X

അസ്വസ്ഥത പടരുന്ന ഡാര്‍ജിലിങ്

ഡാര്‍ജിലിങ് കുന്നുകളില്‍ അസ്വസ്ഥതയുടെ വിത്തുപാകി ഒരിക്കല്‍കൂടി ഗൂര്‍ഖാലാന്റ് സമരം ശക്തിപ്രാപിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസും ജി.ജെ.എം അനുഭാവികളും തമ്മിലുണ്ടായ ഏറ്റുമുട്ടലും സംഘര്‍ഷങ്ങളും ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതാണ്. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് രണ്ടാഴ്ചയിലധികമായി തുടരുന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഒരുപൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പൊലീസ് വെടിവെപ്പില്‍ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച(ജി.ജെ.എം)യും അവകാശപ്പെട്ടിട്ടുണ്ട്. വെടിവെപ്പ് വാര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചെങ്കിലും കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹവുമായി ജി.ജെ.എം പ്രവര്‍ത്തകര്‍ ഇന്നലെ ദേശീയപാത ഉപരോധിച്ചത് കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്ന സംശയം ജനിപ്പിക്കുന്നതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലും സമാധാന ശ്രമങ്ങളും ഉണ്ടായില്ലെങ്കില്‍ 1980കളില്‍ അരങ്ങേറിയതിനു സമാനമായ രക്തച്ചൊരിച്ചിലിലേക്ക് കാര്യങ്ങള്‍ വഴിമാറാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ പല ഘട്ടങ്ങളിലായി ഉയര്‍ന്നു വന്നിട്ടുള്ളതും ഇതുവരേയും അംഗീകരിക്കപ്പെട്ടിട്ടില്ലാത്തുമായ ആവശ്യമാണ് ഗൂര്‍ഖാലാന്റ് സംസ്ഥാനം എന്നത്. 1907ല്‍ അന്നത്തെ ബ്രിട്ടീഷ് വൈേ്രസ്രായി മുമ്പാകെ സമര്‍പ്പിച്ച നിവേദനത്തില്‍ ഡാര്‍ജിലിങ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഹില്‍മെന്‍ അസോസിയേഷന്‍ ആണ് പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. പശ്ചിമബംഗാളിന്റെ ഉത്തരമേഖലയില്‍ ഡാര്‍ജിലിങ് കുന്നുകളും സമീപ പ്രദേശങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം. നേപ്പാളി ഭാഷ സംസാരിക്കുന്ന, വംശീയമായും സാംസ്‌കാരികമായും പശ്ചിമബംഗാളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതാണ് ഇത്തരമൊരു വാദത്തിന്റെ അടിസ്ഥാനം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സംസ്ഥാന രൂപീകരണ ചര്‍ച്ചകള്‍ ചൂടുപിടിച്ചപ്പോഴും ഇതേ ആവശ്യം ഉയര്‍ന്നുവന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. എണ്‍പതുകളില്‍ ഗൂര്‍ഖ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ രൂപീകരണത്തോടെ ആവശ്യം വീണ്ടും സജീവ ചര്‍ച്ചയായി. സായുധ വിപ്ലവത്തിന്റെ വഴികള്‍ തേടിയിറങ്ങിയ ഗൂര്‍ഖ ലിബറേഷന്‍ ഫ്രണ്ട് 1986-88 കാലയളവില്‍ നടത്തിയ ഏറ്റുമുട്ടലില്‍ നൂറു കണക്കിന് ജീവനുകളാണ് പൊലിഞ്ഞത്. ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ സംസ്ഥാന ഭരണകൂടം സിലിഗുരി, ഡാര്‍ജിലിങ്, ഡൂര്‍സ്, ടെറായ് മേഖലകളെ ഉള്‍പ്പെടുത്തി ഡാര്‍ജിലിങ് ഗൂര്‍ഖാ ഹില്‍സ് കൗണ്‍സില്‍(ഡി.ജി.എച്ച്.സി) എന്ന സ്വയംഭരണ സമിതി രൂപീകരിച്ചതോടെയാണ് ഈ സംഘര്‍ഷത്തിന് അയവു വന്നത്. തുടര്‍ന്നുള്ള രണ്ടു പതിറ്റാണ്ട് മേഖലയില്‍ സമാധാനത്തിന്റെതായിരുന്നു. എന്നാല്‍ ഡി.ജി.എച്ച്.സി തെരഞ്ഞെടുപ്പ് റദ്ദാക്കുകയും സുഭാഷ് ഗൈസിങിനെ കെയര്‍ടേക്കറായി നിയമിക്കുകയും ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം വീണ്ടും സംഘര്‍ഷത്തിന്റെ വിത്തുപാകി. ബിമന്‍ഗുരങിന്റെ നേതൃത്വത്തില്‍ അസംതൃപ്തി വിഭാഗം സംഘടിക്കുകയും ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച(ജി.ജെ.എം)ക്ക് രൂപം നല്‍കുകയും ചെയ്തു. ഇതോടെ ഗൂര്‍ഖാലാന്റ് രൂപീകരണ സമരത്തിന്റെ കടിഞ്ഞാണ്‍ ജി.ജെ.എമ്മിന്റെ കൈകളിലായി. 2009ലെ തെരഞ്ഞെടുപ്പില്‍ ഗൂര്‍ഖാലാന്റ്, തെലുങ്കാന എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങള്‍ രൂപീകരിക്കുമെന്ന പ്രചാരണവുമായാണ് ബി.ജെ.പി ഡാര്‍ജിലിങ് മലകയറിയത്. ഇതിന് വലിയ സ്വീകാര്യത ലഭിക്കുകയും ഡാര്‍ജിലിങ് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ബി.ജെ.പി നേതാവ് ജസ്വന്ത് സിങ് വിജയിക്കുകയും ചെയ്തു. ബി.ജെ.പി പിന്തുണയോടെ മദന്‍ തമാങിന്റെ നേതൃത്വത്തില്‍ അഖില്‍ ഭാരതീയ ഗൂര്‍ഖാ ലീഗ് രംഗത്തെത്തുകയും സമരം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ മദന്‍ തമാങ് കൊല്ലപ്പെട്ടതോടെ കാര്യങ്ങളുടെ ഗതി മാറി. 21ഓളം ജി.ജെ.എം പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളായി. ജി.ജി.എം.നേതാക്കള്‍ക്കെതിരെയും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ ബിമല്‍ ഗുരങിന്റെ ജനസമ്മതി ഇടിഞ്ഞു. തല്‍ക്കാലത്തേക്ക് ഗൂര്‍ഖാലാന്റ് സമരം കെട്ടടങ്ങാന്‍ ഇത് കാരണമായി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡാര്‍ജിലിങ് കുന്നുകളില്‍ ജി.ജെ.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതോടെ ബിമല്‍ ഗുരങ് വീണ്ടും ശക്തിയാര്‍ജ്ജിക്കാന്‍ തുടങ്ങി. ബിമല്‍ ഗുരങിനെ അധ്യക്ഷനാക്കി ഗൂര്‍ഖാ ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍(ജി.ടി.എ) എന്ന പുതിയ സ്വയംഭരണ സ്ഥാപനം രൂപീകരിച്ചതോടെയാണ് ഈ സംഘര്‍ഷങ്ങള്‍ കെട്ടടങ്ങിയത്. ജി.ടി.എക്ക് ബംഗാള്‍ നിയമസഭയുടെ അംഗീകാരം ലഭിച്ചതോടെ സംസ്ഥാന രൂപീകരണത്തിലേക്കുള്ള ചുവടുവെപ്പായി വിശേഷിപ്പിക്കപ്പെട്ടു. 2004ല്‍ തെലുങ്കാന സംസ്ഥാനം പിറന്നതോടെ ഒരിക്കല്‍കൂടി ഗൂര്‍ഖാലാന്റ് സമരം ശക്തിയാര്‍ജ്ജിച്ചു. ഇനി പുതിയ സംസ്ഥാനങ്ങളില്ലെന്ന് രാഷ്ട്രപതി അസന്നിഗ്ധമായി പ്രഖ്യാപിച്ചതോടെ, കുറച്ചു കാലത്തേക്ക് കൂടി നീണ്ടു നിന്നെങ്കിലും സമരം സ്വയം കെട്ടടങ്ങി.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ബംഗാളി ഭാഷ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പശ്ചിമബംഗാള്‍ സര്‍ക്കാറിന്റെ ഉത്തരവാണ് ഏറ്റവും ഒടുവില്‍ വിഘടനവാദികളെ ഉത്തേജിപ്പിച്ചത്. നേപ്പാളി ഭാഷ പ്രധാന പഠന മാധ്യമമായ ഡാര്‍ജിലിങ് മേഖലയിലെ സ്‌കൂളുകളിലും ബംഗാളി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സര്‍ക്കാര്‍ ഉത്തരവിനെതിരായ പ്രതിഷേധം എന്ന നിലക്കാണ് ആദ്യം കാര്യങ്ങള്‍ നീങ്ങിയതെങ്കിലും വൈകാതെ തന്നെ ഗൂര്‍ഖാലാന്റ് സംസ്ഥാനമെന്ന ആവശ്യത്തിലേക്ക് ഇത് ചുവടുമാറി. അതിവേഗമായിരുന്നു സമരത്തിന്റെ ഈ ഗതിമാറ്റം. ഇതിനിടെ ബംഗാള്‍ ഭാഷാ പഠന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും സമരമുഖത്തുനിന്ന് പിന്മാറാന്‍ ജി.ജെ.എം നേതൃത്വത്തില്‍ തെരുവിലിറങ്ങിയ സമരക്കാര്‍ തയ്യാറായില്ല. അനിശ്ചികാല ബന്ദിന് ആഹ്വാനം നല്‍കിയ ജി.ജെ.എം നടപടിയെ നേരിടാന്‍ സൈന്യത്തെയും പൊലീസിനെയും വിന്യസിച്ച സര്‍ക്കാര്‍ നടപടി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. വാഹനങ്ങള്‍ക്ക് തീയിട്ടും കടകളും കെട്ടിടങ്ങളും തകര്‍ത്തും സര്‍ക്കാര്‍ ഓഫീസുകള്‍ ആക്രമിച്ചും ഓരോ ദിവസം കഴിയും തോറും സമരം കൂടുതല്‍ അക്രമാസക്തമായി മാറിക്കൊണ്ടിരിക്കുകയാണ്. നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് അവഗണിച്ചാണ് സമരക്കാര്‍ തെരുവിലിറങ്ങുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ആരായുകയും ജനങ്ങളോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല. പ്രകോപനപരമായ നീക്കങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജി.ജെ.എം നേതാവ് ബിമല്‍ ഗുരങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന രൂപീകരണത്തിനു വേണ്ടിയുള്ള അന്തിമ പോരാട്ടത്തിന് ഒരുങ്ങിക്കൊള്ളാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സന്ദേശവും കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ പ്രചരിക്കുന്നുണ്ട്. സംഘര്‍ഷം വ്യാപിക്കാന്‍ ഇടയാക്കും എന്നതിനാല്‍ അവിവേകം കാണിക്കാതെ, സംയമനത്തോടെയും ക്ഷമയോടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

chandrika: