X

ഒരു വടക്കന്‍ ദുരന്ത ഗാഥ


കെ.പി.സി.സി ട്രഷററും മന്ത്രിയുമായിരുന്ന അന്തരിച്ച സി.എന്‍ ബാലകൃഷ്ണന്‍ ആളൊരു തനി നാട്ടിന്‍പുറത്തുകാരനാണ്. വാമൊഴികളുടെ കൂട്ടത്തില്‍ 2009ലെ ലോക്‌സഭാതെരഞ്ഞെടുപ്പിന് മുമ്പ് ടിയാന്‍ നടത്തിയൊരു പരാമര്‍ശം ഒരാളുടെ സ്ഥാനമോഹത്തിന് തിരിച്ചടിയായി. ‘കുറ്റിച്ചൂലുകളെ’ യൊന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കാന്‍ പറ്റില്ലെന്നായിരുന്നു സി.എന്നിന്റെ കമന്റ്്. അങ്ങ് വടക്ക് തലസ്ഥാന നഗരിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷ സോണിയയുടെ വിശ്വസ്ഥനായ ടോം വടക്കനാണ് വടക്കുംനാഥന്റെ തട്ടകമായ തൃശൂര്‍ സീറ്റിനുവേണ്ടി കച്ച മുറുക്കിയിരുന്നത്. കേരളത്തില്‍നിന്ന് ശക്തമായ എതിര്‍പ്പുവന്നതോടെ ടോമിന് കച്ച അഴിച്ചുവെക്കേണ്ടിവന്നു. പിന്നെയും രണ്ട് ഇലക്ഷന്‍ എത്തി-14ലും 19ലും. കാത്തുകാത്തിരുന്ന മോഹപുഷ്പം മൊട്ടിട്ടില്ലെന്നും ഇനിയൊരു സാധ്യതയുമില്ലെന്നും ഞെട്ടിത്തരിച്ചതോടെ ടോം കണ്ടം ചാടി. മാര്‍ച്ച് 14ന് വക്താവ് രവിശങ്കര്‍ പ്രസാദിനൊപ്പം ബി.ജെ.പിയുടെ ആസ്ഥാനത്താണ് ടോം വാര്‍ത്താലേഖകരെ ചെറുചമ്മലോടെ സമീപിച്ചത്. അതിന് ടോം പറഞ്ഞ കാരണം, പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ശരിയാകാത്തതുകൊണ്ടാണ് താന്‍ പാര്‍ട്ടിവിടുന്നതെന്നും. പാവം പുല്‍വാമ!
പോരേ തൃശൂര്‍ പൂരം. സമൂഹമാധ്യമ ഗഡികള്‍ അതങ്ങ് ഒ.എം.കെ.വി (ഓടുമോനേ കണ്ടംവഴി) ജഗപൊഗയാക്കി. കോണ്‍ഗ്രസുകാര്‍ മധുരം വിളമ്പി. ഇന്ത്യാചരിത്രത്തിലാദ്യമായി നേതാവ് പാര്‍ട്ടി വിട്ടതിന് മധുരം വിളമ്പിയത് വടക്കന്റെ കാര്യത്തില്‍. സ്വദേശം തൃശൂരാണെങ്കിലും ഡല്‍ഹിയിലായിരുന്നു പഠനം. പിതാവ് ബിസിനസുകാരനായതിനാലാകണം രാഷ്ട്രീയത്തെയും അതുപോലെ കണ്ടതാണ് കുഴപ്പമായത്. രാജീവ്ഗാന്ധിയുടെ കാലത്താണ് കോണ്‍ഗ്രസ് ആപ്പീസില്‍ കയറിപ്പറ്റിയത്. സോണിയയുടെ അധ്യക്ഷ കാലത്ത് പാര്‍ട്ടി മാധ്യമ സെല്ലുണ്ടാക്കി ചുമതല ഏല്‍പിച്ചതോടെ വക്താവായി. എന്നാല്‍ രാഹുല്‍ഗാന്ധി ഹരിയാനക്കാരനായ രണ്‍ദീപ് സുര്‍ജേവാലയെ ആ പണി ഏല്‍പിച്ചതോടെ തെക്കന്റെ വടക്കന്‍ ബന്ധത്തിന് ഇടിവുതെറ്റിത്തുടങ്ങി. മുറി മലയാളത്തിലെ ഇംഗ്ലീഷ് കേട്ടാണ് പണ്ട് സുകുമാര്‍ അഴീക്കോട് വടക്കന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്തത്. ഇങ്ങോര് പ്രസംഗിച്ചുതുടങ്ങിയാല്‍ തോല്‍വി ഉറപ്പാകും എന്നായിരുന്നു അഴീക്കോടിന്റെ കമന്റ്. ടി.