ഫാസിസ്റ്റ് മാതൃകയിലുള്ള കടുത്ത സാമൂഹിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് രാജ്യം. 2014ലെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പി തങ്ങളുടെ സവര്‍ണ അജണ്ടയുമായി ഇന്ത്യന്‍ പൈതൃകത്തെയും ഭരണ ഘടനാമൂല്യങ്ങളെയും ചവിട്ടിയരച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ്. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് ഫെബ്രുവരി 11ന് തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ സമീപകാല സംഭവങ്ങള്‍ ഇന്ത്യന്‍ ജനതയുടെ മനോമുകുരങ്ങളിലേക്ക് തികട്ടി വരുന്നത് സ്വാഭാവികം. കഴിഞ്ഞ ഏതാനും ആഴ്ചത്തെ അശുഭ വാര്‍ത്തകള്‍ക്കുശേഷം പുറത്തുവരുന്ന വാര്‍ത്തകള്‍ ഇന്ത്യയിലെ ജനാധിപത്യമതേതര വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്നവയാണ്. എന്തുകൊണ്ടും അതീവ നിര്‍ണായകമാണ് എല്ലാ കക്ഷികള്‍ക്കും രാജ്യത്തിനുതന്നെയും ഈ തെരഞ്ഞെടുപ്പ്. 2019ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടി കൂടിയാണിത്. വലിയ നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിക്കുകയും പകരം ബാങ്കുകള്‍ വഴി പണമെത്തിക്കാന്‍ കഴിയാതിരുന്നതും മൂലം തൊഴില്‍ നഷ്ടപ്പെട്ട് കടക്കെണിയിലായ ഗ്രാമീണര്‍ക്കുള്ള തുരുപ്പു ചീട്ടുകൂടിയാണ് 2017ലെ ബാലറ്റ്.
അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ -403- നിര്‍ണായക മല്‍സരം നടക്കുന്നത്. ബി.ജെ.പിക്കെതിരെ വോട്ടുകള്‍ ഏകീകരിക്കപ്പെടുക എന്നതാണ് രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. ലോക്‌സഭയിലേക്ക് രാജ്യത്തെ ഏറ്റവും കൂടുതല്‍ അംഗങ്ങളെ -80- അയക്കുന്ന സംസ്ഥാനമായ ഇവിടെതന്നെയാണ് പിന്നാക്കക്കാരായ ഏറ്റവുംകൂടുതല്‍ മുസ്‌ലിം-ദലിത് ജനവിഭാഗങ്ങള്‍ അധിവസിക്കുന്നതും. ജനസംഖ്യാ കണക്കില്‍ ലോകത്തെ ആറാം സ്ഥാനത്തുള്ള പ്രദേശമാണ് 20 കോടിയോളം ജനങ്ങളുള്ള ഉത്തര്‍പ്രദേശ്. ഇതില്‍ 13 കോടിയോളം പേരാണ് ഏഴു ഘട്ടമായി വോട്ടെടുപ്പിന് പോകുന്നത്. ഉത്തര്‍പ്രദേശിനുപുറമെ പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നിവയാണ് മാര്‍ച്ച് എട്ടുവരെ വിവിധ ഘട്ടങ്ങളിലായി പോളിങ് ബൂത്തുകളിലേക്ക് പോകുന്നത്.
