രാജ്യസ്‌നേഹികള്‍ക്കാകെ ഒരേസമയം ആശങ്കയും പ്രതീക്ഷയും തരുന്നതാണ് ഇന്നലെപുറത്തുവന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങള്‍. ജനങ്ങളുടെ കടുത്ത ജീവിതപ്രതിസന്ധികള്‍ക്കിടയിലും ഇരുസംസ്ഥാനങ്ങളിലും കേന്ദ്രഭരണകക്ഷിയായ ബി.ജെ.പി ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. കഴിഞ്ഞതവണത്തെ 115 സീറ്റില്‍നിന്ന് 99 സീറ്റോടെ ഗുജറാത്തില്‍ ആറാംതവണയും അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരിക്കുന്നു. ഹിമാചലില്‍ 43ല്‍ ബി.ജെ.പിയും 21ല്‍ കോണ്‍ഗ്രസും വിജയം നേടിയിട്ടുണ്ട്. 2002ല്‍ മുസ്്‌ലിം വംശഹത്യയിലൂടെ ആര്‍.എസ്.എസ്സുകാരനായ മുഖ്യമന്ത്രി നരേന്ദ്രമോദി ആരംഭംകുറിച്ച സാമുദായികധ്രുവീകരണം ഇന്നും വലിയമാറ്റമില്ലാതെ നിലനില്‍ക്കുന്നുവെന്നതാണ് ഈ തനിയാവര്‍ത്തനത്തിന്റെ ഒരു കാരണമെങ്കിലും ഇതിന് അനുബന്ധമായി തീര്‍ത്തും തരംതാണ വിദ്വേഷപ്രചാരണമാണ് ഈ വിജയത്തിന് ചൂട്ടുപിടിച്ചതെന്ന് വിലയിരുത്തുന്നതാവും ശരി. വോട്ടിംഗ് യന്ത്രത്തിലെയും മറ്റും കൃത്രിമങ്ങളെപ്പറ്റി ഉയര്‍ന്ന സംശയങ്ങളും തള്ളിക്കളയാനാവില്ല. 182ല്‍ 150 സീറ്റെന്ന് വീരവാദം മുഴക്കിയ ബി.ജെ.പിക്ക് ഇത് കനത്ത തിരിച്ചടിതന്നെയാണ്. ആറുമന്ത്രിമാരാണ് പരാജയപ്പെട്ടിരിക്കുന്നത്. എന്നിട്ടും വികസനത്തിന് കിട്ടിയവോട്ടാണ് ഇതെന്ന് ബി.ജെ.പി അവകാശപ്പെടുന്നത് അവരുടെ പതിവുതട്ടിപ്പായേ വിലയിരുത്താനാവൂ. അതേസമയം, ഇഞ്ചോടിഞ്ച് കരുത്തോടെ 2012ലെ 61ല്‍ നിന്ന് 80 ലേക്ക് ജന പിന്തുണ ഉയര്‍ത്താന്‍ മതേതര കക്ഷിയായ കോണ്‍ഗ്രസിനായിരിക്കുന്നുവെന്നത് രാജ്യത്താകെ വലിയ ശുഭപ്രതീക്ഷ സമ്മാനിക്കുകയും ചെയ്യുന്നു. കഴിഞ്ഞതവണത്തെ 38.8ല്‍ നിന്ന് അഞ്ചുശതമാനത്തോളമാണ് കോണ്‍ഗ്രസിന് പിന്തുണ വര്‍ധിപ്പിക്കാനായത്. 2012നേക്കാള്‍ ഒരു ശതമാനത്തിലേറെ വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ ബി.ജെ.പിക്കായി. എന്നാല്‍ 60 ശതമാനത്തിലേറെ വോട്ടാണ് ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ നഷ്ടമാക്കിയത് എന്നത് അവര്‍ മറച്ചുവെക്കുകയാണ്.
