കേരള ജനതയെ ഒരിക്കല്‍കൂടി ലജ്ജിപ്പിച്ച് തല താഴ്ത്തിക്കുന്ന സംഭവമാണ് തിങ്കളാഴ്ച കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ നടന്നിരിക്കുന്നത്. രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ച് പരിക്കേല്‍പിച്ചശേഷം അവരുടെ പതിനാലുകാരിയായ മകളെ ചിലര്‍ ചേര്‍ന്ന് റാഞ്ചിക്കൊണ്ടുപോയിരിക്കുന്നു. പ്രതികള്‍ മലയാളികളാണെന്ന് മാത്രമല്ല, മുഖ്യപ്രതി കേരളം ഭരിക്കുന്ന കക്ഷിയായ സി.പി.ഐയുടെ പ്രാദേശിക നേതാവിന്റെ പുത്രനാണെന്നതുകൂടി കേള്‍ക്കുമ്പോള്‍ അതിലുമേറെ രോഷവും സങ്കടവും തിരതല്ലിവരുന്നു. കാറിലെത്തിയ മുഹമ്മദ്‌റോഷന്‍, വിപിന്‍, അനന്തു, പ്യാരി എന്നീ യുവാക്കളുടെ സംഘമാണ് ഓച്ചിറ പൊലീസ്‌സ്റ്റേഷന്റെ മൂക്കിനുതാഴെ രാത്രി പത്തുമണിയോടെ കേട്ടാലറയ്ക്കുന്ന അതിക്രമം നടത്തിയിരിക്കുന്നത്. ഭരണകക്ഷിയുടെ ആളാണെന്നതാണോ സര്‍ക്കാരിനും പൊലീസിനും സംഭവത്തില്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമായതെന്ന ്‌സംശയിച്ചാല്‍ തെറ്റു പറയാനാകില്ല. കേസില്‍ രണ്ടു പേരാണ് പിടിയിലായിരിക്കുന്നത്. സംഭവം റിപ്പോര്‍ട്ടുചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് പാലക്കാട്ടും കോട്ടയത്തും കോഴിക്കോട്ടുമായി രണ്ടരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടപ്പെട്ടത്. ഇതിലും പ്രതികള്‍ യുവാക്കള്‍ തന്നെയാണ്. ഇതെല്ലാം കാണിക്കുന്നത് സാക്ഷര, പുരോഗമന, നവോത്ഥാന കേരളം എങ്ങോട്ടാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ചരിക്കുന്നതെന്നാണ്. ക്രമസമാധാനം സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട പൊലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്ചകള്‍ തന്നെയാണ് ഈ പേക്കൂത്തുകള്‍ക്ക് കേരളത്തെ കരുവാക്കുന്നതെന്നത് വിസ്മരിക്കാനാവില്ല.
ഓച്ചിറയില്‍ എട്ടു കൊല്ലമായി റോഡരികിലെ പൊളിഞ്ഞുവീഴാറായ വാടകക്കെട്ടിടത്തില്‍ താമസിച്ച് പ്ലാസ്റ്റര്‍ഓഫ്പാരിസില്‍ കലാരൂപങ്ങള്‍ നിര്‍മിക്കുന്നവരാണ് ആക്രമണത്തിനും തട്ടിക്കൊണ്ടുപോകലിനും വിധേയരായത്. വസ്തുക്കളോ പണമോ മോഷ്ടിക്കുന്നതിനോ കവര്‍ച്ച ചെയ്യുന്നതിനോ ആയല്ല സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍ അടക്കമുള്ള ഗുണ്ടകള്‍ സ്ഥലത്തെത്തിയത്. കുറച്ചുകാലമായി രാജസ്ഥാനി നാടോടി കലാകാരന്മാരോടൊത്ത് താമസിച്ചുവന്നിരുന്ന പെണ്‍കുട്ടിയെ നോട്ടമിട്ട് വരികയായിരുന്നു സംഘം. പ്രതികളുടെ സംഘത്തിലെ സി.പി.ഐ നേതാവിന്റെ പുത്രന്‍ റോഷനും പ്യാരിക്കും കഞ്ചാവ് കടത്തടക്കം പല ക്രിമിനല്‍ കേസുകളിലും മുമ്പും പങ്കുള്ളതായാണ് വിവരം. ഇതറിഞ്ഞിട്ടും പൊലീസ് എന്തുകൊണ്ട് ഇയാളെ പിടികൂടി തുറുങ്കിലടച്ചില്ല എന്നതിന് കാരണം ഇയാളുടെ രാഷ്ട്രീയ ഭരണ കക്ഷി ബന്ധമാണ്. ഈയൊരു വാര്‍ത്ത രാജസ്ഥാനില്‍ ഉണ്ടാക്കിയേക്കാവുന്ന അനുരണനം എന്തായിരിക്കുമെന്ന് കേരളം ഭരിക്കുന്ന ഇടതുപക്ഷ നേതാക്കള്‍ ചിന്തിക്കുന്നുണ്ടോ. ഉണ്ടെങ്കില്‍ അവര്‍ ഈ സംഭവം നടക്കാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളും കൈക്കൊള്ളുമായിരുന്നേനേ. പ്രതികള്‍ മുമ്പും ഇവിടെ വന്നിരുന്നുവെന്നത് കണക്കിലെടുക്കുമ്പോള്‍ വിശേഷിച്ചും.
ഇതര ദേശങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്ന തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവിതം സുരക്ഷിതമാണോ എന്ന് ചോദിക്കേണ്ട നിരവധി സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഈ ഭരണത്തില്‍തന്നെയാണ് ഇതേ കൊല്ലത്ത് ബംഗാളി തൊഴിലാളികളായ യുവാക്കളെ മലയാളി അടിച്ചുകൊന്നത്. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍നിന്ന് ആളുകള്‍ ഇവിടെ എത്തുന്നത് ഗള്‍ഫില്‍നിന്നും മറ്റും മലയാളി കഠിനാധ്വാനം ചെയ്തുണ്ടാക്കുന്ന പണത്തിന്റെ ചില്ലറ പങ്കുപറ്റാന്‍ വേണ്ടി മാത്രമാണ്. മല്‍സ്യത്തൊഴിലാളികളും കല്‍പണിക്കാരും കരകൗശല വിദഗ്ധരും ഹോട്ടലിലെ അവശിഷ്ടം വാരി വൃത്തിയാക്കാന്‍ വരെ ആയിരക്കണക്കിന് പേരാണ് ഇവിടെ ദിനേന എത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീ പീഡനങ്ങളുടെ നിരക്കില്‍ കേരളം അടുത്ത കാലത്തായി മുന്നേറിയിട്ടുണ്ടെങ്കിലും ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലുള്ള ബാലികയെ ഇവ്വിധം തട്ടിക്കൊണ്ടുപോകപ്പെടുന്നത് സംസ്ഥാനത്ത് ഇതാദ്യത്തെ സംഭവമാണ്. മുമ്പ് കര്‍ണാടകയില്‍നിന്നുവന്ന ലോറിയില്‍ യുവതിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ സംഭവം ഉണ്ടായി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലക്കാട്ട് റെയില്‍വെസ്റ്റേഷന് തൊട്ടരികെ നാലു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തുകൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. കോട്ടയത്ത് കമിതാക്കളിലെ യുവാവിനെ പിടിച്ചുകൊണ്ടുപോയി ആറ്റില്‍ കൊന്നുതള്ളിയിട്ടും അധികമായിട്ടില്ല.
പെണ്‍കുട്ടിയുമായി കടന്നവര്‍ ബംഗളൂരുവില്‍ ചെന്നിരിക്കാമെന്ന നിഗമനം മാത്രമേ പൊലീസിനുള്ളൂ. രക്ഷിതാക്കള്‍ നിലവിളി കൂട്ടിയിട്ടും എന്തുകൊണ്ട് മീറ്ററുകള്‍ മാത്രമകലെയുള്ള പൊലീസ്‌സ്റ്റേഷനില്‍നിന്ന് ആരുമെത്തിയില്ല. ദേശീയപാതക്കരികെയാണ് കൃത്യം നടന്നതെന്നതും ക്രിമിനലുകളുടെ തോന്ന്യാസത്തിന്റെ പരിധി വ്യക്തമാക്കുന്നതാണ്. രക്ഷിക്കാനും സംരക്ഷിക്കാനും യഥേഷ്ടം അധികാര കേന്ദ്രങ്ങളുള്ളപ്പോള്‍ എന്തു പോക്കിരിത്തരവും കാട്ടാന്‍ വെമ്പുന്ന മനസ്സ് ഉണ്ടാകുക എന്നത് സ്വാഭാവികം. ഇവിടെ ഉണരേണ്ടതും പ്രതികരിക്കേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്തമായിരിക്കുന്നു. തങ്ങളുടെ മകളാണ് ഇവ്വിധം കാപാലികരാല്‍ പിച്ചിച്ചീന്തപ്പെടാന്‍ സാധ്യതയെങ്കില്‍ ഈ ഭരണാധികാരികള്‍ എന്തു ചെയ്യുമായിരുന്നു. ഇവിടെ സമൂഹം ഏല്‍പിച്ചുവിട്ട ഒരു പൊലീസും ആഭ്യന്തര വകുപ്പും ചെല്ലും ചെലവും കൊടുത്ത് നിലനില്‍ക്കുമ്പോള്‍ അവരുടെ ജോലി ക്രിമിനലുകളെ സംരക്ഷിക്കുകയും കോടതി ശിക്ഷിച്ചാലും അവര്‍ക്ക് യഥേഷ്ടം പുറത്തിറങ്ങി വിലസാന്‍ അവസരം കൊടുക്കുകയും ആവുന്നത് നവോത്ഥാനമെന്ന് നാം കൊട്ടിഘോഷിക്കുന്ന കേരളത്തിന് ഭൂഷണമാണോ. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ എത്രകണ്ട് ഈ ഭരണത്തിന്‍കീഴില്‍ സുരക്ഷിതമാണ് എന്നതിന്റെ സൂചനയാണ് സി.പി.എം എം.എല്‍.എക്കെതിരെ ഉയര്‍ന്ന ആ പ്രസ്ഥാനത്തിനകത്തുതന്നെയുള്ള യുവതിയുടെ പരാതി. പിണറായിസര്‍ക്കാരിലെ മന്ത്രിക്കെതിരെ ഉയര്‍ന്നത് സ്ത്രീയെ അപമാനിച്ചെന്ന ആക്ഷേപം. അധികാരം ദുഷിപ്പിക്കുമെന്നതിന്റെ മകുടോദാഹരണമാണ് ഓച്ചിറയിലെ കിരാത സംഭവവും അതിലെ ഭരണകക്ഷിയുടെ നിലപാടും. യുവാക്കള്‍ മദ്യത്തിനും അതിമാരകമായ ലഹരിക്കും അടിമപ്പെടുന്ന ഇന്നിന്റെ കേരളം വിളിച്ചോതുന്നത് ഏതുവിധേനയും കാശുണ്ടാക്കുക എന്ന അധാര്‍മികതയുടെ ആധുനികമായ പ്രത്യയശാസ്ത്രമാണ്. അതിനനുസൃതമായാണ് മദ്യശാലകള്‍ പരമാവധി തുറന്നുകൊടുത്തും മതവിശ്വാസാചാരങ്ങളെ അപഹസിച്ചും മുന്നോട്ടുപോകുന്ന ഇടതുപക്ഷ രീതി. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് കേരളം ഇന്നാവശ്യപ്പെടുന്നത്.
- 6 years ago
web desk 1
Categories:
Video Stories