അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒരുമിച്ച് ഉപതെരഞ്ഞെടുപ്പെന്നത് അസാധാരണമാണ്. ഒക്‌ടോബര്‍ 21ന് നടക്കുന്ന ഉപതെരഞ്ഞടുപ്പ് ചരിത്രത്തിലിടം പിടിക്കുന്നതിനുള്ള ആദ്യകാരണവും ഇതാണ്. വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങള്‍ കേരളത്തിന്റെ പരിച്ഛേദമായി അടയാളപ്പെടുത്താമെങ്കില്‍ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാണ് ഉുപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് നിസ്സംശയം പറയാം.
മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്കും, വിവിധ സംസ്ഥാനങ്ങളിലെ 59 നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പവുമാണ് കേരളത്തിലേയും ഉപതെരഞ്ഞെടുപ്പ്. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുഫലങ്ങള്‍ ദേശീയ തലത്തില്‍ നിര്‍ണായകമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വിജയം കേന്ദ്രഭരണകൂടത്തിന്റെ അജണ്ടകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന് നേരെ വെല്ലുവിളിയാകുന്ന നിയമനിര്‍മാണങ്ങളും നടപടികളും പുരോഗമിക്കുന്നതിനിടെയാണ് മഹാരാഷ്ട്ര, ഹരിനായ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. സാമ്പത്തിക മാന്ദ്യവും, വര്‍ഗീയ വിഭജനവും ചരിത്രത്തില്‍ മുമ്പില്ലാത്ത വിധം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ജനജീവിതം ദുസ്സഹമാകുമ്പോഴും 2.76 ലക്ഷം കോടിയുടെ കോര്‍പറേറ്റ് കടം പുനരാലോചന പോലുമില്ലാതെ എഴുതിതള്ളാന്‍ കഴിയും വിധം കേന്ദ്രസര്‍ക്കാര്‍ അധികാര പ്രമത്തത പ്രകടിപ്പിക്കുമ്പോള്‍ ഇതിനെതിരായ ജനവിധിയാണ് ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യ ആഗ്രഹിക്കുന്നത്.
ഇതിന് സമാനമായ സ്ഥിതി തന്നെയാണ് കേരളത്തിലും. അഞ്ച് നിയസഭാ മണ്ഡലങ്ങളിലായി 9,57,509 വോട്ടര്‍മാരാണ് ഒക്ടോബര്‍ 21ന് പോളിങ് സ്‌റ്റേഷനിലെത്തുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 2,14,779, എറണാകുളം 1,55,306, അരൂര്‍ 1,91,898, കോന്നി 1,97,956, വട്ടിയൂര്‍ക്കാവ് 1,97,570 എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലിന് കഴിയും വിധം ഭൂമി ശാസ്ത്രപരവും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ വൈവിധ്യങ്ങളുണ്ട് ഓരോ മണ്ഡലത്തിനും. സര്‍ക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്ന യു.ഡി.എഫ്, എല്‍.ഡി.എഫ് നേതാക്കളുടെ പ്രസ്താവനകളെ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളേണ്ടി വരുന്നതും ഇതുകൊണ്ടാണ്.
സംസ്ഥാന സര്‍ക്കാര്‍ നിരവധി വിഷയങ്ങളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വേളയിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലലയടിച്ച യു.ഡി.എഫ് തരംഗം സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയങ്ങില്‍ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷിച്ചെങ്കിലും അതുണ്ടായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി, വികസനമില്ലായ്മ, രാഷ്ട്രീയ കൊലപാതകങ്ങള്‍, വഴിവിട്ട നിയമനങ്ങള്‍, സിയാലിലേയും കിഫ്ബിയിലേയും ഓഡിറ്റിനെതിരായ സര്‍ക്കാര്‍ നിലപാട്, പ്രളയബാധിതരോടുള്ള അവഗണന, ലാന്‍ഡ് ബോര്‍ഡ് കേസുകളിലെ മെല്ലെപ്പോക്ക്, ധൂര്‍ത്ത്, പി.എസ്.സിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, ഏറ്റവുമൊടുവില്‍ എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദം തുടങ്ങി സംസ്ഥാന സര്‍ക്കാരിനെതിരെ യു.ഡി.എഫ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ നിരവധിയാണ്. സര്‍ക്കാരിനെ സംബന്ധിച്ച് അനുകൂലമല്ല കാര്യങ്ങള്‍. അതുകൊണ്ട് തന്നെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് രാഷ്ട്രീയ വിഷയം ഒഴിവാക്കാന്‍ ഇടതുമുന്നണി കഴിയുംവിധമെല്ലാം പരിശ്രമിച്ചുവെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഒന്നായി അഭിപ്രായപ്പെടുന്നത്. പകരം വ്യക്തിഹത്യയും പ്രാദേശിക വിഷയങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങളും കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുമുന്നണി ശ്രമിച്ചതെന്ന് പറയാം. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് കൂടത്തായ് പരമ്പര കൊലപാതക കേസ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന വിമര്‍ശനവും ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
എല്ലാ ഉപതെരഞ്ഞെടുപ്പുകളിലുമെന്ന പോലെ, ഗൃഹസന്ദര്‍ശനവും കുടുംബ യോഗങ്ങളും ഉള്‍പ്പെടെ താഴെത്തട്ടില്‍ കേന്ദ്രീകൃതമായ പ്രചരണ പരിപാടികളാണ് ഇത്തവണയും എല്ലാ മുന്നണികളും നടത്തിയത്. വോട്ടര്‍മാരുടെ മനസ്സ് തൊട്ടറിഞ്ഞ പ്രചരണ പ്രവര്‍ത്തനങ്ങളുടെ അവസാന ലാപില്‍ മുന്നണി നേതാക്കളുടേതായി വരുന്ന പ്രസ്താവനകളില്‍ തെരഞ്ഞെടുപ്പ് ഫലം നിഴലിക്കുന്നുണ്ട്. ഭരണത്തിനെതിരായ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രതിഷേധങ്ങളെ അതീജിവിക്കാന്‍ കാടടച്ച പ്രചരണ തന്ത്രങ്ങള്‍ കൊണ്ട് മാത്രം സാധ്യമാകില്ലെന്ന് നിരവധി ഘട്ടങ്ങളില്‍ തെളിയിച്ചതാണ് കേരളത്തിന്റെ ചരിത്രം.
