മാര്‍ച്ച് പത്തിന് പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ രാജ്യത്താകമാനം മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍വന്നിരിക്കുകയാണ്. ഭരണകൂടങ്ങള്‍, അധികാരസ്ഥാനങ്ങളിലുള്ളവര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷികള്‍, നേതാക്കള്‍, സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍, പ്രവര്‍ത്തകര്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വര്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. മറ്റു നിബന്ധനകള്‍ പോലെതന്നെ പെരുമാറ്റച്ചട്ടം നിലവില്‍വന്നതു മുതല്‍ മതം, ജാതി, വര്‍ഗം, വര്‍ണം, ഭാഷ എന്നിവ സ്ഥാനാര്‍ത്ഥികളോ അദ്ദേഹത്തിന്റെ ഏജന്റുമാരോ പ്രചാരണത്തിനായി ഉപയോഗിക്കാന്‍ പാടില്ലെന്നാണ് രാജ്യത്തെ ലിഖിത നിയമം. 2017 ജനുവരി 2ന് ജനപ്രാതിനിധ്യനിയമത്തിലെ 123(3) വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് 4:3 ഭൂരിപക്ഷത്തോടെ പുറപ്പെടുവിച്ചതാണീ വിധി. നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പിന്നീടുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനുമായി സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് മുഖ്യതെരഞ്ഞെടുപ്പുഓഫീസര്‍മാര്‍ യോഗങ്ങള്‍ വിളിക്കുകയും ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാമെന്ന് എല്ലാവരും ഉറപ്പുനല്‍കിയതുമാണ്. എന്നാല്‍ രാജ്യംഭരിക്കുന്ന പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍പോലും ഇവ പാലിക്കാന്‍ തയ്യാറാകുന്നില്ലെന്നുമാത്രമല്ല, പരസ്യമായി മത വിദ്വേഷം ഉയര്‍ത്തിവിടുന്ന നടപടികളും പ്രസ്താവനകളുമായാണ് ഓരോദിനവും അവര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തുവന്നയുടന്‍ അതിലെ ന്യായ് ദാരദ്ര്യ നിര്‍മാര്‍ജനപദ്ധതിയുമായി ബന്ധപ്പെട്ട് നീതി ആയോഗിന്റെ വൈസ് ചെയര്‍മാന്‍ ഡോ. രാജീവ്കുമാര്‍ പരസ്യപ്രസ്താവനയിറക്കി എന്നത് ഉദ്യോഗസ്ഥതലത്തില്‍ പോലും നിയമം പാലിക്കപ്പെടുന്നില്ല എന്നതിന്റെ ഉത്തമ നിദര്‍ശകമാണ്. ഇതിന് തീര്‍ച്ചയായും അവര്‍ക്ക് ധൈര്യം കിട്ടുന്നത് ബി.ജെ.പി നേതാക്കളില്‍നിന്നുതന്നെയാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. ഏറ്റവുമൊടുവില്‍ ഇന്നലെ സുപ്രീംകോടതി വിധി പറയാനിരിക്കുന്ന കേസില്‍ ഇടപെട്ടുകൊണ്ട് രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനവും ബി.ജെ.പി പ്രകടനപത്രികയിലൂടെ നടത്തിയിരിക്കയാണ്. നഗ്നമായ മത വിശ്വാസ ചൂഷണവും തെരഞ്ഞെടുപ്പ് ചട്ടലംഘനവുമല്ലാതെന്താണിത്?
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയില്‍ മല്‍സരിക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്ത പുറത്തുവന്ന ദിവസംതന്നെ മതവുമായി ബന്ധപ്പെട്ട് അത്യന്തം ഹീനമായ പ്രസ്താവന നടത്തിയത് ബി.ജെ.പിയുടെ അധ്യക്ഷന്‍ അമിത്ഷാ ആയിരുന്നു. ഹിന്ദുക്കളെ ഭയന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തിലേക്ക് പോയതെന്നായിരുന്നു ഷായുടെ പ്രസ്താവന. ഇതുംപോരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേക്കുറിച്ച് സമാനരീതിയില്‍ മത വിദ്വേഷം ഉളവാക്കുന്ന പ്രസ്താവന നടത്തുകയുണ്ടായി. 2014ല്‍ ഗുജറാത്ത് ഗാന്ധിനഗറില്‍ പോളിങ് ബൂത്തിന് 100 മീറ്റര്‍ പരിധിക്കകത്തുവെച്ച് പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ചതിന് നരേന്ദ്രമോദിക്കെതിരെ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ആ തെരഞ്ഞെടുപ്പില്‍ രാമന്റെ പേരു പറഞ്ഞ് വ്യാപകമായാണ് മോദി വടക്കേ ഇന്ത്യയില്‍ പ്രചാരണം നടത്തിയത്.
