രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കും മതേതരത്വത്തിനും അവിച്ഛിന്നമാര്‍ന്ന അഭ്യുന്നതിക്കും അടിത്തറയും വ്യാപ്തിയും അഗാധത്വവും നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരിക്കല്‍കൂടി രാജ്യത്തെ പതിത കോടികളുടെ ശരണമന്ത്രമായി മാറിയിരിക്കുന്നു. പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കള്‍ ചൊവ്വാഴ്ച നടത്തിയ വാഗ്ദാനങ്ങള്‍ രാജ്യത്തിന്റെ ഭാവി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര പ്രസ്ഥാനത്തിന്റെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന് അസന്നിഗ്ധമായി വിളംബരപ്പെടുത്തുന്നതാണ്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും പ്രവര്‍ത്തക സമിതിയംഗങ്ങളായ എ.കെ ആന്റണി, പി. ചിദംബരം, കെ.സി വേണുഗോപാല്‍ എന്നിവരും ചേര്‍ന്ന് ജനസമക്ഷം സമര്‍പ്പിച്ച പ്രകടനപത്രിക കേശാദിപാദം പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ ‘മാഗ്നാകാര്‍ട്ട’ യായി വിശേഷിപ്പിക്കപ്പെടാന്‍ പോന്നതാണ്. പ്രകടനപത്രികയിലെ ഓരോ വാഗ്ദാനങ്ങളും പിന്നീട് മാറ്റിപ്പറയാന്‍ കഴിയാത്തവിധം ഉറപ്പുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് പത്രികയുടെ മുഖപുറത്തുതന്നെ വ്യക്തമാക്കുന്നതുപോലെ കോണ്‍ഗ്രസ് നടപ്പാക്കും (കോണ്‍ഗ്രസ് വില്‍ ഡെലിവര്‍) എന്ന വാചകം. ഇന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ വാഗ്ദാന ലംഘനങ്ങള്‍ വിസ്മരിക്കാത്ത ഓരോ ഇന്ത്യന്‍ പൗരനും ഒരിക്കല്‍പോലും വാക്കുമാറുകയോ ജനങ്ങളെ വഞ്ചിക്കുകയോ ചെയ്യാത്ത ഒരു പ്രസ്ഥാനമാണ് ഈ വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്നതുകൂടി അടിവരയിട്ട് വായിക്കുകയാണ്.
അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പ്രകടനപത്രികയിലെ സുപ്രധാന ഇനം കാര്‍ഷിക ജനതയോട് കാട്ടിയിരിക്കുന്ന പ്രത്യേക പരിഗണനതന്നെ. കര്‍ഷകരെയും പാവങ്ങളെയും സഹായിക്കുന്നതോടെ ഇന്ന് രാജ്യവും ആ വിഭാഗവും അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകള്‍ക്ക് പരമാവധി സഹായകമാകും. ഇന്ത്യാചരിത്രത്തിലാദ്യമായി കാര്‍ഷിക മേഖലക്കായി പ്രത്യേകബജറ്റ് എന്നതാണ് സുപ്രധാനമായ വാദ്ഗാനം. അറുപത് ശതമാനത്തോളം കാര്‍ഷിക ഗ്രാമീണ മേഖലയുള്ള രാജ്യത്തെ കാര്‍ഷികത്തകര്‍ച്ചയുടെ ഈ പതിതകാലത്ത് ഇതിനെ ചരിത്രപരമെന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കാനാകുക. കാര്‍ഷിക മേഖലയുടെ പുനരുത്ഥാനത്തിന് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവും മറ്റൊരു നാഴികക്കല്ലാണ്. രാജ്യത്തെ കര്‍ഷക സമൂഹം വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരുന്നതാണ് ഇത്. മുസ്്‌ലിംലീഗിന്റെ പോഷക സംഘടനയായ സ്വതന്ത്ര കര്‍ഷക സംഘം മുമ്പ് യു.പി.എ സര്‍ക്കാരിന് നല്‍കിയ പത്തു ലക്ഷത്തിലധികം പേരുടെ നിവേദനത്തില്‍ ആവശ്യപ്പെട്ട ഒന്നാണ് കാര്‍ഷിക ബജറ്റും കാര്‍ഷിക വായ്പയുടെ എഴുതിത്തള്ളലും.
രാജ്യത്തെ 25 കോടി പേര്‍ക്ക് ഉതകുന്ന വര്‍ഷം 72000 രൂപയുടെ വരുമാന പദ്ധതിയാണ് മറ്റൊന്ന്. ന്യായ് എന്ന പേരില്‍ ഇതിനകം തന്നെ ചര്‍ച്ചാവിഷയമായ പദ്ധതിയാണിത്. വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ആവിഷ്‌കരിച്ച ന്യായ് പദ്ധതി മുമ്പത്തെ യു.പി.എ സര്‍ക്കാരിലെ തൊഴിലുറപ്പു പദ്ധതിക്ക് സമാനമാണ്. അഞ്ചു കോടി നിര്‍ധന കുടുംബങ്ങള്‍ക്ക് അവരുടെ കുടുംബ നാഥയുടെ ബാങ്ക് അക്കൗണ്ടില്‍ പണം വരുന്ന രീതിയിലാണ് ശാസ്ത്രീയമായി പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ വര്‍ഷം 100 എന്നത് 150 ആക്കുന്നതും ദാരിദ്ര്യം തുടച്ചുനീക്കാന്‍ സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ കൊണ്ടുവരുന്ന 33 ശതമാനം സ്ത്രീ സംവരണമാണ് രാജ്യ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന വനിതാസംവരണ ബില്‍. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സര്‍ക്കാര്‍ സര്‍വീസുകളിലും 33 ശതമാനം സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കിടിലന്‍ നിര്‍ദേശമാണിത്. രണ്ടു പതിറ്റാണ്ടായി രാജ്യം ചര്‍ച്ച ചെയ്യുകയും പല കാരണങ്ങളാല്‍ മാറ്റിവെക്കപ്പെട്ടതുമായ പദ്ധതി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാപിഴവുകള്‍ ദിനേന കേള്‍ക്കുന്ന സമൂഹ വ്യവസ്ഥിതിയെ തന്നെ മാറ്റിമറിക്കുമെന്നതില്‍ തര്‍ക്കമില്ല. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള പ്രത്യേക അന്വേഷണ കമ്മീഷനും കൂറുമാറ്റ നിയമം കര്‍ശനമാക്കുന്നതും വലിയ പ്രതീക്ഷയാണ് സമൂഹത്തിലുളവാക്കുന്നത്. വിദ്യാഭ്യാസത്തിന് മൊത്തആഭ്യന്തര ഉല്‍പാദനത്തിന്റെ ആറിലൊരംശം നീക്കിവെക്കുമെന്ന പ്രഖ്യാപനവും രാജ്യത്ത് പുത്തന്‍ കാല്‍വെയ്പാണ്. നിലവില്‍ ഇത് രണ്ടു ശതമാനത്തിലും താഴെയാണ്. പ്രതിവര്‍ഷം 34 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നതിലെ യാഥാര്‍ത്ഥ്യബോധം അനുകരണീയമാണ്. പ്രതിവര്‍ഷം രണ്ടു കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തിയെന്നത് നോക്കുമ്പോള്‍ ഇത് പ്രശംസാര്‍ഹമാണ്. രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും വ്യാജ ഏറ്റുമുട്ടലുകള്‍ക്കുമെതിരെ പ്രത്യേക നിയമനിര്‍മാണം കൊണ്ടുവരുമെന്നതിനെയും നിസ്സാരമായി കാണാന്‍ കഴിയില്ല. പശുവിന്റെയും ബീഫിന്റെയും പേരില്‍ നൂറോളം പേരാണ് രാജ്യത്ത് പട്ടാപ്പകല്‍ തെരുവുകളില്‍ മരിച്ചുവീണത്. സുപ്രീംകോടതി പോലും ഇടപെട്ടിട്ടും അതിന് ശമനമില്ലാതിരുന്നത് സര്‍ക്കാരിന്റെ പരോക്ഷ സഹായം മൂലമായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നാണ് രാജ്യത്ത് പലസംസ്ഥാനങ്ങളിലും സുരക്ഷാസേനകള്‍ ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രത്രേ്യകാവകാശനിയമം-അഫ്‌സ്പ- പിന്‍വലിക്കണമെന്നത്. അക്കാര്യത്തിലും അനുകൂലമായ നിലപാടാണ് പത്രികയിലുള്ളത്. ചരക്കുസേവനനികുതിയുടെ അഞ്ചുതട്ട് സമ്പ്രദായം ഒഴിവാക്കി നികുതി ഭാരം ലളിതമാക്കുമെന്ന പ്രഖ്യാപനവും ജനങ്ങളോടുള്ള കോണ്‍ഗ്രസിന്റെ സത്യസന്ധമായ പ്രതിബദ്ധത ബോധ്യപ്പെടുത്തുന്നതാണ്. സമകാല മുതലാളിത്ത കാലത്ത് ചൈനയോടും അമേരിക്കയോടും മറ്റും തോളോടുതോള്‍ മല്‍സരിക്കാനുതകുന്ന പദ്ധതികളുടേതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക എന്ന കാര്യത്തില്‍ സംശയമില്ല.
പ്രകടനപത്രിക പുറത്തിറങ്ങിയയുടന്‍ കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ഇതിലെ നിര്‍ദേശങ്ങള്‍ക്കെതിരെ രംഗത്തുവന്നതുതന്നെ ബി.ജെ.പിയുടെ വെപ്രാളം വെളിപ്പെടുത്തുന്നതാണ്. എന്തൊക്കെ പരിഭവങ്ങളും പരാതികളുമുണ്ടെങ്കിലും ഇപ്പോഴും രാജ്യത്ത് അവശേഷിക്കുന്ന എല്ലാ സുപ്രധാന പദ്ധതികളും നിയമനിര്‍മാണങ്ങളും കോണ്‍ഗ്രസ് -നേതൃത്വ സര്‍ക്കാരുകളുടെ അറുപതിലധികം കൊല്ലത്തെ ഭരണ നേട്ടങ്ങളാണ്. വിവരാവകാശം, വനാവകാശം, തൊഴിലുറപ്പ് തുടങ്ങിയ നിയമങ്ങള്‍, ദേശീയപാര്‍പ്പിട പദ്ധതി, തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീസംവരണം, വന്‍കിട വ്യവസായങ്ങള്‍, അണക്കെട്ടുകള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ തുടങ്ങിയവക്കെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്ന പ്രസ്ഥാനമാണിത്. പുതിയ വാഗ്ദാനപ്പെരുമഴയെ അതുകൊണ്ടുതന്നെ അവിശ്വസിക്കാന്‍ ഒരുനിലക്കും മാര്‍ഗം കാണുന്നില്ല.
- 6 years ago
web desk 1
Categories:
Video Stories
പുതുഭാരതത്തിന്റെ മാഗ്നാകാര്‍ട്ട
Tags: editorial