രാജ്യത്തിന്റെ മഹിതമായ ബഹുസ്വര-മതേതര-ജനാധിപത്യ പാരമ്പര്യത്തിന് വലിയ കളങ്കം ചാര്‍ത്തിക്കൊണ്ടാണ് കഴിഞ്ഞ മൂന്നു മാസത്തോളമായി ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗം കടന്നുപോയത്. മതം, ജാതി, ലൈംഗികത, വൈദേശികത, വ്യക്തിപരത തുടങ്ങിയവയിലധിഷ്ഠിതമായ കടന്നാക്രമണങ്ങള്‍ തുടങ്ങി കേട്ടാലറയ്ക്കുന്ന വിധത്തിലുള്ള ഭാഷാ-ശരീര പ്രകടനമാണ് ഗുജറാത്തിലുടനീളം കേട്ടതും കണ്ടതും. രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ ഇതിനൊക്കെ നേരിട്ട് നേതൃത്വം നല്‍കിയെന്നിടത്തായിരുന്നു രാജ്യത്തെ സമാധാന പ്രേമികളിലുയര്‍ത്തിവിട്ട ആശങ്ക. ഇതാണ് ബി.ജെ.പിയുടെ വിജയമായി പ്രഖ്യാപിക്കപ്പെട്ടതും സംഘ്പരിവാരാല്‍ ഘോരഘോരം കൊണ്ടാടപ്പെടുന്നതും. ഒരു സംസ്ഥാന ഭരണത്തെ സംബന്ധിച്ച് ഒറ്റകക്ഷിക്ക് ഇരുപത്തിരണ്ടുവര്‍ഷം ഭരിക്കാനാകുക എന്നത് ചെറിയ കാലയളവല്ല. ഇതുപോലെ ഒരേ കക്ഷിക്കും മുന്നണിക്കും തുടര്‍ഭരണം ലഭിച്ച സംസ്ഥാനങ്ങള്‍ പശ്ചിമബംഗാള്‍ പോലെ വിരളവുമാണ്. പതിമൂന്നു വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന, അദ്ദേഹത്തിന്റെ ജന്മസംസ്ഥാനത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും നേതൃത്വത്തിനുമെതിരെ ഭരണ വിരുദ്ധവികാരം ശക്തമായി ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും അതിനെയെല്ലാം കടുത്ത വര്‍ഗീയതയുടെയും ജാതീയതയുടെയും അയല്‍ രാജ്യത്തിന്റെയും പേരില്‍ മോദിക്ക് മറികടക്കാനായിരിക്കുന്നു. മറിച്ച് കോണ്‍ഗ്രസിനാകട്ടെ സംസ്ഥാനത്തെ ആകര്‍ഷക നേതാക്കളുടെ അഭാവത്തിലും, ബുത്തുതലത്തിലെ പരിമിതമായ സംഘടനാസംവിധാനങ്ങളിലും തട്ടിത്തടഞ്ഞിട്ടാണെങ്കിലും 21 സീറ്റുകള്‍ വര്‍ധിപ്പിക്കാനായി എന്നത് നിസ്സാര കാര്യമല്ല. തികച്ചും ഒറ്റയാള്‍ പട്ടാളമായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയാണ് ഗുജറാത്തില്‍ പ്രതിപക്ഷനിരയെ കൈയിലെടുത്ത് മുന്നിട്ടിറങ്ങിയത്. മുപ്പത്തിമൂന്നോളം റാലികളിലൂടെ മോദിക്ക് ഗുജറാത്തില്‍ തമ്പടിക്കേണ്ടിവന്നു. പ്രധാനമന്ത്രിയും മുപ്പതിലധികം കേന്ദ്രമന്ത്രിമാരും അധികാര സംവിധാനങ്ങളാകെയും തിമിര്‍ത്താടിയപ്പോള്‍ തികഞ്ഞ പക്വതയും വാക്ചാതുരിയുമായിരുന്നു രാഹുലിന്റെ പ്രചാരണ മെഷീനറി. പട്ടീദാര്‍ വിഭാഗങ്ങളുടെയും യുവാക്കളുടെയും ദലിതുകളുടെയും മറ്റു പിന്നാക്കക്കാരുടെയും ആദിവാസികളുടെയുമൊക്കെ വികാരങ്ങളെ പ്രതിഫലിപ്പിക്കാനും ചരക്കുസേവനനികുതിയും നോട്ടുനിരോധനവും കൊണ്ടുണ്ടായ ദുരിതം സര്‍ക്കാരിനെതിരെ തിരിച്ചുവിടാനും രാഹുലിനും കോണ്‍ഗ്രസിനും അദ്ദേഹം കൂടെക്കൂട്ടിയ ഹാര്‍ദിക് പട്ടേല്‍- ജിഗ്നേഷ് മേവാനി-അല്‍പേഷ് താക്കൂര്‍ ത്രയത്തിനും കഴിഞ്ഞു. വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിലേക്കുള്ള മതേതരത്വ ശക്തികളുടെ ഉയിര്‍ത്തെഴുന്നേല്‍പായും വ്യാഖ്യാനിക്കാവുന്നതാണ്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര ചേരിയെ തുക്കടാന്യായങ്ങള്‍ പറഞ്ഞ് ദുര്‍ബലപ്പെടുത്തുന്നവര്‍ക്കുള്ള കനത്ത താക്കീത് കൂടിയാണ് ഗുജറാത്ത്, ഹിമാചല്‍ ഫലങ്ങള്‍ സമ്മാനിക്കുന്നതെന്നതും തിരിച്ചറിയപ്പെടാതെ പോകരുത്. ഒരുമിച്ചുനിന്നാല്‍ മുഖ്യശത്രുവിനെ മാളത്തിലേക്ക് ആട്ടിയോടിക്കാന്‍ കഴിയുമെന്നതിനുള്ള ഉത്തമദൃഷ്ടാന്തമാണ് ഉനയിലും കോണ്‍ഗ്രസ് സ്വതന്ത്രനായി മല്‍സരിച്ച് വിജയിച്ച ജിഗ്നേഷ്‌മേവാനിയുടെ വാഡ്ധാമിലും കണ്ടത്. പിന്നാക്കക്കാരുടെ നേതാവ് അല്‍പേഷിന്റെ വിജയവും ഇതുതന്നെയാണ് നല്‍കുന്ന സൂചന. ഇത് തിരിച്ചറിയാതെ ഇന്നും കോണ്‍ഗ്രസിന്റെ കൂട്ടില്ലാതെതന്നെ ബി.ജെ.പിയെന്ന മുഖ്യശത്രുവിനെ പരാജയപ്പെടുത്താമെന്ന് ധരിക്കുന്ന ജെ.എന്‍. യു-കേരള ബുദ്ധിരാക്ഷസന്മാരുടെ ബുദ്ധിയെക്കുറിച്ചോര്‍ത്ത് ഊറിച്ചിരിക്കുകയും ചെയ്യാം. കോണ്‍ഗ്രസിനോട് ഒരുതരത്തിലുള്ള ധാരണയും സഖ്യവുമില്ലാതെതന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കനത്ത ഭീഷണി നേരിട്ട് തോല്‍പിക്കാമെന്ന് ധരിച്ചുവശായവരാണ് സി.പി.എം എന്ന ദേശീയകക്ഷി. ഇടതുസഖ്യത്തിലുള്ള സി.പി.ഐയുടെ പോലും പിന്തുണ ഈ നയത്തിന് ഇവര്‍ക്ക് കിട്ടുന്നില്ലെന്നത് സ്വാഭാവികം. ഇവരാണ് ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ ഒറ്റക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തി മല്‍സരിപ്പിച്ച് ബി.ജെ.പിക്കെതിരെ കിട്ടാവുന്ന ചുരുക്കമെങ്കിലും മതേതര വോട്ടുകളെ ഭിന്നിപ്പിച്ചത്. ഗുജറാത്തില്‍ പച്ചതൊട്ടില്ലെങ്കിലും ഹിമാചലില്‍ ഒരുസീറ്റുകിട്ടിയെന്ന് വീമ്പിളക്കുകയാണ് സി.പി.എം ഇപ്പോള്‍.
നാള്‍ക്കുനാള്‍ കൊല ചെയ്യപ്പെടുന്ന മുസ്‌ലിംകള്‍ മുതല്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാധാരണക്കാരും വിലക്കയറ്റംകൊണ്ട് പട്ടിണി കിടക്കേണ്ടിവരുന്ന ദരിദ്രനാരായണന്മാരും വരെ മോദിസത്തിന്റെ ഇരകളായിക്കഴിഞ്ഞു. ഇനിയുള്ള അഞ്ചുനിയമസഭാതെരഞ്ഞെടുപ്പുകളും 2019ലെ പൊതുതെരഞ്ഞെടുപ്പും വരേക്ക് തല്‍കാലത്തേക്ക് മോദിയെയും കൂട്ടരെയും സഹിച്ചേ മതിയാകൂ. അതിനുശേഷമെങ്കിലും രാജ്യത്തെ ഈ കരാള ഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള ആര്‍ജവവും അര്‍പ്പണബോധവും എല്ലാ മതേതരവിശ്വാസികള്‍ക്കും ഉണ്ടായേ തീരൂ. ഇതിന് ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ നവമുന്നേറ്റം പ്രചോനമാകുകതന്നെ ചെയ്യും. പുതുവീര്യത്തോടെ മുന്നേറുന്ന രാഹുല്‍ ഗാന്ധിയുടെയും മതേതരകക്ഷികളുടെയും കൈകള്‍ക്ക് ശക്തിപകരണമെന്ന് സാമാന്യജനം ആഗ്രഹിക്കുമ്പോള്‍ അതിനെ പുറംകാല്‍കൊണ്ട് തട്ടിത്തെറിപ്പിക്കുന്ന കുരുട്ടുബുദ്ധി സി.പി.എം പോലുള്ള കക്ഷികള്‍ ഉപേക്ഷിക്കണമെന്നേ ഇത്തരുണത്തില്‍ ഓര്‍മപ്പെടുത്താനുള്ളൂ.