പിതാവുമായുള്ള പിണക്കത്തെതുടര്‍ന്ന് പിളര്‍ന്ന് വന്‍ പിന്തുണയോടെ സൈക്കിള്‍ ചിഹ്നവുമായി തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കുകയാണ് അഖിലേഷിന്റെ എസ്.പി. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എസ്.പിയുമായി സഖ്യമുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തുകയുണ്ടായി. ബീഹാറിലേതുപോലെ ഒരു പ്രവിശാല തെരഞ്ഞെടുപ്പുസഖ്യമാണ് കോണ്‍ഗ്രസ് ഉള്‍പെടെയുള്ള മതേതര ചേരി ഇവിടെ ലക്ഷ്യമിടുന്നത്. അഖിലേഷും രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും നടി ഡിംപിള്‍ കപാഡിയയും ഒരുമിച്ച് പ്രചാരണത്തിനിറങ്ങുന്നത് യുവാക്കളിലും വലിയ ആവേശമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുസ്‌ലിംകളുടെ അമ്പതു ശതമാനത്തിലധികം പിന്തുണ എസ്.പിക്കാണ്. പാര്‍ട്ടി പിളര്‍ന്നെങ്കിലും മുഖ്യമന്ത്രി അഖിലേഷിനെ തന്നെയാണ് ഇവര്‍ തുണക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി പാര്‍ട്ടികള്‍ ഒറ്റക്കൊറ്റക്ക് മല്‍സരിച്ചതാണ് മൊത്തമുള്ള എണ്‍പതില്‍ 72 സീറ്റുകള്‍ വരെ നേടാന്‍ ബി.ജെ.പിക്കായതും അതുവഴി കേന്ദ്ര ഭരണം പിടിച്ചതും.
ബീഹാറില്‍ ബി.ജെ.പി സഹായത്തോടെ ഭരിച്ചെങ്കിലും 2015ല്‍ നിതീഷ് കുമാറിന്റെയും ലാലു യാദവിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ കേവല താല്‍പര്യങ്ങള്‍ മാറ്റിവെച്ചുകൊണ്ടുണ്ടാക്കിയ മതേതര മഹാസഖ്യം ബി.ജെ.പിയെ തറപറ്റിച്ചത് നാം കണ്ടതാണ്. 178 സീറ്റ് മഹാസഖ്യം നേടിയപ്പോള്‍ കേന്ദ്ര ഭരണ മുന്നണിക്ക് വെറും 58 കൊണ്ട് തൃപ്തിയടയേണ്ടിവന്നു. ഇടതുപക്ഷം മാത്രമാണ് ഈ മഹാസഖ്യത്തില്‍ നിന്ന് വിട്ടുനിന്നത്. ഗുജറാത്തിലടക്കം കുളം കലക്കി മീന്‍പിടിക്കുന്ന മോദിയെയാണ് നമുക്ക് പരിചിതം. 1992ല്‍ രാജ്യത്തിന് ഏറ്റവും വലിയ സങ്കടവും നാണക്കേടുമുണ്ടാക്കിയ ബാബരി മസ്ജിദ് തകര്‍ത്ത സംസ്ഥാനമാണ് ഫൈസാബാദ് അടങ്ങുന്ന ഉത്തര്‍പ്രദേശ്. അവിടെയിപ്പോള്‍ രാമക്ഷേത്ര നിര്‍മാണത്തിന് കോപ്പുകൂട്ടുകയാണ് സംഘപരിവാര്‍. 2013ല്‍ മുസഫര്‍ നഗറില്‍ സംഘ്പരിവാര്‍ നടത്തിയ കലാപത്തില്‍ നൂറോളം പേര്‍ കൊലചെയ്യപ്പെട്ടു. പതിനായിരക്കണക്കിന് മുസ്്‌ലിംകള്‍ക്കാണ് നാടു വിടേണ്ടിവന്നത്. മുസഫര്‍നഗര്‍ കലാപത്തിന് നേതൃത്വം നല്‍കിയ സംഗീത് സോം, രോഹിത് റാന എന്നിവര്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ വീണ്ടും സീറ്റ് നല്‍കി ആദരിച്ചിരിക്കുകയാണ് ബി.ജെ.പി. ഉത്തര്‍ പ്രദേശിലെതന്നെ ദാദ്രിയിലാണ് രണ്ടു വര്‍ഷം മുമ്പ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഒരു മുസ്‌ലിം മധ്യവയസ്‌കനെ ബീഫ് സൂക്ഷിച്ചുവെന്ന ഇല്ലാത്ത കുറ്റംചുമത്തി കല്ലെറിഞ്ഞുകൊന്നത്. ഗോ രക്ഷക് ദള്‍ എന്ന സംഘടന രാജ്യത്തുടനീളം ഇന്ത്യാക്കാര്‍ എന്തു ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നു. ദലിതുകളുടെ കുലത്തൊഴിലായ കന്നുകാലികളുടെ തോല്‍ ഉരിച്ചെടുക്കുന്ന വരുമാനം തന്നെ തടയുന്ന രീതിയിലാണ് ഉത്തരേന്ത്യയിലാകമാനം ഹാലിളക്കം സൃഷ്ടിച്ചുകൊണ്ട് ‘ബീഫ് നരവേട്ട’ നടന്നത്.
ബി.ജെ.പി എം.പിമാരായ സാക്ഷി മഹാരാജ്, യോഗി ആദിത്യനാഥ്, സുബ്രഹ്മണ്യസ്വാമി, സംഘ്‌നേതാക്കളായ പ്രവീണ്‍ തൊഗാഡിയ, ആനന്ദ് ഹെഗ്‌ഡെ, ബാബുലാല്‍, സാധ്വി പ്രാഞ്ചി, സാധ്വി നിരഞ്ജന്‍ ജ്യോതി, ഗിരിരാജ് കിഷോര്‍ തുടങ്ങിയവര്‍ വിഷ പ്രഭാഷണങ്ങള്‍ക്ക് പേരുകേട്ടവരാണ്. കേരളത്തിന്റെ മഹത്തായ പൈതൃകം കെടുത്തുംവിധം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാള്‍ എം.ടിയെ അപഹസിക്കുകയും സംവിധായകന്‍ കമലിനോട് രാജ്യം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ ചോദ്യംചെയ്ത മറ്റൊരു നേതാവിനോട് വിശദീകരണം ചോദിക്കുകയാണ് നേതൃത്വം ചെയ്തത്.
സമാജ് വാദിയും കോണ്‍ഗ്രസും നിതീഷ്‌കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ്, തൃണമൂല്‍, അജിത് സിങിന്റെ രാഷ്ട്രീയലോക്ദള്‍ എന്നിവയും മുസ്്‌ലിം ലീഗുമൊക്കെ ചേര്‍ന്നുകൊണ്ടുള്ള സഖ്യം ബീഹാറിലേതുപോലെ രൂപപ്പെടുമെന്നുതന്നെയാണ് ഇതുവരെയുള്ള സൂചനകള്‍. ബി.ജെ.പിയോട് ശക്തമായ വൈരമുണ്ടെങ്കിലും ഈ സഖ്യത്തില്‍ ചേരാതെ സ്വന്തമായി ഭരണം പിടിക്കാമെന്നാണ് മായാവതി ലക്ഷ്യമിടുന്നത്. ഇത് ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് മായാവതി മനസ്സിലാക്കണം. മുലായത്തെ മെരുക്കിയെടുക്കാന്‍ കഴിയണം. പഞ്ചാബില്‍ നിലവിലെ അകാലിദള്‍-ബി.ജെ.പി സഖ്യസര്‍ക്കാരിനെതിരെയാണ് ഭരണ വിരുദ്ധ വികാരമുള്ളത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായിരുന്ന നവജ്യോത്‌സിങ് സിദ്ദു പാര്‍ട്ടി അണികളില്‍ പുത്തനുണര്‍വാണ് സൃഷ്ടിച്ചിട്ടുള്ളത്. ഗോവയിലും മണിപ്പൂരിലും ഝാര്‍ഖണ്ഡിലും കനത്ത പോരാട്ടം നടത്താന്‍ മതേതര സഖ്യത്തിനായാല്‍ അത് ഇന്ത്യയുടെ ഭാവിക്കുതന്നെ വലിയ മുതല്‍കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
- 8 years ago
chandrika
Categories:
Video Stories