വി ചാനലുകളില്‍ അധ്യാപികയായ അമ്മയെപോലെ ഇഴകീറി വിശകലനം ചെയ്യുന്നയാളെന്ന പ്രതീതി ഉണ്ടാക്കിയ വടക്കന്‍ പക്ഷേ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട ഗതികേടിലാണ് ഇപ്പോള്‍. മോദിയുടെ നയങ്ങള്‍ കാലഹരണപ്പെട്ടുവെന്നാണ് മലയാളം ചാനലിലെ സംവാദത്തില്‍ വടക്കനൊരിക്കല്‍ പറഞ്ഞത്. അന്ന് വടക്കനെന്തറിയാമെന്ന് ചൂടായ ബി.ജെ.പി വക്താവിന് ഇപ്പോള്‍ ടിയാനെ മാലയിട്ട് സ്വീകരിക്കേണ്ടിവന്നത്് രാഷ്ട്രീയ ദൗര്‍ഭാഗ്യം.
വന്‍ സ്രാവിനെ കോണ്‍ഗ്രസില്‍നിന്ന് അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞെന്ന അഹങ്കാരത്തിലിരിക്കുന്ന ബി.ജെ.പിയെ പരിഹസിക്കുന്നതായി രാഹുല്‍ജിയുടെ കമന്റ്. വാര്‍ത്താലേഖകരുടെ ചോദ്യത്തിന് രാഹുല്‍ പറഞ്ഞത്, വടക്കനോ അദ്ദേഹം വലിയ നേതാവൊന്നുമല്ലെന്നായിരുന്നു. വലുതോ ചെറുതോ ആയിക്കോട്ടേ, കിട്ടിയത് ചട്ടിയാണെങ്കിലും തെരഞ്ഞെടുപ്പു കാലത്ത് ബി.ജെ.പിക്കാര്‍ക്ക് ഇതൊക്കെയല്ലേ ഊട്ടി! തൃശൂര്‍ സീറ്റ് വേണമെന്ന് പറഞ്ഞ് തന്നെ സ്ഥിരം ശല്യം ചെയ്തിരുന്ന വടക്കന്റെ മന:പരിവര്‍ത്തനം ആശ്വാസമായെന്നാണ് മുല്ലപ്പള്ളിയുടെ തുറന്നുപറച്ചില്‍. തൃശൂരിലോ ഇടുക്കിയിലോ ബി.ജെ.പി സ്ഥാനാര്‍ഥിയാകാനാണത്രേ ഇനിയത്തെ മോഹം. സിറോ മലബാര്‍ സഭയുടെ ആളാണ് താനെന്നൊക്കെ വടക്കന്‍ അടിക്കാരന്‍ ആണ്ടിയെപ്പോലെ സ്വയം പറയുന്നുണ്ടെങ്കിലും തൃശൂരിലെയോ തൊടുപുഴയിലെയോ ബിഷപ്പ് ഹൗസുകളില്‍ അങ്ങനെയൊരാളെക്കുറിച്ച് അവര്‍ക്ക് വലിയ തിട്ടമില്ല. ഞങ്ങള്‍ ഇന്നയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു പാര്‍ട്ടിയോടും ആവശ്യപ്പെടാറില്ലെന്നാണ് കാത്തലിക് ബിഷപ്പുമായി ബന്ധമുള്ളയാളുകള്‍ പറയുന്നത്. പിന്നെയെങ്ങനെ വടക്കന്‍ കേരളത്തില്‍വരും. ഇനിയൊരുവഴിയേ കാണുന്നുള്ളൂ. ഗുജറാത്തിലെ പഴയ ചായക്കടക്കാരന്റെ ആപ്പീസില്‍ ചായ ഒഴിച്ചുപഠിച്ചുവളരുക. 60 രാഷ്്ട്രീയത്തില്‍ ചെറുപ്പമാണ്. ഡല്‍ഹി സര്‍വകലാശാലാബിരുദവും ഭാര്യയും രണ്ട് മക്കളുമുണ്ട്. പാര്‍ട്ടി വക്താവാക്കാന്‍ നോക്കാം. അതിനുമുമ്പ് എ.ഐ.സി.സിയിലെ പഴയകാല രാഷ്ട്രീയ തന്ത്രങ്ങളൊക്കെ അമിത്ഷായെ കണ്ട് പറഞ്ഞുകൊടുക്കണം. വല്ലതുമൊക്കെ തടയും. കേരളത്തിലും തമിഴ്‌നാട്ടിലും ഭരണം പിടിച്ചേ രാഷ്ട്രീയം വിടൂ എന്ന വാശിയിലാണ് പുള്ളിക്കാരന്‍. അപ്പോള്‍ കണ്ണന്താനവും വടക്കനുമൊക്കെ ഫിക്‌സഡ് ഡിപ്പോസിറ്റ്. എം.ടിയുടെ ‘ഒരു വടക്കന്‍വീരഗാഥ’ ചിത്രത്തെപോലെ ഒരു വടക്കന്‍ ദുരന്തഗാഥ എഴുതേണ്ടിവരുമോ എന്നാണ് ശങ്ക.

web desk 1: