കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചുവെന്ന ആരോപണം നേരിടുന്ന മന്ത്രിയെ വാരിപ്പുണരാനുള്ള മുഖ്യമന്ത്രിയുടെ വ്യഗ്രത വൃത്തികെട്ട കൂട്ടുകെട്ടിന്റെ ചുരുളഴിക്കുന്നതാണ്. കയ്യേറ്റക്കാരെ കയ്യാമം വെക്കുമെന്നു കട്ടായം പറഞ്ഞവര്‍, തിണ്ണമിടുക്കില്‍ കണ്ണില്‍ കണ്ടതെല്ലാം തനിക്കാക്കുന്നവര്‍ക്കു മുമ്പില്‍ കാലിടറുന്നത് കാട്ടു നീതിയാണ്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് തെല്ലും സങ്കോചമില്ലാതെ സാമാജികര്‍ക്കു മുമ്പില്‍ തട്ടിവിട്ട മുഖ്യമന്ത്രിയുടെ തൊലിക്കട്ടിക്കു മുമ്പില്‍ കാണ്ടാമൃഗവും തലകുനിച്ചുപോകും. പുറമ്പോക്ക് ഭൂമി കയ്യേറി എന്ന പേരില്‍ നടന്‍ ദിലീപിന്റെ ഡി-സിനിമാസിനെതിരെ നടപടിയെടുക്കാന്‍ കാണിച്ച ആര്‍ജവത്തിന്റെ ഒരംശം പോലും ലെയ്ക്ക് പാലസ് റിസോര്‍ട്ടിനെതിരെ ഉണ്ടായില്ലെന്നത് യാദൃച്ഛികതയായി കാണാനാവില്ല. ഒരേ തൂവല്‍ പക്ഷികളുടെ ചിറകടുപ്പത്തില്‍ സഫലമാകുന്ന രാഷ്ട്രീയ ലാഭം തന്നെയാണ് ‘ഇരട്ടച്ചങ്കു’കളില്‍ ഓട്ടവീഴ്ത്തുന്നത് എന്നര്‍ത്ഥം.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടായ ലെയ്ക്ക് പാലസിലേക്ക് സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചുവെന്നും കായല്‍ കയ്യേറിയെന്നുമാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഏറെ വിവാദമായതോടെ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്ത് നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ഇന്നലെ പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. അധികാര ദുര്‍വിനിയോഗമാണ് നടന്നിട്ടുള്ളതെന്നും സമഗ്ര അന്വേഷണത്തിലൂടെ ഇത് തെളിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ടെന്നും പ്രതിപക്ഷം ഉന്നയിച്ചെങ്കിലും മന്ത്രിയെ വെള്ള പൂശുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ചട്ടവിരുദ്ധമാണെന്ന വാദമുയര്‍ത്തി സ്പീക്കര്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ രംഗത്തുവരികയും ചെയ്തു. അഴിമതിയുടെ നാണക്കേട് മറയ്ക്കാന്‍ തലയില്‍ മുണ്ട് മൂടിക്കെട്ടി രക്ഷപ്പെടാനുള്ള വിഫല ശ്രമമായി മാത്രമേ ഈ നീക്കങ്ങളെ കാണാന്‍ കഴിയുകയുള്ളൂ. അഴിമതി മുക്ത കേരളമെന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയവര്‍ക്ക് ഇക്കാരണത്താല്‍ രണ്ടാമതൊരു മന്ത്രിയെകൂടി കുടിയൊഴിപ്പിക്കേണ്ടി വരുമോ എന്ന വിഹ്വലതയാണ് ഈ പൊറാട്ടു നാടകങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. കായല്‍ കയ്യേറ്റ വാര്‍ത്ത കേരളം മുഴുവന്‍ പാട്ടായ സാഹചര്യത്തില്‍ അഗ്നിശുദ്ധി വരുത്തേണ്ട ബാധ്യത മന്ത്രിക്കും സര്‍ക്കാറിനും ഒരുപോലെയുണ്ട്. അതല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരോട് അസഹിഷ്ണുത പ്രകടിപ്പിച്ച് ആട്ടിയോടിക്കാമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണ്. നിയമസഭയില്‍ ചര്‍ച്ച ചെയ്താല്‍ അഴിമതിയുടെ മൂടുപടം അഴിഞ്ഞുവീഴുമെന്നാണോ സര്‍ക്കാറിന്റെ ഭയം? മന്ത്രി തെറ്റുകാരനല്ലെങ്കില്‍, ആരോപണം രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ എന്തിന് മുഖ്യമന്ത്രിയുടെ മുട്ടുവിറക്കണം? കയ്യേറ്റക്കാര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കണമെന്ന ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്റെ നിലപാടിനോട് സര്‍ക്കാറിന് യോജിച്ചുപോകാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? നെറികെട്ട രാഷ്ട്രീയ കൂട്ടുകച്ചവടത്തിന്റെ പങ്കുകാരോടുള്ള പ്രതിബദ്ധതക്ക് പക്ഷേ, സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നത് ഓര്‍ക്കുന്നത് നന്ന്.
കായല്‍ കയ്യേറ്റവും നെല്‍വയല്‍, തണ്ണീര്‍ത്തട നിയമവും ലംഘിച്ചുള്ള നിര്‍മാണങ്ങളും ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ നിലനില്‍പ്പിന് ശക്തമായ ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ സംവിധാനങ്ങളെ കൂട്ടുപിടിച്ച് നടത്തിയ കയ്യേറ്റങ്ങളുടേയും ക്രമക്കേടുകളുടേയും കഥകളുടെ ചുരുളുകള്‍ ഓരോ ദിവസവും കെട്ടഴിഞ്ഞു വരികയാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭത്തിന് കോപ്പുകൂട്ടിത്തുടങ്ങുകയും ചെയ്തു. വിവാദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിര്‍ണായ ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായതില്‍ ദുരൂഹ തളംകെട്ടി നില്‍ക്കുന്നുണ്ട്. ഭൂമി കയ്യേറി എന്ന ആരോപണത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് നഗരസഭാ ഓഫീസില്‍ നിന്ന് റിസോര്‍ട്ടുമായി ബന്ധപ്പെട്ട 32 ഫയലുകള്‍ കാണാതായത്. ഭൂമി കയ്യേറ്റം കണ്ടെത്താന്‍ റിസോര്‍ട്ടില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്ന സമയത്തു തന്നെ ഫയലുകള്‍ അപ്രത്യക്ഷമായത് അക്ഷന്തവ്യമായ വീഴ്ചയാണ്. ഫയല്‍ കണ്ടെത്താന്‍ നഗരസഭാ സെക്രട്ടറി സെര്‍ച്ച് ഓര്‍ഡര്‍ നല്‍കിയിട്ടും ഇതുവരെ ഫലമുണ്ടായിട്ടില്ല. ശക്തമായ മാഫിയയുടെ പിന്‍ബലമില്ലാതെ നഗരസഭാ ഓഫീസില്‍ നിന്ന് ഫയലുകള്‍ നഷ്ടപ്പെടാനിടയില്ല. സര്‍ക്കാറിന്റെ നിസംഗതയും ഉദ്യോഗസ്ഥരുടെ ഒത്താശയും വേണ്ടുവോളം ലഭിച്ചതു കൊണ്ടാണ് ഇത് സംഭവിച്ചത്. ഇതിനു മറുപടി പറയാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ വസ്തുതകള്‍ക്കു മുന്നില്‍ ഒളിച്ചുകളിക്കുന്നത് മര്യാദക്കേടല്ലാതെ മറ്റെന്താണ്?
ഇത് സംബന്ധിച്ച് എന്തെങ്കിലും ഒരഭിപ്രായം പറയുന്നതിന് മുന്നണിയിലെ മറ്റു മന്ത്രിമാരാരും തയ്യാറായില്ല എന്നത് അഴിമതി എന്ന മാരാകാര്‍ബുദത്തിന്റെ ആഴം അടയാളപ്പെടുത്തുന്നുണ്ട്. മന്ത്രിയുടെ ചെയ്തിയോടുള്ള മനം മടുപ്പാണോ അതോ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ഭരണമുന്നണിയുടെ കൂട്ടായ നീക്കമാണോ എന്നറിയാന്‍ പൊതുജനത്തിന് താത്പര്യമുണ്ട്. സ്വന്തം പാര്‍ട്ടിക്കാര്‍ക്കു പോലും താത്പര്യമില്ലാത്ത വിധം മന്ത്രിക്കെതിരെ പാളയത്തില്‍ പടയൊരുക്കം ശക്തമായിട്ടുണ്ടെന്നത് ചേര്‍ത്തുവായിക്കേണ്ടതാണ്. നാറിയവനെ പേറിയാല്‍ പേറിയവനും നാറുമെന്ന തിരിച്ചറിവാണ് ന്യായീകരണ വാദികള്‍ക്കു വേണ്ടത്. ലെയ്ക്ക് പാലസ് റിസോര്‍ട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിങ് വക റോഡ് ടാറിങ് നടത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് വിവാദമായിരിക്കുന്നത്. വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളമുള്ള റോഡില്‍ ലെയ്ക്ക് പാലസ് റിസോര്‍ട്ട് വരെയുള്ള നാനൂറ് മീറ്റര്‍ മാത്രമാണ് ടാറിങ് നടത്തിയത്. ഹാര്‍ബര്‍ എഞ്ചിനീയറിങ്് വകുപ്പിന്റെ ലക്ഷങ്ങളുടെ ഫണ്ട് ഉപയോഗിച്ചാണ് ലെയ്ക്ക് പാലസിന്റെ ഗെയ്റ്റ് വരെയെത്തുന്ന റോഡ് ടാര്‍ ചെയ്തത് എന്ന ആരോപണം അത്ര നിസാരമായി കണ്ടുകൂടാ. ഇവ സാധൂകരിക്കുന്ന സാഹചര്യത്തെളിവുകളില്‍ നിന്ന് മന്ത്രിയുടെ പങ്ക് വ്യക്തമാകുന്നുണ്ടെങ്കില്‍ അതില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ മടി കാണിക്കുന്നതില്‍ അര്‍ത്ഥമില്ല.
പതിനഞ്ചു മാസത്തിനിടെ ഭൂമി കയ്യേറിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നേരത്തെ കയ്യേറിയിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കുമെന്നും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി രക്ഷപ്പെടാമെന്നത് റവന്യൂ വകുപ്പ് മന്ത്രിയുടെ വ്യാമോഹം മാത്രമാണ്. കഴിഞ്ഞ സര്‍ക്കാറിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി കൈകഴുകാമെന്ന വിചാരം അല്‍പ്പത്തമാണ്. ഈ കള്ളക്കളിക്കു ചൂട്ടുപിടിക്കുന്നതാരെന്ന് അന്നം കഴിക്കുന്നവര്‍ക്ക് നന്നായറിയാം. അതിനാല്‍ കായല്‍ മാഫിയക്ക് മുമ്പില്‍ കൈക്കൂപ്പി നില്‍ക്കാതെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. പൊതുജന പ്രക്ഷോഭം കത്തിയാളും മുമ്പ് പാപപ്പണ്ടാരങ്ങളെ പടിക്കു പുറത്താക്കാന്‍ ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ചവര്‍ക്ക് ആര്‍ജവമുണ്ടോ എന്നറിയാന്‍ കാത്തിരിക്കുകയാണ് പൊതുജനം.
- 7 years ago
chandrika
Categories:
Video Stories