എന്‍.ഡി.എയിലെ അസ്വാരസ്യങ്ങളും വോട്ട് വിഭജനവും തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണി പുലര്‍ത്തുന്നതെന്നാണ് നിരീക്ഷണങ്ങള്‍. എന്നാല്‍ ഭരണവിരുദ്ധ തരംഗം അലയടിക്കുമെന്ന ശുഭപ്രതീക്ഷയാണ് യു.ഡി.എഫിന്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെന്ന പോലെ ശബരിമല വിഷയം ഉപതെരഞ്ഞെടുപ്പിലും വിഷയീഭവിച്ചിട്ടുണ്ട്. എന്‍.എസ്.എസിനെ പോലെ വിശ്വാസ സംരക്ഷണത്തിന് ശകതമായി നിലകൊള്ളുന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരായി പരസ്യമായി രംഗത്തുവന്നുവെന്നത് ഉപതെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ സംബന്ധിച്ച് നിര്‍ണായകമാണ്. സമദൂരത്തില്‍ നിന്നും ശരിദൂരത്തിലേക്കുള്ള എന്‍.എസ്.എസിന്റെ നിലപാട് മാറ്റം ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്ന് തന്നെയാണ് ഊഹിക്കേണ്ടത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ നാലും യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്. അരൂര്‍ മാത്രമാണ് ഇടതുമുന്നണിയുടെ കൈവശമുണ്ടായിരുന്ന മണ്ഡലം. നാലിടത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നതെങ്കില്‍ മഞ്ചേശ്വരത്ത് സിറ്റിങ് എം.എല്‍.എ ആയിരുന്ന പി.ബി അബ്ദുല്‍ റസാഖിന്റെ ആകസ്മികമായ വേര്‍പാടിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനാധിപത്യത്തിന്റെ അടിത്തറ ശക്തമായ പ്രതിപക്ഷമാണെന്ന ബോധ്യത്തിന്റെ കൂടി വിഷയമായി ഉപതെരഞ്ഞെടുപ്പ് മാറുന്നതും ഇതിനാലാണ്. ഭാവി കേരളത്തെ സംബന്ധിച്ച ശുഭസൂചനകള്‍ നല്‍കുന്നതാകണം തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ജനങ്ങളോടൊപ്പം നിന്ന് കാരുണ്യത്തിന്റെ ഹസ്തം നീട്ടുന്ന നേതാക്കളെ തെരഞ്ഞെടുക്കാനുള്ള രാഷ്ട്രീയ പ്രബുദ്ധതയാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിലും ഭരണമികവുകള്‍ തൂക്കിനോക്കിപ്പെടേണ്ടതുണ്ട്. രാഷ്ട്രീയം ചര്‍ച്ചയാകുകയും വേണം. സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്തും ഭരണവിലയിരുത്തലിനെ ഹൈജാക്ക് ചെയ്തും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധം തന്നെയാണ്. ഭരണാധികാരികളുടെ ശരി തെറ്റുകളെ വിശകലനം ചെയ്ത്, തെറ്റിനെതിരെ പ്രതികരിക്കാനുള്ള ജനങ്ങളുടെ ഉഗ്രശേഷിയുള്ള ആയുധമാണ് സമ്മതിദാനാവകാശം. അത് വിവേകത്തോടെ പ്രയോഗിക്കുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥസമ്പുഷ്ടമാകുന്നത്. സമ്മതിദാനാവകാശം രേഖപ്പെടുത്തുകയെന്നത് ജനാധിപത്യത്തോടുള്ള ഓരോ പൗരന്മാരുടേയും കടമയുമാണ്.
- 5 years ago
chandrika
Categories:
Video Stories
സമ്മതിദാനാവകാശം വിവേകപൂര്‍ണമാകണം
Related Post