നെഞ്ചിലേക്കെത്തുന്ന താടിരോമങ്ങള്‍, നീണ്ടകുര്‍ത്തയും പൈജാമയും. തലയിലൊരു വട്ടത്തൊപ്പി, കയ്യിലൊരു നീളന്‍തോക്ക്. സഈദോ ഖാനോ പേരിലുണ്ടെങ്കില്‍ ഉത്തമം. ഏതൊരു മുസ്്‌ലിം നാമധാരിയെയും പിടിച്ചകത്തിടാന്‍പോന്ന ഭീകരവാദം അഥവാ ആഗോള ടെററിസം. ഭീകരവാദത്തിന് ഇസ്്‌ലാമിക ഭീകരവാദം എന്നൊരു സര്‍വനാമംകൂടിയുണ്ട്. എല്ലാ മുസ്്‌ലിംകളും ഭീകരവാദികളല്ല, ഭീകരവാദികളെല്ലാം മുസ്്‌ലിമെന്നുറപ്പ് ! ഇന്ത്യയില്‍ നൂറുകണക്കിന് മുസ്്‌ലിംകളെ വടിവാള്‍കൊണ്ടും കല്ലെറിഞ്ഞും കൊന്നവരും അഞ്ഞൂറാണ്ട് പഴക്കമുള്ള പള്ളി തകര്‍ത്തവരും ന്യൂസിലാന്‍ഡില്‍ അന്‍പതോളം പേരെ മറ്റൊരു പള്ളിയില്‍ കയറി വെടിവെച്ചുകൊന്നവനുമൊക്കെ പച്ചപ്പാവത്താന്മാര്‍. 2008ല്‍ മലേഗാവില്‍ ആറ് നിരപരാധികളെ കൊന്ന കേസിലെ ഒന്നാംപ്രതിപ്രജ്ഞാസിങ് താക്കൂര്‍ സന്യാസിനിയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഇരിക്കേണ്ടവളുമാകുന്നതും ഹിന്ദുത്വ ഭീകരവാദി അല്ലാതാകുന്നതും ഈ സിദ്ധാന്തത്തിലാണ്. കാരണം സാധുച്ചി എങ്ങാനും ശപിച്ചാലോ!
മുമ്പ് ഭീകരവാദം എന്നൊന്നുണ്ടായിരുന്നെങ്കില്‍ ഇന്ത്യയില്‍ അത് ചാര്‍ത്തപ്പെടുന്നത് സവര്‍ക്കര്‍, ഗോവാള്‍ക്കര്‍, നാഥുറാം ഗോദ്‌സെ തുടങ്ങിയവരിലായിരുന്നു. എന്തിന് ജാലിയന്‍വാലാബാഗില്‍ നാനൂറോളം നിരപരാധികളെ കൊന്ന ബ്രിട്ടീഷ് ജനറല്‍ ഒ ഡയറിനെപോലും നാം ഭീകരവാദിയെന്ന ്‌വിളിച്ചില്ല. സ്വാതന്ത്ര്യത്തോടെ അവന്മാരുടെ വംശമെല്ലാം കുറ്റിയറ്റുപോയെന്ന്കരുതിയിരിക്കുമ്പോഴാണ് മഹാരാഷ്ട്രയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുമെന്നേറ്റ് ശിവസേനക്കാര്‍ രംഗത്തുവരുന്നത്. അതിന്റെ തലവന്‍ ബാല്‍താക്കറെയായിരുന്നു നീണ്ട മൂന്നു പതിറ്റാണ്ട് ഇന്ത്യയിലെ ഹിന്ദുത്വ ഭീകരതയുടെ വക്താവും പ്രയോക്താവും. 1980കളില്‍ ജനസംഘം ബി.ജെ.പിയിലേക്ക് ആവാഹിക്കപ്പെട്ടതോടെ ഹിന്ദുത്വ ഭീകരത ഇവരിലേക്ക് കൂടുമാറി. താക്കറെയുടെ റോള്‍ ലാല്‍കൃഷ്ണ അദ്വാനിക്കായി. പിന്നീടത് ഉമാഭാരതിയും മുരളിമനോഹര്‍ ജോഷിയുമായി. 2002ല്‍ അത് നരേന്ദ്രമോദിയിലേക്ക് മാറ്റപ്പെട്ടു. അതും കടന്ന് ആദിത്യനാഥിലേക്ക്, ഇപ്പോഴിതാ പ്രജ്ഞാസിങ് താക്കൂറിലേക്ക്്. സ്‌ഫോടനക്കേസുകളിലെ പ്രതി പ്രജ്ഞാസിങ് മധ്യപ്രദേശിലെ ഭോപ്പാാലില്‍ ദിഗ്‌വിജയ്‌സിങിനെതിരെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയാകുന്നു. കാവിക്ക് കാവി. മുണ്ഡനത്തിന് മുണ്ഡനം, കുറിക്ക് കുറി. ഹിന്ദുത്വ രാഷ്ട്രാനന്ദലബ്ധിക്കിനിയെന്തുവേണ്ടൂ.
2008 മുതല്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി പിടിച്ച് അഴിക്കുള്ളിലിട്ടതാണ് ഈ ഒരുത്തിയെ. അയ്യോ ഈ സ്വാമിനിയെയോ എന്ന ്പല സാധുക്കളും മൂക്കത്ത് വിരല്‍വെച്ചു. എന്നാല്‍ മഹാരാഷ്ട്രയിലെ പ്രത്യേകാന്വേഷണ സംഘത്തലവന്‍ ഹേമന്ത് കര്‍ക്കറെക്ക് ഒരു സംശയവുമില്ലായിരുന്നു. നീണ്ട ചോദ്യം ചെയ്യലില്‍ ഇവര്‍തന്നെയാണ് രാജ്യത്തെ പല ഭീകര പ്രവര്‍ത്തനങ്ങളുടെയും സൂത്രധാരി എന്ന് ആ ഉദ്യോഗസ്ഥന്‍ കണ്ടുപിടിച്ചു. ഹിന്ദുത്വ ഭീകരതയുടെ വക്താക്കള്‍ വെറുതെയിരിക്കുമോ. 2008ലെ കുപ്രസിദ്ധമായ പാക് ഭീകരാക്രമണത്തിനിടെ ഹേമന്ത്കര്‍ക്കറെ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ആസൂത്രിതമായി കൊല്ലപ്പെടുന്നു. ഇത്തരമൊരു കൊലപാതകം നടന്നത് അടുത്തിടെ യു.പിയിലെ ബുലന്ദ്ഷഹറിലായിരുന്നു. തന്റെ ശാപമേറ്റാണ് കര്‍ക്കറെ കൊല്ലപ്പെട്ടതെന്നാണ് ഇപ്പോള്‍ ഈ ഭീകര സന്യാസിനി പറയുന്നത്. തന്നെ മണിക്കൂറുകളോളം ചോദ്യംചെയ്ത് പീഡിപ്പിച്ചതിന് കിട്ടിയ കര്‍മഫലമത്രെ കര്‍ക്കറെയുടെ കൊലപാതകം. പാക് ഭീകരവാദികളാല്‍ കൊല്ലപ്പെട്ടതിന് ദേശസ്‌നേഹം ആകാശം മുട്ടെയുയര്‍ന്ന് ധീരരക്തസാക്ഷിയെ വാഴ്‌ത്തേണ്ട സമയത്താണ് മോദിക്കും അമിത്ഷാക്കുമൊക്കെ അടിയായി പ്രജ്ഞ അമ്പ് കാവിസേനയുടെ പോസ്റ്റിലേക്ക് തൊടുത്തത്. ചതിയാണ് നടത്തിക്കളഞ്ഞത്. അതവരുടെ സ്വന്തം പ്രസ്താവനയാണെന്ന് പറഞ്ഞ് ബി.ജെ.പി നേതൃത്വം കണ്ണില്‍പൊടിയിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനും ഐ.പി.എസ് അസോസിയേഷനുമൊക്കെ പ്രസ്താവനാവാളുമായി രംഗത്തെത്തി. എങ്കില്‍ താന്‍ അന്നേരത്തെ വേദനകൊണ്ട് പറഞ്ഞതാണെന്ന് പ്രജ്ഞ. വാവിട്ട വാക്കും കൈവിട്ടവാളും.. എന്നല്ലേ ചൊല്ല്. മനസ്സിലുള്ളത് എത്രയൊളിപ്പിച്ചാലും അനവസരത്തില്‍ പുറത്തുചാടുമെന്നത് മന:ശാസ്ത്രം.
സാഫ്രണ്‍ ടെറര്‍ അഥവാ കാവിഭീകരത എന്ന് മാധ്യമങ്ങള്‍ക്ക് പറയാന്‍ മടിയുള്ളതുകൊണ്ട് അവരിതിനെ സാഫ്രണ്‍ എറര്‍ എന്നത്രെ വിളിക്കുന്നത്. മാലേഗാവ് കേസില്‍ 2013 മുതല്‍ ആറു വര്‍ഷം തടവില്‍ കിടന്നാണ് പുറത്തിറങ്ങിയതെങ്കിലും യു.എ.പി.എ നിയമപ്രകാരം എന്‍.ഐ.എ ചാര്‍ത്തിയ കുറ്റത്തില്‍ ജാമ്യമല്ലാതെ കുറ്റവിമുക്തിയായിട്ടില്ല. മക്കോക്ക ഭീകര വിരുദ്ധനിയമം മോദി സര്‍ക്കാരിലെ എന്‍.ഐ.എ ഒഴിവാക്കിക്കൊടുത്തു. നിരവധി മുസ്്‌ലിംകള്‍ ഇന്ത്യന്‍ ജയിലുകളില്‍ ഭീകരക്കേസുകളില്‍ വിചാരണ പൂര്‍ത്തിയാകാതെ കിടക്കുമ്പോള്‍ ഈ പൂച്ച സന്യാസിനി പുറത്തിറങ്ങിയിരിക്കുന്നത് മാറിലെ ക്യാന്‍സറും പറഞ്ഞാണ്. ഇനി എം.പിയായും കേന്ദ്രമന്ത്രിയായും നാട്ടിലൂടെ വിലസുമ്പോള്‍ സല്യൂട്ടടിക്കാന്‍ തന്നെ അറസ്റ്റുചെയ്ത ഓഫീസര്‍മാര്‍ വരും. ഇനിയെത്രപേരെ ശാപിക്കാനിരിക്കുന്നു!
- 6 years ago
web desk 1
Categories:
Video Stories
ശപ്തസന്യാസിനി
Tags: editorial