‘നീ ഈ പണിക്ക് കൊള്ളില്ലെന്ന് നിരന്തരം തെളിയിച്ച്‌കൊണ്ടിരിക്കുകയാണല്ലോ വിജയാ’ എന്ന സിനിമാ ഡയലോഗ് ഒന്നു രണ്ടുദിവസമായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കണ്ണൂര്‍ എടയന്നൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വെച്ചുപുലര്‍ത്തുന്ന മൗനമാണ് പട്ടണപ്രവേശം എന്ന സിനിമയില്‍ നടന്‍ മോഹന്‍ലാലിന്റെ ഈ പ്രയോഗം ഇപ്പോള്‍ വൈറലാകാന്‍ കാരണം. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിമുഖ്യന്‍ തന്റെ സ്വന്തം ജില്ലയില്‍ നടന്ന ഈ കാപാലികതക്കു നേര്‍ക്ക് സ്വീകരിക്കുന്ന സമീപനം അക്രമികള്‍ക്ക് വളം വെച്ചുകൊടുക്കുന്ന രീതിയിലുള്ളതാല്ലേയെന്ന് ആരു സംശയിച്ചാലും അവരെ കുറ്റപ്പെടുത്താനാവില്ല. സംസ്ഥാനത്തെ ഞെട്ടിപ്പിച്ച ഇത്തരമൊരു സംഭവം അരങ്ങേറുമ്പോള്‍ അതിന് ഇരയായവരും സാധാരണ ജനങ്ങളുമെല്ലാം ആദ്യം പ്രതീക്ഷിച്ചത് ഉത്തരവാദപ്പെട്ടവരുടെ പക്കല്‍നിന്നുള്ള ആശ്വാസവാക്കുകളാണ്. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നായിരുന്നു അത് ആദ്യം ഉണ്ടാകേണ്ടിയിരുന്നത്. തന്റെ സ്വന്തം ജില്ലയിലാണ് സംഭവം അരങ്ങേറിയതെന്നിരിക്കെ അതിന് കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നുമുണ്ട്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇത്രയും ക്രൂരമായ, മനസ്സാക്ഷിയെ മരവിപ്പിച്ചുകളഞ്ഞ ഒരു കൊലപാതകം താന്‍ പ്രതിനിധാനം ചെയ്യുന്ന നിയോജക മണ്ഡലത്തിന്റെ വിളിപ്പാടകലെ നടന്നിട്ടും ഇതേവരെ ഒരു പ്രതികരണം നടത്താന്‍ പിണറായി വിജയന്‍ തയ്യാറാകത്തതിന്റെ സാങ്കത്യം പാര്‍ട്ടി അണികള്‍ക്ക്‌പോലും ബോധ്യപ്പെടുന്നുണ്ടാവില്ല.
ഇടതു സര്‍ക്കാര്‍ ഭരണത്തിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ പഴയ പാര്‍ട്ടി സെക്രട്ടറി റോളില്‍നിന്നും മാറിയിട്ടില്ലെന്നത് അല്‍ഭുതകരവും നിരാശാജനകവുമാണ്. സി.പി.എമ്മിനെതിരെയും അതിന്റെ നേതാക്കള്‍ക്കെതിരെയും ആരോപണങ്ങളും ആക്ഷേപങ്ങളുമെല്ലാം ഉയര്‍ന്നുവരുമ്പോള്‍ വാര്‍ത്താ സമ്മേളനങ്ങള്‍ വരെ വിളിച്ചു ചേര്‍ത്ത് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ദീര്‍ഘായകമായി സംസാരിക്കുന്ന പിണറായി പാര്‍ട്ടി സമ്മേളനങ്ങളിലും മണിക്കൂറുകളോളം സംസാരിക്കാന്‍ ഒരുമടിയും കാണിക്കുന്നില്ല. ബി.ജെ.പിയേയും അതിനേക്കാള്‍ ആവേശത്തില്‍ കോണ്‍ഗ്രസിനേയും കുറ്റപ്പെടുത്താന്‍ അത്യുത്സാഹം കാണിക്കുന്ന മുഖ്യന്‍ പാര്‍ട്ടിയിലെ വിഭാഗീയതയില്‍ ഇടപെട്ടുപോലും വാക്ശരങ്ങള്‍ എയ്തുവിടാന്‍ ഒരു മടിയും കാണിക്കുന്നില്ല. തന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത എല്ലാ വിഷയത്തിലും അഭിപ്രായ പ്രകടനം നടത്താന്‍ അദ്ദേഹം മുമ്പന്തിയിലുണ്ട്. കേരളത്തിന്റെ പൊതു ജീവിതത്തില്‍ ഒരു അനക്കവും സൃഷ്ടിച്ചിട്ടില്ലാത്ത ഒരു സിനിമയിലെ പാട്ടു രംഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പോലും മുഖ്യമന്ത്രി തന്റെ നിലപാടറിയിച്ചു. സിനിമാ സംവിധായകന്റെയും പാട്ടെയുത്തുകാരന്റെയുമൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലനാകുന്ന അദ്ദേഹം നടുറോഡിലിട്ട് മുപ്പിത്തി ഏഴ് വെട്ടുവെട്ടി മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കുന്ന കാപാലികതക്കെതിരെ പ്രതികരിക്കാന്‍ സമയം കണ്ടെത്താതിനെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്. നിരവധി തവണ സെക്രട്ടറി പദവി അലങ്കരിച്ച അദ്ദേഹം പക്ഷെ ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. എന്നാല്‍ ആളുകളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ഒരു പ്രതികരണം നല്‍കുന്നതിന് പോലും അദ്ദേഹം കാണിക്കുന്ന വിമുഖത വോട്ടു നല്‍കി അധികാരത്തിലെത്തിച്ച ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ.
ഷുഹൈബ് വധക്കേസ് പൊലീസ് കൈകാര്യം ചെയ്യുന്ന രീതി തുടക്കത്തിലേ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. കൃത്യം നടന്നതറിഞ്ഞ ഉടനെ പ്രതികളെ വലയിലാക്കാനുള്ള ചടുലമായ നീക്കങ്ങളില്ലാതെ പോയത് കേസന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മുമ്പ് ഇതേ രീതിയിലുള്ള പല കേസുകളിലും പൊലീസ് നടത്തിയ ദ്രുതഗതിയിലുള്ള നീക്കങ്ങള്‍ പ്രതികളെ പെട്ടെന്ന് വലയിലാക്കാനും അതുവഴി കേസന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോവാനും സാധിച്ചിരുന്നു. മാത്രമല്ല കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിലും പൊലീസ് അമാന്തം കാണിച്ചു.
ഒരു കേസില്‍ ഏതു രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം പൊലീസിനാണ്. പക്ഷെ ഷുഹൈബിന്റെ കുടുംബവുമായി ബന്ധപ്പെടുന്നതില്‍ വരുത്തിയ വീഴ്ച്ച പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഷുഹൈബിന്റെ പിതാവിനെക്കൊണ്ടും പൊതുസമൂഹത്തെക്കൊണ്ടും പറയിപ്പിക്കുന്നിടത്തേക്ക് വരെ കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങിയെങ്കിലും ഇവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്ന ഷുഹൈബിന്റെ പിതാവ് തന്നെ പറഞ്ഞ സാഹചര്യത്തില്‍ പൊലീസ് വീണ്ടും കുരുക്കിലകപ്പെട്ടിരിക്കുകയാണ്. പിടിയിലായത് പാര്‍ട്ടി ബന്ധമുള്ളവരാണെന്ന് ബോധ്യമായ പശ്ചാത്തലത്തിലാണെങ്കിലം പ്രതികള്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നും കീഴടങ്ങിയത് പൊലീസ് ശല്യം സഹിക്കവയ്യാതെയാണെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും പൊലീസിന് കനത്ത ക്ഷീണമായിരിക്കുകയാണ്.
ഈ രീതിയില്‍ സാഹചര്യങ്ങള്‍ സങ്കീര്‍ണമായി നിലനില്‍ക്കുമ്പോള്‍ സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുകയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേസന്വേഷണത്തെക്കുറിച്ച് പൊതു സമൂഹത്തിന് ബോധ്യമാകുന്ന രീതിയില്‍ പ്രതികരിക്കേണ്ടത് അനിവാര്യതയാണ്. എന്നാല്‍ മാധ്യമങ്ങള്‍ പിന്നാലെ കൂടിയിട്ടും അവരെ വകഞ്ഞുമാറ്റിയും ഒഴിച്ചുനിര്‍ത്തിയും അദ്ദേഹം നടത്തുന്ന ഒളിച്ചോട്ടം ഒരു ജനാധിപത്യ സര്‍ക്കാറിന്റെ നേതാവിന് ചേര്‍ന്നതല്ല. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നിരവധി പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. എല്ലായിടത്തും അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞ് മാധ്യമങ്ങള്‍ എത്തുകയും ചെയ്തു. എന്നാല്‍ ഒരിടത്തും മുഖം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ആഭ്യന്തര വകുപ്പ് അമ്പേ പരാജയമാണന്ന് സി.പി.എം പ്രവര്‍ത്തകര്‍ പോലും അടക്കം പറഞ്ഞുകൊണ്ടിരിക്കുന്നു. അതിന് ഉപോല്‍ഭലകമായ തെളിവുകള്‍ ദൈനംദിനം നാട്ടില്‍ പ്രകടമായിക്കൊണ്ടിരിക്കുകയുമാണ്. മനുഷ്യ ജീവനുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് അക്രമികള്‍ അഴിഞ്ഞാടുന്നു.
കൊലപാതകക്കേസുകളില്‍ കുറ്റംചുമത്തപ്പെട്ട് ജയിലിലടക്കപ്പെട്ടവര്‍ പോലും പരോളിലിറങ്ങി കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്ന ഭീതിദമായ സാഹചര്യം. സ്വന്തം ജീവനെക്കുറിച്ച് ഓരോ പൗരനും ഉല്‍ക്കണ്ഠപ്പെടുന്ന രീതിയിലുള്ള കുറ്റകൃത്യങ്ങളുടെ പെരുപ്പം. ഭരണത്തിന്റെ പിന്‍ബലത്തില്‍ മറ്റുള്ളവരുടെ അവകാശങ്ങളെ കശക്കിയെറിഞ്ഞ് തങ്ങള്‍ക്ക് ഹിതകരമായതെന്തും ഒരു മടിയുമില്ലാതെ ചെയ്തുകൂട്ടുന്ന പാര്‍ട്ടി അണികള്‍. ഇവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന രീതിയിലുള്ള സംസാരവുംപ്രവര്‍ത്തിയും സ്വീകരിക്കുന്ന നേതൃത്വം. ഇതിനെല്ലാം തടയിടേണ്ട സര്‍ക്കാറും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുമാകട്ടെ അര്‍ത്ഥഗര്‍ഭമായ മൗനത്തിലും. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വിണവായിച്ച നീറോ ചക്രവര്‍ത്തിയെ ഓര്‍മപ്പെടുത്തുകയാണ് ഈ ഭരണകൂടം.
- 7 years ago
chandrika
Categories:
Video Stories
ഈ മൗനം നല്‍കുന്നത് തെറ്റായ സന്ദേശം
Tags: editorial