ഭൂമി ലോകത്ത് ഇത്രയും തങ്കപ്പെട്ട മനുഷ്യര്‍ വേറെയുണ്ടോ എന്നു തോന്നിപ്പിക്കുന്നതാണ് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ അതിലെ അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പെരുമാറ്റ-മാര്‍ഗ നിര്‍ദേശങ്ങളില്‍ മിക്കവയും. കമ്യൂണിസ്റ്റ് വ്യക്തിത്വത്തിന് നിരക്കാത്ത പെരുമാറ്റങ്ങള്‍ അംഗങ്ങളുടെ ഭാഗത്തുനിന്ന് ഒരുനിലക്കും ഉണ്ടാകാന്‍ പാടില്ലെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) അതിന്റെ ഭരണഘടനയില്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ളത്. ഇടക്കിടെ പ്ലീനം സമ്മേളനങ്ങളിലും മറ്റുമായി ഇതിന് അടിവരയിടുന്ന നിരവധി നിര്‍ദേശങ്ങള്‍ പാര്‍ട്ടി അണികള്‍ക്കായി ചമയ്ക്കാറുമുണ്ട്. എന്നാല്‍ ഇവയൊക്കെ വെറും പൊള്ളത്തരങ്ങള്‍ മാത്രമായാണ് പ്രായോഗികതലത്തില്‍ പരിണമിക്കുന്നതെന്നതിന് എണ്ണിയാലൊടുങ്ങാത്ത ദൃഷ്ടാന്തങ്ങളാണ് ആ കക്ഷിയുടെ ഇത:പര്യന്തമുള്ള നടപടികളിലൂടെ പൊതുജനത്തിന് അനുഭവവേദ്യമായിട്ടുള്ളത്. സി.പി.എം പാലക്കാട് ജില്ലാസെക്രട്ടറിയേറ്റംഗവും ഷൊര്‍ണൂര്‍ നിയമസഭാസാമാജികനുമായ പി.കെ ശശി ആറു മാസം മുമ്പ് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി അംഗമായ വനിതക്കെതിരായി ഏരിയാകമ്മിറ്റി ഓഫീസില്‍ നടത്തിയ ലൈംഗികാതിക്രമത്തിന്റെ പരാതിയില്‍ പാര്‍ട്ടിയുടെ രണ്ടു കേന്ദ്ര സമിതിയംഗങ്ങള്‍ സമര്‍പ്പിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കുന്നവര്‍ക്ക് ഈ വസ്തുത ഒരിക്കല്‍കൂടി ബോധ്യമാകും.
സംസ്ഥാനത്തെ നിയമമന്ത്രികൂടിയായ എ.കെ ബാലനും പി.കെ ശ്രീമതി എം.പിയും കഴിഞ്ഞ ഓഗസ്റ്റ് 30ന് ആരംഭിച്ച അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇതിനകം മാധ്യമങ്ങളില്‍ പൂര്‍ണമായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം പരാതിക്കാരിയായ യുവതിയോട് പദവിക്ക് നിരക്കാത്ത രീതിയില്‍ ശശി ഫോണിലൂടെ സംസാരിച്ചുവെന്ന കുറ്റമാണ് ചാര്‍ത്തപ്പെട്ടിട്ടുള്ളത്. നവംബര്‍ 26ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും ആറു മാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് ശശിയെ സസ്‌പെന്‍ഡുചെയ്ത നടപടി ഡിസംബര്‍ 16ന് ചേര്‍ന്ന കേന്ദ്ര കമ്മിറ്റി ശരിവെച്ചിരിക്കുകയാണ്. എന്നാല്‍ പരാതിക്കാരി ഈ നടപടിയില്‍ തൃപ്തയല്ലെന്ന വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടിയെ വിശ്വസിച്ച് അതിന്റെ കേന്ദ്ര നേതൃത്വത്തിന് നേരിട്ട് പരാതി നല്‍കിയ യുവതിയുടെ കാര്യത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിയെ പോലുള്ളൊരു പ്രസ്ഥാനം സ്വീകരിക്കേണ്ട സമീപനമാണോ ഇതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും നടപടിയും പൊതുസമൂഹത്തില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.
