അമേരിക്കയുടെ നാല്‍പത്തഞ്ചാമത് പ്രസിഡണ്ടായി തിങ്കളാഴ്ച അധികാരമേറ്റ ഡൊണാള്‍ഡ് ജോണ്‍ ട്രംപ് എന്ന എഴുപത്തൊന്നുകാരനായ ധനികബിസിനസുകാരന്റെ തുടക്കം പ്രതീക്ഷിച്ചതുപോലെ തന്നെ വിവാദങ്ങളുടെ നെരിപ്പോടിലായിരിക്കുന്നു. രാജ്യം ഇതുവരെ കൊണ്ടുനടന്ന പല മൂല്യങ്ങളും തീരുമാനങ്ങളും പിന്‍വലിക്കുന്ന തിരക്കിലാണ് ട്രംപ് ഭരണകൂടം. സങ്കുചിതമായ വംശീയ-ദേശീയതയും മുസ്‌ലിം വിരുദ്ധതയും ആണയിടുന്ന ട്രംപ് ലോക പൊലീസെന്ന് വിളിപ്പേരുളള ഒരു രാജ്യത്തിന്റെ അമരസ്ഥാനത്തിരുന്ന് നടത്തിവരുന്ന ഭരണ നടപടികള്‍ ലോകത്തെ മുള്‍മുനയിലാക്കാന്‍ പോന്നതായിരിക്കുന്നു.
ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ എബ്രഹാം ലിങ്കന്റെയും മാര്‍ട്ടിന്‍ ലൂതര്‍കിംഗിന്റെയും നാട് മാധ്യമസ്വാതന്ത്ര്യത്തിന് പോലും കൂച്ചുവിലങ്ങിടുന്ന കാഴ്ചയാണ് ലോകത്തിന് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന വ്യവസായങ്ങളുടെ കാര്‍ബണ്‍ പുറന്തള്ളലിന് എതിരായനയം തുടരില്ലെന്ന് പുതിയ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നു. ഇസ്രാഈല്‍ ജൂതരാഷ്ട്രത്തെ അനുകൂലിക്കുന്ന ട്രംപിസം അമേരിക്കയുടെ നയതന്ത്രകാര്യാലയം ടെല്‍അവീവില്‍ നിന്ന് ജെറുസലേമിലേക്ക് മാറ്റാനുള്ള നടപടിയുമായി മുന്നോട്ടുപോകുന്നു. ഏഷ്യയുമായുള്ള വന്‍വാണിജ്യകരാര്‍ പിന്‍വലിക്കാനുള്ള ഉത്തരവിലും അദ്ദേഹം ഒപ്പിട്ടുകഴിഞ്ഞു.
മുസ്‌ലിംവിരുദ്ധത പറയുന്ന ട്രംപ് അതിനുകാരണമായി പറയുന്നത് ഇസ്‌ലാമിന്റെ പേരിലുള്ള ഭീകര-വിധ്വംസക പ്രവര്‍ത്തനമാണ്. സ്ഥാനമേറ്റ സമയത്ത് ട്രംപ് നടത്തിയ പ്രസംഗത്തില്‍ ‘ഇസ്‌ലാമികതീവ്രവാദം’എന്ന പദമാണ് അദ്ദേഹം പ്രയോഗിച്ചത്. ബൈ അമേരിക്ക, ഹയര്‍ അമേരിക്ക – ജോലിയും വിപണിയും അമേരിക്കക്ക്- എന്നായിരുന്നു ട്രംപിന്റെ മറ്റൊരുപദപ്രയോഗം. അമേരിക്കയാണ് ഒന്നാമത് എന്ന വാചകവും തര്‍ക്കവിധേയമാണ്. ആഗോളവല്‍കൃതകാലത്ത് ഇതും പ്രായോഗികരഹിതമായേ വിലയിരുത്തപ്പെടുന്നുള്ളൂ. മുസ്‌ലിംകള്‍ക്കുപുറമെ കറുത്ത വര്‍ഗക്കാരായ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരെയും ട്രംപ് ഒരേസമയം തന്നെ സംസാരിക്കുന്നുണ്ട്.