മുസ്‌ലിംലീഗിന് കൂടുതല്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ രാഹുല്‍ മല്‍സരിക്കുന്നതിനെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചീറ്റിയ വിഷമാകട്ടെ അതിലും ഒരുപടി കഠിനമായിരുന്നു. മുസ്‌ലിംലീഗ് വൈറസ് ആണെന്നായിരുന്നു യോഗിയുടെ വിഷപ്രയോഗം. കഴിഞ്ഞ ദിവസം തൃശൂര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി എം.പി നടത്തിയ പ്രസ്താവനയും മതവികാരം വോട്ടാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. ‘ഇഷ്ട ദേവനെക്കുറിച്ച് പറയാന്‍ കഴിയാതെ എന്തു ജനാധിപത്യമാണിത്’ എന്നായിരുന്നു ജില്ലാകലക്ടറുടെ നോട്ടീസിനുള്ള രാജ്യസഭാംഗത്തിന്റെ ഭീഷണികലര്‍ന്നുള്ള പ്രസ്താവന.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലവും അതിനെതിരായ ബി.ജെ.പിയുടെ അക്രമ സമരവുമൊക്കെ മുന്‍കൂട്ടിക്കണ്ട് ആ വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ആദ്യം പറഞ്ഞത് സംസ്ഥാന തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥന്‍ ടീക്കറാം മീണയായിരുന്നു. അതിനെതിരെ അന്ന് സി.പി.എം അടക്കമുള്ള കക്ഷികളും ഉറഞ്ഞുതുള്ളുകയുണ്ടായി. കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ദിവസങ്ങള്‍ക്കുമുമ്പ് ലക്ഷങ്ങള്‍ ചെലവിട്ട് ഒട്ടിച്ച മുഖ്യമന്ത്രിയുടെ ചിത്രം വെച്ചുള്ള സര്‍ക്കാര്‍ വിലാസം പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ മീണ നിര്‍ദേശിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് സര്‍ക്കാര്‍ അത് നീക്കംചെയ്തത്. സര്‍ക്കാരിന്റെ ഔദാര്യമെന്ന നിലയില്‍ ഇപ്പോള്‍ ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തുകയും അത് വാങ്ങിയശേഷം ഇടതുപക്ഷത്തിന് വോട്ടു ചെയ്തില്ലെങ്കില്‍ ദൈവകോപമുണ്ടാകുമെന്ന് പറഞ്ഞത് സി.പി.എമ്മിന്റെ ദേവസ്വംവകുപ്പു മന്ത്രിയാണ്.
അധികാരികളുടെ ചൊല്‍പടിയില്‍ നില്‍ക്കേണ്ടതാണ് തെരഞ്ഞെടുപ്പ്കമ്മീഷനെന്ന് ധരിക്കുന്ന ഇക്കൂട്ടരുടെ പേരുകള്‍ രാഷ്ട്രം നാമിപ്പോള്‍ കാണുംവിധത്തില്‍ സൃഷ്ടിച്ച് പരിപാലിച്ചവരുടെ പട്ടികയിലൊരിടത്തും കാണുന്നില്ല. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനി കഴിഞ്ഞയാഴ്ച രാജ്യത്തെയാകെ ഓര്‍മിപ്പിച്ചതുപോലെ രാഷ്ട്രമാകണം പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും മുന്നില്‍നില്‍ക്കേണ്ടത്. മോദിയുമായുള്ള അഭിപ്രായ വ്യത്യാസം കൊണ്ടാകാം അദ്വാനി അത് പറഞ്ഞതെങ്കിലും രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നതും ഭാവിയില്‍ കൂടുതല്‍ രൂക്ഷമായി നേരിടാന്‍ പോകുന്നതുമായ വിപത്തിനെയാണ് അദ്ദേഹം ജനങ്ങളുടെ മുമ്പാകെ മുന്നറിയിപ്പുപോലെ അനാവരണം ചെയ്തത്. നിയമങ്ങളും ചട്ടങ്ങളുമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലുള്ള പെരുമാറ്റങ്ങള്‍ മുമ്പും ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലില്‍ വെച്ചുതന്നെ അവയെയെല്ലാം പരസ്യമായി അപഹസിക്കാന്‍ സന്നദ്ധമാകുന്ന മാനസികനില അപാരം തന്നെ. കമ്മീഷനെ അവരുടെ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാന്‍ അനുവദിക്കുകയാണ് ഇപ്പോള്‍ അധികാരികളും രാജ്യത്തോട് കൂറുള്ളവരും ചെയ്യേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന് അതിന് കഴിയുന്നില്ലെങ്കില്‍ നീതിപീഠങ്ങള്‍ ആ കൃത്യം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുകയേ തത്കാലം മാര്‍ഗമുള്ളൂ.
- 6 years ago
web desk 1
Categories:
Video Stories
തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടമ നിര്‍വഹിക്കണം
Tags: editorial