നേരിട്ട് സ്പര്‍ശിക്കാതെതന്നെ ലൈംഗികച്ചുവയോടെ ആംഗ്യം കാണിക്കുന്നതുപോലും ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിക്കുള്ളില്‍ വരുമെന്ന് നിര്‍ഭയ സംഭവത്തിനുശേഷം 2013ല്‍ പാര്‍ലമെന്റ് പാസാക്കിയ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ നിരോധന നിയമത്തിലും തൊഴിലിടങ്ങളിലെ പീഡന നിരോധന നിയമത്തിലും വ്യക്തമായിത്തന്നെ പറയുന്നുണ്ട്. ആ നിയമങ്ങള്‍ക്ക് പിന്തുണ നല്‍കിയവരില്‍ സി.പി.എമ്മും ഉള്‍പെടുന്നു. എന്നിട്ടും സ്വന്തം പാര്‍ട്ടിയിലെ ഒരു വനിതക്ക്, അതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബാംഗത്തിന് അര്‍ഹതപ്പെട്ട നീതി നല്‍കുന്നതിനോ പീഡകന് മതിയായ ശിക്ഷ നല്‍കാനോ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല.പകരം കമ്യൂണിസ്റ്റ് ആരോഗ്യമാണ് താന്‍ പ്രകടിപ്പിച്ചതെന്നാണ് ശശി വാദിക്കുന്നത്.
പരാതിക്കാരി പൊതുസമൂഹത്തിന്റെ മുന്നിലേക്കോ നീതിന്യായ സംവിധാനത്തിനോ പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നതിന് കാരണം പാര്‍ട്ടി ആഭ്യന്തര വകുപ്പ് ഭരിക്കുന്ന കേരളത്തില്‍ തന്റെ വാദഗതികള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടില്ലെന്ന് കരുതിയതിനാലാകാം. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളിലൊന്നിലും പരാതി നല്‍കാതെ പൊളിറ്റ് ബ്യൂറോയിലെ വനിതാഅംഗങ്ങള്‍ക്ക് പരാതി അയച്ചതുതന്നെ ചില സൂചനകള്‍ നല്‍കുന്നുണ്ട്. പക്ഷേ അവിടെ നിന്നുപോലും നീതി കിട്ടിയില്ല എന്നാണ് വൃന്ദകാരാട്ടും സുഭാഷിണി അലിയും ഉള്‍പ്പെടുന്ന കേന്ദ്ര സമിതിയുടെ അംഗീകാരം ബാലന്റെയും ശ്രീമതിയുടെയും സ്ത്രീവിരുദ്ധ റിപ്പോര്‍ട്ടിന് ലഭിച്ചുവെന്നത് തെളിയിക്കുന്നത്. നമ്മുടെയൊക്കെ സഹജീവിയായ വനിതയെ സംബന്ധിച്ച് തികച്ചും സങ്കടകരമാണത്.
റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ ഈ ആധുനിക യുഗത്തിലും എത്ര സ്ത്രീ വിരുദ്ധമാണ് സി.പി.എം എന്നതിന്റെ ഒന്നാന്തരം തെളിവുകളാണ് ‘പൊതുവെ ഈ പെണ്‍കുട്ടി പുരുഷന്മാരായ സഖാക്കളോടും മറ്റു ചില പുരുഷ സുഹൃത്തുക്കളോടും വളരെ സോഷ്യലായി പെരുമാറുന്ന സ്വഭാവക്കാരിയാണ് ..’ ‘തന്റെ ശ്രദ്ധയില്‍പെടുന്ന വിഷയങ്ങളില്‍ പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവക്കാരിയായിട്ടും എന്തുകൊണ്ട് സംഭവം നടന്നിട്ട് എട്ടു മാസം കാത്തിരുന്നു?’ റിപ്പോര്‍ട്ടിലെ മറ്റൊരിടത്ത് ശശി പീഡിപ്പിച്ചുവെന്ന് പറയപ്പെടുന്ന പാര്‍ട്ടി ഓഫീസ് മുറിയുടെ പരിസരത്ത് നിറയെ ആളുകളുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇതും യുവതിയെയല്ല, ശശിയെ രക്ഷിക്കാനാണെന്ന് ഏതൊരാള്‍ക്കും വ്യക്തമാകും. ഫോണില്‍ സംസാരിച്ചപ്പോള്‍ തന്നോട് പ്രത്യേകമായ ഇഷ്ടമുണ്ടെന്ന് പറഞ്ഞതിനെ ലൈംഗികമായി എടുക്കേണ്ടെന്ന വാദവും കമ്മീഷന്‍ പൊതുവില്‍ മുഖവിലക്കെടുത്തിരിക്കുന്നു. വാസ്തവത്തില്‍ സ്ത്രീ സുരക്ഷയല്ല പകരം ശശി സുരക്ഷയാണ് ബാലന്‍-ശ്രീമതി റിപ്പോര്‍ട്ടിലുള്ളത്. ഇനി ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃത്വം കോഴിക്കോട്ട് കഴിഞ്ഞമാസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്, പ്രതി തങ്ങളുടെ സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ നടപടിയെടുക്കാനാവില്ലെന്നാണ്. ഇങ്ങനെയാണോ സ്വന്തം സഹപ്രവര്‍ത്തകയുടെ ജീവിതത്തിലെ പ്രതിസന്ധിയോട് പുരോഗമനമെന്നഭിമാനിക്കുന്ന ഒരു സംഘടന പ്രതികരിക്കേണ്ടത്.
നവോത്ഥാനം ഉറപ്പിക്കാനായി സ്ത്രീ മതില്‍ കെട്ടാന്‍ നടക്കുന്ന സി.പി.എമ്മിന്റെയും അതിന്റെ സര്‍ക്കാരിന്റെയും സ്ത്രീകളോടുള്ള നിലപാടുകള്‍ ഇത്രയേ ഉള്ളൂ എന്ന് സമ്മതിക്കേണ്ടിവരും. ജനുവരി ഒന്നിന് നടത്തുന്ന പ്രത്യേക സമുദായ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വനിതാമതിലില്‍ അണിചേരാന്‍ പോകുന്ന മലയാളികളായ സ്വാഭിമാനമുള്ള വനിതകളോരോരുത്തരും സ്വയം തിരിച്ചറിയുകയും ഈ കാപട്യം പുറത്തുകൊണ്ടുവരികയും വേണം. എഴുത്തുകാരി സാറാജോസഫും നടി മഞ്ജുവാര്യരുമൊക്കെ മതിലില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചത് ഈ തിരിച്ചറിവ് കൊണ്ടാണ്. ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും അതിന് തയ്യാറാകാതിരിക്കുകയും പുറമെ ആദര്‍ശം പുലമ്പുകയും ചെയ്യുന്ന സി.പി.എം എന്ന കക്ഷിക്ക് എന്തുകൊണ്ടും ചേരുന്നതാണ് പാലക്കാട്ടെയും വടക്കാഞ്ചേരിയിലെയും ഇരിഞ്ഞാലക്കുടയിലെയും കൊച്ചിയിലെയും കണ്ണൂരിലെയുമൊക്കെ നേതാക്കളുടെയും അണികളുടെയും പരസ്യമായ വിഷയാഭാസത്തരങ്ങള്‍. പാര്‍ട്ടി ഭരണഘടനയിലെ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗം മാറ്റിയെഴുതി പകരം ബാലന്‍-ശ്രീമതി കമ്മീഷന്‍ റിപ്പോര്‍ട്ട് ചേര്‍ത്തി പാര്‍ട്ടി ഓഫീസുകളില്‍ ചില്ലിട്ടുവെക്കുകയാണ് ഇനിയവര്‍ ചെയ്യേണ്ടത്.
- 6 years ago
chandrika
Categories:
Video Stories
‘ശശി സുരക്ഷാ’ റിപ്പോര്‍ട്ട് ചില്ലിട്ടുവെക്കട്ടെ !
Tags: editorialpk shashi mla