അമേരിക്കയുടെ വിപണിയിലേക്ക് അയല്‍രാഷ്ട്രമായ മെക്‌സിക്കോയില്‍ നിന്ന് കാറുകള്‍ അടക്കം നിര്‍മിച്ച് അമേരിക്കയില്‍ വിറ്റഴിക്കുന്നത് നിര്‍ത്തിവെക്കുമെന്നും മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്നുമൊക്കെയുള്ള വിടുവായിത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ് പുതിയ പ്രസിഡണ്ടിന്റെ പ്രഭാഷണം. രാജ്യത്തെ രണ്ടുകോടിയോളം പേര്‍ക്ക് ഗുണം ലഭിക്കുന്ന ഒബാമകെയര്‍ പദ്ധതി ഭാഗികമായി റദ്ദുചെയ്ത ട്രംപിന്റെ നടപടി പ്രതിഷേധം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. ഗര്‍ഭഛിദ്രത്തിനെതിരായ നിയമഭേദഗതിയും പ്രതിഷേധത്തിനിടവരുത്തിയിരിക്കയാണ്. ട്രംപ് ചുമതലയേല്‍ക്കുന്ന അവസരത്തില്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അഞ്ചു ലക്ഷത്തിലധികം അമേരിക്കക്കാരാണ് അദ്ദേഹത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് പരസ്യമായ അക്രമ സമരങ്ങള്‍ക്ക് മുതിര്‍ന്നതെന്നത് ചില്ലറ കാര്യമല്ല.
അമേരിക്കന്‍ ജനതയുടെ നാല്‍പതു ശതമാനം പേരുടെ പിന്തുണ മാത്രമേ ട്രംപിനുള്ളൂ. അമേരിക്കക്ക് എല്ലാകാലത്തും ഓശാന പാടിയിരുന്ന, അവരുടെ അന്താരാഷ്ട്ര താല്‍പര്യങ്ങള്‍ക്കൊത്ത് തുള്ളിയിരുന്ന യൂറോപ്പിനെതിരെയും ഒരു കാലത്തെ അമേരിക്കയുടെ ലോകത്തെ മുഖ്യശത്രുവായ റഷ്യക്ക് അനുകൂലമായും ട്രംപിന്റെ പരസ്പരവിരുദ്ധമായ നിലപാടുകള്‍ അമേരിക്കക്കാരെ തന്നെയാണ് ഇതിനകം ആശങ്കയിലാക്കേണ്ടത്. അമേരിക്കന്‍ സഖ്യസൈന്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാറ്റോയും എന്തിനേറെ ഐക്യരാഷ്ട്രസംഘടനയെ പോലും എതിര്‍ക്കുകയാണ് ട്രംപ് ഭരണകൂടം.
യു.എന്നില്‍ ഇസ്രാഈലിനെതിരായ പ്രമേയത്തെ വീറ്റോ ചെയ്യാതിരുന്ന അമേരിക്കയുടെ നയം പൂര്‍ണമായും പിന്‍വലിച്ചിരിക്കുകയാണ് ട്രംപ്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ മുന്‍കയ്യെടുത്ത് അനുരഞ്ജനത്തിന് ശ്രമിക്കുമ്പോഴാണ് ട്രംപിന്റെ ഈ അപകടകരമായ നീക്കമെന്നോര്‍ക്കണം. യു.എസിന്റെ സ്ഥിരം സഖ്യരാജ്യമായ ഫ്രാന്‍സിന്റെ പ്രസിഡണ്ട് ഒലാന്ത് ട്രംപിനെതിരെ പരസ്യവിമര്‍ശനവുമായി മുന്നോട്ടുവന്നത് പാശ്ചാത്യലോകം കീഴ്‌മേല്‍ മറിയുന്നുവെന്നതിന്റെ സൂചനയാണ്. സിറിയന്‍ പ്രശ്‌നത്തിലും ട്രംപിന്റെ നിലപാട് ബുദ്ധിശൂന്യമാണ്.
സ്വന്തം മരുമകനെ തന്നെയാണ് ട്രംപ് പശ്ചിമേഷ്യന്‍ വിഷയ ഉപദേശകനാക്കിയിരിക്കുന്നത്. തായ്‌വാനുമായി ചേര്‍ന്ന് ചൈനയെ വിരട്ടുകയാണ് ട്രംപ്. എച്ച് വണ്‍ ബി വിസ നിരോധിക്കാനുള്ള നീക്കം ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. പാക്കിസ്താന്റെ കാര്യത്തിലുള്ള ഇന്ത്യന്‍ അനുകൂല നിലപാട് ട്രംപിനോടുള്ള മോദിയുടെ താല്‍പര്യം കെടുത്തും; പ്രതിലോമനയങ്ങളില്‍ ഒരേതൂവല്‍ പക്ഷികളാണെങ്കിലും.തെരഞ്ഞെടുപ്പുകാലത്ത് അമേരിക്കയുടെ ആഭ്യന്തരകാര്യങ്ങളില്‍ റഷ്യ ഇടപെട്ടെന്ന് പറഞ്ഞത് ആ രാജ്യത്തിന്റെ തന്നെ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ ആണ്. ട്രംപിന് അനുകൂലമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെതിരെ അവരുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണിത്.
ഇത്തരമൊരു കാര്യത്തില്‍ രണ്ടുരാഷ്ട്രങ്ങള്‍ തമ്മില്‍ ബന്ധം വഷളാകുന്നതിലേക്ക് കാര്യങ്ങളെത്തുക സ്വാഭാവികം. ഇതനുസരിച്ചാണ് ഒബാമ ഭരണകൂടം റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍ ചുമതലയേറ്റയുടന്‍ ആ നടപടി പിന്‍വലിക്കുകയാണ് ട്രംപ് ചെയ്തത്. അതേസമയം റഷ്യയുടെ പക്കല്‍ ട്രംപിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഒട്ടേറെ വിവരങ്ങളുണ്ടെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ജോണ്‍മെക്കയിന്റെ വെളിപ്പെടുത്തല്‍ പല ദുരൂഹതകളും ഉയര്‍ത്തുന്നു. കുടിയേറ്റങ്ങളുടെ ചരിത്രമാണ് അമേരിക്കക്കാകെ പറയാനുള്ളതെന്നിരിക്കെ കുടിയേറ്റങ്ങളെ തള്ളിപ്പറയുന്ന ആധുനിക നിലപാട് ട്രംപിന്റെ നയങ്ങളിലെ പൊള്ളത്തരമാണ് വ്യക്തമാക്കുന്നത്.
എന്നാല്‍ ഇന്ത്യ പോലെ വിവര സാങ്കേതിക മേഖലകളിലും മറ്റും ഉയര്‍ന്ന ബിരുദധാരികളും വിദഗ്ധരും അമേരിക്കയെ ആശ്രയിച്ചുകഴിയുന്ന കാലത്ത് ‘അമേരിക്ക മാത്രം’എന്ന ചിന്താഗതിയുടെ പ്രതിഫലനവും പ്രതിഫലവും എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വെറും ബിസിനസ് കൊണ്ടുമാത്രം നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള , ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെ നയിക്കാനാകുമെന്ന് കരുതിയെങ്കില്‍ ട്രംപിനും ഉപദേശകര്‍ക്കും തെറ്റുപറ്റി എന്നേ പറയാനാകൂ.
ഒരുപക്ഷേ വിയറ്റ്‌നാമിലും ജപ്പാനിലും ഫിലിപ്പീന്‍സിലും കൊറിയയിലും ഗോണ്ടനാമോയിലും അറേബ്യയിലും മറ്റും എണ്ണമറ്റ മനുഷ്യരെ കൂട്ടക്കുരുതി നടത്തുകയും അതിലുമെത്രയോ പേര്‍ക്ക് നരകയാതനകള്‍ സമ്മാനിക്കുകയും ചെയ്തിട്ടുള്ള അമേരിക്കയുടെ ഗതകാലചരിത്രം നോക്കുമ്പോള്‍ വരാനിരിക്കുന്നതും ഇതൊക്കത്തന്നെയാണോ എന്ന ആകുലതയിലാണ് ലോകം.