കുല്‍ഭൂഷണ്‍ കേസിലൂടെ പാകിസ്താന്‍ ശ്രമിച്ചത്. ഇന്ത്യയിലെ ഏതൊരു പൗരനെയും ഏതുവിധേനയും പിടികൂടി ശിക്ഷ നടപ്പാക്കാമെന്ന വ്യാമോഹമാണ് ഇതിലൂടെ തകര്‍ന്നടിഞ്ഞത്. കോടതി വിധി വിശകലനം ചെയ്തുവരികയാണെന്നും ഏതാനും ദിവസങ്ങള്‍ക്കകം പ്രതികരിക്കുമെന്നുമുള്ള പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ നിന്നു തന്നെ പരാജയത്തിന്റെ ജാള്യത എത്രമേല്‍ വലുതാണെന്ന് വ്യക്തം.
കുല്‍ഭൂഷണ്‍ ജാദവിനെ ബലൂചിസ്താനില്‍ നിന്നു 2016 മാര്‍ച്ച് മൂന്നിന് അറസ്റ്റ് ചെയ്തുവെന്നാണ് പാകിസ്താന്റെ വാദം. ഇന്ത്യയുടെ ചാര സംഘടനയായ ‘റോ’യുടെ ഉദ്യോഗസ്ഥനാണെന്നും പാകിസ്താനില്‍ ഭീകര പ്രവര്‍ത്തനം നടത്തിയെന്നും ആരോപിച്ച് ഇറാന്‍ അതിര്‍ത്തിയിലെ സഹിദാനില്‍ വച്ചായിരുന്നു അറസ്റ്റ്. കുല്‍ഭൂഷണ്‍ ബലൂചിസ്താനിലും കറാച്ചിയിലും ചാരപ്രവര്‍ത്തനം നടത്തിയതായി പിന്നീട് പാകിസ്താന്‍ വാര്‍ത്താകുറിപ്പ് ഇറക്കുകയായിരുന്നു. എന്നാല്‍ 2002ല്‍ നാവിക സേനയില്‍ നിന്നു വിരമിച്ച ജാദവ് ഇറാനിലെ ചാഹ്ബഹാറില്‍ വ്യാപാരം ചെയ്തുവരികയാണെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്. ഇന്ത്യയുടെ നയതന്ത്ര വിശദീകരണം നിഷേധിച്ചാണ് പാകിസ്താന്‍ തുടര്‍ നടപടികളിലേക്കു നീങ്ങിയത്. കുല്‍ഭൂഷണ്‍ ജാദവിന്റേതെന്ന പേരില്‍ കുറ്റസമ്മത വീഡിയോ പുറത്തിറക്കിയാണ് ഇന്ത്യയുടെ വാദങ്ങളെ പാകിസ്താന്‍ നിരാകരിച്ചത്. താന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥനാണെന്നും ‘റോ’യുമായി ബന്ധമുണ്ടെന്നും ഏറ്റുപറയുന്ന വീഡിയോയുടെ സത്യാവസ്ഥ ഇന്ത്യ ചോദ്യം ചെയ്തിട്ടുണ്ട്. കെട്ടിച്ചമച്ച ഇത്തരം തെളിവുകളുടെ പിന്‍ബലത്തിലാണ് ബലൂചിസ്താന്‍ പ്രാദേശിക സര്‍ക്കാര്‍ കുല്‍ഭൂഷണെതിരെ ഭീകരതക്കും അട്ടിമറിക്കും എഫ്.ഐ.ആര്‍ തയാറാക്കി കേസെടുത്തത്. ഈ വീഡിയോ കാണേണ്ട കാര്യമില്ലെന്നാണ് ഇന്നലെ രാജ്യാന്തര കോടതി പറഞ്ഞത്. ജാദവിനെതിരെ മതിയായ തെളിവില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആദ്യഘട്ടത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം തന്റെ പ്രസ്താവന വിഴുങ്ങുകയാണുണ്ടായത്. വിദേശ പൗരന്മാരെ തടവില്‍ പാര്‍പ്പിക്കുമ്പോഴുള്ള സാമാന്യ മര്യാദ പോലും പാലിക്കാതെയാണ് കുല്‍ഭൂഷണെതിരെ പാകിസ്താന്‍ കള്ളക്കഥകള്‍ പടച്ചുവിട്ടത്. തടവിലുള്ള വിദേശ പൗരന്മാരെ കൈകാര്യം ചെയ്യുമ്പോള്‍ രാജ്യാന്തര സാഹചര്യങ്ങള്‍ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി പാകിസ്താനോട് രേഖാമൂലം ഇന്ത്യ ആവശ്യപ്പെടാനുള്ള സാഹചര്യം ഇതായിരുന്നു.
ജാദവിനെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കണമെന്നു 16 തവണ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും പാകിസ്താന്‍ തയാറായില്ല. ജാദവിന്റെ ജീവന്‍ അപകടത്തിലായ സാഹചര്യത്തിലാണ് ഇന്ത്യ രാജ്യാന്തര കോടതയിയെ സമീപിച്ചത്. ചാരനും അട്ടിമറിക്കാരനുമാണെന്ന് ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാകിസ്താന്‍ സൈനിക കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. രാജ്യാന്തര കോടതിയില്‍ മുതര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അവതരിപ്പിച്ച ഇന്ത്യയുടെ ന്യായങ്ങള്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധമാണ് രാജ്യാന്തര കോടതിക്ക് ബോധ്യപ്പെട്ടത്. ‘2016 മാര്‍ച്ചില്‍ ഇറാനില്‍ നിന്നു കുല്‍ഭൂഷണെ തട്ടിക്കൊണ്ടു പോയാണ് അറസ്റ്റു ചെയ്തത്. വിയന്ന കരാര്‍ അനുസരിച്ച് തടവുകാരന് നിയമാനുസൃതം സ്ഥാപിക്കപ്പെട്ട സ്വതന്ത്ര കോടതികളില്‍ വിചാരണക്ക് അവകാശമുണ്ട്. കുല്‍ഭൂഷണ് സ്വയം പ്രതിരോധിക്കാന്‍ നിയമ സഹായം ലഭിച്ചില്ല. സൈനിക കോടതിയാണ് സാധാരണക്കാരനായ പൗരനു ശിക്ഷ വിധിച്ചത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നു’. ഇന്ത്യയുടെ ഈ വാദങ്ങളെ മറികടക്കുംവിധം ശക്തമായ മറുവാദങ്ങളുന്നയിക്കാന്‍ കഴിയാതെ രാജ്യാന്തര കോടതിയില്‍ വിയര്‍ക്കേണ്ട ഗതികേടാണ് പാകിസ്താനുണ്ടായത്. കേസ് രാജ്യാന്തര കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നും വിയന്ന ഉടമ്പടി പാലിക്കേണ്ടതില്ലെന്നുമുള്ള വാദം തള്ളിയ രാജ്യാന്തര നീതിന്യായ കോടതി പാകിസ്താന്‍ മുന്‍വിധിയോടെ പെരുമാറിയെന്ന് നിരീക്ഷിച്ചത് ആ രാജ്യത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.
അന്തിമ വിധി വരുന്നതു വരെ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് റദ്ദ് ചെയ്‌തെങ്കിലും ഇന്ത്യയുടെ ഇനിയുള്ള നീക്കങ്ങള്‍ ഏറെ കരുതലോടെയായിരിക്കണം. അന്താരാഷ്ട്ര മര്യാദകള്‍ അനുസരിക്കുന്നതില്‍ പാകിസ്താനെ അത്രമാത്രം വിശ്വസിക്കാനാവില്ലെന്നതാണ് അനുഭവം. നിലവിലെ ബന്ധത്തില്‍ നിര്‍ണായ സ്വാധീനമുണ്ടാക്കുന്നതാണ് വിധിയെന്നതിനാല്‍ പ്രത്യേകിച്ചും. സ്വതന്ത്ര കോടതിയില്‍ പുനര്‍വിചാരണ നടത്തണമെന്നും അതുവരെ ശിക്ഷ നടപ്പാക്കില്ലെന്നും പാകിസ്താന്‍ ഉറപ്പുവരുത്തണമെന്നുമുള്ള കോടതിയുടെ നിര്‍ദേശം അയല്‍ രാജ്യം എത്രമാത്രം പ്രാവര്‍ത്തികമാക്കുമെന്നാണ് അറിയേണ്ടത്. കണ്ണിമവെട്ടാതെ, കാതുകൂര്‍പ്പിച്ചിരുന്ന്, കുല്‍ഭൂഷണന്‍ ജാദവിനെ ഒരു പോറലുമേല്‍ക്കാതെ ഇന്ത്യയിലെത്തിക്കാനുള്ള നയതന്ത്ര ഇടപെടലുകളാണ് ഇനി വേണ്ടത്.

chandrika: