നരേന്ദ്ര മോദി സര്‍ക്കാറിനെ താഴെയിറക്കാനുള്ള കഠിന ശ്രമവുമായി രാജ്യമൊട്ടാകെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് നെഹ്‌റു കുടുംബത്തിന്റെ ചരിത്ര നിയോഗം. സ്വാതന്ത്ര്യാനന്തരം പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും തുടര്‍ന്ന് നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിന്റെ കടിഞ്ഞാണേറ്റെടുത്ത് പുതിയ ദിശാ ബോധം നല്‍കിയ ഇന്ദിരാ ഗാന്ധിയുടെയും വിപ്ലവകരമായ മാറ്റങ്ങളിലേക്ക് രാജ്യത്തെ കൈപ്പിടിച്ചുയര്‍ത്തിയ രാജീവ് ഗാന്ധിയുടെയും ചുവടുകള്‍ പിന്തുടര്‍ന്ന് രാജ്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ വര്‍ഗീയ ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള ദൗത്യം രാഹുല്‍ ഗാന്ധിയുടെ കരങ്ങളിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. അദ്ദേഹത്തിനു കൂട്ടായി സഹോദരി പ്രിയങ്കയും രംഗത്തെത്തിയതോടെ ലക്ഷ്യ പ്രാപ്തിയിലേക്ക് മതേതര ശക്തികള്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഗംഗയിലൂടെ മുന്നൂറോളം കിലോമീറ്റര്‍ സഞ്ചരിച്ച പ്രിയങ്ക അടിസ്ഥാന വര്‍ഗത്തോട് നേരിട്ട് സംവദിക്കുകയും അവരുടെ വേദനകള്‍ മാറോട് ചേര്‍ത്തു വെക്കുകയും ചെയ്തു. സോണിയയുടെ റായബറേലിയില്‍ ജനവിധി തേടുമോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ എന്ത്‌കൊണ്ട് വരാണസിയില്‍ ആയിക്കൂടാ എന്ന മറുചോദ്യമുയര്‍ത്തി മോദിയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിരിക്കുകയാണവര്‍.
ഇന്ദിര ഗാന്ധി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ച് പറഞ്ഞത് എന്റെ അച്ഛന്‍ ഇന്ത്യയുടെ അടിത്തറ പാകി, ഞങ്ങള്‍ അത് പൂര്‍ത്തിയാക്കുന്നു എന്നായിരുന്നു. ഇന്ത്യയെ ഇന്ന് കാണുന്ന രൂപത്തിലേക്ക് പരുവപ്പെടുത്തിയെടുക്കുന്നതില്‍ നെഹ്‌റുവിന്റെ പങ്ക് വിസ്മൃതിയിലേക്ക് തള്ളാന്‍ ആരുശ്രമിച്ചാലും അത് അസാധ്യമാണ്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ഒരു ഇടുങ്ങിയ മനസ്സുകാരനായിരുന്നെങ്കില്‍ ഈ രാജ്യത്തിന്റെ സ്വഭാവം ഇങ്ങനെയാകുമായിരുന്നില്ല. രാജ്യം സ്വാതന്ത്ര്യം നേടി ജനാധിപത്യരീതിയില്‍ ആദ്യ സര്‍ക്കാര്‍ രൂപീകൃതമാകുമ്പോള്‍ ഒരു ഭരണാധികാരിയെന്ന രീതിയില്‍ നെഹ്‌റു നേരിട്ട വെല്ലുവിളികള്‍ ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത വിധമാണ്. കൊല്ലാനും കൊല്ലിക്കാനും ഒരുങ്ങി നില്‍ക്കുന്ന മതഭ്രാന്ത്, നൂറ്റാണ്ടുകളായി വിഷം കൊടുത്ത് വളര്‍ത്തപ്പെട്ട ജാതിവ്യവസ്ഥ, രാജ്യമെങ്ങും പടര്‍ന്നു പന്തലിച്ച കൊടിയ ദാരിദ്രം, അന്തവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, ഇന്ത്യ പരാജയപ്പെടുമെന്ന് ഉറച്ച സ്വരത്തില്‍ ആവര്‍ത്തിക്കുന്ന വിദേശ നിരീക്ഷകര്‍… ഇവയെല്ലം മറികടന്നായിരുന്നു നെഹ്‌റുവിന്റെ ഇന്ത്യാ നിര്‍മ്മാണം.
രാജ്യം അഭിമുഖീകരിച്ച പ്രഥമ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുത്ത അദ്ദേഹം 1951 സെപ്റ്റംബര്‍ 31 ന് ലുതിയാനയില്‍ നിന്ന് തുടക്കമിട്ട പ്രചാരണ പരിപാടി ഒമ്പത് ആഴ്ചയെടുത്ത് ഇന്ത്യയുടെ ഒരു അറ്റം മുതല്‍ മറ്റൊരു അറ്റം വരെ തുടര്‍ന്നു. 40000 കിലോ മീറ്റര്‍ സഞ്ചരിച്ച് മൂന്നര കോടി ജനങ്ങളുമായി ആ യാത്രയില്‍ അദ്ദേഹം സംവദിച്ചു. പ്രചാരണത്തില്‍ കോണ്‍ഗ്രസിന് വോട്ടു തേടുന്നതിനേക്കാള്‍ വര്‍ഗീയതയെ തുറന്നു കാട്ടുകയും ജനാധിപത്യത്തെയും വോട്ടിന്റെ പ്രാധാന്യത്തെയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുകയുമാണ് അദ്ദേഹം ചെയ്തത്. ഡല്‍ഹിയില്‍ നടന്ന പൊതു യോഗത്തില്‍ , മതത്തിന്റെ പേരില്‍ ഒരുവന്‍ മറ്റൊരുത്തന്റെ മേല്‍ കൈവെച്ചാല്‍ അവനെ ഞാനെന്റെ അവസാന ശ്വാസം വരെ നേരിടും, പ്രധാന മന്ത്രി എന്ന നിലയിലും അല്ലാതയും എന്നദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
നെഹ്‌റുവിന് ശേഷം ആ കുടുംബത്തില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലെത്തിയ ഇന്ദിരയെ തുടക്കത്തില്‍ മിണ്ടാന്‍ കഴിയാത്ത പാവ എന്നായിരുന്നു പലരും കളിയാക്കി വിളിച്ചിരുന്നത്. ആദ്യ തെരഞ്ഞെടുപ്പിന് ശേഷം ഇന്ദിര ആരാണെന്ന് ഇന്ത്യയും ലോകവും നേരിട്ടുകണ്ടു. ഭരണഘടനയില്‍ 42-ാം ഭേദഗതിയായി സോഷ്യലിസം കൂട്ടിചേര്‍ത്ത അവര്‍ പത്തിന സോഷ്യലിസ്റ്റ് പരിപാടികള്‍ രൂപീകരിക്കാന്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരോട് പോലും പടവെട്ടാന്‍ തയ്യാറായി. ബാങ്ക് ദേശസാല്‍കരിച്ചും രാജാക്കന്‍മാര്‍ക്ക് നല്‍കി പോന്നിരുന്ന നികുതി പിന്‍വലിച്ചും ഇടത്, സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളുടെ പോലും കൈയ്യടി നേടാന്‍ അവര്‍ക്ക് സാധിച്ചു. ചരിത്രത്തെ വിസ്മയിപ്പിച്ച് 93000 പാക് പട്ടാളക്കാരെ ഇന്ത്യക്ക് മുന്നില്‍ കീഴടക്കി പാക്കിസ്ഥാനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയതോടെ ഇന്ദിരയുടെ പ്രശസ്തി ലോകത്തോളം വളരുകയായിരുന്നു. ഇടവേളക്ക് ശേഷം അധികാരത്തില്‍ തിരികെയെത്തി സിക്ക് ഭീകരതക്കെതിരെ ഓപ്പറേഷന്‍ ബ്ല്യൂ സ്റ്റാര്‍ പ്രയോഗിച്ചതിന് അവര്‍ക്ക് പകരം നല്‍കേണ്ടി വന്നത് തന്റെ ജീവന്‍ തന്നെയായിരുന്നു.
ഇന്ദിരയുടെ മരണത്തിന് ശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തെത്തി. രാജ്യത്തെ ബഹുദൂരം മുന്നിലെത്തിക്കാന്‍ ഈ കൗമാര പ്രധാനമന്ത്രിക്കായി. അധികാരത്തിലെത്തിയ ഉടന്‍ പഞ്ചാബ് പ്രശ്‌നത്തിന് പരിഹാരത്തിന് ശ്രമിച്ചു. കുടിവെള്ളം, സാക്ഷരത, ആരോഗ്യം, ധവളവിപ്ലവം, ടെലിഫോണ്‍ വിപ്ലവം, കൂറുമാറ്റ നിരോധന നിയമം, ജവഹര്‍ റോസ്ഗാര്‍ യോജന, തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ഭരണകാലത്തെ സംഭാവനകളാണ്. തന്റെ പാര്‍ട്ടിയിലെ പോലും പയഞ്ചന്‍ രീതികളെ തിരുത്തിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തു. രാജ്യത്തിന്റെ അയല്‍പ്പക്കത്തും സമാധാനം സാധ്യമാക്കാനുള്ള ശ്രമത്തിന്റെ ഫലമായി അദ്ദേഹത്തിനും സ്വന്തം ജീവന്‍ നഷ്ടപ്പെടുകയുണ്ടായി.
ഇനി ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന വിലയിരുത്തല്‍ പലഭാഗത്തുനിന്നും ഉയരുന്നതിനിടെയാണ് ചരിത്രത്തിലാദ്യമായി കാലാവധി പൂര്‍ത്തീകരിച്ച വാജ്‌പേയി സര്‍ക്കാറിനെ താഴെയിറക്കാന്‍ നേതൃത്വം നല്‍കി രാജീവിന്റെ വിധവ സോണിയാ ഗാന്ധി ആ കുടുംബത്തിന്റെ സാനിധ്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും പ്രകടമാക്കിയത്. തന്റെ നേതൃത്വത്തിലുള്ള പോരാട്ടത്തിലൂടെ നേടിയെടുത്ത ഭരണമാറ്റത്തിന്റെ പ്രതിഫലമെന്നോണം ഇന്ത്യയുടെ പ്രധാനമന്ത്രി പദം കൈവെള്ളയിലേക്കെത്തിയെങ്കിലും വിനീതമായി അത് തിരസ്‌കരിച്ച് കൊണ്ട് അവര്‍ ഒരിക്കല്‍ കൂടി രാജ്യത്തെ അല്‍ഭുതപ്പെടുത്തുകയുണ്ടായി. തനിക്കര്‍ഹതപ്പെട്ട ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ പദവികളിലൊന്നിനെ തന്റെ സഹപ്രവര്‍ത്തകരിലേക്ക് തട്ടി മാറ്റിയതിലൂടെ ജനാധിപത്യ ഇന്ത്യയുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടാന്‍ അവര്‍ക്ക് സാധിച്ചു. അതുവഴി ഒരു ഘട്ടത്തില്‍ തനിക്കെതിരെ ഒളിയമ്പെയ്തുവിട്ടിരുന്ന തന്റെ കൂട്ടത്തില്‍ പെട്ടവരെ പോലും തന്റെ കടുത്ത പിന്തുണക്കാരാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു. തുടര്‍ച്ചയായി പത്തുവര്‍ഷക്കാലമാണ് തന്റെ നേതൃപാടവം കൊണ്ട് കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലിരുന്നത്. യു.പി.എ അധ്യക്ഷ എന്ന നിലയില്‍ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള വിസ്മയകരമായ പലപദ്ധതികളും യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ അവര്‍ക്ക് സാധിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത് കൊണ്ട് രാഹുല്‍ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്നതും ഈ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ്. അഞ്ച് വര്‍ഷം നരേന്ദ്രമോദി അപ്രമാദിത്തത്തോടെ രാജ്യം ഭരിച്ചപ്പോഴും അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നു രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി പറയാന്‍ ഒരേ ഒരു രാഹുല്‍ മാത്രമേ ഈ കാലത്തുണ്ടായിരുന്നുള്ളൂ. രാഹുലിന്റെ പോരാട്ടം വിജയം കാണുക തന്നെ ചെയ്യുമെന്നാണ് രാജ്യത്തിന്റെ ചരിത്രവും നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യവും ബോധ്യപ്പെടുത്തുന്നത്.
- 6 years ago
web desk 1
Categories:
Video Stories
കാലം കാതോര്‍ക്കുന്നു, ആ ചരിത്ര നിയോഗം
Tags: editorial