X
    Categories: columns

രാഹുല്‍ പറഞ്ഞതും ഫേസ്ബുക്ക് ചെയ്യുന്നതും

സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും നിയന്ത്രണം ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കൈകളിലാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം ഗൗരവമര്‍ഹിക്കുന്നുണ്ട്. ഇന്ത്യയില്‍ ജനാധിപത്യവും സാമൂഹിക മൂല്യങ്ങളും അകപ്പെട്ടിരിക്കുന്ന അപകടങ്ങളിലേക്ക് വെളിച്ചംവീശുന്നുണ്ട് രാഹുലിന്റെ വാക്കുകള്‍. രാഷ്ട്രീയ നേട്ടങ്ങളില്‍ കണ്ണുവെച്ചും വോട്ടര്‍മാരെ സ്വാധീനിക്കാനും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെ ബി. ജെ.പിയും ആര്‍.എസ്.എസും ദുരുപയോഗം ചെയ്യുന്നതായി അദ്ദേഹം തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നു. സംഘ്പരിവാറിനെക്കുറിച്ചുള്ള രാഹുല്‍ ട്വീറ്റിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പരിഗണന കൊടുത്തില്ലെങ്കിലും ചില കറുത്ത സത്യങ്ങള്‍ നമുക്ക് നേരെ പല്ലിളിച്ച് നില്‍ക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങളില്‍ ഭൂരിഭാഗവും സംഘ്പരിവാര്‍ പാളയത്തിലേക്ക് ചുവടുമാറിയതോടൊപ്പം സ്വതന്ത്രമെന്ന് അവകാശപ്പെടുന്ന സോഷ്യല്‍ മീഡിയകളെയും ബി.ജെ.പി ചാക്കിട്ടുപിടിക്കുകയാണ്.

വിദ്വേഷ പ്രചാരണങ്ങള്‍ക്കും അടിസ്ഥാരഹിതമായ വാര്‍ത്തകള്‍ക്കും ഇടം നല്‍കില്ലെന്നാണ് ഫേസ്ബുക്കിന്റെ ഔദ്യോഗിക നിയമം. സമൂഹത്തിന്റെ സമാധാനത്തിനും ഭദ്രതക്കും അപകടം ചെയ്യുന്ന അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കും ഇടംകൊടുക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുമുണ്ട്. പക്ഷേ, കാര്യത്തോടടുക്കുമ്പോള്‍ അത്തരം നയങ്ങള്‍ക്കൊന്നും വില കല്‍പ്പിക്കാറില്ല. ഭരണത്തിലിരിക്കുന്നവരുടെ ഇംഗിതത്തിന് തുള്ളിയും അവരെ സുഖിപ്പിച്ചുമാണ് കമ്പനി മുന്നോട്ടുപോകുന്നത്. ഭരണകൂടത്തിന്റെ ശിങ്കിടികള്‍ എത്ര വിഴുപ്പലക്കിയാലും ഫേസ്ബുക്ക് പ്രശ്‌നമാക്കാറില്ല. ബിസിനസിനും സാമ്പത്തിക ലാഭത്തിനുമാണ് കമ്പനി പ്രഥമ സ്ഥാനം നല്‍കുന്നതെന്ന് വ്യക്തം. ഭണകൂടത്തെ പിണക്കിയാല്‍ ബിസിനസ് പൊളിയുമെന്ന ഭയവും സങ്കുചിത താല്‍പര്യങ്ങളുമാണ് അവരെ നിയന്ത്രിക്കുന്നത്. ഓരോ രാജ്യത്തും ഭരണത്തിലുള്ളവരെ കൂട്ടുപിടിച്ചാല്‍ മാത്രമേ കച്ചവടം നടക്കൂ. പണം വാരാമെങ്കില്‍ ആരുടെ കൂടെയും നില്‍ക്കാമെന്ന വില കുറഞ്ഞ ബിസിനസ് തന്ത്രമാണ് ഫേസ്ബുക്ക് പയറ്റുന്നത്.

ഇന്ത്യയില്‍ ബി.ജെ.പിയുടെ അപ്രീതി ഭയന്ന് മുസ്്‌ലിം വിരുദ്ധ പോസ്റ്റുകള്‍ ഫേസ്ബുക്ക് തടയാറില്ല. വിദ്വേഷ പ്രസംഗ നിയമാവലികള്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെയും ഹിന്ദുത്വവാദികള്‍ക്കെതിരെയും ഉപയോഗിക്കുന്നത് കമ്പനിയുടെ ഇന്നത ഉദ്യോഗസ്ഥ തടഞ്ഞുവെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് അമ്പരമ്പിക്കുന്നതാണ്. വര്‍ഗീയ പരാമര്‍ശം നടത്തിയ തെലങ്കാനയിലെ ബി.ജെ.പി നേതാവ് ടി. രാജാ സിങിനെതിരെ നടപടിയെടുക്കുന്നത് ഇന്ത്യയില്‍ ഫേസ്ബുക്കിന്റെ പബ്ലിക് പോളിസി എക്‌സിക്യൂട്ടീവ് ഡയറക്ടറായ അംഖി ദാസ് തടഞ്ഞുവെന്നാണ് വാര്‍ത്ത. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ രാജാസിങ് തെലങ്കാന നിയമസഭയിലെ ഒരേയൊരു ബി.ജെ.പി അംഗമാണ്. പേര് വെളിപ്പെടുത്താത്ത ജീവനക്കാരാണ് ഇതേക്കുറിച്ച് വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞത്.

ബി.ജെ.പി നേതാക്കളുടെ അക്കൗണ്ടുകളും പോസ്റ്റുകളും നീക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് അംഖി ദാസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കേണ്ട ഉദ്യോഗസ്ഥയാണ് അവരെന്ന് അറിയുമ്പോള്‍ മനസ്സിലാകും വിഷയത്തിന്റെ ഗൗരവം. തെരഞ്ഞെടുപ്പ് കാലത്തും ബി.ജെ. പിക്ക് അനുകൂലമായ നീക്കങ്ങളാണ് അംഖി ദാസ് നടത്തിയത്. ബി.ജെ.പിയുടെ നുണപ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് തടഞ്ഞത് അവരാണെന്ന് ഒരു മുന്‍ ജീവനക്കാരന്‍ വെളിപ്പെടുത്തുന്നുണ്ട്. രാജാസിങിന്റേത് മാത്രമല്ല, ബി. ജെ.പിയുടെ മറ്റു നേതാക്കളുടെ മുസ്‌ലിം വിരുദ്ധ പോസ്റ്റുകളും ഫേസ്ബുക്കില്‍ തടസ്സം കൂടാതെ ഒഴുകുന്നു. ഇന്ത്യയില്‍ മുസ്്‌ലിംകള്‍ മനപ്പൂര്‍വ്വം കോവിഡ് പരത്തുകയാണെന്ന് ബി.ജെ. പി നേതാക്കള്‍ പോസ്റ്റിട്ടിട്ടും നടപടിയുണ്ടായില്ല. കോവിഡുമായി ബന്ധപ്പെടുത്തി മുസ്്‌ലിം വിരുദ്ധ പ്രചാരണം നടത്തിയവരില്‍ പ്രമുഖനാണ് ബി.ജെ.പി നേതാവ് അനന്തകുമാര്‍ ഹെഗ്‌ഡെ. മുഖം രക്ഷിക്കുന്നതിനുവേണ്ടി സമീപ കാലത്ത് ചില പോസ്റ്റുകള്‍ നീക്കുകയും അക്കൗണ്ടുകള്‍ ബ്ലോക്കാക്കുകയും ചെയ്തിട്ടുണ്ട്്. സമ്മര്‍ദ്ദങ്ങളാണ് അതിന് പ്രേരകമായത്.

2018ല്‍ തന്നെ ഫേസ്ബുക്കിന്റെ പക്ഷപാതപരമായ നിലപാടുകളെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ വിവാദമായ പോര്‍വിമാന ഇടപാടിനെക്കുറിച്ച് കോണ്‍ഗ്രസ് നല്‍കിയ പരസ്യം സ്വീകരിക്കാന്‍ കമ്പനി തയ്യാറായില്ല. പരിശോധിക്കാമെന്ന് പറഞ്ഞതല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്ന് കോണ്‍ഗ്രസിന്റെ പ്രവീണ്‍ ചക്രവര്‍ത്തി പറയുന്നു. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറിക് ഒബ്രിയന്‍ ഫേസ്ബുക്കിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ബി.ജെ.പി വിരുദ്ധ വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. സോഷ്യല്‍ മീഡിയയെക്കുറിച്ച് സമീപ കാലത്തുയര്‍ന്ന ചില സംശയങ്ങള്‍ വിശദീകരണം അര്‍ഹിക്കുന്നുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി മേധാവി ശശി തരൂരും വ്യക്തമാക്കിയിട്ടുണ്ട്.

ഫേസ്ബുക്ക് എന്ന സമൂഹ മാധ്യമ ഭീമന്റെ വിശ്വാസ്യതയാണ് ഇന്ത്യയില്‍ തകര്‍ന്നടിയുന്നത്. വ്യാജ വാര്‍ത്തകള്‍ക്കും നുണ പ്രചാരണങ്ങള്‍ക്കും ഇടംകൊടുക്കുമ്പോള്‍ ലഭിക്കുന്ന സഹായങ്ങള്‍ താല്‍ക്കാലികമായിരിക്കുമെന്ന് ബിസിനസ് ലോകം തിരിച്ചറിയേണ്ടതുണ്ട്. ഭരണക്കാര്‍ കീശയിലുള്ളപ്പോള്‍ ബിസിനസ് എക്കാലവും പച്ചപിടിച്ചുനില്‍ക്കുമെന്ന കണക്കുകൂട്ടലിന് അധികം ആയുസ്സില്ലെന്ന തിരിച്ചറിവ് നല്ലതാണ്. ഫേസ്ബുക്കിനെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ കേംബ്രിഡ്ജ് അനലിറ്റിക്ക റിപ്പോര്‍ട്ടിന്റെ പകര്‍പ്പുും സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും മോദിയും ആലിംഗനം ചെയ്യുന്ന ചിത്രവും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഫേസ്ബുക്ക് എന്തുകൊണ്ട് ഇടംനല്‍കുന്നുവെന്നാണ് കേംബ്രിഡ്ജ് അനാലിറ്റിക്ക ചോദിക്കുന്നത്. വര്‍ഷങ്ങളായുള്ള സംശയങ്ങളും ദുരൂഹതകളുമാണ് ഇവിടെ ബലപ്പെടുന്നത്.

മ്യാന്മറില്‍ റോഹിന്‍ഗ്യ മുസ്്‌ലിം കൂട്ടക്കുരുതി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട തെളിവെടുപ്പിനോട് ഫേസ്ബുക്ക് സഹകരിക്കുന്നില്ലെന്ന് യു.എന്‍ അന്വേഷണ മേധാവി നിക്കോളാസ് കൂംജിയന്‍ ആരോപിക്കുന്നുണ്ട്. റോഹിന്‍ഗ്യ വേട്ടയെക്കുറിച്ചുള്ള നിരവധി തെളിവുകള്‍ കമ്പനിയുടെ പക്കലുണ്ടെങ്കിലും അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറായിട്ടില്ല. മ്യാന്മറില്‍ മുസ്്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണത്തിന് ബുദ്ധമത തീവ്രവാദികള്‍ ഉപയോഗിക്കുന്നതും ഫേസ്ബുക്കിനെയാണ്. ബിസിനസ് മാത്രം ലക്ഷ്യമാകുമ്പോള്‍ വിശ്വാസ്യതയെല്ലാം കടലാസിലൊതുങ്ങും. മൂല്യങ്ങള്‍ക്കും മനുഷ്യത്വത്തിനും വിലയില്ലാത്ത കമ്പോള യുഗത്തില്‍ ഫേസ്ബുക്കിനും കണ്ണ് നഷ്ടപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. സോഷ്യല്‍ മീഡിയക്കുള്ള അതിരുവിട്ട പ്രോത്സാഹനങ്ങള്‍ ചില ദുശ്ശക്തികള്‍ക്ക് വളംവെക്കുന്നുണ്ടെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനും നല്ലതാണ്.

 

Test User: