X

ആഗോള ഭീകരന്‍


വര്‍ഷം 1999. ഡിസംബര്‍ 24ലെ ഹിമാലയന്‍ മഞ്ഞുകാറ്റില്‍ കാഠ്മണ്ഡു വിമാനത്താവളത്തിന് പതിവില്‍ കവിഞ്ഞ മൂകത. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി 814 ന്യൂഡല്‍ഹി വിമാനത്താവളത്തെ ലക്ഷ്യമാക്കി പതുക്കെ പറന്നുയരുന്നു. അധികം വൈകാതെ വിമാനത്തിനകത്ത് ഒളിച്ചിരുന്ന മുഖംമൂടിധാരികളായ അഞ്ച് ആയുധധാരികള്‍ പൈലറ്റിന്റെ കാബിനില്‍ ചെന്ന് വിമാനം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുവിടാന്‍ ആവശ്യപ്പെടുന്നു. വിമാനത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ 15 ജീവനക്കാരും 176 യാത്രക്കാരും നിമിഷംകൊണ്ട് നാമാവശേഷമാകും. പക്ഷേ വിമാനം സഞ്ചരിച്ചുകൊണ്ടിരിക്കവെ ഇന്ധനം തീരുന്നു. എങ്കില്‍ അടുത്തുള്ള അമൃത്‌സര്‍ വിമാനത്താവളത്തിലേക്ക് വിടാനായി ഭീകരര്‍. അവിടെയിറങ്ങി എണ്ണയടിച്ച് വിമാനം നേരെ പോയത് ലാഹോറിലേക്ക്. പിന്നെ ദുബൈയിലേക്ക്. ഇരുസ്ഥലത്തും അനുമതി കിട്ടാതായതോടെ അഫ്ഗാനിസ്ഥാനിലെ കണ്ഡഹാറിലേക്ക്. എട്ടുനാള്‍ തുടര്‍ന്ന ഭീതിയുടെയും ആശങ്കയുടെയും അന്താരാഷ്ട്ര ചര്‍ച്ചകളുടെയും അന്തരീക്ഷത്തിന് അയവുവരുമ്പോള്‍ ഇന്ത്യന്‍ ജയിലില്‍ കിടക്കുന്ന കുപ്രസിദ്ധ ഭീകരന്‍ മസൂദ് അസര്‍ വിമോചിതനാകുന്നു. എ.ബി വാജ്‌പേയിയാണ് പ്രധാനമന്ത്രി. ഭീകരരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയല്ലാതെ വഴിയില്ലെന്നായിരുന്നു ബി.ജെ.പി സര്‍ക്കാരിന്റെ നിലപാട്. മസൂദ് അടക്കം പത്തോളം ഭീകര തടവുകാരെയാണ് അന്ന് ഇന്ത്യക്കാര്‍ക്കുവേണ്ടി വിട്ടുനല്‍കിയത്. മസൂദ് പക്ഷേ കാത്തിരുന്നില്ല. രണ്ടാം വര്‍ഷം മറ്റൊരു ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പിടിക്കാനായിരുന്നു പാഴ്ശ്രമം. പിന്നീട് കശ്മീരിലേക്കായി തോക്കിന്‍മുനകള്‍. അതെ, ഇന്ന് മസൂദ്അസര്‍ പാക്കിസ്താനിലും ഇന്ത്യയിലും മാത്രമല്ല, അന്താരാഷ്ട്രതല ഭീകരനായി വളര്‍ന്നു. 2019 ലെ ലോക തൊഴിലാളിദിനത്തില്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതി മസൂദ് അസര്‍ എന്ന 51കാരന്റെ തല പുറത്തുകാണരുതെന്ന് വിധിച്ചിരിക്കുന്നു.
ആരാണ് മസൂദ്അസര്‍ ? പാകിസ്താനിലെ ബഗല്‍പൂര്‍ ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ സ്ഥാപകനും അനിഷേധ്യ നേതാവുമാണ് ഇയാള്‍. നീണ്ട ഇരുപതാണ്ടാണ് മസൂദും അദ്ദേഹത്തിന്റെ സംഘടനയും ഇന്ത്യക്കാരുടെ ഉറക്കം കെടുത്തിയത്. പ്രത്യേകിച്ചും കശ്മീരികളുടെ. കശ്മീരിനെ വിമോചിപ്പിച്ചാലല്ലാതെ തനിക്കും കൂട്ടര്‍ക്കും വിശ്രമമില്ലെന്ന് ഇന്ത്യന്‍ പട്ടാളത്തോട് മുഖംനോക്കി പ്രതിവചിച്ചവന്‍. വട്ടമുഖവും താടിയും കറുത്ത കണ്ണടയും മതി ഏത് സദസ്സിലും മസൂദിനെ തിരിച്ചറിയാന്‍. 1994ല്‍ കശ്മീരില്‍ ഒളിപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനെത്തിയപ്പോഴായിരുന്നു ഹര്‍ക്കത്തുല്‍ അന്‍സാര്‍ നേതാക്കളിലൊരാളായ മസൂദ് ഇന്ത്യയുടെ വലയില്‍ വീഴുന്നത്. അതിന്റെ അന്ത്യമായിരുന്നു കാണ്ഡഹാര്‍ എപ്പിസോഡും ജയില്‍മോചനവും. 2018 നവംബര്‍ 14ന് കശ്മീരിലെ പുല്‍വാമയില്‍ നാല്‍പതോളം ഇന്ത്യന്‍ സി.ആര്‍.പി.എഫ് ഭടന്മാരെ കൊന്നതിനുപിന്നിലും മസൂദിന്റെ കൂര്‍മബുദ്ധിയുണ്ട്. പത്താന്‍കോട്ടിലും ഉറിയിലുമൊക്കെ ഇന്ത്യന്‍ സൈനികര്‍ പിടഞ്ഞുവീണ് മരിക്കുമ്പോള്‍ ബഹവല്‍പൂരിലെയും ബാലക്കോട്ടിലെയും കേന്ദ്രങ്ങളിലിരുന്ന മസൂദും കൂട്ടരും പൊട്ടിച്ചിരിച്ചിരിക്കണം. നിരപരാധികളിങ്ങനെ മരിക്കുമ്പോള്‍ തനിക്കത് നിസ്സാരവും അഭിമാനകരവുമാകുന്നതിനെ മസൂദ് ന്യായീകരിക്കുന്നത് ഇസ്‌ലാമില്‍ ശത്രുവിനെ വകവരുത്തുന്നതിലെ പുണ്യം ഉയര്‍ത്തിക്കാട്ടിയാണത്രെ. ഇങ്ങനെയുള്ള വിഡ്ഢിത്തങ്ങള്‍ എത്രയെത്ര കുട്ടികളെ ജെയ്‌ഷെ മുഹമ്മദ് ഇപ്പോഴും പടച്ചുവിടുന്നു, പഠിപ്പിച്ചുവിടുന്നു,
പാക് പഞ്ചാബ് പ്രവിശ്യയില്‍ 1968 ജൂലൈ പത്തിന് (ആഗസ്ത് ഏഴിനെന്നും പറയുന്നുണ്ട്.) അഞ്ച് സഹോദരന്മാര്‍ക്കും ആറ് സഹോദരിമാര്‍ക്കും ശേഷമാണ് മസൂദിന്റെ ജനനം. പിതാവ് അല്ലാബക്ഷ് ഷബീര്‍ തികഞ്ഞ കര്‍ഷകനും ദീനിയും നീതിമാനും. സ്‌കൂള്‍ പഠനം എട്ടാം തരത്തില്‍ വിട്ടെറിഞ്ഞ് പോയെങ്കിലും പിന്നീട് പാകിസ്താനിലെ പ്രസിദ്ധമായ ജാമിഅ ഉലൂം ഇസ്്‌ലാമിക് കോളജില്‍ ബിരുദ പഠനം തുടര്‍ന്നു. അവിടെനിന്നാണ് കുപ്രസിദ്ധ ഭീകര സംഘടനയായ ഹര്‍ക്കതുല്‍ അന്‍സാറുമായി ബന്ധം സ്ഥാപിക്കുന്നത്. നേരെപോയത് അഫ്ഗാനിസ്ഥാനിലേക്ക്. സോവിയറ്റ് സേനക്കെതിരായി തോക്കേന്തി ഭീകരതയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. 1993ല്‍ അതിന്റെ ജനറല്‍ സെക്രട്ടറിയായി. അമേരിക്കക്ക് താല്‍പര്യമുണ്ടായതിന്റെ കാരണം വേറെ വേണ്ടല്ലോ. സോവിയറ്റ് യൂണിയന്‍ അഫ്ഗാന്‍ വിട്ടതോടെയാണ് മസൂദ് കശ്മീരിലേക്ക് യുദ്ധ രംഗം മാറ്റുന്നത്. ഇതിനിടെ ബ്രിട്ടന്‍, സോമാലിയ, സഊദി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 1999ല്‍ ഹര്‍ക്കത്തുല്‍ അന്‍സാറിനെ അമേരിക്ക നിരോധിച്ചതോടെ 2000ല്‍ പിറന്നതാണ് ജെയ്‌ഷെ മുഹമ്മദ്. പാക് ജനതയുടെ ചെറിയൊരു വിഭാഗത്തിന്റെയും സര്‍ക്കാരിലെ ചിലരുടെയും പിന്തുണ ജെയ്‌ഷെയെ പനപോലെ വളര്‍ത്തി. ചൈനയിലെ ഉയിഗൂര്‍ മുസ്്‌ലിംകളുടെ ദുരിതത്തിനെതിരെ ആസൂത്രണം നടത്തുന്നതിനിടെ ചൈനാദൂതന്‍ എത്തി സന്ധിയിലെത്തി. കശ്മീരാണ് മുഖ്യം; അതുകഴിഞ്ഞ് മതി ഉയിഗൂര്‍. തീരുമാനം ചൈനീസ് വ്യാളിയെ സുഖിപ്പിച്ചു. ഐക്യരാഷ്ട്രസഭയിലെ വീറ്റോ അധികാരം മസൂദിനുവേണ്ടി െൈചന മാറ്റിവെച്ചു. മറ്റൊന്ന് ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിനത്തിലെ 350 ലധികം പേരുടെ രക്തസാക്ഷിത്വം. ഇനി മസൂദ് അന്താരാഷ്ട്ര വിചാരണ നേരിട്ട് ശിക്ഷ ഏറ്റുവാങ്ങണം. ആഗോള ഭീകരതക്കെതിരായി യഥേഷ്ടം തെളിവുകള്‍ ഇന്ത്യയുടെയും അമേരിക്കയുടെയും ഐക്യരാഷ്ട്ര സഭയുടെയും പക്കലുണ്ട്. പക്ഷേ പാക് സൈന്യത്തിന്റെ പിന്തുണ? അതാണ് പാക ്പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ പിടിച്ചുവലിക്കുന്നത്. ഇന്ത്യക്കിനി ആശ്വസിക്കാം. പക്ഷേ അരിഞ്ഞത് ചിറകാണ്. മസൂദ്അസറിന്റെ തല ബാക്കിയുണ്ട് എന്നത് മറക്കാനാവില്ലല്ലോ.

web desk 1: